സംസ്ഥാന സര്‍ക്കാരിന്റെ ചുവടുപിടിച്ച് നൂതനങ്ങളായ നിരവധി പദ്ധതികള്‍ നടപ്പിലാക്കുക വഴി കാര്‍ഷികരംഗത്തും മൃഗസംരക്ഷണ രംഗത്തും പുത്തനുണര്‍വ് പകരാന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ എല്‍ ഡി എഫ് ഭരണ മുന്നണിക്ക് കഴിഞ്ഞു. ജില്ലയില്‍ നല്ലൊരു വിഭാഗം കര്‍ഷകര്‍ നെല്‍ക്കൃഷി ഉപേക്ഷിക്കുകയും നെല്‍പാടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുതുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ 'സമഗ്ര നെല്‍കൃഷി പദ്ധതി' വളരെ വിജയകരമായിരുന്നു. നിലവിലുള്ള നെല്‍പാടങ്ങള്‍ സംരക്ഷിക്കുവാനും തരിശ് ഭൂമി കൃഷി നടത്തുവാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞു. വിത്ത്, കുമ്മായം, ജൈവകീടനാശിനി എന്നിവ സൗജന്യമായും ജൈവവളവും രാസവളവും 50 ശതമാനം സൗജന്യമായും നല്‍കി. 2200 ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷി നടത്തുവാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ഹെക്ടറിന് ശരാശരി രണ്ട് ടണ്‍ മാത്രമുണ്ടായിരുന്ന വിളവ് നാല് ടണ്ണിലേയ്ക്ക് ഉയര്‍ത്തുവാന്‍ ഇതിലൂടെ കഴിഞ്ഞു. നെല്‍കൃഷി നടത്തുന്ന ഭൂമിയുടെ വിസ്തൃതി കുറഞ്ഞതോതിലെങ്കിലും വര്‍ധിച്ചു. കൊയ്ത്തിന് ആളെ കിട്ടാത്ത അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി നാല് കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങി. നടീലിന് തൊഴിലാളികളെ ലഭ്യമല്ലാത്ത സ്ഥലത്ത് 12 നടീല്‍ യന്ത്രങ്ങള്‍ വാങ്ങി നല്‍കി.
ഒരു ഉല്‍പ്പന്നം ഒരു ഗ്രാമം എന്ന കാഴ്ച്ചപ്പാടോടെ ജില്ലാ പഞ്ചായത്തും കുടുംബശ്രീയും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും സംയുക്തമായി നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് 'സമഗ്ര വാഴകൃഷി'. 32 പഞ്ചായത്തുകളിലായി 2600 കുടുംബശ്രീ യൂണിറ്റുകള്‍ സമഗ്രവാഴ കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 1780 ഹെക്ടര്‍ ഭൂമിയില്‍ വാഴകൃഴി നടത്തിയിട്ടുണ്ട്. 29 കോടി രൂപ വായ്പയായും 205 ലക്ഷം രൂപ സബ്‌സിഡിയായും ഇതിനകം 13,000 വനിതാ കര്‍ഷകര്‍ക്ക് നല്‍കി. എല്ലാ ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കി. അവശേഷിക്കുന്ന 21 പഞ്ചായത്തുകളില്‍ കൂടി ഈ പദ്ധതി വ്യാപിക്കുവാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാര്‍ഷിക വിളകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുന്നതിനും കര്‍ഷകര്‍ക്ക് ശരിയായ തോതില്‍ കാര്‍ഷിക വിജ്ഞാനം ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനും വേണ്ടി വെള്ളായണി കാര്‍ഷിക കോളജില്‍ അഗ്രി ഡയഗ്നോസ്റ്റിക് ലാബ് സ്ഥാപിച്ചു. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും പകരം ജൈവകീടനാശിനിയും ജൈവവളങ്ങളും ഉല്‍പാദിപ്പിക്കുന്ന ബയോകണ്‍ട്രോള്‍ ലാബ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥാപിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് മണ്ണ് പരിശോധനാ ലാബ് ആരംഭിച്ചു. ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഹരിതശ്രീ പദ്ധതി വിജയകരമായി നടപ്പിലാക്കി. പെരുങ്കടവിള, പാറശ്ശാല, അതിയന്നൂര്‍ ബ്ലോക്കുകളിലെ 20 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മിനിസെറ്റ് രീതിയനുസരിച്ച് 50 ഏക്കറില്‍ ചേന കൃഷിയും ജൈവവളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിയും വ്യാപകമായി നടത്തിവരുന്നു. ജില്ലയിലെയും സമീപ ജില്ലകളിലെയും കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള പച്ചക്കറി വിത്തുകളും നടീല്‍ വസ്തുക്കളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി മലയോര ഗ്രാമമായ പെരിങ്ങമ്മലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടം കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയ പ്രവര്‍ത്തന വിജയം നേടി. പ്രതിവര്‍ഷം 15 ടണ്ണോളം പച്ചക്കറികള്‍, 200 കിലോഗ്രാം പച്ചക്കറി വിത്തുകള്‍, രണ്ടു ലക്ഷത്തോളം നടീല്‍ വസ്തുക്കള്‍ എന്നിവ ഈ ഫാം മുഖേന ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തുവരുന്നു.
മൃഗസംരക്ഷണ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കിയത്. 2002ല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ച് പൂട്ടിയ വിതുര ജഴ്‌സിഫാം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുകയും സംസ്ഥാനത്തെ ഏറ്റവും മികച്ച ജഴ്‌സി ഫാമായി ഉയര്‍ത്തികൊണ്ടുവരികയും ചെയ്തു. ആദ്യഘട്ടത്തില്‍ ആടുവളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചു. നിലവില്‍ 260 ഓളം മലബാറി ആടുകള്‍ ഇവിടെയുണ്ട്. 2007-08ല്‍ ആടുവളര്‍ത്തലിന് പുറമേ പശു, എരുമ എന്നിവയെ വളര്‍ത്തുന്നതിന് തീരുമാനിച്ചു. നിലവില്‍ 60ല്‍ അധികം എരുമകളും 180ല്‍ അധികം പശുക്കളും ഇവിടെയുണ്ട്. കേരളത്തില്‍ എരുമ വളര്‍ത്തുന്ന ഏക ഫാമാണ് വിതുര ജഴ്‌സി ഫാം. ജഴ്‌സി ഫാമിനെ ഹൈടെക് ഫാമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി സി ദിവാകരന്‍ മുന്‍കൈയെടുത്ത് 2.25 കോടി രൂപയുടെ പദ്ധതി ആരംഭിച്ചു. ചെറ്റച്ചല്‍ ജഴ്‌സിഫാം എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെ ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. പാറശ്ശാലയിലെ പന്നിവളര്‍ത്തല്‍ കേന്ദ്രം ലാഭകരമായി പ്രവര്‍ത്തിക്കുവാനും പന്നികുട്ടികളെ സൗജന്യ നിരക്കില്‍ കൃഷിക്കാര്‍ക്ക് നല്‍കുന്നതിനും കഴിഞ്ഞു. ക്ഷീരവികസന മേഖലയില്‍ പാലുല്‍പാദനം ലാഭകരമാക്കാനും സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. ജില്ലയിലെ ക്ഷീരസംഘങ്ങലെ സഹായിക്കുന്നതിനായി മുപ്പതോളം ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്, കിടാരി വളര്‍ത്തല്‍ യൂണിറ്റ്, സൗജന്യ കാലിത്തീറ്റ നല്‍കുന്ന പദ്ധതി എന്നിവ നടപ്പാക്കി. കുടുംബശ്രീ മിഷന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീരശ്രീ. ജില്ലയിലെ പാലുല്‍പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 5000 ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഒരു ഗുണഭോക്താവിന് രണ്ട് പശുക്കള്‍ എന്ന നിലയില്‍ 10,000 പശുക്കളാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
(രാജേഷ് വെമ്പായം)
നേട്ടങ്ങളുടെ നെറുകയില്‍ നെന്മണിക്കര
ആമ്പല്ലൂര്‍: ഇന്ത്യയിലാദ്യമായി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീടും വെളിച്ചവും വെള്ളവും എത്തിച്ച ഗ്രാമപഞ്ചായത്ത് എന്ന ബഹുമതി നെന്മണിക്കര പഞ്ചായത്ത് സ്വായത്തമാക്കിയിരിക്കുകയാണ്. സാമാന്യ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുക എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വേറിട്ട വികസന സങ്കല്‍പത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഇത്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ തന്റെ മണ്ഡലത്തില്‍ പ്രായോഗികമാക്കാനും നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിച്ച എംഎല്‍എ സി രവീന്ദ്രനാഥ് ആണ് നെന്മണിക്കര പഞ്ചായത്തിന് ഈ ചരിത്രനേട്ടം കൈവരിക്കാന്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ മോഹന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും വകുപ്പ് മേധാവികളും ജീവനക്കാരും അര്‍പ്പണമനോഭാവത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് ഏറ്റെടുത്ത ശ്രമകരമായ ദൗത്യത്തിന്റെ ഫലമാണ് നെന്മണിക്കര പഞ്ചായത്തിന് കരഗതമായിട്ടുള്ള ഈ അംഗീകാരം.
പഞ്ചായത്തില്‍ ഭൂമിയുള്ള മുഴുവന്‍ പേര്‍ക്കും വീട് നല്‍കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഭരണസമിതി കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭവനസഭകള്‍ യോഗം ചേര്‍ന്ന് ഭവന രഹിതരെ തിരഞ്ഞെടുത്ത് പഞ്ചായത്തില്‍ നാലരകോടിരൂപ സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണത്തിനായ് ചെലവ് ചെയ്തു. വിവിധ വകുപ്പുകളില്‍ നിന്നായി ഈ സംഖ്യ സമാഹരിച്ചു. ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ എംഎന്‍ പാര്‍പ്പിട പദ്ധതിയിലൂടെയും പണം കണ്ടെത്തി. തലോര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍നിന്നും 30 ലക്ഷം രൂപ പഞ്ചായത്ത് വായ്പയെടുത്തു. കൂടാതെ ഐഎവൈ പട്ടികജാതി ഫണ്ടുകളും ലഭ്യമാക്കി. ഈ ഫണ്ടുകളുടെ ശാസ്ത്രീയമായ വിനിയോഗം വഴിയാണ് പഞ്ചായത്തിലെ 572 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് നല്‍കുക എന്ന ശ്രമകരമായ ദൗത്യം ഭരണസമിതിക്ക് കൈവരിക്കുവാനായത്.
നെന്മണിക്കര പഞ്ചായത്തിലെ ജനങ്ങളെ അലട്ടിയിരുന്ന മറ്റൊരു ഗുരുതരപ്രശ്‌നമായിരുന്നു കുടിവെള്ളക്ഷാമം. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ പത്തിലധികം വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായ് തുടങ്ങിവെച്ച സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തികരിച്ചും, പുതുതായി തലോര്‍ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പുലക്കാട്ടുകര കുടിവെള്ള പദ്ധതി എന്നിവ ആരംഭിച്ച് ജനങ്ങള്‍ക്ക് കുടിവെള്ള മെത്തിക്കാന്‍ ഭരണ സമിതിക്കുകഴിഞ്ഞു. നിലവിലുള്ള പാഴായി, എറവക്കാട്, പുലക്കാട്ടുകര, നെന്മണിക്കര എന്നീ ജലസേചന പദ്ധതികള്‍ വിപുലീകരിക്കുകയും മടവാക്കര ജലസേചന പദ്ധതി ആരംഭിക്കുകയും ചെയ്തത് ഈ പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത പലമടങ്ങ് വര്‍ദ്ധിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ജീവക്കാരുടെയും, നാട്ടുകാരുടെയും ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ അസാധ്യമാണെന്ന് കരുതിയ ഒരു അടിസ്ഥാന സൗകര്യം കൂടി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഭരണ സമിതിക്കു സാധിച്ചു.
ഗുരുതരമായ സാങ്കേതിക തടസങ്ങളാല്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാത്തവര്‍ ഒഴികെയുള്ള പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി ഉടനെ എത്തിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിന് വകുപ്പ് മേധാവികളും ജീവനക്കാരും ശക്തമായ പിന്തുണയാണ് നല്‍കിയത്. നാലുമീറ്റര്‍ വിതിയുള്ള എല്ലാ റോഡുകളിലും തെരുവ് വിളക്കുകള്‍ എത്തിക്കുന്ന നടപടികള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണ സമിതി തുടരുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതിവത്ക്കരണത്തോടൊപ്പം സിഎഫ്എല്‍ ലാമ്പുകളുടെ വിനിയോഗവും പഞ്ചായത്തില്‍ വ്യാപകമായിട്ടുണ്ട്. പാഴായില്‍ ഹോമിയോ ഡിസ്‌പെന്‍സറികൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ അലോപതി, ആയൂര്‍വേദ, ഹോമിയോ ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പഞ്ചായത്ത് ഭരണ സമിതിക്കുകഴിഞ്ഞു. കുന്നിശ്ശേരിയിലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മാതൃകാപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചിറ്റിശ്ശേരിയില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയൂര്‍വേദ ഡിസ്‌പെന്‍സറിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ റോഡുകള്‍ മിക്കവയും പുനര്‍നിര്‍മ്മിച്ചുകഴിഞ്ഞു. പാലിയേക്കര എറവ് റോഡിന് ജില്ലാ പഞ്ചായത്തില്‍ നിന്നും 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള ഗ്രാമീണ റോഡുകള്‍ക്ക് വേണ്ടി മറ്റു ഫണ്ടുകള്‍ കാത്തുനില്‍ക്കാതെ വായ്പ എടുത്തും റോഡുനിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് ഭരണ സമിതി ശ്രമിച്ചിരിക്കുന്നത്.
കേര കര്‍ഷകര്‍ക്ക് എഴുക്ലസ്റ്ററുകള്‍ രൂപീകരിച്ച് നാളിതുവരെയുണ്ടാകാത്ത പ്രോത്സാഹനമാണ് പഞ്ചായത്ത് കര്‍ഷകര്‍ക്ക് നല്‍കിവരുന്നത്. നീര്‍ത്തട വികസന പദ്ധതിയും ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും പ്രയോജനപ്പെടുത്തി കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് നല്‍കുകയാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രവര്‍ത്തന പരിപാടി. ഈ മേഖലയിലേക്ക് സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും നല്‍കുന്ന പ്രോത്സാഹന നടപടികള്‍ പ്രയോജനപ്പെടുത്താന്‍ പഞ്ചായത്ത് ശ്രമിക്കുന്നുണ്ട്. കൂടാതെ കുടുംബശ്രീ യൂണിറ്റുകള്‍ വഴി വിജയകരമായി നടപ്പിലാക്കിവരുന്ന കദളിവാഴ കൃഷി പഞ്ചായത്തിലെ സ്ത്രീകളുടെ ഒരു വരുമാന സ്രോതസായിവളരുകയാണ്. പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാനവരുമാനം എഴുപതിലധികം വരുന്ന ഓട്ടുകമ്പനികളില്‍ നിന്നായി ലഭിക്കുന്ന ജോലിയില്‍നിന്നാണ് ഈ കമ്പനികള്‍ക്ക് കളിമണ്ണ് ലഭ്യമാക്കി ഓടുവ്യവസായം നിലനിര്‍ത്താനും പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചു. പാരമ്പര്യേതരമായ മാര്‍ഗങ്ങളിലൂടെ ഓട്ടുകമ്പനികളുടെ അസംസ്‌കൃതവസ്തു ലഭ്യമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പഞ്ചായത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തുന്ന ഓടു വ്യവസായം അന്യമാകുന്ന സ്ഥിതിയുണ്ടാകും. അറുപത് വയസിനു മുകളിലുള്ളവര്‍ക്കെല്ലാം പരിഗണനയും പരിരക്ഷയും നല്‍കുന്നതിനായി പഞ്ചായത്തില്‍ വാര്‍ഡുകള്‍തോറും തണല്‍ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു തലമുറയുടെ തന്നെ സര്‍ഗ്ഗശേഷികളെ പുതിയ തലമുറക്ക് കൈമാറുവാനും തണല്‍ ക്ലബുകള്‍ ശ്രമിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കേര വികസന ബോര്‍ഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേരപാര്‍ക്ക് പഞ്ചായത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞു. ഇരു നൂറ് കോടി രൂപ അടങ്കലുള്ള പദ്ധതി തലോര്‍ ദേശീയ പാതക്കു സമീപത്തുള്ള നൂറ് ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുന്നത്. ലഭ്യമായ വരുമാന സ്രോതസുകളും വിഭവശേഷിയും പരമാവധി പ്രയോജനപ്പെടുത്തുവാനും കൂട്ടായശ്രമങ്ങളിലൂടെ സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രയോജനം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് എത്തിക്കാനും ഈ ഭരണസമിതിക്കുകഴിഞ്ഞിട്ടുണ്ടെന്ന് സിപിഐ നേതാവായ പ്രസിഡന്റ് ഷൈലജ മോഹനന്‍ പറഞ്ഞു.
(സിജു സ്‌നേഹപുരം )
ജനയുഗം 30092010-01102010
സംസ്ഥാന സര്‍ക്കാരിന്റെ ചുവടുപിടിച്ച് നൂതനങ്ങളായ നിരവധി പദ്ധതികള്‍ നടപ്പിലാക്കുക വഴി കാര്‍ഷികരംഗത്തും മൃഗസംരക്ഷണ രംഗത്തും പുത്തനുണര്‍വ് .
ReplyDelete