Saturday, October 2, 2010

സിങ്ങ്‌വി ഈസ് കിങ്ങ്‌വി

അഭിഷേക് സിങ്വി വന്നത് ചെന്നിത്തലക്കൊപ്പം

ലോട്ടറി മാഫിയക്കു വേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കേരളത്തിലെത്തിയത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കൊപ്പം. പി ടി തോമസ് എംപിയും കൂടെയുണ്ടായിരുന്നു. സെപ്തംബര്‍ 28ന് ദില്ലിയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 465 നമ്പര്‍ വിമാനത്തിലാണ് മൂന്നുപേരും കേരളത്തിലേക്ക് യാത്ര തിരിച്ചത്. സിങ്വിയും പി ടി തോമസും കൊച്ചിയിലും ചെന്നിത്തല തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. മൂന്നു പേരും ഒന്നിച്ച് യാത്ര ചെയ്തതാണെന്ന വിവരം ചെന്നിത്തലയും പി ടി തോമസും സമ്മതിച്ചു. എന്നാല്‍ ഇക്കാര്യം ഇരുവരും ഇതുവരെ മറച്ചുപിടിക്കുകയായിരുന്നു.

ഒന്നുമറിയാത്ത ഭാവത്തിലാണ് ചെന്നിത്തല സിങ്വി കേരളത്തിലുണ്ടായിരുന്ന രണ്ടു ദിവസവും പ്രതിഷേധ പ്രസ്താവനയിറക്കിയത്. സിങ്വിയോടൊപ്പം വിമാനത്തിലുണ്ടായിരുന്നെന്നും പരസ്പരം സംസാരിച്ചുവെന്നും ചെന്നിത്തലയും പി ടി തോമസും ദേശാഭിമാനിയോട് പറഞ്ഞു. പരസ്പരവിരുദ്ധമായാണ് ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ വെച്ചാണ് സിങ്വിയെ കണ്ടതെന്നും തിരുവനന്തപുരത്തേക്കാണോ യാത്ര എന്ന് ചോദിച്ചപ്പോള്‍ അല്ല ബംഗളൂരുവിലേക്കാണന്ന് സിങ്വി പറഞ്ഞെന്നുമാണ് ചെന്നിത്തലയുടെ വാദം. എന്നാല്‍ യാത്രയെ കുറിച്ച് തന്നോട് സിങ്വി കള്ളം പറഞ്ഞതായി പി ടി തോമസ് ആരോപിച്ചു. ബംഗളൂരുവിലേക്കാണ് പോകുന്നതെന്നും അതിനിടയില്‍ കൊച്ചിയില്‍ ചെറിയ ഒരു കാര്യമുണ്ടെന്നും സിങ്വി പറഞ്ഞതായാണ് തോമസിന്റെ വാദം. അദ്ദേഹത്തോടൊപ്പം ഏതാനും ജൂനിയര്‍ അഭിഭാഷകര്‍ ഫയലുകളുമായി ഉണ്ടായിരുന്നു. വിമാനത്തില്‍ സിങ്വിയുടെ തൊട്ടടുത്ത് മുന്‍ ചീഫ് ജസ്റ്റീസ് ബെഞ്ചമിന്‍ കോശി ഉണ്ടായിരുന്നു. ഏത് കേസിനാണ് ഹാജരാവുന്നതെന്ന് മുന്‍ ചീഫ് ജസ്റ്റീസ് ചോദിച്ചപ്പോള്‍ ലോട്ടറി കേസിനാണ് ഹാജരാവുന്നതെന്ന് സിങ്വി പറയുന്നത് താന്‍ പിന്നില്‍ നിന്നും കേട്ടുവെന്ന് പി ടി തോമസ് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് ഈ വിവരം ചെന്നിത്തലയെ ടെലിഫോണില്‍ വിളിച്ചു പറഞ്ഞു. 29ന് കാലത്ത് കേസിന് ഹാജരാവുന്നതിന് മുമ്പ് സിങ്വിയെ ടെലിഫോണില്‍ വിളിച്ച് കേസില്‍ ഹാജരാവരുതെന്ന് ആവശ്യപ്പെട്ടതായി ചെന്നിത്തലയും വ്യക്തമാക്കി.

എന്നാല്‍ സിങ്വി കോടതിയില്‍ ഹാജരായി സംഭവം വിവാദമായ ശേഷവും ചെന്നിത്തലയും പിടി തോമസും ഇക്കാര്യം മിണ്ടിയില്ല. ലോട്ടറി നികുതി വര്‍ധിപ്പിച്ച കേരള സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിനെതിരെ ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിന് വേണ്ടി വാദിക്കാനാണ് സോണിയാഗാന്ധിയുടെ വിശ്വസ്തനായ സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. ലോട്ടറി മാഫിയയെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന പുകമറ സൃഷ്ടിച്ച് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സാഹചര്യത്തിലായിരുന്നു ലോട്ടറി രാജാവിന് വേണ്ടി സിങ്വിയുടെ വരവ്. അതാകട്ടെ ഹൈക്കമാണ്ടിന്റെ അറിവോടെയും സമ്മതത്തോടെയും. മുഖം രക്ഷിക്കാനാണ് ചെന്നിത്തലയും മറ്റും ഇവിടെ കോലാഹലമുണ്ടാക്കിയതെന്ന് ഏറ്റവും നന്നായി അറിയുന്ന ആള്‍ സിങ്വിയാണ്. അതുകൊണ്ടുതന്നെ തന്റെ ദൌത്യം പൂര്‍ത്തിയാക്കിയ ശേഷമേ അദ്ദേഹം സ്ഥലം വിട്ടുള്ളു.
(എം രഘുനാഥ്)

വിമാനത്തില്‍ സിങ്വിയെ കണ്ടത് ചെന്നിത്തല മറച്ചതെന്തിന്: ഐസക്

ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കോടതിയില്‍ ഉയര്‍ത്തിയ വാദങ്ങളാണോ കോണ്‍ഗ്രസിന്റെ ദേശീയനയമെന്ന് വ്യക്തമാക്കാന്‍ മന്ത്രി ടി എം തോമസ് ഐസക് ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടു. കേസ് വാദിക്കന്‍ വന്ന സിങ്വിയോടൊപ്പം അതേ വിമാനത്തില്‍ യാത്രചെയ്തപ്പോള്‍ പരസ്പരം ചര്‍ച്ചചെയ്ത കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് ജനങ്ങളില്‍നിന്ന് മറച്ചുവച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫ് സംഘടിപ്പിച്ച വ്യാജ പ്രചാരണങ്ങളുടെ കള്ളി ഒന്നുകൂടി വെളിച്ചത്തായിരിക്കുകയാണ്. ചിദംബരവും ഭാര്യയും സോളിസിറ്റര്‍ ജനറലുമെല്ലാം ലോട്ടറി മാഫിയക്കുവേണ്ടി നടത്തിവന്ന വക്കാലത്തുകളിലെ ഇരട്ടത്താപ്പ് സംശയരഹിതമായി കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായി. വാദം പൂര്‍ത്തീകരിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചശേഷമാണ് സിങ്വി ലോട്ടറി മാഫിയയുടെ വക്കാലത്ത് ഒഴിഞ്ഞത്. നികുതി നിരസിച്ചതിനെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ ഇടക്കാല വിധിയും സമ്പാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിയമത്തെ സംരക്ഷിക്കുകയാണ് താന്‍ ചെയ്തതെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നടത്തിയ വാദങ്ങളാണോ കോണ്‍ഗ്രസിന്റെ ദേശീയനയങ്ങളെന്ന് വക്താവ് വ്യക്തമാക്കണം.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സും ഭൂട്ടാന്‍ സര്‍ക്കാരും തമ്മിലുള്ള ഉടമ്പടിയുടെ പകര്‍പ്പ് ഭൂട്ടാന്‍ സര്‍ക്കാര്‍ നല്‍കിയില്ലെന്ന് പാലക്കാട് നികുതി അസി. കമീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, തങ്ങളുടെ കേരളത്തിലെ അംഗീകൃത ഏജന്‍സി മേഘയാണെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ അതിനപ്പുറം ഇത്തരം ഒരു ആവശ്യമുന്നയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരു അധികാരവുമില്ലെന്നാണ് സിങ്വി വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ നികുതി വാങ്ങുന്നത് സംബന്ധിച്ച് ഇവര്‍ക്ക് അനുകൂലവിധിയുണ്ടായത്. ഭൂട്ടാന്‍ സര്‍ക്കാരും മേഘയും തമ്മിലുള്ള ഉടമ്പടി രേഖകള്‍ സംബന്ധിച്ച സംശയം ഉയര്‍ത്തിക്കൊണ്ടായിരുന്നു കേരളത്തില്‍ ലോട്ടറി വിവാദം ആരംഭിച്ചത്.

എന്നാല്‍, ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് കോടതിയില്‍ വാദിച്ചു. സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ പിന്താങ്ങുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയും മറ്റും പറഞ്ഞത്. എന്നാല്‍, ഈ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് സിങ്വി വാദിച്ചു. ദിവസം 24 നറുക്കെടുപ്പ് നടത്തുക എന്നത് കേന്ദ്രചട്ടം നല്‍കുന്ന അവകാശമാണെന്നും യഥേഷ്ടം നറുക്കെടുപ്പ് നടത്തി കേരളത്തെ കൊള്ളയടിക്കാന്‍ അനുവദിക്കണമെന്നും സിങ്വി വാദിച്ചു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

സിങ്വി മാനക്കേടുണ്ടാക്കിയില്ലെന്ന് ബെന്നി ബഹനാന്‍

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി അന്യസംസ്ഥാന ലോട്ടറി മാഫിയക്കുവേണ്ടി കേസ് വാദിച്ചത് കേരളത്തിലെ കോണ്‍ഗ്രസിന് മാനക്കേട് വരുത്തിയിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍. വക്കീല്‍ എന്ന നിലയ്ക്ക് ഏതു കേസിലും ഹാജരാവാം. എന്നാല്‍ കെപിസിസി നേതൃത്വം സിങ്വിയുടെ നടപടിയില്‍ വികാരം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം കേസ് ഉപേക്ഷിച്ച് തിരിച്ചുപോയി. അതുകൊണ്ടുതന്നെ ഈ വിഷയം കോണ്‍ഗ്രസിനെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്ന് തൃശൂര്‍ പ്രസ് ക്ളബ്ബിന്റെ മുഖാമുഖത്തില്‍ ബെന്നി ബഹന്നാന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയടക്കം സിങ്വിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കെയാണ് ഈ പ്രതികരണം. സിങ്വി ലോട്ടറി മാഫിയക്കുവേണ്ടി വാദിച്ച് അനുകൂല വിധിയും നേടി തിരിച്ചുപോയിട്ടും അതിനെ ന്യായീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിധിയെല്ലാം വരാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു മറുപടി. സിങ്വി ലോട്ടറി കേസ് വാദിച്ചത് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ദോഷം ചെയ്യില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റുകൂടിയായ ബെന്നി ബഹനാന്‍ പറഞ്ഞു. ഘടക കക്ഷികളുമായുള്ള അഭിപായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടുണ്ട്. മുരളി ഗ്രൂപ്പുമായി തെരഞ്ഞെടുപ്പില്‍ ധാരണയ്ക്ക് തയ്യാറല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

ദേശാഭിമാനി 02102010

2 comments:

  1. ലോട്ടറി മാഫിയക്കു വേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി കേരളത്തിലെത്തിയത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കൊപ്പം. പി ടി തോമസ് എംപിയും കൂടെയുണ്ടായിരുന്നു. സെപ്തംബര്‍ 28ന് ദില്ലിയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 465 നമ്പര്‍ വിമാനത്തിലാണ് മൂന്നുപേരും കേരളത്തിലേക്ക് യാത്ര തിരിച്ചത്. സിങ്വിയും പി ടി തോമസും കൊച്ചിയിലും ചെന്നിത്തല തിരുവനന്തപുരത്തുമാണ് വിമാനമിറങ്ങിയത്. മൂന്നു പേരും ഒന്നിച്ച് യാത്ര ചെയ്തതാണെന്ന വിവരം ചെന്നിത്തലയും പി ടി തോമസും സമ്മതിച്ചു. എന്നാല്‍ ഇക്കാര്യം ഇരുവരും ഇതുവരെ മറച്ചുപിടിക്കുകയായിരുന്നു.

    ReplyDelete
  2. ലോട്ടറിമാഫിയക്ക് നേതൃത്വം നല്‍കുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ അഭിഭാഷകനായ മുതിര്‍ന്ന കോഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി കോഗ്രസ് വക്താവുസ്ഥാനത്ത് മടങ്ങിയെത്തി. കോഗ്രസിന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വിശദീകരിക്കാന്‍ സിങ്വിയാണ് ചൊവ്വാഴ്ച പതിവു വാര്‍ത്താസമ്മേളനം നടത്തിയത്. സ്പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യം എതിര്‍ക്കാനായിരുന്നു സിങ്വിയുടെ വരവ്. വക്താവുസ്ഥാനത്തുനിന്ന് കുറച്ചുനാളത്തേക്ക് മാറ്റിനിര്‍ത്തിയത് എന്തിനായിരുന്നെന്ന ചോദ്യത്തിന്, അക്കാര്യം എഐസിസി മാധ്യമവിഭാഗം ചെയര്‍മാന്‍ ജനാര്‍ദന്‍ ദ്വിവേദിയോട് ചോദിക്കണമെന്നായിരുന്നു സിങ്വിയുടെ മറുപടി. കേരളത്തിലെ കോഗ്രസുകാരല്ലേ താങ്കളുടെ വനവാസത്തിന് കാരണമായതെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. എന്നാല്‍, അഭിഭാഷകന്‍ എന്ന നിലയില്‍ കേസില്‍ ഹാജരാകാനുള്ള സ്വാതന്ത്യ്രം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ എതിര്‍ത്താണ് സിങ്വി ഒക്ടോബര്‍ ആദ്യ വാരം കേരള ഹൈക്കോടതിയില്‍ ഹാജരായത്. മാര്‍ട്ടിനുവേണ്ടിയും അന്യസംസ്ഥാന ലോട്ടറിമാഫിയക്കുവേണ്ടിയും രണ്ടുദിവസം സിങ്വി വാദിച്ചു. ഈ വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കോഗ്രസ് നേതൃത്വം വെട്ടിലായി. മുഖംരക്ഷിക്കാന്‍ സംസ്ഥാന നേതാക്കള്‍ പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ആരൊക്കെ പരാതിപ്പെട്ടാലും കേസില്‍നിന്ന് പിന്മാറില്ലെന്നായിരുന്നു സിങ്വിയുടെ ആദ്യ നിലപാട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതിനാല്‍ ഏതുവിധേനയും സിങ്വിയെ പിന്തിരിപ്പിക്കണമെന്ന് സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം കേസില്‍നിന്ന് പിന്മാറിയ സിങ്വി ഡല്‍ഹിക്കു മടങ്ങി. വക്താവുസ്ഥാനത്തുനിന്ന് തല്‍ക്കാലം മാറിനില്‍ക്കാനും സിങ്വിയോട് നേതൃത്വം ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം സ്ഥാനം തിരിച്ചുനല്‍കാമെന്ന ഉറപ്പോടെയായിരുന്നു നടപടി.

    ReplyDelete