Saturday, February 23, 2013
ആദ്യപാട്ടിന് തന്നെ അംഗീകാരം; ആഹ്ലാദം പങ്കിട്ട് വിജയലക്ഷ്മി
വൈക്കം: കാറ്റേ...കാറ്റേ... നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ... ഞാലിപൂങ്കദളി വാഴപൂക്കളിലാകെ തേന്‍ നിറഞ്ഞോ....... പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഹിറ്റായ പാട്ടിന്റെ ശബ്ദത്തെ തേടി അധികം വൈകാതെ സംസ്ഥാന പുരസ്കാരവും. ഏഴു പുരസ്കാരം നേടിയ "സെല്ലുലോയ്ഡ്" എന്ന ചിലച്ചിത്രത്തിന് നക്ഷത്രശോഭ പകര്‍ന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മിയെന്ന അന്ധഗായികയ്ക്കിത് സമ്മോഹനിമിഷം. ആദ്യപാട്ടിന് തന്നെ സംസ്ഥാന പുരസ്കാരം എന്ന അസുലഭഭാഗ്യം. പ്രത്യേകജൂറി പരാമര്‍ശം പ്രഖ്യാപിക്കുമ്പോള്‍ വൈക്കം വിജയലക്ഷ്മി ആലുവായില്‍ ഒരു സംഗീതപരിപാടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. വാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം മധുരം നുണഞ്ഞ് പുരസ്കാരത്തിന്റെ നിര്‍വൃതിയില്‍ വിജയലക്ഷ്മിയും പങ്കാളിയായി. ""എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു"" എന്ന ചെറുവാക്കുകളിയിലൊതുങ്ങി അനുഗൃഹീത ഗായികയുടെ മറുപടി.
തികച്ചും യാദൃച്ഛികമായല്ല എം ജയചന്ദ്രന്റെ ചലച്ചിത്ര പിന്നണിഗായികയാകാനുള്ള ക്ഷണം വിജയലക്ഷ്മിയെ തേടിയെത്തിയത്. ഈ ഗായികയെ ഏറെ നാളായി നോക്കിക്കാണുകയായിരുന്നു അദ്ദേഹം. പഴയകാല മലയാള സിനിമയുടെ ഓര്‍മകളിലേക്ക് പ്രേക്ഷകരെ നയിക്കുന്നതില്‍ ഈ ഗാനം പാടിയ വിജയലക്ഷ്മിക്കുള്ള പങ്ക് ചെറുതല്ല. മലയാളസിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ ജീവിതകഥ പറയുന്ന "സെല്ലുലോയ്ഡി"ല്‍ ആദ്യമായി പിന്നണി പാടാനായെന്നതും വിജയലക്ഷ്മി ഭാഗ്യമായി കരുതുന്നു. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പുതന്നെ ഗാനാസ്വാദകരുടെ ചുണ്ടുകളില്‍ വിജയലക്ഷ്മിയും ശ്രീറാമും ചേര്‍ന്ന് ആലപിച്ച ഗാനം മൂളിത്തുടങ്ങിയിരുന്നു. വൈക്കത്തിന് സമീപം ഉദയനാപുരം ഉഷാനിലയത്തില്‍ സി മുരളീധരന്റെയും പി കെ വിമലയുടെയും മകളായ വിജയലക്ഷ്മിജന്മനാ അന്ധയാണ്. അഞ്ചാംവയസ്സില്‍ സംഗീതത്തെ മനസ്സിലേറ്റി. അന്നുമുതല്‍ സംഗീതോപകരണങ്ങള്‍ കളിക്കൂട്ടുകാരായി. കാസറ്റിലൂടെയും റേഡിയോയിലൂടെയും പാട്ട് കേട്ടുപഠിച്ചായിരുന്നു വീട്ടില്‍ പാടിയിരുന്നത്. മകളുടെ കഴിവ് അന്നേ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. അവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും ചേര്‍ന്നതോടെ തമസ്സിനെ കീറിമുറിച്ച് വിജയലക്ഷ്മിയിലെ ഗായിക രൂപമെടുത്തു. തുടര്‍ന്ന് വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീത പഠനം. ചരിത്രത്തില്‍ ബിരുദധാരിയായ വിജയലക്ഷ്മി നിലവില്‍ കേരള സര്‍വകലാശാലയില്‍ എംഎ സംഗീതവിദ്യാര്‍ഥിയാണ്. ഗായത്രിവീണക്കച്ചേരിയാണ് വിജയലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. ഇതിനകം അനവധി വേദികള്‍ കീഴടക്കിയ ഈ സംഗീതോപാസകയുടെ പരിപാടികള്‍ വിവിധ ചാനലുകളും സംപ്രേഷണം ചെയ്തിട്ടുണ്ട്. മകള്‍ക്കുവേണ്ടി മലേഷ്യന്‍ പ്ലാവില്‍ ഗായത്രിവീണ നിര്‍മിച്ചു നല്‍കുന്നത് അച്ഛനാണ്. കേരളത്തിനകത്തും പുറത്തും ഇതിനകം എണ്ണായിരത്തോളം വേദികളാണ് ഈ സംഗീതവിസ്മയം കീഴടക്കിയത്.
deshabhimani 230213
Labels:
സിനിമ
Subscribe to:
Post Comments (Atom)
No comments:
Post a Comment