Thursday, April 17, 2014

പേരറിയിച്ച് സുരാജ്

മറാത്തി, ഹിന്ദി ചിത്രങ്ങള്‍ ആധിപത്യം പുലര്‍ത്തിയ ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ സുരാജ് വെഞ്ഞാറമൂട് മലയാളത്തിന്റെ അഭിമാനമായി. ഡോ. ബിജു സംവിധാനം ചെയ്ത "പേരറിയാത്തവര്‍" എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. പരിസ്ഥിതിസംരക്ഷണസന്ദേശം നല്‍കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരവും "പേരറിയാത്തവര്‍"ക്ക് ലഭിച്ചു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രജതകമലവും ഒന്നരലക്ഷം രൂപ വീതവും ലഭിക്കും.

എട്ടുവയസ്സുകാരനായ മകനുമൊത്ത് ജീവിക്കുന്ന മുനിസിപ്പാലിറ്റി തൂപ്പുകാരന്റെ വേഷം തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും അസ്വാഭാവികത കലരാതെയും അഭ്രപാളിയിലേക്ക് പകര്‍ത്തിയെന്ന് ജൂറി വിലയിരുത്തി. ഏതുറോളും വഴങ്ങുന്ന മികച്ച അഭിനേതാവാണെന്ന് സുരാജ് ഈ വേഷത്തിലൂടെ തെളിയിച്ചു. വാസ്തുഹാരയില്‍ മോഹന്‍ലാല്‍ ചെയ്ത വേഷത്തെ അനുസ്മരിപ്പിക്കുന്നതാണ് സുരാജിന്റെ പ്രകടനമെന്നും ജൂറി അധ്യക്ഷന്‍ സയദ് അഖ്തര്‍ മിര്‍സ അഭിപ്രായപ്പെട്ടു.

"ഷഹീദ്" എന്ന ഹിന്ദി ചിത്രത്തില്‍ അനീതിക്കെതിരെ പോരാടുന്ന യുവഅഭിഭാഷകനായി വേഷമിട്ട രാജ്കുമാര്‍ റാവു സുരാജിനൊപ്പം പുരസ്കാരം പങ്കിട്ടു. രജതകമലവും കാല്‍ലക്ഷം രൂപയും ഇരുവര്‍ക്കും ലഭിക്കും. ഗീതാഞ്ജലി ഥാപ്പ മികച്ച നടിയായി (ലയേഴ്സ് ഡൈസ്). ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത "ഷിപ്പ് ഓഫ് തെസ്യൂസ്" എന്ന ഹിന്ദി-ഇംഗ്ലീഷ് ചിത്രമാണ് മികച്ച സിനിമ. "ഷഹീദ്" ഒരുക്കിയ ഹന്‍സല്‍ മെഹ്തയാണ് മികച്ച സംവിധായകന്‍.

മറുഭാഷാ ചിത്രങ്ങളിലൂടെ ഏതാനും മലയാളികള്‍ സമ്മാനിതരായെങ്കിലും മലയാളസിനിമക്ക് മറ്റ് കാര്യമായ നേട്ടം ഇത്തവണയില്ല. ഗീതു മോഹന്‍ദാസ് സംവിധാനംചെയ്ത "ലയേഴ്സ് ഡൈസ"് എന്ന ഹിന്ദി ചിത്രം രാജീവ് രവിക്ക് മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം നേടിക്കൊടുത്തു. "പള്ളിനം" എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം വി ജെ സാബുജോസഫിന് ലഭിച്ചു. റീറെക്കോഡിസ്റ്റിനുള്ള പുരസ്കാരം "സ്വപാ"ത്തിലൂടെ ഡി യുവരാജ് നേടി. രാജേഷ് ടച്ച്റിവര്‍ സംവിധാനംചെയ്ത "നാ ബഗാരുതാളി"യാണ് മികച്ച തെലുങ്ക് ചിത്രം.

കഥേതരവിഭാഗത്തില്‍ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം കന്യക എന്ന ഹ്രസ്വചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി നേടി. "ചിഡിയ യുധ്" എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച ഓഡിയോഗ്രഫി പുരസ്കാരത്തിന് ഗൗതംനായര്‍ അര്‍ഹനായി. സൂര്യ സിനി ആര്‍ട്സ് നിര്‍മിച്ച് അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത "നോര്‍ത്ത് 24 കാത"മാണ് മികച്ച മലയാള ചിത്രം. സൗരഭ് ശുക്ലയാണ് സഹനടന്‍- ചിത്രം ജോളി എല്‍എല്‍ബി (ഹിന്ദി). സഹനടിക്കുള്ള പുരസ്കാരം അമൃത സുഭാഷും (അസ്തു- മറാതി), എയ്ദ അല്‍-കാഷിഫും (ഷിപ്പ് ഓഫ് തീസിയുസ്) പങ്കിട്ടു. ബാലതാരത്തിനുള്ള പുരസ്കാരം സോംനാഥ് അവ്ഗാഥെയും (ഫാന്‍ഡ്രി-മറാത്തി) സാഥനയും (തങ്ക മീങ്കള്‍-തമിഴ്) സ്വന്തമാക്കി. "ഫാന്‍ഡ്രി" ഒരുക്കിയ നാഗ്രാജ് മഞ്ജുളെയാണ് നവാഗത സംവിധായകന്‍. മികച്ച ജനകീയചിത്രത്തിനുള്ള പുരസ്കാരം "ഭാഗ് മീല്‍ഖ ഭാഗ്" നേടി.

എം പ്രശാന്ത്

ജൂറിയുടെ മനസ്സ് കീഴടക്കിയ പ്രകടനം

ന്യൂഡല്‍ഹി: വാസ്തുഹാരയിലെ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. ജീവിതവെല്ലുവിളികള്‍ക്ക് മുന്നില്‍ നിശബ്ദം ഉള്‍വലിയുന്ന കഥാപാത്രം. ഇത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, സുരാജ് അയത്നലളിതമായി പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ തൂപ്പുകാരനെ അനശ്വരമാക്കി. മാസ്മരികപ്രകടനമെന്ന് വിശേഷിപ്പിക്കാതെവയ്യ- കഥാവിഭാഗത്തില്‍ അവാര്‍ഡുകള്‍ നിര്‍ണയിച്ച ദേശീയ ജൂറി അധ്യക്ഷന്‍ സയദ് അഖ്തര്‍ മിര്‍സയുടെ വാക്കുകളാണിത്. താരപ്പകിട്ടിനല്ല, അഭിനയമികവിനാണ് ഇക്കുറി പതിനൊന്നംഗ ദേശീയ ജൂറി മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ടുതന്നെ ദേശീയ ജൂറി അംഗങ്ങള്‍ക്കാര്‍ക്കുംതന്നെ പരിചിതനല്ലാത്ത സുരാജ് വെഞ്ഞാറമൂട് തന്നെ അഭിനയമികവ് ഒന്നുകൊണ്ടു മാത്രം അര്‍ഹതപ്പെട്ട പുരസ്കാരം നേടിയെടുത്തു.

സുരാജിനൊപ്പം അവാര്‍ഡ് പങ്കിട്ട രാജ്കുമാര്‍ റാവുവും അത്ര അറിയപ്പെടുന്ന നടനല്ലെന്നത് ശ്രദ്ധേയമാണ്. ഇരുവരുടെയും മികച്ച പ്രകടനമാണ് താരപ്പകിട്ടിനപ്പുറം അര്‍ഹതയ്ക്ക് അവാര്‍ഡ് നല്‍കാന്‍ ജൂറിയെ നിര്‍ബന്ധിതമാക്കിയത്. സലിംകുമാറിന് ശേഷം ഒരിക്കല്‍ക്കൂടി നക്ഷത്രപദവിയില്ലാത്തവരിലേക്ക് ദേശീയ പുരസ്കാരം എത്തുന്നു. അന്തിമഘട്ടത്തില്‍ ആകെ 85 ചിത്രങ്ങളാണ് പതിനൊന്നംഗ ജൂറി മുമ്പാകെ എത്തിയത്. ജൂറി കണ്ട 84-ാമത്തെ ചിത്രമായിരുന്നു പേരറിയാത്തവര്‍. മികച്ച നടനടക്കം പ്രധാന പുരസ്കാരങ്ങള്‍ ആ ഘട്ടത്തില്‍ ജൂറി അംഗങ്ങളില്‍ പലരും മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അനീതിക്കെതിരെ പോരാടുന്ന ഷഹീദ് അസ്മിയെന്ന യുവ അഭിഭാഷനെ ഉജ്വലമായി അവതരിപ്പിച്ച രാജ്കുമാര്‍ റാവു മികച്ച നടനുള്ള പുരസ്കാരം ഏറെക്കുറെ ഉറപ്പിച്ചതാണ്. അപ്പോഴാണ് 84-ാമത്തെ ചിത്രമായ പേരറിയാത്തവരിലൂടെ സുരാജിന്റെ വരവ്. ഇതോടെ എല്ലാം തകിടംമറിഞ്ഞെന്ന് സയ്യദ് അഖ്തര്‍ മിശ്ര പറഞ്ഞു.

രാജ്കുമാറിനെയും സുരാജിനെയും മികച്ച നടനുള്ള പുരസ്കാരത്തിനായി പത്ത് ജൂറി അംഗങ്ങളും ഒരേപോലെ നിര്‍ദേശിച്ചു. ഇവരിലൊരാള്‍ക്ക് പുരസ്കാരം നിഷേധിക്കുന്നത് അനീതിയാകുമെന്ന് ബോധ്യമായിരുന്നതിനാല്‍ ഇരുവര്‍ക്കുമായി അവാര്‍ഡ് നല്‍കുകയെന്ന നിലപാടിലേക്ക് ജൂറി ഒരേമനസ്സോടെ എത്തിച്ചേര്‍ന്നുവെന്ന് മിര്‍സ പറഞ്ഞു. ഹാസ്യവേഷങ്ങളാണ് സുരാജ് കൂടുതലും കൈകാര്യംചെയ്തിരുന്നതെന്ന് ജൂറി അംഗങ്ങള്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല. സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നില്ല ഈ ചിത്രത്തില്‍ സുരാജിന്റെ വേഷം. പൂര്‍ണമായും ഉള്‍വലിയുന്ന കഥാപാത്രം. ആകെ എട്ട് സംഭാഷണങ്ങള്‍ മാത്രമാണ് സുരാജിന്റേതായി ചിത്രത്തിലുള്ളത്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ തനിമ ചോരാതെ അഭിനയിച്ചു പ്രതിഫലിപ്പിക്കുക അനായാസമല്ല. പ്രതിഭയുള്ള താരങ്ങള്‍ക്കേ അത് സാധിക്കൂ. സുരാജ് ഒരു നടനാണെന്ന് തെളിയിക്കുകയാണ്. വാസ്തുഹാരയില്‍ മോഹന്‍ലാല്‍ ചെയ്ത വേഷത്തെ അനുസ്മരിപ്പിക്കും സുരാജിന്റെ പ്രകടനം- മിശ്ര പറഞ്ഞു.

ഹാസ്യം വിടില്ല; സുരാജ്

തിരു: "പേരറിയാത്തവര്‍" എന്ന ചിത്രത്തില്‍ ലഭിച്ചതുപോലുള്ള നല്ല വേഷങ്ങള്‍ ലഭിക്കുന്നതാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. കുക്കു സംവിധാനംചെയ്യുന്ന "എന്റെ സത്യാന്വേഷണ പരീക്ഷകള്‍" എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാസ്യത്തെ വിട്ടുള്ള കളിയില്ലെന്ന് പറഞ്ഞ സുരാജ് ഏത് നല്ല റോളുകള്‍ കിട്ടിയാലും അഭിനയിക്കുമെന്നും പറഞ്ഞു.

ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. അന്തിമലിസ്റ്റില്‍ വന്നുവെന്ന് രാവിലെ 10ന് വിവരം ലഭിച്ചു. അതുതന്നെ സന്തോഷവാര്‍ത്തയായിരുന്നു. ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അതിലേറെ സന്തോഷമായി. അവാര്‍ഡ് പ്രഖ്യാപിക്കുംവരെ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു. മലയാളഭാഷയ്ക്കും മലയാള സിനിമയ്ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. മലയാളത്തിന് ലഭിച്ച അവാര്‍ഡായാണ് ഇതിനെ കാണുന്നത്.

"പേരറിയാത്തവര്‍" എന്ന സിനിമയില്‍ അഭിനയിച്ച സമയത്തുതന്നെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു ദേശീയ അവാര്‍ഡ് കിട്ടുമെന്ന്. പേരറിയാത്തവര്‍ എന്ന സിനിമ റോഡ് തൂക്കുന്നവരുടെ ജീവിതമാണ് ചിത്രീകരിച്ചത്. ആ മനുഷ്യര്‍ എന്റെ മനസ്സിലുണ്ട്. ജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരാണവര്‍. സംവിധായകന്‍ പറഞ്ഞതനുസരിച്ച് നന്നായി അഭിനയിച്ചു. ഒരുപാട് മനുഷ്യരുടെ ജീവിതവുമായി ആ സിനിമയ്ക്ക് ബന്ധമുണ്ട്. പേരറിയാത്തവര്‍ പോലൊരു സിനിമ നിര്‍മിക്കാന്‍ സന്നദ്ധനായ അനില്‍ അമ്പലക്കരയ്ക്കും സംവിധായകനും വളരെയേറെ നന്ദിയുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങി മലയാള സിനിമയിലെ നിരവധി വലിയ നടന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങളാണ് തന്റെ അഭിനയത്തെ മെച്ചപ്പെടുത്തിയതെന്ന് സുരാജ് പറഞ്ഞു. അഭിനയജീവിതത്തില്‍ നല്ല വേഷങ്ങള്‍ നല്‍കിയ സംവിധായകരെയും നിര്‍മാതാക്കളെയും എപ്പോഴും ഓര്‍ക്കുന്നു. ഹാസ്യറോളുകളിലാണ് ധാരാളം അഭിനയിച്ചത്. അത് വിടില്ല. ഹാസ്യം ജീവാത്മാവും പരമാത്മാവുമാണ്. അതില്‍നിന്ന് മാറില്ല. എന്നാല്‍, ഏത് നല്ല വേഷം കിട്ടിയാലും സ്വീകരിക്കും. "പേരറിയാത്തവര്‍" എന്ന സിനിമയില്‍ നിങ്ങളാണ് നായകവേഷത്തില്‍ അഭിനയിക്കേണ്ടത് എന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞപ്പോള്‍ത്തന്നെ വലിയ അവാര്‍ഡ് കിട്ടിയ പ്രതീതിയായിരുന്നെന്ന് സുരാജ് പറഞ്ഞു.

വഴിത്തിരിവുണ്ടാക്കിയ വലംകൈ

സൈക്കിളില്‍ നിന്ന് വീണ് കൈയ്യൊടിഞ്ഞതിനാലാണ് സുരാജ് വെഞ്ഞാറമ്മൂട് നടനായത്. പത്താക്ലാസും ഗുസ്തിയും കഴിഞ്ഞ് അച്ഛനേയും ചേട്ടനേയും പോലെ സേനയില്‍ ചേരുക എന്ന ആദ്യ ജീവിതലക്ഷ്യത്തെ വഴിമാറ്റിവിട്ടത് സ്കൂള്‍ പഠനകാലത്തെ സൈക്കിള്‍ അപകടമാണ്. അപകടത്തെ തുടര്‍ന്നുണ്ടായ വലംകൈയുടെ നീളക്കുറവ് പന്ത്രണ്ടുവര്‍ഷമായി സിനിമയില്‍ മറച്ചുവയ്ക്കാന്‍ സുരാജ് പെടാപ്പാട് പെടുകയായിരുന്നു. എന്നാല്‍, ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം വെഞ്ഞാറമൂടുകാരുടെ "കുട്ടപ്പനെ" തേടിയെത്തിയപ്പോള്‍ ഒടിഞ്ഞ വലംകൈ വീണ്ടും വഴിത്തിരിവ് സൃഷ്ടിക്കുന്നു.

"പേരറിയാത്തവരി"ലൂടെ ഡോ. ബിജു പറയുന്നത് റോഡ് തൂപ്പുകാരന്റെ ജീവിതമാണ്. സുരാജിന്റെ സ്വാധീനക്കുറവ് കഥാപാത്രത്തിന്റെ സവിശേഷതയായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചു. സാധാരണമട്ടില്‍ ഭക്ഷണം കഴിക്കാനും ജോലി ചെയ്യാനുമെല്ലാമുള്ള കഥാപാത്രത്തിന്റെ പരിമിതി ഉള്‍ക്കൊള്ളാന്‍ സുരാജിനെ ഒടിഞ്ഞ വലംകൈ സഹായിച്ചു. സാധാരണക്കാരന്റെ ജീവിതസംഘര്‍ഷങ്ങള്‍ സൂക്ഷ്മ ശരീരഭാഷയിലൂടെ സുരാജ് ഉത്കൃഷ്ടമായി അവതരിപ്പിച്ചെന്നാണ് ദേശീയജൂറിയുടെ വിലയിരുത്തല്‍. മിമിക്രിവേദികളില്‍ കത്തിക്കയറുമ്പോള്‍ ശരീരത്തിന്റെ പരിമിതി ചലനങ്ങളില്‍ ഒളിപ്പിക്കുകയാണ് സുരാജിലെ നടന്റെ രീതി. ഗോഷ്ടി കാണിക്കുന്നതുപോലുയുള്ള കൈവയ്പ്പ് മിമിക്രിക്കുള്ള അധികയോഗ്യതയായി.

മമ്മൂട്ടിയായും ഭീമന്‍ രഘുവുമായുമെല്ലാം വേദികളില്‍ രൂപം മാറിയെത്തുമ്പോഴും ശരീരത്തിന്റെ പരിമിതി പ്രേക്ഷകര്‍ അറിഞ്ഞതേയില്ല. വെഞ്ഞാറമ്മൂട് നിന്നും "മിമിക്രി ആസ്ഥാനം" തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പുതിയ സാധ്യത തെളിഞ്ഞു. മിമിക്രി ടെലിവിഷന്‍ പരിപാടികളിലേക്കുള്ള പാസ്പോര്‍ട്ടായി. "തിരുവന്തോരം" ഭാഷ പഠിക്കുന്നതും തമ്പാനൂരിലെ ട്രൂപ്പില്‍ എത്തിയശേഷം. കൈരളി ടിവിയിലെ "ജഗപൊഗ" അവസരങ്ങള്‍ കൊണ്ടുവന്നു. മിമിക്രിവേദികളിലെ ചിരിയുടെ പൊട്ടിത്തെറി ടെലിവിഷന്‍ പരിപാടികളിലും ആവര്‍ത്തിക്കാന്‍ സുരാജിനായി. "ഭാഷ" അതിനുള്ള തുറുപ്പുചീട്ടായി.

സുരാജിന്റെ കുടിയനും തിരുവനന്തപുരം ഭാഷയുമായിരുന്നു സിനിമയിലേക്കും വഴിതുറന്നത്. വെകിളി പിടിച്ചപോലെ ഭാഷാപ്രയോഗം പടരാന്‍ തുടങ്ങിയപ്പോള്‍ പഴിയും കേട്ടു. എങ്കിലും മലയാളിയുടെ വെടിവെട്ടങ്ങളിലെല്ലാം സുരാജ് കോമഡി ഇടംനേടി. നൂറിലേറെ ചിത്രങ്ങളുമായി അഭിനയജീവിതം പന്ത്രണ്ടാംവര്‍ഷം പിന്നിടുമ്പോള്‍ കൊമേഡിയന്റെ തടവറയില്‍ നിന്നും സുരാജ് പുറത്തുചാടുകയാണ്. "ഗോഡ് ഫോര്‍ സെയില്‍", "ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ"് എന്നിവ വഴിമാറി നടത്തമായിരുന്നു. "പേരറിയാത്തവരി"ലെ സുരാജ് മലയാളിക്ക് തീര്‍ത്തും അപരിചിതനാണ്. പ്രമുഖരെ പിന്തള്ളിയാണ് ദേശീയതലത്തില്‍ സുരാജ് സ്വയം അടയാളപ്പെടുത്തുന്നത്. ഹിന്ദിയില്‍ നിന്ന് അമ്പത്തിയഞ്ചും മറാത്തിയില്‍ നിന്ന് നാല്‍പ്പത്തെട്ടും തമിഴിലിലും ബംഗാളിയിലിലും നിന്ന് നാല്‍പതോളം പടങ്ങളും മത്സരിക്കാനെത്തി. മികച്ച നടനുവേണ്ടി മത്സരിച്ചത് പ്രമുഖരും സൂപ്പര്‍താരങ്ങളും.

ഗിരീഷ് ബാലകൃഷ്ണന്‍

പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ്: ഡോ. ബിജു

അടൂര്‍: പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. മികച്ച നടനും മികച്ച പരിസ്ഥിതി ചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡ് ബിജുവിന്റെ "പേരറിയാത്തവര്‍" എന്ന ചിത്രത്തിനാണ്. ഈ ചിത്രത്തിലെ തൂപ്പുകാരനായി വേഷമിട്ട സുരാജ് വെഞ്ഞാറമൂടിനാണ് മികച്ച നടനുള്ള അവാര്‍ഡ്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാത്ത സര്‍ക്കാരിനും മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത തിയേറ്റര്‍ ഉടമകള്‍ക്കും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാത്ത സിനിമ വ്യവസായത്തിനും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ഡോ. ബിജു അടൂരിലെ വസതിയില്‍ പറഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ കഥപറയുന്ന രണ്ടുമണിക്കൂര്‍ ചിത്രത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. ചാനല്‍ വഴിയാണ് ആദ്യം അവാര്‍ഡ് വിവരം അറിയുന്നത്. ഭാര്യ മേരി, മകന്‍ ഗോവര്‍ധ്, ബിജുവിന്റെ അമ്മ പൊന്നമ്മ എന്നിവരും വീട്ടിലുണ്ടായിരുന്നു.

കാലത്തിന്റെ പ്രതികാരം: സലിംകുമാര്‍

കൊച്ചി: സുരാജ് വെഞ്ഞാറമൂടിന് അവാര്‍ഡ് കിട്ടിയത് ഹാസ്യ നടന്മാരോടു കാണിച്ചിരുന്ന വേര്‍തിരിവിന് കാലം പ്രതികാരം ചെയ്യുന്നതാവാമെന്ന് നടന്‍ സലിംകുമാര്‍. അവാര്‍ഡ് കിട്ടിയതോടെ സുരാജ് ഇനി വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. മുന്‍നിരയിലുള്ളവര്‍ക്കല്ല അവാര്‍ഡ് കിട്ടിയത്. അതിനാല്‍ ഇനി പല കുഴപ്പങ്ങളും ഉണ്ടാവാം. "ആദാമിന്റെ മകന്‍ അബു" എന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഇത്തരം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അവ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഹാസ്യനടന്മാരെ ഗൗരവമേറിയ റോളുകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടം മലയാളസിനിമയില്‍ ഉണ്ടായിരുന്നു. മരണ വീട് ചിത്രീകരിക്കുമ്പോള്‍ അവിടെ ഹാസ്യനടന്മാരെ നിര്‍ത്തിയിരുന്നില്ല. അവരെക്കണ്ടാല്‍ ആളുകള്‍ ചിരിക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഇത്തരം രംഗങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നത്. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍" എന്ന് ചങ്ങമ്പുഴ പാടിയത് ഇപ്പോള്‍ സത്യമായിരിക്കുകയാണെന്ന് സലിംകുമാര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment