Saturday, October 2, 2010

അയോധ്യ വിധി: മൂന്നു ജഡ്ജിമാരുടെയും നിരീക്ഷണങ്ങള്‍

ജസ്റ്റിസ് അഗര്‍വാള്‍

1. ബാബറി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ മധ്യത്തിലുള്ള താഴികക്കുടത്തിനു തഴെയുള്ള പ്രദേശംതന്നെയാണ് ശ്രീരാമന്റെ ജന്മസ്ഥലം. ഹിന്ദു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. അതിനാല്‍ ഈ പ്രദേശത്ത് എതിര്‍കക്ഷികള്‍ ഒരുതരത്തിലുള്ള തടസ്സപ്പെടുത്തലുകളും ഇടപെടലുകളും നടത്താന്‍ പാടില്ല.

2. തര്‍ക്കമന്ദിരത്തിന്റെ നടുമുറ്റത്തിന്റെ ഭാഗങ്ങള്‍ ഇരുവിഭാഗങ്ങളും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതിനാല്‍ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കും ഉള്ളതാണ് ഈ പ്രദേശം. പുറംമുറ്റത്തിന്റെ തുറസ്സായ പ്രദേശവും ഹിന്ദുക്കള്‍ക്ക് ഉപയോഗിക്കാം. 3. തര്‍ക്കമന്ദിരം മസ്ജിദ് തന്നെയാണെങ്കിലും അത് ബാബറുടെ കാലത്താണ് നിര്‍മിച്ചതെന്ന് പറയാനാവില്ല.

3. ഇസ്ളാമികേതര കെട്ടിടം, അതായത് ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് പണിതത്.

4. 1949 ഡിസംബര്‍ 22-23 രാത്രിയാണ് രാമവിഗ്രഹം ബാബറിമസ്ജിദിന്റെ മധ്യത്തിലുള്ള താഴികക്കുടത്തിനു താഴെവച്ചത്.

5. സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അകാഡയും വൈകി പരാതി നല്‍കിയതിനാല്‍ അവരുടെ ഹര്‍ജി തള്ളുന്നു.

6. മുസ്ളിങ്ങള്‍ക്ക് 2.77 ഏക്കര്‍ സ്ഥലത്തിന്റെ മൂന്നിലൊന്ന് ലഭിക്കും. ആവശ്യമെങ്കില്‍ ഹിന്ദുക്കള്‍ ഉപയോഗിച്ചിരുന്ന പുറംമുറ്റത്തിന്റെ ഭാഗങ്ങളോ, 1993 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ (2.77 ഏക്കറിന് പുറത്തുള്ള) നിന്നുള്ള സ്ഥലമോ നല്‍കാം. കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം അനുവദിച്ചാല്‍ ഇരുകൂട്ടര്‍ക്കും അവരുടെ സ്ഥലത്തേക്ക് പ്രത്യേക വഴി ഉണ്ടാക്കാനും കഴിയും.

ജസ്റ്റിസ് ഖാന്‍


1. ബാബറോ അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരമോ ആണ് മസ്ജിദ് പണികഴിപ്പിച്ചത്.

2. തര്‍ക്കമന്ദിരം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെയോ നിര്‍മിച്ച മന്ദിരത്തിന്റെയോ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതിന് തെളിവില്ല.

3. മസ്ജിദ് നിര്‍മിക്കാനായി ഒരു ക്ഷേത്രവും തകര്‍ത്തിട്ടില്ല.

4. ദീര്‍ഘകാലമായി അവിടെ കിടന്നിരുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളിലായാണ് മസ്ജിദ് നിര്‍മിച്ചത്. സ്വാഭാവികമായും അവിടെയുണ്ടായിരുന്ന ചില വസ്തുക്കള്‍ മസ്ജിദ് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടാകാം.

5. വിശാലമായ മസ്ജിദിന്റെ ഏതോ ഒരു ചെറിയ ഭാഗത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ മസ്ജിദ് നിര്‍മാണത്തിനുമുമ്പു തന്നെ വിശ്വസിച്ചുപോന്നിരുന്നു. എന്നാല്‍, വിശാലമായ പ്രദേശത്തിന്റെ എതെങ്കിലും പ്രത്യേക സ്ഥലമോ തര്‍ക്കപ്രദേശമോ ആയി ബന്ധപ്പെട്ടല്ല ഈ വിശ്വാസം.

6. മസ്ജിദ് നിര്‍മിച്ചതിനുശേഷമാണ്, തര്‍ക്കസ്ഥലത്തെ ഒരു പ്രത്യേക ഇടം ശ്രീരാമന്റെ ജന്മസ്ഥലമായി ഹിന്ദുക്കള്‍ കരുതാന്‍ തുടങ്ങിയത്.

7. ആദ്യകേസ് നടന്ന 1885നുമുമ്പു തന്നെ രാംഛബൂത്രയും സീതരസോയിയും നിലവില്‍ വരികയും ഹിന്ദുക്കള്‍ അവിടെ ആരാധന ആരംഭിക്കുകയും ചെയ്തിരുന്നു. മസ്ജിദിന്റെ അതിരിനുള്ളില്‍ തന്നെ ഹിന്ദു ആരാധനാലയങ്ങള്‍ നിലനില്‍ക്കുകയും മസ്ജിദില്‍ മുസ്ളിങ്ങള്‍ നമസ്കാരം നടത്തുമ്പോള്‍ തന്നെ ഇവിടെ ആരാധന നടത്തുകയും ചെയ്യുന്ന അസാധാരണ സാഹചര്യവും നിലനിന്നിരുന്നു. അതുകൊണ്ടു തന്നെ ഹിന്ദുക്കളും മുസ്ളിങ്ങളും തര്‍ക്കസ്ഥലത്തിന്റെ കൂട്ടുടമകളാണ്.

8. ഇരു കക്ഷികള്‍ക്കും കൈവശാവകാശത്തിന്റെ ആധാരമുള്ളതായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ തെളിവുനിയമം 110-ാം വകുപ്പു പ്രകാരം കൂട്ട് ആധാര പങ്കാളികളാണ്.

9. ബാബറി മസ്ജിദിന്റെ മധ്യതാഴികക്കുടത്തിനു താഴെ 1949 ഡിസംബര്‍ 23നു പുലര്‍ച്ചെയാണ് രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്.

10. ചരിത്രത്തിലോ പുരാവസ്തു ശാസ്ത്രത്തിലോ ആഴത്തിലിറങ്ങിയുള്ള പരിശോധനയ്ക്ക് തുനിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച കേസില്‍ ഇതു നിര്‍ബന്ധമല്ല. സിവില്‍ കേസ് പരിഹരിക്കാന്‍ ചരിത്രപരമായ വസ്തുതകള്‍ക്കും അവകാശവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുമുണ്ട്.

11. ഈ വിധി പ്രഖ്യാപനം അന്തിമമല്ല. സുപ്രിം കോടതിയാണ് നിര്‍ണായക തീരുമാനമെടുക്കുക. ശ്രീരാമനില്‍നിന്നു പഠിക്കാനുള്ള വലിയ പാഠം ത്യാഗമാണെന്ന് ഇരു കക്ഷികളും മനസ്സിലാക്കണം.

ജസ്റ്റിസ് ഡി വി ശര്‍മ


1. തര്‍ക്കമന്ദിരം ശ്രീരാമന്റെ ജന്മസ്ഥലമാണ്. ശ്രീരാമന്‍ എന്ന അവതാര പുരുഷന്‍ ജന്മമെടുത്തിട്ടുണ്ട്. ഇഷ്ടമുള്ളിടത്ത് ജന്മമെടുക്കാനും ഇഷ്ടമുള്ള രൂപം കൈവരിക്കാനും ഈശ്വരന് കഴിയും.

2. ഇസ്ളാമിക നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചത് എന്നതിനാല്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തെ മസ്ജിദായി അംഗീകരിക്കാന്‍ കഴിയില്ല.

3. പഴയകെട്ടിടം തകര്‍ത്താണ് പുതിയ കെട്ടിടം(മസ്ജിദ്) പണിതത്. പുരാവസ്തു വകുപ്പ് നല്‍കുന്ന തെളിവനുസരിച്ച് തകര്‍ക്കപ്പെട്ടത് ക്ഷേത്രമായിരുന്നു.

4. തര്‍ക്കമന്ദിരം പുരാതനകാലംമുതലേ മുസ്ളിങ്ങള്‍ പ്രാര്‍ഥനയ്ക്കായി ഉപയോഗിച്ചിരുന്നുവെന്ന വാദം അംഗീകരിക്കാനാവില്ല. 1949 വരെ കൈവശാവകാശമുണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ വാദവും നിലനില്‍ക്കുന്നതല്ല. തകര്‍ക്കപ്പെട്ട മന്ദിരത്തിന് പുറത്തുള്ള തുറസ്സായ സ്ഥലം പ്രാര്‍ഥനയ്ക്കായി ഉപയോഗിക്കാമെന്ന വഖഫ് ബോര്‍ഡിന്റെ വാദവും സ്വീകാര്യമല്ല.

5. തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം സ്ഥാപിച്ചത് 1949 ഡിസംബര്‍ 22-23 രാത്രിയാണെന്ന വാദം ശരിയാണ്.

6. തര്‍ക്കമന്ദിരവും അതിന്റെ അകവും പുറവുമായ സ്ഥലങ്ങളും ഹിന്ദുക്കള്‍ ആരാധനയ്ക്കും പൂജയ്ക്കുമായി ഉപയോഗിക്കുന്നതാണ്.

അയോധ്യ ഭൂഉടമസ്ഥതര്‍ക്കം വീതംവയ്പ് ഇരുവിഭാഗവും ഭൂമി ഉപയോഗിച്ചതിനാല്‍


ബാബറി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഭൂരിപക്ഷ വിധിയുടെ രത്നച്ചുരുക്കം താഴെ:

1. ബാബറി മസ്ജിദ് നിലനിന്ന സ്ഥലം മൂന്നായി വിഭജിക്കണം. 2.77 ഏക്കര്‍ കേസിലെ മൂന്നു കക്ഷികള്‍ക്കും തുല്യമായി വീതം വയ്ക്കണം. ഒരു ഭാഗം രാംലല്ല(കുട്ടിയായ ശ്രീരാമന്‍)യ്ക്ക്. രാമവിഗ്രഹത്തെതന്നെ പരാതിക്കാരനായി പരിഗണിച്ചാണ് രാംലല്ലയ്ക്ക് സ്ഥലം നല്‍കിയത്. ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിന്. മൂന്നാമത്തെ ഭാഗം നിര്‍മോഹി അകാഡയ്ക്ക്. അകാഡയ്ക്ക് ബാബറി മസ്ജിദിനു പുറത്തുള്ള രാംഛബൂത്രയും സീതാ രസോയിയും (സീതയുടെ അടുക്കള) നിലവറയുമാണ് നല്‍കുക. മുസ്ളിങ്ങളും ഹിന്ദുക്കളും ചരിത്രപരമായിത്തന്നെ ഉപയോഗിച്ചിരുന്ന സ്ഥലമായതിനാലാണ് വീതംവയ്പെന്നും കോടതി വ്യക്തമാക്കി.

2. മൂന്നു കക്ഷികള്‍ക്കും തുല്യമായി മൂന്നിലൊന്നു നല്‍കുമെന്നു പറയുമ്പോഴും അതില്‍ പ്രയാസം നേരിട്ടാല്‍ ചില്ലറ നീക്കുപോക്കുകള്‍ ആകാം. വീതംവയ്പ് ദോഷകരമായി ബാധിക്കുന്ന കക്ഷിക്ക് തര്‍ക്കസ്ഥലത്തിന് തൊട്ടടുത്ത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തുനിന്ന് പകരം നല്‍കാമെന്നും ഉത്തരവ് പറയുന്നു. സ്വത്ത് ഭാഗംവയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കക്ഷികള്‍ക്ക് മൂന്നു മാസത്തിനകം സമര്‍പ്പിക്കാം. വിധിന്യായം മൂന്നു മാസത്തിനുശേഷം മാത്രമേ പ്രാബല്യത്തില്‍ വരൂ.

3. സ്ഥലം ലഭിച്ചെങ്കിലും നിര്‍മോഹി അകാഡയുടെയും സുന്നി വഖഫ് ബോര്‍ഡിന്റെയും ഹര്‍ജി കോടതി തള്ളുകയുംചെയ്തു. വൈകി നല്‍കിയെന്ന കാരണം പറഞ്ഞാണ് വഖഫ് ബോര്‍ഡിന്റെ പരാതി തള്ളിയത്.

4. ബാബറി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ മധ്യത്തിലുള്ള താഴികക്കുടത്തിനു താഴെയുള്ള രാംലല്ല വിഗ്രഹം നില്‍ക്കുന്ന സ്ഥലമാണ് ശ്രീരാമന്റെ ജന്മസ്ഥലം. ഹിന്ദുവിശ്വാസം അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനം.

5. 1992 വരെ തര്‍ക്കസ്ഥലത്ത് ബാബറി മസ്ജിദ് ഉണ്ടായിരുന്നു. കോടതിയുടെ നിര്‍ദേശത്താല്‍ നടന്ന ഉല്‍ഖനനം സംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ബാബറി മസ്ജിദിനുമുമ്പ് ഒരു ഹൈന്ദവ ആരാധനാലയം അവിടെ ഉണ്ടായിരുന്നു.

6. 1949ലാണ് രാമവിഗ്രഹം ബാബറി മസ്ജിദിനകത്ത് സ്ഥാപിക്കുന്നത്.

അയോധ്യ: രാമക്ഷേത്രം പണിയുമെന്ന് സംഘപരിവാര്‍


അയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് കോണ്‍ഗ്രസ്. അലഹബാദ് കോടതി വിധി രാമക്ഷേത്രം പണിയാനുള്ള അനുവാദമാണെന്ന് ബിജെപി. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവര്‍ത്തിച്ചു. ആദ്യം വിധി സ്വാഗതം ചെയ്ത കോണ്‍ഗ്രസ്, സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്ന് വെള്ളിയാഴ്ച വ്യക്തമാക്കി. അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ്ങാണ് മൂന്നു മാസത്തിനകം അനുരഞ്ജനത്തിനു ശ്രമിക്കുമെന്ന് പറഞ്ഞത്. സര്‍ക്കാരും ശരിയായി ചിന്തിക്കുന്നവരും സമവായത്തിനു ശ്രമിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു.

കോടതിക്കു പുറത്ത് പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും പറഞ്ഞു. സമവായത്തിനുള്ള സാധ്യത തുറക്കുന്നപക്ഷം സഹകരിക്കുമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍, ഹൈക്കോടതി വിധി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതിയാണെന്ന് വെങ്കയ്യ കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് അലഹബാദില്‍ യോഗം ചേര്‍ന്ന സന്ന്യാസികള്‍ ആവശ്യപ്പെട്ടു. രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ തടസ്സവും നീങ്ങിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനായുള്ള പ്രക്ഷോഭം അവര്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍, കേടതിവിധി മുസ്ളിങ്ങളെ വഞ്ചിച്ചെന്ന് ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ടി അധ്യക്ഷനുമായ മുലായംസിങ് യാദവ് പറഞ്ഞു. അഖിലേന്ത്യ മുസ്ളിം വ്യക്തിനിയമ ബോര്‍ഡിന്റെ പത്തംഗ നിയമസെല്‍ ഒമ്പതിനു വിധി ചര്‍ച്ചചെയ്യും. 16നു 51 അംഗ നിര്‍വാഹകസമിതി യോഗവും ചേരും അതിനു ശേഷമായിരിക്കും മുസ്ളിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുക.
(വി ബി പരമേശ്വരന്‍)

കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് ചിദംബരം


അയോധ്യ കേസില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. പ്രദേശത്ത് തല്‍സ്ഥിതി നിലനിര്‍ത്താനും രാജ്യത്ത് ക്രമസമാധാനം പാലിക്കാനും മാത്രമേ കേന്ദ്രത്തിന് ബാധ്യതയുള്ളൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ആദരവോടെയും മാന്യതയോടെയും ജനങ്ങള്‍ സ്വീകരിച്ചതില്‍ ആഭ്യന്തരമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി. അയോധ്യയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതി ബെഞ്ചുതന്നെ നിര്‍ദേശിച്ചിട്ടുണ്ട്. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ എത്തുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, വിധിയോട് ഇപ്പോള്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ചിദംബരം പറഞ്ഞു. വിധിയെക്കുറിച്ച് അമിത വ്യാഖ്യാനങ്ങള്‍ നടത്തരുതെന്നും അസാധാരണമാംവിധം സമയവും സ്ഥലവും ഇക്കാര്യത്തിനായി മാറ്റിവയ്ക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍, അലഹബാദ് ഹൈക്കോടതിയുടെ വ്യാഴാഴ്ചത്തെ വിധി വെള്ളംചേര്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. 1992 ഡിസംബര്‍ ആറിന് നടന്ന പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. മസ്ജിദ് തകര്‍ത്ത കേസുമായി ഈ വിധിക്ക് ഒരു ബന്ധവുമില്ല- ചിദംബരം പറഞ്ഞു.

deshabhimani 02102010

സിങ്ങ്‌വി ഈസ് കിങ്ങ്‌വി

അഭിഷേക് സിങ്വി വന്നത് ചെന്നിത്തലക്കൊപ്പം

ലോട്ടറി മാഫിയക്കു വേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കേരളത്തിലെത്തിയത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കൊപ്പം. പി ടി തോമസ് എംപിയും കൂടെയുണ്ടായിരുന്നു. സെപ്തംബര്‍ 28ന് ദില്ലിയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 465 നമ്പര്‍ വിമാനത്തിലാണ് മൂന്നുപേരും കേരളത്തിലേക്ക് യാത്ര തിരിച്ചത്. സിങ്വിയും പി ടി തോമസും കൊച്ചിയിലും ചെന്നിത്തല തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. മൂന്നു പേരും ഒന്നിച്ച് യാത്ര ചെയ്തതാണെന്ന വിവരം ചെന്നിത്തലയും പി ടി തോമസും സമ്മതിച്ചു. എന്നാല്‍ ഇക്കാര്യം ഇരുവരും ഇതുവരെ മറച്ചുപിടിക്കുകയായിരുന്നു.

ഒന്നുമറിയാത്ത ഭാവത്തിലാണ് ചെന്നിത്തല സിങ്വി കേരളത്തിലുണ്ടായിരുന്ന രണ്ടു ദിവസവും പ്രതിഷേധ പ്രസ്താവനയിറക്കിയത്. സിങ്വിയോടൊപ്പം വിമാനത്തിലുണ്ടായിരുന്നെന്നും പരസ്പരം സംസാരിച്ചുവെന്നും ചെന്നിത്തലയും പി ടി തോമസും ദേശാഭിമാനിയോട് പറഞ്ഞു. പരസ്പരവിരുദ്ധമായാണ് ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ വെച്ചാണ് സിങ്വിയെ കണ്ടതെന്നും തിരുവനന്തപുരത്തേക്കാണോ യാത്ര എന്ന് ചോദിച്ചപ്പോള്‍ അല്ല ബംഗളൂരുവിലേക്കാണന്ന് സിങ്വി പറഞ്ഞെന്നുമാണ് ചെന്നിത്തലയുടെ വാദം. എന്നാല്‍ യാത്രയെ കുറിച്ച് തന്നോട് സിങ്വി കള്ളം പറഞ്ഞതായി പി ടി തോമസ് ആരോപിച്ചു. ബംഗളൂരുവിലേക്കാണ് പോകുന്നതെന്നും അതിനിടയില്‍ കൊച്ചിയില്‍ ചെറിയ ഒരു കാര്യമുണ്ടെന്നും സിങ്വി പറഞ്ഞതായാണ് തോമസിന്റെ വാദം. അദ്ദേഹത്തോടൊപ്പം ഏതാനും ജൂനിയര്‍ അഭിഭാഷകര്‍ ഫയലുകളുമായി ഉണ്ടായിരുന്നു. വിമാനത്തില്‍ സിങ്വിയുടെ തൊട്ടടുത്ത് മുന്‍ ചീഫ് ജസ്റ്റീസ് ബെഞ്ചമിന്‍ കോശി ഉണ്ടായിരുന്നു. ഏത് കേസിനാണ് ഹാജരാവുന്നതെന്ന് മുന്‍ ചീഫ് ജസ്റ്റീസ് ചോദിച്ചപ്പോള്‍ ലോട്ടറി കേസിനാണ് ഹാജരാവുന്നതെന്ന് സിങ്വി പറയുന്നത് താന്‍ പിന്നില്‍ നിന്നും കേട്ടുവെന്ന് പി ടി തോമസ് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് ഈ വിവരം ചെന്നിത്തലയെ ടെലിഫോണില്‍ വിളിച്ചു പറഞ്ഞു. 29ന് കാലത്ത് കേസിന് ഹാജരാവുന്നതിന് മുമ്പ് സിങ്വിയെ ടെലിഫോണില്‍ വിളിച്ച് കേസില്‍ ഹാജരാവരുതെന്ന് ആവശ്യപ്പെട്ടതായി ചെന്നിത്തലയും വ്യക്തമാക്കി.

എന്നാല്‍ സിങ്വി കോടതിയില്‍ ഹാജരായി സംഭവം വിവാദമായ ശേഷവും ചെന്നിത്തലയും പിടി തോമസും ഇക്കാര്യം മിണ്ടിയില്ല. ലോട്ടറി നികുതി വര്‍ധിപ്പിച്ച കേരള സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിനെതിരെ ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിന് വേണ്ടി വാദിക്കാനാണ് സോണിയാഗാന്ധിയുടെ വിശ്വസ്തനായ സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. ലോട്ടറി മാഫിയയെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന പുകമറ സൃഷ്ടിച്ച് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സാഹചര്യത്തിലായിരുന്നു ലോട്ടറി രാജാവിന് വേണ്ടി സിങ്വിയുടെ വരവ്. അതാകട്ടെ ഹൈക്കമാണ്ടിന്റെ അറിവോടെയും സമ്മതത്തോടെയും. മുഖം രക്ഷിക്കാനാണ് ചെന്നിത്തലയും മറ്റും ഇവിടെ കോലാഹലമുണ്ടാക്കിയതെന്ന് ഏറ്റവും നന്നായി അറിയുന്ന ആള്‍ സിങ്വിയാണ്. അതുകൊണ്ടുതന്നെ തന്റെ ദൌത്യം പൂര്‍ത്തിയാക്കിയ ശേഷമേ അദ്ദേഹം സ്ഥലം വിട്ടുള്ളു.
(എം രഘുനാഥ്)

വിമാനത്തില്‍ സിങ്വിയെ കണ്ടത് ചെന്നിത്തല മറച്ചതെന്തിന്: ഐസക്

ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കോടതിയില്‍ ഉയര്‍ത്തിയ വാദങ്ങളാണോ കോണ്‍ഗ്രസിന്റെ ദേശീയനയമെന്ന് വ്യക്തമാക്കാന്‍ മന്ത്രി ടി എം തോമസ് ഐസക് ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടു. കേസ് വാദിക്കന്‍ വന്ന സിങ്വിയോടൊപ്പം അതേ വിമാനത്തില്‍ യാത്രചെയ്തപ്പോള്‍ പരസ്പരം ചര്‍ച്ചചെയ്ത കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് ജനങ്ങളില്‍നിന്ന് മറച്ചുവച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫ് സംഘടിപ്പിച്ച വ്യാജ പ്രചാരണങ്ങളുടെ കള്ളി ഒന്നുകൂടി വെളിച്ചത്തായിരിക്കുകയാണ്. ചിദംബരവും ഭാര്യയും സോളിസിറ്റര്‍ ജനറലുമെല്ലാം ലോട്ടറി മാഫിയക്കുവേണ്ടി നടത്തിവന്ന വക്കാലത്തുകളിലെ ഇരട്ടത്താപ്പ് സംശയരഹിതമായി കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായി. വാദം പൂര്‍ത്തീകരിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചശേഷമാണ് സിങ്വി ലോട്ടറി മാഫിയയുടെ വക്കാലത്ത് ഒഴിഞ്ഞത്. നികുതി നിരസിച്ചതിനെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഇടക്കാല വിധിയും സമ്പാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിയമത്തെ സംരക്ഷിക്കുകയാണ് താന്‍ ചെയ്തതെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നടത്തിയ വാദങ്ങളാണോ കോണ്‍ഗ്രസിന്റെ ദേശീയനയങ്ങളെന്ന് വക്താവ് വ്യക്തമാക്കണം.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സും ഭൂട്ടാന്‍ സര്‍ക്കാരും തമ്മിലുള്ള ഉടമ്പടിയുടെ പകര്‍പ്പ് ഭൂട്ടാന്‍ സര്‍ക്കാര്‍ നല്‍കിയില്ലെന്ന് പാലക്കാട് നികുതി അസി. കമീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തങ്ങളുടെ കേരളത്തിലെ അംഗീകൃത ഏജന്‍സി മേഘയാണെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ അതിനപ്പുറം ഇത്തരം ഒരു ആവശ്യമുന്നയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരു അധികാരവുമില്ലെന്നാണ് സിങ്വി വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ നികുതി വാങ്ങുന്നത് സംബന്ധിച്ച് ഇവര്‍ക്ക് അനുകൂലവിധിയുണ്ടായത്. ഭൂട്ടാന്‍ സര്‍ക്കാരും മേഘയും തമ്മിലുള്ള ഉടമ്പടി രേഖകള്‍ സംബന്ധിച്ച സംശയം ഉയര്‍ത്തിക്കൊണ്ടായിരുന്നു കേരളത്തില്‍ ലോട്ടറി വിവാദം ആരംഭിച്ചത്.

എന്നാല്‍, ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ വാദിച്ചു. സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ പിന്താങ്ങുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയും മറ്റും പറഞ്ഞത്. എന്നാല്‍, ഈ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് സിങ്വി വാദിച്ചു. ദിവസം 24 നറുക്കെടുപ്പ് നടത്തുക എന്നത് കേന്ദ്രചട്ടം നല്‍കുന്ന അവകാശമാണെന്നും യഥേഷ്ടം നറുക്കെടുപ്പ് നടത്തി കേരളത്തെ കൊള്ളയടിക്കാന്‍ അനുവദിക്കണമെന്നും സിങ്വി വാദിച്ചു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

സിങ്വി മാനക്കേടുണ്ടാക്കിയില്ലെന്ന് ബെന്നി ബഹനാന്‍

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി അന്യസംസ്ഥാന ലോട്ടറി മാഫിയക്കുവേണ്ടി കേസ് വാദിച്ചത് കേരളത്തിലെ കോണ്‍ഗ്രസിന് മാനക്കേട് വരുത്തിയിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍. വക്കീല്‍ എന്ന നിലയ്ക്ക് ഏതു കേസിലും ഹാജരാവാം. എന്നാല്‍ കെപിസിസി നേതൃത്വം സിങ്വിയുടെ നടപടിയില്‍ വികാരം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം കേസ് ഉപേക്ഷിച്ച് തിരിച്ചുപോയി. അതുകൊണ്ടുതന്നെ ഈ വിഷയം കോണ്‍ഗ്രസിനെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് തൃശൂര്‍ പ്രസ് ക്ളബ്ബിന്റെ മുഖാമുഖത്തില്‍ ബെന്നി ബഹന്നാന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയടക്കം സിങ്വിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കെയാണ് ഈ പ്രതികരണം. സിങ്വി ലോട്ടറി മാഫിയക്കുവേണ്ടി വാദിച്ച് അനുകൂല വിധിയും നേടി തിരിച്ചുപോയിട്ടും അതിനെ ന്യായീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിധിയെല്ലാം വരാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു മറുപടി. സിങ്വി ലോട്ടറി കേസ് വാദിച്ചത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ദോഷം ചെയ്യില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റുകൂടിയായ ബെന്നി ബഹനാന്‍ പറഞ്ഞു. ഘടക കക്ഷികളുമായുള്ള അഭിപായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടുണ്ട്. മുരളി ഗ്രൂപ്പുമായി തെരഞ്ഞെടുപ്പില്‍ ധാരണയ്ക്ക് തയ്യാറല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

ദേശാഭിമാനി 02102010

സ്വന്തം ഒപ്പിടാന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍

പാലക്കാട് നഗരസഭാധ്യക്ഷ കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍

പാലക്കാട്: പാലക്കാട് നഗരസഭാ അധ്യക്ഷയായിരുന്ന കോണ്‍ഗ്രസിലെ വി ദേവയാനി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ബിജെപി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദേവയാനി പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് പതിനാലാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തന്റെ വ്യാജ ഒപ്പിട്ടാണ് പത്രിക തയ്യാറാക്കിയതെന്നും അവര്‍ പറഞ്ഞു. ഇത്രയും കാലം തന്റെ ഒപ്പ് കൃത്രിമമായി ഇട്ടാണ് കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത ഒരു വാര്‍ഡിലാണ് തന്നെ മല്‍സരിപ്പിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ഥിയായി പതിനഞ്ചാം വാര്‍ഡില്‍ നിന്നും ജനവിധി തേടുമെന്നും ദേവയാനി പറഞ്ഞു.

ദേശാഭിമാനി 02102010


“ഇത്രയും കാലം തന്റെ ഒപ്പ് കൃത്രിമമായി ഇട്ടാണ് കോണ്‍ഗ്രസ് നേതൃത്വം കാര്യങ്ങള്‍ ചെയ്തിരുന്നത്.“ - ഇതൊരു ഒന്നര സ്റ്റേറ്റ്മെന്റായിപ്പോയി. ബി.ജെ.പിക്കാരെങ്കിലും സ്വന്തം ഒപ്പിടാന്‍ അവരെ അനുവദിക്കുമെന്ന് പ്രത്യാശിക്കാം. :) ഷുവര്‍ സീറ്റ് കൊടുക്കുമെന്നും കരുതാം. ബി.ജെ.പിക്ക് കേരളത്തില്‍ ഷുവര്‍ സീറ്റുണ്ടോ എന്നൊന്നും ചോദിക്കരുത്.

മറ്റു പത്രങ്ങളിലെ വാര്‍ത്തയനുസരിച്ച് ദേവയാനിക്കെതിരെ ബി.ജെ.പി അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. എങ്കിലും, രാവിലെ വരെ തങ്ങള്‍ ആര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നോ ആ വ്യക്തിയെ ഉച്ചക്ക് സ്വന്തം ആളാക്കാന്‍ ബി.ജെ.പിക്കോ.അവരുടെ കൂടെച്ചേരാന്‍ കഥാനായികക്കോ ബുദ്ധിമുട്ടേതും ഉണ്ടായില്ല പോലും.

'ഒപ്പിലെ കൃത്രിമ’ത്തിനു പല പത്രങ്ങളിലും പല വ്യാഖ്യാനങ്ങളാണ്. എങ്കിലും കൃത്രിമമാണെന്നതില്‍ എല്ലാവരും യോജിക്കുന്നുണ്ട്. :)

അയോധ്യവിധി: മതനിരപേക്ഷതക്ക് പ്രഹരം

അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് പുറപ്പെടുവിച്ച വിധി ഗൌരവമായ ആശങ്കയുണര്‍ത്തുന്നുവെന്ന് രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാരും കലാകാരന്മാരും പണ്ഡിതന്മാരും അഭിപ്രായപ്പെട്ടു. വിധിയില്‍ ചരിത്രവും യുക്തിയും മതനിരപേക്ഷ മൂല്യങ്ങളും കൈകാര്യംചെയ്ത രീതിയാണ് ആശങ്കയ്ക്ക് കാരണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. റൊമിലാ ഥാപ്പര്‍, കെ എം ശ്രീമാലി, ഡി എന്‍ ഛാ, കെ എന്‍ പണിക്കര്‍, ഇഖ്തിദര്‍ അലം ഖാന്‍, ഇര്‍ഫാന്‍ ഹബീബ്, അനിരുദ്ധ റായ്, എ മുരളി, അര്‍ജുന്‍ ദേവ്, അമര്‍ ഫറൂഖി, ഉത്സ പട്നായിക്, ജയതി ഘോഷ്, പ്രഭാത് പട്നായിക്, സി പി ചന്ദ്രശേഖര്‍, രാം റഹ്മാന്‍, ബി പി സാഹു തുടങ്ങി അറുപതോളം പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

ഹിന്ദുക്ഷേത്രം നിലനിന്ന സ്ഥലത്താണ് ബാബറി മസ്ജിദ് പണിതതെന്നാണ് മൂന്നംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരും വിലയിരുത്തിയത്. എന്നാല്‍, ഈ വാദത്തിന് കടകവിരുദ്ധമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ ഉല്‍ഖനനത്തില്‍ത്തന്നെ കണ്ടെത്തിയ പല വസ്തുതകളും കോടതി പരിഗണിച്ചില്ല. സ്ഥലത്ത് മൃഗങ്ങളുടെ അസ്ഥികളും സുര്‍ക്കി മിശ്രിതം ഉപയോഗിച്ചുള്ള നിര്‍മാണവും കണ്ടെത്തിയിരുന്നു. ഇതെല്ലാം മുസ്ളിം ജീവിതരീതിയുടെ ഭാഗമാണ്. മസ്ജിദ് നിലനിന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നു എന്ന വസ്തുതയ്ക്ക് നിരക്കാത്തതാണ് ഈ കണ്ടെത്തല്‍. എന്നാല്‍, കല്‍ത്തൂണുകള്‍ കണ്ടെത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐ വിവാദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉല്‍ഖനനവുമായി ബന്ധപ്പെട്ട കുറിപ്പുകളും മറ്റ് കണ്ടെത്തലുകളും തെളിവുകളും പുരാവസ്തു ഗവേഷകരുടെയും ചരിത്ര പണ്ഡിതന്മാരുടെയും പരിശോധനയ്ക്ക് വിധേയാമാക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

മസ്ജിദ് നിലനിന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചിരുന്നുവെന്നതിനും തെളിവില്ല. ഈ വിശ്വാസത്തിന്റെ പുരാതനത്വം അംഗീകരിക്കുന്ന കാര്യത്തില്‍ വിധിന്യായത്തില്‍ തെറ്റുപറ്റിയെന്നു മാത്രമല്ല, ഇത്തരം അംഗീകരിക്കലുകള്‍ പിന്നീട് അവകാശവാദങ്ങളായേക്കാം. ഇത് നിയമത്തിന്റെയും സമത്വത്തിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. അക്രമത്തിനും പേശീബലത്തിനും നിയമസാധുത നല്‍കുന്നു എന്നതാണ് വിധിയില്‍ ഏറ്റവും എതിര്‍ക്കപ്പെടേണ്ട ഭാഗം. മസ്ജിദിന്റെ മിനാരത്തിനു കീഴില്‍ 1949ല്‍ ബലപ്രയോഗത്തിലൂടെയാണ് രാമവിഗ്രഹം സ്ഥാപിച്ചതെന്ന് സമ്മതിക്കുന്നു. എന്നാല്‍, രാമന്‍ ജനിച്ചത് അവിടെയാണെന്ന സമ്മതത്തിലൂടെ വിഗ്രഹം ബലപ്രയോഗത്തിലൂടെ സ്ഥാപിച്ചത് അവകാശപ്പെട്ട സ്ഥലത്തുതന്നെയാണെന്ന് ഒരു യുക്തിയുമില്ലാതെ വിധി ന്യായീകരിക്കുന്നു. മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ പ്രധാനഭാഗം ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കി. ഇതിലൂടെ ബാബറി മസ്ജിദ് തകര്‍ത്തതിന് വിധി ന്യായീകരണം നല്‍കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നു. ഇക്കാരണങ്ങളാല്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ രാജ്യത്തിന്റെ മതനിരപേക്ഷ ചട്ടക്കൂടിനും നീതിന്യായ വ്യവസ്ഥയുടെ മാന്യതയ്ക്കും ഏറ്റ പ്രഹരമായി മാത്രമേ കാണാന്‍ കഴിയൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 02102010

മറ്റൊരു വാര്‍ത്ത

കേരള-എംജി തെരഞ്ഞെടുപ്പ് എസ്എഫ്ഐ തൂത്തുവാരി

കേരള-എംജി സര്‍വകലാശാലകള്‍ക്കു കീഴിലെ കോളേജ് യൂണിയനുകളിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ഉജ്വല വിജയം നേടി. കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്ന 44ല്‍ 38ഉം എംജിയില്‍ 70ല്‍ 65ഉം കോളേജുകളില്‍ യൂണിയന്‍ നേതൃത്വം എസ്എഫ്ഐക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19ല്‍ 15ലും ആലപ്പുഴയില്‍ 11ല്‍ 11ലും കൊല്ലത്ത് 13ല്‍ 11ലും പത്തനംതിട്ടയില്‍ 11ല്‍ 11ലും കോട്ടയത്ത് 16ല്‍ 14ലും ഇടുക്കിയില്‍ 13ല്‍ 12ലും എറണാകുളത്ത് 31ല്‍ 29 കോളേജിലും എസ്എഫ്ഐക്കാണ് വിജയം.

നെടുമങ്ങാട് ഗവ കോളേജ്, തുമ്പ സെന്റ്സേവിയേഴ്സ് കോളേജ്, കാഞ്ഞിരംകുളം ഗവ. കോളേജ്, ആലപ്പുഴയിലെ എസ്എന്‍ കോളേജ്, ചേര്‍ത്തല സെന്റ്മിൈക്കിള്‍സ്, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍കോളേജ്, പത്തനാപുരം സെന്റ് സ്റീഫന്‍ കോളേജ്, കോന്നി എന്‍എസ്എസ്, കട്ടപ്പന ഐഎച്ച്ആര്‍ഡി, തൊടുപുഴ ഐഎച്ച്ആര്‍ഡി, എസ്എംഇ പാമ്പാടി, എസ്എംഇ ഗാന്ധിനഗര്‍ എന്നീ കോളേജുകള്‍ എസ്എഫ്ഐ ഇത്തവണ പിടിച്ചെടുത്തു. കേരള സര്‍വകലാശാലയ്ക്കു കീഴില്‍ 11 കോളേജില്‍ എതിരില്ലാതെയും 24 കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയില്‍ കൌണ്‍സിലര്‍മാരില്‍ 77ല്‍ 52ലും എംജിയില്‍ 111ല്‍ 95ലും എസഎഫ്ഐ വിജയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കൈവരിക്കാന്‍പോകുന്ന വന്‍വിജയത്തിന്റെ മുന്നോടിയാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുഫലമെന്ന് എസ്എഫ്ഐ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകാത്ത എംജി സര്‍വകലാശാലയ്ക്കു കീഴിലെ ഇരുപതോളം കോളേജും തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജും കേന്ദ്രീകരിച്ച് വരുംദിവസങ്ങളില്‍ എസ്എഫ്ഐ ശക്തമായ സമരം സംഘടിപ്പിക്കും. എസ്എഫ്ഐക്ക് തിളങ്ങുന്ന വിജയം സമ്മാനിച്ച എല്ലാ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് കെ പി സുമേഷും സെക്രട്ടറി പി ബിജുവും അഭിവാദ്യംചെയ്തു.

deshabhimani 02102010

Friday, October 1, 2010

കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ പുത്തനുണര്‍വ്

സംസ്ഥാന സര്‍ക്കാരിന്റെ ചുവടുപിടിച്ച് നൂതനങ്ങളായ നിരവധി പദ്ധതികള്‍ നടപ്പിലാക്കുക വഴി കാര്‍ഷികരംഗത്തും മൃഗസംരക്ഷണ രംഗത്തും പുത്തനുണര്‍വ് പകരാന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ എല്‍ ഡി എഫ് ഭരണ മുന്നണിക്ക് കഴിഞ്ഞു. ജില്ലയില്‍ നല്ലൊരു വിഭാഗം കര്‍ഷകര്‍ നെല്‍ക്കൃഷി ഉപേക്ഷിക്കുകയും നെല്‍പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുതുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ 'സമഗ്ര നെല്‍കൃഷി പദ്ധതി' വളരെ വിജയകരമായിരുന്നു. നിലവിലുള്ള നെല്‍പാടങ്ങള്‍ സംരക്ഷിക്കുവാനും തരിശ് ഭൂമി കൃഷി നടത്തുവാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. വിത്ത്, കുമ്മായം, ജൈവകീടനാശിനി എന്നിവ സൗജന്യമായും ജൈവവളവും രാസവളവും 50 ശതമാനം സൗജന്യമായും നല്‍കി. 2200 ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷി നടത്തുവാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ഹെക്ടറിന് ശരാശരി രണ്ട് ടണ്‍ മാത്രമുണ്ടായിരുന്ന വിളവ് നാല് ടണ്ണിലേയ്ക്ക് ഉയര്‍ത്തുവാന്‍ ഇതിലൂടെ കഴിഞ്ഞു. നെല്‍കൃഷി നടത്തുന്ന ഭൂമിയുടെ വിസ്തൃതി കുറഞ്ഞതോതിലെങ്കിലും വര്‍ധിച്ചു. കൊയ്ത്തിന് ആളെ കിട്ടാത്ത അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി നാല് കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങി. നടീലിന് തൊഴിലാളികളെ ലഭ്യമല്ലാത്ത സ്ഥലത്ത് 12 നടീല്‍ യന്ത്രങ്ങള്‍ വാങ്ങി നല്‍കി.

ഒരു ഉല്‍പ്പന്നം ഒരു ഗ്രാമം എന്ന കാഴ്ച്ചപ്പാടോടെ ജില്ലാ പഞ്ചായത്തും കുടുംബശ്രീയും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും സംയുക്തമായി നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് 'സമഗ്ര വാഴകൃഷി'. 32 പഞ്ചായത്തുകളിലായി 2600 കുടുംബശ്രീ യൂണിറ്റുകള്‍ സമഗ്രവാഴ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 1780 ഹെക്ടര്‍ ഭൂമിയില്‍ വാഴകൃഴി നടത്തിയിട്ടുണ്ട്. 29 കോടി രൂപ വായ്പയായും 205 ലക്ഷം രൂപ സബ്‌സിഡിയായും ഇതിനകം 13,000 വനിതാ കര്‍ഷകര്‍ക്ക് നല്‍കി. എല്ലാ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കി. അവശേഷിക്കുന്ന 21 പഞ്ചായത്തുകളില്‍ കൂടി ഈ പദ്ധതി വ്യാപിക്കുവാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതിനും കര്‍ഷകര്‍ക്ക് ശരിയായ തോതില്‍ കാര്‍ഷിക വിജ്ഞാനം ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനും വേണ്ടി വെള്ളായണി കാര്‍ഷിക കോളജില്‍ അഗ്രി ഡയഗ്നോസ്റ്റിക് ലാബ് സ്ഥാപിച്ചു. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും പകരം ജൈവകീടനാശിനിയും ജൈവവളങ്ങളും ഉല്‍പാദിപ്പിക്കുന്ന ബയോകണ്‍ട്രോള്‍ ലാബ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് മണ്ണ് പരിശോധനാ ലാബ് ആരംഭിച്ചു. ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന  ഹരിതശ്രീ പദ്ധതി വിജയകരമായി നടപ്പിലാക്കി. പെരുങ്കടവിള, പാറശ്ശാല, അതിയന്നൂര്‍ ബ്ലോക്കുകളിലെ 20 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മിനിസെറ്റ് രീതിയനുസരിച്ച് 50 ഏക്കറില്‍ ചേന കൃഷിയും ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയും വ്യാപകമായി നടത്തിവരുന്നു. ജില്ലയിലെയും സമീപ ജില്ലകളിലെയും കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള പച്ചക്കറി വിത്തുകളും നടീല്‍ വസ്തുക്കളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി മലയോര ഗ്രാമമായ പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടം കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയ പ്രവര്‍ത്തന വിജയം നേടി. പ്രതിവര്‍ഷം 15 ടണ്ണോളം പച്ചക്കറികള്‍, 200 കിലോഗ്രാം പച്ചക്കറി വിത്തുകള്‍, രണ്ടു ലക്ഷത്തോളം നടീല്‍ വസ്തുക്കള്‍ എന്നിവ ഈ ഫാം മുഖേന ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തുവരുന്നു.

മൃഗസംരക്ഷണ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കിയത്. 2002ല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ച് പൂട്ടിയ വിതുര ജഴ്‌സിഫാം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുകയും സംസ്ഥാനത്തെ ഏറ്റവും മികച്ച ജഴ്‌സി ഫാമായി ഉയര്‍ത്തികൊണ്ടുവരികയും ചെയ്തു. ആദ്യഘട്ടത്തില്‍ ആടുവളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചു. നിലവില്‍ 260 ഓളം മലബാറി ആടുകള്‍ ഇവിടെയുണ്ട്. 2007-08ല്‍ ആടുവളര്‍ത്തലിന് പുറമേ പശു, എരുമ എന്നിവയെ വളര്‍ത്തുന്നതിന് തീരുമാനിച്ചു. നിലവില്‍ 60ല്‍ അധികം എരുമകളും 180ല്‍ അധികം പശുക്കളും ഇവിടെയുണ്ട്. കേരളത്തില്‍ എരുമ വളര്‍ത്തുന്ന ഏക ഫാമാണ് വിതുര ജഴ്‌സി ഫാം. ജഴ്‌സി ഫാമിനെ ഹൈടെക് ഫാമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി സി ദിവാകരന്‍ മുന്‍കൈയെടുത്ത് 2.25 കോടി രൂപയുടെ പദ്ധതി ആരംഭിച്ചു. ചെറ്റച്ചല്‍ ജഴ്‌സിഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെ ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. പാറശ്ശാലയിലെ പന്നിവളര്‍ത്തല്‍ കേന്ദ്രം ലാഭകരമായി പ്രവര്‍ത്തിക്കുവാനും പന്നികുട്ടികളെ സൗജന്യ നിരക്കില്‍ കൃഷിക്കാര്‍ക്ക് നല്‍കുന്നതിനും കഴിഞ്ഞു. ക്ഷീരവികസന മേഖലയില്‍ പാലുല്‍പാദനം ലാഭകരമാക്കാനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. ജില്ലയിലെ ക്ഷീരസംഘങ്ങലെ സഹായിക്കുന്നതിനായി മുപ്പതോളം ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്,  കിടാരി വളര്‍ത്തല്‍ യൂണിറ്റ്, സൗജന്യ കാലിത്തീറ്റ നല്‍കുന്ന പദ്ധതി എന്നിവ നടപ്പാക്കി. കുടുംബശ്രീ മിഷന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീരശ്രീ. ജില്ലയിലെ പാലുല്‍പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 5000 ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഒരു ഗുണഭോക്താവിന് രണ്ട് പശുക്കള്‍ എന്ന നിലയില്‍ 10,000 പശുക്കളാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
(രാജേഷ് വെമ്പായം)

നേട്ടങ്ങളുടെ നെറുകയില്‍ നെന്മണിക്കര

ആമ്പല്ലൂര്‍: ഇന്ത്യയിലാദ്യമായി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീടും വെളിച്ചവും വെള്ളവും എത്തിച്ച ഗ്രാമപഞ്ചായത്ത് എന്ന ബഹുമതി നെന്മണിക്കര പഞ്ചായത്ത് സ്വായത്തമാക്കിയിരിക്കുകയാണ്. സാമാന്യ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുക എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വേറിട്ട വികസന സങ്കല്‍പത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇത്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ തന്റെ മണ്ഡലത്തില്‍ പ്രായോഗികമാക്കാനും നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ച എംഎല്‍എ സി രവീന്ദ്രനാഥ് ആണ് നെന്മണിക്കര പഞ്ചായത്തിന് ഈ ചരിത്രനേട്ടം കൈവരിക്കാന്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ മോഹന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും വകുപ്പ് മേധാവികളും ജീവനക്കാരും അര്‍പ്പണമനോഭാവത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് ഏറ്റെടുത്ത ശ്രമകരമായ ദൗത്യത്തിന്റെ ഫലമാണ് നെന്മണിക്കര പഞ്ചായത്തിന് കരഗതമായിട്ടുള്ള ഈ അംഗീകാരം.
 പഞ്ചായത്തില്‍ ഭൂമിയുള്ള മുഴുവന്‍ പേര്‍ക്കും വീട് നല്‍കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഭരണസമിതി കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭവനസഭകള്‍ യോഗം ചേര്‍ന്ന് ഭവന രഹിതരെ തിരഞ്ഞെടുത്ത് പഞ്ചായത്തില്‍ നാലരകോടിരൂപ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണത്തിനായ് ചെലവ് ചെയ്തു.  വിവിധ വകുപ്പുകളില്‍ നിന്നായി ഈ സംഖ്യ സമാഹരിച്ചു. ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ എംഎന്‍ പാര്‍പ്പിട പദ്ധതിയിലൂടെയും പണം കണ്ടെത്തി. തലോര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍നിന്നും 30 ലക്ഷം രൂപ പഞ്ചായത്ത് വായ്പയെടുത്തു. കൂടാതെ ഐഎവൈ പട്ടികജാതി ഫണ്ടുകളും ലഭ്യമാക്കി. ഈ ഫണ്ടുകളുടെ ശാസ്ത്രീയമായ വിനിയോഗം വഴിയാണ് പഞ്ചായത്തിലെ 572 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് നല്‍കുക എന്ന ശ്രമകരമായ ദൗത്യം ഭരണസമിതിക്ക് കൈവരിക്കുവാനായത്.

നെന്മണിക്കര പഞ്ചായത്തിലെ ജനങ്ങളെ അലട്ടിയിരുന്ന മറ്റൊരു ഗുരുതരപ്രശ്‌നമായിരുന്നു കുടിവെള്ളക്ഷാമം. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ പത്തിലധികം വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായ് തുടങ്ങിവെച്ച സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തികരിച്ചും, പുതുതായി തലോര്‍ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പുലക്കാട്ടുകര കുടിവെള്ള പദ്ധതി  എന്നിവ ആരംഭിച്ച് ജനങ്ങള്‍ക്ക് കുടിവെള്ള മെത്തിക്കാന്‍ ഭരണ സമിതിക്കുകഴിഞ്ഞു. നിലവിലുള്ള പാഴായി, എറവക്കാട്, പുലക്കാട്ടുകര, നെന്മണിക്കര എന്നീ ജലസേചന പദ്ധതികള്‍ വിപുലീകരിക്കുകയും മടവാക്കര ജലസേചന പദ്ധതി ആരംഭിക്കുകയും ചെയ്തത് ഈ പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത പലമടങ്ങ് വര്‍ദ്ധിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ജീവക്കാരുടെയും, നാട്ടുകാരുടെയും ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ അസാധ്യമാണെന്ന് കരുതിയ ഒരു അടിസ്ഥാന സൗകര്യം കൂടി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഭരണ സമിതിക്കു സാധിച്ചു.

ഗുരുതരമായ സാങ്കേതിക തടസങ്ങളാല്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാത്തവര്‍ ഒഴികെയുള്ള പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി ഉടനെ എത്തിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിന് വകുപ്പ് മേധാവികളും ജീവനക്കാരും ശക്തമായ പിന്തുണയാണ് നല്‍കിയത്. നാലുമീറ്റര്‍ വിതിയുള്ള എല്ലാ റോഡുകളിലും തെരുവ് വിളക്കുകള്‍ എത്തിക്കുന്ന നടപടികള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണ സമിതി തുടരുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതിവത്ക്കരണത്തോടൊപ്പം സിഎഫ്എല്‍ ലാമ്പുകളുടെ വിനിയോഗവും പഞ്ചായത്തില്‍ വ്യാപകമായിട്ടുണ്ട്. പാഴായില്‍ ഹോമിയോ ഡിസ്‌പെന്‍സറികൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ അലോപതി, ആയൂര്‍വേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പഞ്ചായത്ത് ഭരണ സമിതിക്കുകഴിഞ്ഞു. കുന്നിശ്ശേരിയിലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചിറ്റിശ്ശേരിയില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയൂര്‍വേദ ഡിസ്‌പെന്‍സറിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പഞ്ചായത്തിലെ റോഡുകള്‍ മിക്കവയും പുനര്‍നിര്‍മ്മിച്ചുകഴിഞ്ഞു. പാലിയേക്കര എറവ് റോഡിന് ജില്ലാ പഞ്ചായത്തില്‍ നിന്നും 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള ഗ്രാമീണ റോഡുകള്‍ക്ക് വേണ്ടി മറ്റു ഫണ്ടുകള്‍ കാത്തുനില്‍ക്കാതെ വായ്പ എടുത്തും റോഡുനിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ഭരണ സമിതി ശ്രമിച്ചിരിക്കുന്നത്.

കേര കര്‍ഷകര്‍ക്ക് എഴുക്ലസ്റ്ററുകള്‍ രൂപീകരിച്ച് നാളിതുവരെയുണ്ടാകാത്ത പ്രോത്സാഹനമാണ് പഞ്ചായത്ത് കര്‍ഷകര്‍ക്ക് നല്‍കിവരുന്നത്. നീര്‍ത്തട വികസന പദ്ധതിയും  ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും പ്രയോജനപ്പെടുത്തി കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് നല്‍കുകയാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രവര്‍ത്തന പരിപാടി. ഈ മേഖലയിലേക്ക് സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും നല്‍കുന്ന പ്രോത്സാഹന നടപടികള്‍ പ്രയോജനപ്പെടുത്താന്‍ പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. കൂടാതെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി വിജയകരമായി നടപ്പിലാക്കിവരുന്ന കദളിവാഴ കൃഷി പഞ്ചായത്തിലെ സ്ത്രീകളുടെ ഒരു വരുമാന സ്രോതസായിവളരുകയാണ്. പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാനവരുമാനം എഴുപതിലധികം വരുന്ന ഓട്ടുകമ്പനികളില്‍ നിന്നായി ലഭിക്കുന്ന ജോലിയില്‍നിന്നാണ് ഈ കമ്പനികള്‍ക്ക് കളിമണ്ണ് ലഭ്യമാക്കി ഓടുവ്യവസായം നിലനിര്‍ത്താനും പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചു. പാരമ്പര്യേതരമായ മാര്‍ഗങ്ങളിലൂടെ ഓട്ടുകമ്പനികളുടെ അസംസ്‌കൃതവസ്തു ലഭ്യമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പഞ്ചായത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുന്ന ഓടു വ്യവസായം അന്യമാകുന്ന സ്ഥിതിയുണ്ടാകും. അറുപത് വയസിനു മുകളിലുള്ളവര്‍ക്കെല്ലാം പരിഗണനയും പരിരക്ഷയും നല്‍കുന്നതിനായി പഞ്ചായത്തില്‍ വാര്‍ഡുകള്‍തോറും തണല്‍ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു തലമുറയുടെ തന്നെ സര്‍ഗ്ഗശേഷികളെ പുതിയ തലമുറക്ക് കൈമാറുവാനും തണല്‍ ക്ലബുകള്‍ ശ്രമിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കേര വികസന ബോര്‍ഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരപാര്‍ക്ക് പഞ്ചായത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞു. ഇരു നൂറ് കോടി രൂപ അടങ്കലുള്ള പദ്ധതി തലോര്‍ ദേശീയ പാതക്കു സമീപത്തുള്ള നൂറ് ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുന്നത്.  ലഭ്യമായ വരുമാന സ്രോതസുകളും വിഭവശേഷിയും പരമാവധി പ്രയോജനപ്പെടുത്തുവാനും കൂട്ടായശ്രമങ്ങളിലൂടെ സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് എത്തിക്കാനും ഈ ഭരണസമിതിക്കുകഴിഞ്ഞിട്ടുണ്ടെന്ന്  സിപിഐ നേതാവായ പ്രസിഡന്റ് ഷൈലജ മോഹനന്‍ പറഞ്ഞു.
(സിജു സ്‌നേഹപുരം )

ജനയുഗം 30092010-01102010

തരിശുകള്‍ വിസ്മൃതിയിലാകുന്നു

എല്ലാവരും പാടത്തേക്കിറങ്ങി; തരിശുകള്‍ വിസ്മൃതിയിലായി

ആലപ്പുഴ: ഭക്ഷ്യപ്രതിസന്ധിയെ സ്വാശ്രയത്വം കൊണ്ട് അതിജീവിക്കണമെന്ന ആശയത്തിലൂടെ സംസ്ഥാനത്തെ ആദ്യ തരിശുരഹിത ഗ്രാമമെന്ന നേട്ടം കൊയ്ത പഞ്ചായത്താണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി. ഒരു ഗ്രാമപഞ്ചായത്ത് ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ സ്വപ്നതുല്യമായ നേട്ടം കൈവരിക്കാനാകുമെന്നതിന് മാതൃക കൂടിയായി മണ്ണഞ്ചേരി.

കാലങ്ങളായി തരിശുകിടന്ന പറവയ്ക്കല്‍കരി എന്ന പേരുള്ള 25 ഏക്കര്‍ കൃഷി ഭൂമിയില്‍ നെല്‍കൃഷി ഇറക്കികൊണ്ടാണ് തരിശു രഹിത പ്രവര്‍ത്തനങ്ങള്‍ക്ക് 2006-ല്‍ പഞ്ചായത്ത് തുടക്കം കുറിച്ചത്. പിന്നീട് 200 ഏക്കര്‍ വിസ്തൃതിയുള്ള പെരുന്തുരുത്ത് കരി, 35 ഏക്കറുള്ള തെക്കേക്കരി, 16 ഏക്കറുള്ള മാങ്കരി, 16 ഏക്കറുള്ള ചിരട്ടക്കാട്ട് കരി തുടങ്ങിയവയിലും  വിജയകരമായി കൃഷിയിറക്കി. തരിശുരഹിത ഗ്രാമ പദ്ധതിയുടെ ആദ്യ ഘട്ടമായി നടപ്പാക്കിയ 'മുറ്റത്തൊരുപിടി നെല്ലും' എന്ന പരിപാടി തന്നെ ഏറെ ശ്രദ്ധേയമായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 17നാണ് 'മുറ്റത്തൊരുപിടിനെല്ലും' പദ്ധതി കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഏപ്രില്‍ 3 മുതല്‍ 9 വരെ വിപുലമായ സംഘടിപ്പിച്ച തരിശുരഹിതഗ്രാമം പ്രഖ്യാപനവും പഞ്ചായത്തില്‍ നടത്തി.

300 ഏക്കറോളം വരുന്ന കരിപ്പാടങ്ങളില്‍ പച്ചക്കറിയും ഇടവിളകളും കൃഷി ചെയ്യുന്ന സമ്പ്രദായത്തില്‍ നിന്നുമാറി നെല്‍കൃഷിതന്നെ ഇറക്കാനുള്ള തീരുമാനം കൈകൊണ്ട മണ്ണഞ്ചേരി പഞ്ചായത്ത് ഭരണസമിതി ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. 

തരിശില്ലാതായപ്പോള്‍ ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് മണ്ണഞ്ചേരിയുടെ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നത്. ആദ്യം കൃഷിയിറക്കിയ പെരുന്തുരുത്തു കരിയില്‍ 420 മെട്രിക് ടണ്‍ വിളവാണ് ഒരു സീസണില്‍ ലഭിച്ചത്. പറവയ്ക്കല്‍ കരിയിലാകട്ടെ 60 മെട്രിക്ടണ്ണാണ് വിളവുണ്ടായത്. പണ്ട് കാലത്ത് മണ്ണഞ്ചേരിയില്‍ നെല്‍കൃഷിയുടെ ഉല്‍പാദനക്ഷമത 2.5 ടണ്‍ ആയിരുന്നു. എന്നാല്‍ തരിശുരഹിത ഗ്രാമപദ്ധതി നടപ്പാക്കിയതോടെ അത് 6 ടണ്‍ ആയി ഉയര്‍ന്നു. നെല്‍കൃഷിയോടൊപ്പം തെങ്ങ്, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നീ വിളകളെ പ്രോത്സാഹിപ്പിക്കാനും പഞ്ചായത്ത് തയ്യാറായി. പുഷ്പകൃഷി, പച്ചക്കറി കൃഷി, ഇഞ്ചി കൃഷി എന്നിവയും പ്രദേശത്ത് വ്യാപകമായി. തരിശുരഹിതഗ്രാമം പദ്ധതിയിലൂടെയാണ് മണ്ണഞ്ചേരി പ്രധാനമായും ഇതര പഞ്ചായത്തുകള്‍ക്ക് മാതൃകയായതെങ്കിലും മറ്റ് മേഖലകളിലുള്ള വികസന പ്രവര്‍ത്തനങ്ങളും എടുത്തുപറയത്തക്കതാണ്. പശ്ചാത്തലമേഖലയിലും അടിസ്ഥാന വികസനരംഗത്തും ചരിത്രത്തില്‍ ഇടംനേടിയ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകെ ചുക്കാന്‍ പിടിച്ചത് സിപിഐ നേതാവുകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എ എം ഹനീഫാണ്. മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ലഭിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായവും മണ്ണഞ്ചേരിയുടെ നേട്ടത്തിന് പിന്‍ബലമായെന്ന് ഹനീഫ് പറയുന്നു.
(ആര്‍ ശ്രീനിവാസ്)

മികവിന്റെ നെറുകയില്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍: ഒരു ഗ്രാമത്തെ സമ്പൂര്‍ണ്ണ നെല്‍ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുകയാണ് ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്ത്. തരിശുനിലങ്ങളില്‍ കൃഷിയിറക്കിയും പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജൈവ അരിയുല്‍പ്പാദനം നടത്തുകയും ചെയ്യുകയെന്ന ശ്രദ്ധേയമായ നേട്ടമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തിന്‍ കീഴില്‍ പഞ്ചായത്ത് കൈവരിച്ചത്. ഇതുവഴി ജില്ലയുടെ കാര്‍ഷിക സമൃദ്ധിക്ക് തന്നെ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഈ പഞ്ചായത്ത് കേരളത്തിന് മാതൃകയാവുകയാണ്. ഒരു തുണ്ടു ഭൂമി പോലും തരിശിടരുതെന്നും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന കര്‍ഷകര്‍ ബുദ്ധിമുട്ടിലാകരുതെന്നുമുള്ള ചിന്തയാണ് പഞ്ചായത്തിനെ സ്വന്തമായി അരിയുല്‍പ്പാദനം എന്ന ലക്ഷ്യത്തിലെത്തിച്ചത്. പൂര്‍ണ്ണമായും ജൈവവളമാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പഞ്ചായത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ ജൈവ അരിയാക്കി മാറ്റുകയെന്ന പ്രക്രിയ ഇപ്പോള്‍ നടന്നു വരികയാണ്. ചെറുതാഴ പൊന്‍മണി എന്ന പേരില്‍ പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്ന അരിക്ക് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ആവശ്യക്കാര്‍ക്ക് മുഴുവന്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന പ്രയാസമാണ് ഇപ്പോഴുള്ളത്. അതു കൊണ്ടു തന്നെ വാങ്ങാനാളില്ലാതെ ഒരു കര്‍ഷകനും നെല്ല് വെറുതെയിടേണ്ട അവസ്ഥയുണ്ടാകുന്നില്ല. ഇത് കൂടുതല്‍ സ്ഥലത്ത് ഉല്‍പ്പാദനം നടത്താന്‍ കര്‍ഷകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

നെല്ല് കൃഷിക്കാരില്‍ നിന്നും നേരിട്ട് സംഭരിക്കുകയാണ് ചെയ്യുന്നത്. ഈ നെല്ലിന് നല്ല വില തന്നെ കൃഷിക്കാരന് നല്‍കുകയും ചെയ്യുന്നു. അരിക്ക് പുറമെ പുട്ടുപൊടി, കറി പൗഡര്‍, മല്ലിപ്പൊടി എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. ഇതിനായി ഒരു ഉല്‍പ്പാദന യൂണിറ്റു തന്നെ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിനായി നാലു ലക്ഷം രൂപ പഞ്ചായത്ത് നല്‍കി. നാലു ലക്ഷം രൂപ ബാങ്ക് സബ് സിഡിയും ലഭ്യമാക്കി. 40 പേരടങ്ങുന്ന കുടുംബശ്രീ യൂണിറ്റാണ് ഇതിന്റെ ദൈനം ദിനകാര്യങ്ങള്‍ നടത്തിപ്പോരുന്നത്. എന്നാല്‍ നിലവിലുള്ളത് സാധാരണ റൈസ് മില്‍ ആയതിനാല്‍ ഉല്‍പ്പാദനത്തില്‍ വലിയ തോതില്‍ വര്‍ധനവ് വരുത്താന്‍ കഴിയുന്നില്ലെന്ന പരിമിതിയുണ്ട്. മാത്രമല്ല, നെല്ല് പുഴുങ്ങാനും സാധിക്കില്ല. ഇതു പരിഹരിക്കാന്‍ ആധുനിക റൈസ് മില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയോളം ഇതിനു ചിലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിളയാങ്കോട് വ്യവസായ എസ്റ്റേറ്റില്‍ ഇതു സ്ഥാപിക്കുന്നതിനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. നെല്ലുപുഴുക്കല്‍ യന്ത്രം സ്ഥാപിക്കുന്നതിന്റെ ഒരു ഭാഗം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന്റെ ടെണ്ടറും നടത്തിക്കഴിഞ്ഞു.

525 ഹെക്ടറിലായി വര്‍ഷം 1800 ടെണ്‍ നെല്ലുല്‍പ്പാദനം നടത്തുന്നുണ്ട്. ഓര്‍ഡിനനുസരിച്ച് ഉണക്കലരിയും ഉല്‍പ്പാദിപ്പിക്കും. പൂര്‍ണ്ണമായും ജൈവ അരിയെന്ന വിശേഷം കൂടിയുള്ളതിനാല്‍ അരിക്ക് ജില്ലക്ക് പുറത്തു നിന്നു പോലും ആവശ്യക്കാരെത്തുന്നുണ്ട്. 2009ലാണ് ചെറുതാഴ പൊന്‍മണി എന്ന പേരില്‍ അരി ഉല്പ്പാദനവുമായി ബന്ധപ്പെട്ട പദ്ധതി ആരംഭിച്ചത്. ആധുനിക മില്ലില്‍ നിന്നും ദിവസം അഞ്ചു ടണ്‍ നെല്ലുല്‍പ്പാദമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നെല്ല് പുഴുങ്ങുക, അത് കലര്‍പ്പില്ലാത്ത അരിയാക്കി മാറ്റുക തുടങ്ങിയവ പുതിയ സംവിധാനം വഴി നടപ്പിലാക്കും. നേരത്തെ പഞ്ചായത്തില്‍ 200 ഹെക്ടര്‍ ഭൂമി തരിശായിരുന്നു. സമ്പൂര്‍ണ്ണ നെല്‍കൃഷി ഗ്രാമം പദ്ധതിയുടെ ഭാഗമായി അവിടെയെല്ലാം ഇപ്പോള്‍ കൃഷിയിറക്കി. സര്‍ക്കാരിന്റെ ധനസഹായത്തിനു പുറമെ സ്ഥിരം കൃഷി ചെയ്യുന്നവര്‍ക്ക് ഹെക്ടറിന് 3500 രൂപ സബ് സിഡി പഞ്ചായത്ത് നല്‍കുന്നുണ്ട്. ഉഴവുകൂലി ഉള്‍പ്പെടെ നല്‍കുന്നതിനും തീരുമാനമുണ്ട്. 

ഇതിനു പുറമെ ക്ഷീരോല്‍പ്പാദനമേഖലയിലും പഞ്ചായത്ത് നേട്ടം കൈവരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആയിരത്തിലേറെ പശുക്കള്‍ വഴി ക്ഷീരസമൃദ്ധി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് പഞ്ചായത്ത്. ഓരോ കുടുംബത്തിനും കോഴിയും കൂടും നല്‍കി ഐശ്വര്യ ഗ്രാമം പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വാര്‍ഡുകള്‍ തോറും ശുചിത്വകമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

യുവതിയുവാക്കളെയും സ്‌കൂള്‍ കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കി. 2008ലെ നിര്‍മ്മല്‍പുരസ്‌കാരം ഇതിന്റെ ഭാഗമായി ലഭിക്കുകയുണ്ടായി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ദിവസങ്ങള്‍ നീളുന്ന ചെറുതാഴം ഫെസ്റ്റ് സാംസ്‌കാരിക പരിപാടിയും അഖിലേന്ത്യാ പ്രദര്‍ശനവും വര്‍ഷം തോറും സംഘടിപ്പിക്കുന്നുണ്ട്. സി എം വേണുഗോപാന്‍ പഞ്ചായത്തിന്റെ പ്രസിഡന്റും എം ശ്രീധരന്‍ വൈസ് പ്രസിഡന്റുമാണ്.
(ഷിജിത്ത് കാട്ടൂര്‍)

ജനയുഗം