Thursday, October 24, 2013

മന്നാഡെയ്ക്ക് ആദരാഞ്ജലി

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.40 നു ബംഗലുരുവിലായിരുന്നു അന്ത്യം. മലയാളം അടക്കം ഒന്‍പത് ഭാഷകളിലായി 3500ല്‍ അധികം ഗാനങ്ങള്‍ പാടി. 2007ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചിരുന്നു.സംസ്കാരം ഉച്ചക്ക് 12.45 നു ബംഗലുരുവില്‍.

കൊല്‍ക്കത്തയില്‍ ജനിച്ച പ്രഭോദ് ചന്ദ്ര ഡെ എന്ന മന്നാഡെ അന്‍പതുവര്‍ഷം മുംബൈയില്‍ താമസിച്ച ശേഷമാണ്‌ ബംഗളൂരുവിലെത്തിയത്‌.  ചെമ്മീനിലെ പ്രശസ്തമായ മാനസമൈനേ വരൂ’ എന്ന ഗാനം ആലപിച്ചത്‌ മന്നാഡേയാണ്‌. പിന്നീട് 1974ൽ നെല്ല് സിനിമയിൽ ജയചന്ദ്രനൊപ്പം ചെമ്പാ..ചെമ്പാ എന്ന ഗാനവും മന്നാഡെ പാടി.

1943-ല്‍ സംഗീതസം‌വിധാനസഹായിയായാണ്‌ മന്നാ ഡേ ചലച്ചിത്രരംഗത്തെത്തുന്നത്. പുരാണചിത്രങ്ങള്‍ക്ക് ശാസ്ത്രീയസംഗീത ഈണങ്ങള്‍ നല്‍കിവന്ന അദ്ദേഹം രാമരാജു എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഗാനമാലപിച്ചത്. എന്നാല്‍ 1943ല്‍ തമന്ന എന്നെ ചിത്രത്തിനു വേണ്ടീ പാടിയ ഗാനങ്ങളാണു ഹിറ്റായത്. പിന്നീട് എസ് ഡി ബര്‍മ്മന്റെ  സം‌ഗീതസം‌വിധാനത്തില്‍ മഷാല്‍ എന്ന ചലച്ചിത്രത്തിനു വേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വളരെ ശ്രദ്ധേയമാകുകയും ചെയ്തു. ഈ ചിത്രത്തിനു വേണ്ടി എസ്.ഡി. ബര്‍മ്മന്റെ സം‌ഗീതസം‌വിധാനസഹായി കൂടിയായിരുന്നു മന്നാ ഡേ പിന്നീട് 1950-52 കാലഘട്ടത്തില്‍ വളരെയധികം മികച്ച ഗാനങ്ങള്‍ പാടി. ആദ്യ കാലത്ത് ബംഗാളിയില്‍ അധികം പാടിയിരുന്നു.

ഭാര്യ കണ്ണൂർ സ്വദേശി സുലോചന കുമാരന്‍ 2013 ജനുവരിയില്‍ അന്തരിച്ചു. സുരോമ, സുമിത എന്നിവര്‍ മക്കളാണു.

മറക്കാനാകാത്ത ആ ഹമ്മിങ്ങ്

വി ടി മുരളി

ഹമ്മിങ് എന്ന ആലാപനരീതി പാട്ടുകളോടൊപ്പം തന്നെ നാം ആസ്വദിക്കാറുണ്ട്. പഴയ പാട്ടുകളിലും പുതിയ പാട്ടുകളിലും വ്യത്യസ്ത രീതിയിലാണ് ഹമ്മിങ്ങ് ഉപയോഗിക്കുന്നത്. ചില പാട്ടുകളില്‍ രാഗങ്ങളെ അടിസ്ഥാനമാക്കി തുടക്കത്തില്‍ ഒരു ദീര്‍ഘ ഹമ്മിങ് കാണും. യുവജനോത്സവങ്ങളില്‍ ലളിതഗാനമത്സരത്തില്‍ എല്ലാ കുട്ടികളും പാട്ടിന്റെ തുടക്കത്തില്‍ ഹമ്മിങ് ആലപിക്കുന്നു. ഒരാവശ്യവുമില്ലാത്ത ആ ഹമ്മിങ് മുതല്‍ ഗാനം ലളിതമല്ലാതായിത്തീരുകയാണ് പതിവ്.

ഹമ്മിങ്ങുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് ചിന്തിച്ചുപോയത് മലയാളിയല്ലാത്ത ഒരു സംഗീത സംവിധായകന്‍ ചെയ്ത ഒരു ഹമ്മിങ് കേട്ടപ്പോഴാണ്. ആ ഗാനം പാടിയതും മലയാളിയല്ല. സലില്‍ ചൗധരി എന്ന സംഗീത സംവിധായകന്റെ സംഗീതത്തില്‍ പാടിയത് മന്നാഡെ.

ചെമ്മീന്‍ ചരിത്രത്തിലെ ഒരപൂര്‍വ അനുഭവമാണത്. തകഴിയുടെ കഥ, എസ് എല്‍ പുരത്തിന്റെ തിരക്കഥ, വയലാറിന്റെ ഗാനങ്ങള്‍, സലില്‍ ചൗധരിയുടെ സംഗീതം, മന്നാഡെ പാടുന്നു, ഋഷികേശ് മുഖര്‍ജിയുടെ എഡിറ്റിങ്, മാര്‍കസ് ബര്‍ട്ട്ലിയുടെ ഛായാഗ്രഹണം, സത്യന്‍, ഷീല, മധു, കൊട്ടാരക്കര തുടങ്ങിയവരുടെ അഭിനയമികവ്, സര്‍വോപരി രാമു കാര്യാട്ടിന്റെ സംവിധാനം ഇങ്ങനെയൊരു സംഗമം മലയാള സിനിമയില്‍ ചെമ്മീനിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല. ഈ ചിത്രത്തിന് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുണ്ട്.

മധുവിന്റെ പരീക്കുട്ടിക്ക് വേണ്ടിയാണ് മന്നാഡെ പാടുന്നത്. ""മാനസ മൈനേ വരൂ മധുരം നുള്ളിത്തരൂ"" പാട്ടിന്റെ ആരംഭത്തില്‍ ഒരു ഹമ്മിങ് ഉണ്ട്. ഒരുപക്ഷേ ആ പാട്ട് മറ്റു ഗായകര്‍ക്ക് അപ്രാപ്യമാക്കുന്നത് പോലും ഈ ഹമ്മിങ് ആണ്. താരസ്ഥായി ഋഷഭത്തില്‍ ആരംഭിച്ച് മന്ത്രസ്ഥായി പഞ്ചമത്തില്‍ അവസാനിക്കുന്ന ഹമ്മിങ് അതിനിടയിലൂടെ കടന്നുപോകുന്ന സ്ഥാനങ്ങളെല്ലാം അപ്രതീക്ഷിതമായി വന്നുചേരുന്നത് പോലെ. ഈ ഹമ്മിങ് പാടാനാണ് മന്നാഡെയെന്ന ഗായകനെ നിശ്ചയിച്ചതെന്ന് തോന്നിപ്പോകും പാട്ടു കേട്ടാല്‍.

കടലിന്റെ അങ്ങേക്കരയില്‍നിന്ന് സഞ്ചരിച്ച് ഇങ്ങേക്കരയില്‍ എത്തുന്നത് പോലെ. അരിച്ചരിച്ചെത്തുന്ന വികാരത്തിന്റെ അലകള്‍. അത് കടല്‍ത്തിരമാലകളുടെ മുകളില്‍ സഞ്ചരിച്ച് നമ്മുടെ ചെവിയില്‍ വീഴുന്നതുപോലെ. തിരമാലകള്‍ കരയിലേക്കടിച്ച് അവിടെ തകരുന്നത് പോലെ. തീരത്ത് അത് അവസാനിക്കുന്നു. നുരയും പതയും ചേര്‍ന്ന് അത് കടല്‍ത്തീരത്ത് പരന്നൊഴുകുന്നു. അതുപോലെത്തന്നെയാണ് ഹമ്മിങ്ങും. ആദ്യഘട്ടത്തില്‍ വികാരത്തെ വഹിച്ച് ദൂരെ നിന്നത് പുറപ്പെടുന്നു. രണ്ടാംഘട്ടത്തില്‍ രണ്ടാമത്തെ താളവട്ടത്തില്‍ അത് തിരമാലയായി മാറി കരയില്‍ അവസാനിക്കുന്നു. അതായത് ഋഷഭത്തില്‍ തുടങ്ങി ശ്രുതിയോടു ചേര്‍ത്തുവയ്ക്കുന്നു. വരികള്‍ ഇല്ലാതെ തന്നെ കഥാപാത്രത്തിന്റെ വിങ്ങല്‍ മുഴുവന്‍ അനുഭവിപ്പിക്കുന്നു ഹമ്മിങ്.

പാട്ടിന്റെ വരികള്‍ ഉച്ചരിക്കുമ്പോള്‍ മലയാളിയല്ലാത്തതുകൊണ്ട് സംഭവിക്കുന്ന പിശകുകള്‍ നമുക്ക് പ്രശ്നമായി തോന്നിയില്ല. ഈ പിശകുകള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും അദ്ദേഹത്തെക്കൊണ്ട് പാടിച്ചത് ഈ ഹമ്മിങ്ങിനു വേണ്ടിയാണെന്ന് ഭാഷാ പക്ഷപാതികള്‍ മനസ്സിലാക്കുന്നുണ്ട്. ഉച്ചാരണത്തിന്റെ കാര്യത്തില്‍ മലയാളി പാട്ടുകാര്‍ തന്നെ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്ന് നമുക്കറിയാം. താന്‍ പാടിയ പാട്ടിന്റെ വരികള്‍ റിക്കാര്‍ഡിങ് റൂമില്‍ തന്നെ അതെഴുതിയ എഴുത്തുകാരന്റെ മുന്നില്‍തന്നെ ഉപേക്ഷിച്ചുപോകുന്നവര്‍ എത്രയോ. ഏത് എഴുത്തുകാരന്റേതായാലും ഏത് സംഗീത സംവിധായകന്റേതായാലും അതൊക്കെ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നവരെയും നമുക്ക് കാണാം . "ചെമ്മീനിന്റെ ഗാനരചന നിര്‍വഹിച്ചത് വയലാറാണെങ്കിലും "മാനസ മൈനേ" എന്ന ഗാനത്തിന്റെ രചനയില്‍ വലിയ സവിശേഷത തോന്നിയിട്ടില്ല. സലില്‍ ചൗധരിയുടെ സംഗീതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ എഴുതിയതാണല്ലോ ഇതിലെ പാട്ടുകള്‍. അന്നു മുതലാണല്ലോ നാം ഇങ്ങനെയൊരു സൃഷ്ടികര്‍മം ആരംഭിച്ചത്. മലയാളം അറിയാഞ്ഞിട്ടുകൂടി, ഒ എന്‍ വിയുടെ രചനയ്ക്ക് സംഗീതം നല്‍കിയ പാട്ടുകളും ഉണ്ടായിട്ടുണ്ട്. ട്

യൂണിനുസരിച്ച് എഴുതുന്ന സമ്പ്രദായം ഇപ്പോള്‍ മലയാളികള്‍ വരെ സ്വീകരിച്ചുകഴിഞ്ഞു. അങ്ങനെ വരികള്‍ എഴുതിയപ്പോള്‍ വയലാറിനോട് കഥാപാത്രത്തെ മറന്നുപോയോ എന്നു തോന്നും. ""നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ"" എന്നൊക്കെ പരീക്കുട്ടി പാടുമോ എന്ന് സംശയം. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല"" എന്ന് പാടാം. ഇങ്ങനെ കഥാപാത്രത്തിനു ചേര്‍ന്നും ചേരാതെയും ഉള്ള വരികളുണ്ട് ഈ ഗാനത്തില്‍. എങ്കിലും പാട്ട് എല്ലാ മലയാളികളും സ്വീകരിച്ചു എന്ന് തീര്‍ത്തും പറയാം.

ഹമ്മിങ്ങുകളെക്കുറിച്ച് പൊതുവേ നാം ആലോചിക്കാറില്ല. രാഗസ്വഭാവത്തില്‍, നാടോടി സ്വഭാവത്തില്‍ ഒക്കെ ഹമ്മിങ്ങുകള്‍ വരുന്നു. പ്രണയാര്‍ദ്രമായി പാടുന്ന ശൈലി, വിപ്ലവഗാനങ്ങളിലെ മൂര്‍ച്ചയുള്ള ഹമ്മിങ്, ലൈംഗികച്ചുവയുള്ള ഹമ്മിങ്, താരാട്ട് പാട്ടിലെ സ്നേഹമസൃണമായ ഹമ്മിങ്, ഇങ്ങനെ ഹമ്മിങ് നിരവധി രീതിയില്‍ ഉപയോഗിക്കുന്നു. മന്ത്രസ്ഥായി മുതല്‍ താരസ്ഥായി വരെയെത്തുന്ന സ്ഥായിയില്‍ രവീന്ദ്രനെപ്പോലുള്ളവര്‍ കഠിനമായ ഹമ്മിങ് ഉണ്ടാക്കിയിട്ടുണ്ട്. മലയാള സിനിമാഗാനങ്ങളിലെ എല്ലാ ഹമ്മിങ്ങുകളില്‍നിന്നും വേറിട്ട്, മാറിനില്‍ക്കുന്നു മാനസ മൈനേ എന്ന ഗാനത്തിലെ ഹമ്മിങ്. സലില്‍ ചൗധരിയെന്ന സംഗീതസംവിധായകനും മന്നാഡെ എന്ന മഹാഗായകനും ചേര്‍ന്നൊരുക്കിയ വികാര പ്രപഞ്ചം.

deshabhimani

No comments:

Post a Comment