Saturday, April 19, 2014

"ഷാഹിദ് " ഓര്‍മപ്പെടുത്തുന്നത് ഭരണകൂടഭീകരത

ഭരണകൂട ഭീകരതയുടെ കഥപറഞ്ഞ "ഷാഹിദ്" എന്ന ഹിന്ദി സിനിമയെ ദേശീയ അംഗീകാരങ്ങള്‍ തേടിയെത്തുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത് ഷാഹിദ് ആസ്മി എന്ന സാമൂഹ്യ പ്രവര്‍ത്തകനെ. മുംബൈയില്‍ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഷാഹിദിന്റെ സാഹസിക ജീവിതവും ദുരൂഹമരണവുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ ഷാഹിദായി വേഷമിട്ട രാജ്കുമാര്‍ റാവുവിന് മികച്ച നടനും ഹന്‍സല്‍ മേത്ത മികച്ച സംവിധായകനുമായാണ് തെരഞ്ഞെടുക്കപ്പെട്ടു. സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുമ്പോള്‍ ജീവിതാവസാനംവരെ വേട്ടയാടിയ ഭരണകൂടത്തിന്റെ കുറ്റസമ്മതംകൂടിയാവുന്നു അത്.

മുംബൈയിലെ ഗോവണ്ടിയില്‍ മുസ്ലിം കുടുംബത്തിലാണ് ഷാഹിദ് ജനിച്ചത്. 14-ാംവയസ്സില്‍ 1992ലെ മുംബൈ കലാപനാളുകളില്‍ അറസ്റ്റുചെയ്യപ്പെട്ടതില്‍ പിന്നെ തിരിച്ചറിവിന്റെയും സമാധാനത്തിന്റെയും വഴിയിലൂടെയായി തുടര്‍ന്നുള്ള സഞ്ചാരം. 1994 ടാഡ തടവുകാരനായി തിഹാര്‍ ജയിലിലെത്തി. നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയപ്പോഴേക്കും യൗവ്വനത്തിലേ ഏഴുവര്‍ഷങ്ങള്‍ ഹോമിക്കപ്പെട്ടു. ജയിലില്‍ ആരംഭിച്ച പഠനം പുറത്തിറങ്ങി പൂര്‍ത്തിയാക്കി. പിന്നീട് നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്നുള്ള ജീവിതം നിരപരാധികളുടെ ജയില്‍മോചനത്തിനുള്ള നിയമ പോരാട്ടങ്ങള്‍ക്കായിരുന്നു. ജയിലിലടക്കപ്പെട്ട നിരപരാധികള്‍ക്കായി നിരന്തരമായി ഹാജരായ ഷാഹിദ് ഭരണകൂടത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടായി. കരിനിയമങ്ങളായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം (മോക്ക), തീവ്രവാദ നിരോധന നിയമം(പോട്ട) എന്നിവക്കെതിരെ പേരാടി. ഏഴുവര്‍ഷം 17 കേസുകളിലായി നൂറോളം യുവാക്കളെ സ്വാതന്ത്യത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. 26/11 മുബൈ ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫഹീം അന്‍സാരിക്കുവേണ്ടി ഹാജരായത് ഷാഹിദായിരുന്നു. നിരപരാധിയാണെന്ന് കണ്ട് കോടതി ഫഹീമിനെ വെറുതെ വിട്ടതോടെ ദേശീയതലത്തില്‍ ശ്രദ്ധേയനായി. ഷാഹിദിനെ വേട്ടയാടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. പലഘട്ടങ്ങളിലും പൊലീസ് ആക്രമണത്തിന് വിധേയനായി. ഫഹീം അന്‍സാരിയെ കുറ്റവിമുക്തനാക്കിയ ഉടനെ 2011 ഫെബ്രുവരി 11ന് കുര്‍ളയിലെ ടാക്സി മെന്‍ കോളനിയില്‍ ഓഫീസില്‍ കടന്നുവന്ന നാലു തോക്കുധാരികള്‍ ഷാഹിദിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പൊലീസ് ചോട്ടാരാജനില്‍ കെട്ടിവയ്ക്കുമ്പോള്‍ സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ സ്നേഹികളും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത് പൊലീസിന്റെ കറുത്തകരങ്ങള്‍ ഷാഹിദിന്റെ മരണത്തിനു പിന്നിലുണ്ടെന്നാണ്

സഹീദ് റൂമി deshabhimani

No comments:

Post a Comment