ജസ്റ്റിസ് അഗര്‍വാള്‍
1. ബാബറി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ മധ്യത്തിലുള്ള താഴികക്കുടത്തിനു തഴെയുള്ള പ്രദേശംതന്നെയാണ് ശ്രീരാമന്റെ ജന്മസ്ഥലം. ഹിന്ദു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. അതിനാല്‍ ഈ പ്രദേശത്ത് എതിര്‍കക്ഷികള്‍ ഒരുതരത്തിലുള്ള തടസ്സപ്പെടുത്തലുകളും ഇടപെടലുകളും നടത്താന്‍ പാടില്ല.
2. തര്‍ക്കമന്ദിരത്തിന്റെ നടുമുറ്റത്തിന്റെ ഭാഗങ്ങള്‍ ഇരുവിഭാഗങ്ങളും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നതിനാല്‍ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കും ഉള്ളതാണ് ഈ പ്രദേശം. പുറംമുറ്റത്തിന്റെ തുറസ്സായ പ്രദേശവും ഹിന്ദുക്കള്‍ക്ക് ഉപയോഗിക്കാം. 3. തര്‍ക്കമന്ദിരം മസ്ജിദ് തന്നെയാണെങ്കിലും അത് ബാബറുടെ കാലത്താണ് നിര്‍മിച്ചതെന്ന് പറയാനാവില്ല.
3. ഇസ്ളാമികേതര കെട്ടിടം, അതായത് ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് പണിതത്.
4. 1949 ഡിസംബര്‍ 22-23 രാത്രിയാണ് രാമവിഗ്രഹം ബാബറിമസ്ജിദിന്റെ മധ്യത്തിലുള്ള താഴികക്കുടത്തിനു താഴെവച്ചത്.
5. സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അകാഡയും വൈകി പരാതി നല്‍കിയതിനാല്‍ അവരുടെ ഹര്‍ജി തള്ളുന്നു.
6. മുസ്ളിങ്ങള്‍ക്ക് 2.77 ഏക്കര്‍ സ്ഥലത്തിന്റെ മൂന്നിലൊന്ന് ലഭിക്കും. ആവശ്യമെങ്കില്‍ ഹിന്ദുക്കള്‍ ഉപയോഗിച്ചിരുന്ന പുറംമുറ്റത്തിന്റെ ഭാഗങ്ങളോ, 1993 ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ (2.77 ഏക്കറിന് പുറത്തുള്ള) നിന്നുള്ള സ്ഥലമോ നല്‍കാം. കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം അനുവദിച്ചാല്‍ ഇരുകൂട്ടര്‍ക്കും അവരുടെ സ്ഥലത്തേക്ക് പ്രത്യേക വഴി ഉണ്ടാക്കാനും കഴിയും.
ജസ്റ്റിസ് ഖാന്‍
1. ബാബറോ അദ്ദേഹത്തിന്റെ ഉത്തരവുപ്രകാരമോ ആണ് മസ്ജിദ് പണികഴിപ്പിച്ചത്.
2. തര്‍ക്കമന്ദിരം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെയോ നിര്‍മിച്ച മന്ദിരത്തിന്റെയോ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നതിന് തെളിവില്ല.
3. മസ്ജിദ് നിര്‍മിക്കാനായി ഒരു ക്ഷേത്രവും തകര്‍ത്തിട്ടില്ല.
4. ദീര്‍ഘകാലമായി അവിടെ കിടന്നിരുന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളിലായാണ് മസ്ജിദ് നിര്‍മിച്ചത്. സ്വാഭാവികമായും അവിടെയുണ്ടായിരുന്ന ചില വസ്തുക്കള്‍ മസ്ജിദ് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടാകാം.
5. വിശാലമായ മസ്ജിദിന്റെ ഏതോ ഒരു ചെറിയ ഭാഗത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ മസ്ജിദ് നിര്‍മാണത്തിനുമുമ്പു തന്നെ വിശ്വസിച്ചുപോന്നിരുന്നു. എന്നാല്‍, വിശാലമായ പ്രദേശത്തിന്റെ എതെങ്കിലും പ്രത്യേക സ്ഥലമോ തര്‍ക്കപ്രദേശമോ ആയി ബന്ധപ്പെട്ടല്ല ഈ വിശ്വാസം.
6. മസ്ജിദ് നിര്‍മിച്ചതിനുശേഷമാണ്, തര്‍ക്കസ്ഥലത്തെ ഒരു പ്രത്യേക ഇടം ശ്രീരാമന്റെ ജന്മസ്ഥലമായി ഹിന്ദുക്കള്‍ കരുതാന്‍ തുടങ്ങിയത്.
7. ആദ്യകേസ് നടന്ന 1885നുമുമ്പു തന്നെ രാംഛബൂത്രയും സീതരസോയിയും നിലവില്‍ വരികയും ഹിന്ദുക്കള്‍ അവിടെ ആരാധന ആരംഭിക്കുകയും ചെയ്തിരുന്നു. മസ്ജിദിന്റെ അതിരിനുള്ളില്‍ തന്നെ ഹിന്ദു ആരാധനാലയങ്ങള്‍ നിലനില്‍ക്കുകയും മസ്ജിദില്‍ മുസ്ളിങ്ങള്‍ നമസ്കാരം നടത്തുമ്പോള്‍ തന്നെ ഇവിടെ ആരാധന നടത്തുകയും ചെയ്യുന്ന അസാധാരണ സാഹചര്യവും നിലനിന്നിരുന്നു. അതുകൊണ്ടു തന്നെ ഹിന്ദുക്കളും മുസ്ളിങ്ങളും തര്‍ക്കസ്ഥലത്തിന്റെ കൂട്ടുടമകളാണ്.
8. ഇരു കക്ഷികള്‍ക്കും കൈവശാവകാശത്തിന്റെ ആധാരമുള്ളതായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ തെളിവുനിയമം 110-ാം വകുപ്പു പ്രകാരം കൂട്ട് ആധാര പങ്കാളികളാണ്.
9. ബാബറി മസ്ജിദിന്റെ മധ്യതാഴികക്കുടത്തിനു താഴെ 1949 ഡിസംബര്‍ 23നു പുലര്‍ച്ചെയാണ് രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്.
10. ചരിത്രത്തിലോ പുരാവസ്തു ശാസ്ത്രത്തിലോ ആഴത്തിലിറങ്ങിയുള്ള പരിശോധനയ്ക്ക് തുനിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശ തര്‍ക്കം സംബന്ധിച്ച കേസില്‍ ഇതു നിര്‍ബന്ധമല്ല. സിവില്‍ കേസ് പരിഹരിക്കാന്‍ ചരിത്രപരമായ വസ്തുതകള്‍ക്കും അവകാശവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് കര്‍ണാടക വഖഫ് ബോര്‍ഡും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുമുണ്ട്.
11. ഈ വിധി പ്രഖ്യാപനം അന്തിമമല്ല. സുപ്രിം കോടതിയാണ് നിര്‍ണായക തീരുമാനമെടുക്കുക. ശ്രീരാമനില്‍നിന്നു പഠിക്കാനുള്ള വലിയ പാഠം ത്യാഗമാണെന്ന് ഇരു കക്ഷികളും മനസ്സിലാക്കണം.
ജസ്റ്റിസ് ഡി വി ശര്‍മ
1. തര്‍ക്കമന്ദിരം ശ്രീരാമന്റെ ജന്മസ്ഥലമാണ്. ശ്രീരാമന്‍ എന്ന അവതാര പുരുഷന്‍ ജന്മമെടുത്തിട്ടുണ്ട്. ഇഷ്ടമുള്ളിടത്ത് ജന്മമെടുക്കാനും ഇഷ്ടമുള്ള രൂപം കൈവരിക്കാനും ഈശ്വരന് കഴിയും.
2. ഇസ്ളാമിക നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചത് എന്നതിനാല്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തെ മസ്ജിദായി അംഗീകരിക്കാന്‍ കഴിയില്ല.
3. പഴയകെട്ടിടം തകര്‍ത്താണ് പുതിയ കെട്ടിടം(മസ്ജിദ്) പണിതത്. പുരാവസ്തു വകുപ്പ് നല്‍കുന്ന തെളിവനുസരിച്ച് തകര്‍ക്കപ്പെട്ടത് ക്ഷേത്രമായിരുന്നു.
4. തര്‍ക്കമന്ദിരം പുരാതനകാലംമുതലേ മുസ്ളിങ്ങള്‍ പ്രാര്‍ഥനയ്ക്കായി ഉപയോഗിച്ചിരുന്നുവെന്ന വാദം അംഗീകരിക്കാനാവില്ല. 1949 വരെ കൈവശാവകാശമുണ്ടെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ വാദവും നിലനില്‍ക്കുന്നതല്ല. തകര്‍ക്കപ്പെട്ട മന്ദിരത്തിന് പുറത്തുള്ള തുറസ്സായ സ്ഥലം പ്രാര്‍ഥനയ്ക്കായി ഉപയോഗിക്കാമെന്ന വഖഫ് ബോര്‍ഡിന്റെ വാദവും സ്വീകാര്യമല്ല.
5. തര്‍ക്കസ്ഥലത്ത് രാമവിഗ്രഹം സ്ഥാപിച്ചത് 1949 ഡിസംബര്‍ 22-23 രാത്രിയാണെന്ന വാദം ശരിയാണ്.
6. തര്‍ക്കമന്ദിരവും അതിന്റെ അകവും പുറവുമായ സ്ഥലങ്ങളും ഹിന്ദുക്കള്‍ ആരാധനയ്ക്കും പൂജയ്ക്കുമായി ഉപയോഗിക്കുന്നതാണ്.
അയോധ്യ ഭൂഉടമസ്ഥതര്‍ക്കം വീതംവയ്പ് ഇരുവിഭാഗവും ഭൂമി ഉപയോഗിച്ചതിനാല്‍
ബാബറി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഭൂരിപക്ഷ വിധിയുടെ രത്നച്ചുരുക്കം താഴെ:
1. ബാബറി മസ്ജിദ് നിലനിന്ന സ്ഥലം മൂന്നായി വിഭജിക്കണം. 2.77 ഏക്കര്‍ കേസിലെ മൂന്നു കക്ഷികള്‍ക്കും തുല്യമായി വീതം വയ്ക്കണം. ഒരു ഭാഗം രാംലല്ല(കുട്ടിയായ ശ്രീരാമന്‍)യ്ക്ക്. രാമവിഗ്രഹത്തെതന്നെ പരാതിക്കാരനായി പരിഗണിച്ചാണ് രാംലല്ലയ്ക്ക് സ്ഥലം നല്‍കിയത്. ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിന്. മൂന്നാമത്തെ ഭാഗം നിര്‍മോഹി അകാഡയ്ക്ക്. അകാഡയ്ക്ക് ബാബറി മസ്ജിദിനു പുറത്തുള്ള രാംഛബൂത്രയും സീതാ രസോയിയും (സീതയുടെ അടുക്കള) നിലവറയുമാണ് നല്‍കുക. മുസ്ളിങ്ങളും ഹിന്ദുക്കളും ചരിത്രപരമായിത്തന്നെ ഉപയോഗിച്ചിരുന്ന സ്ഥലമായതിനാലാണ് വീതംവയ്പെന്നും കോടതി വ്യക്തമാക്കി.
2. മൂന്നു കക്ഷികള്‍ക്കും തുല്യമായി മൂന്നിലൊന്നു നല്‍കുമെന്നു പറയുമ്പോഴും അതില്‍ പ്രയാസം നേരിട്ടാല്‍ ചില്ലറ നീക്കുപോക്കുകള്‍ ആകാം. വീതംവയ്പ് ദോഷകരമായി ബാധിക്കുന്ന കക്ഷിക്ക് തര്‍ക്കസ്ഥലത്തിന് തൊട്ടടുത്ത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തുനിന്ന് പകരം നല്‍കാമെന്നും ഉത്തരവ് പറയുന്നു. സ്വത്ത് ഭാഗംവയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കക്ഷികള്‍ക്ക് മൂന്നു മാസത്തിനകം സമര്‍പ്പിക്കാം. വിധിന്യായം മൂന്നു മാസത്തിനുശേഷം മാത്രമേ പ്രാബല്യത്തില്‍ വരൂ.
3. സ്ഥലം ലഭിച്ചെങ്കിലും നിര്‍മോഹി അകാഡയുടെയും സുന്നി വഖഫ് ബോര്‍ഡിന്റെയും ഹര്‍ജി കോടതി തള്ളുകയുംചെയ്തു. വൈകി നല്‍കിയെന്ന കാരണം പറഞ്ഞാണ് വഖഫ് ബോര്‍ഡിന്റെ പരാതി തള്ളിയത്.
4. ബാബറി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളില്‍ മധ്യത്തിലുള്ള താഴികക്കുടത്തിനു താഴെയുള്ള രാംലല്ല വിഗ്രഹം നില്‍ക്കുന്ന സ്ഥലമാണ് ശ്രീരാമന്റെ ജന്മസ്ഥലം. ഹിന്ദുവിശ്വാസം അടിസ്ഥാനപ്പെടുത്തിയാണ് ഈ നിഗമനം.
5. 1992 വരെ തര്‍ക്കസ്ഥലത്ത് ബാബറി മസ്ജിദ് ഉണ്ടായിരുന്നു. കോടതിയുടെ നിര്‍ദേശത്താല്‍ നടന്ന ഉല്‍ഖനനം സംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ബാബറി മസ്ജിദിനുമുമ്പ് ഒരു ഹൈന്ദവ ആരാധനാലയം അവിടെ ഉണ്ടായിരുന്നു.
6. 1949ലാണ് രാമവിഗ്രഹം ബാബറി മസ്ജിദിനകത്ത് സ്ഥാപിക്കുന്നത്.
അയോധ്യ: രാമക്ഷേത്രം പണിയുമെന്ന് സംഘപരിവാര്‍
അയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കം പരിഹരിക്കാന്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് കോണ്‍ഗ്രസ്. അലഹബാദ് കോടതി വിധി രാമക്ഷേത്രം പണിയാനുള്ള അനുവാദമാണെന്ന് ബിജെപി. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവര്‍ത്തിച്ചു. ആദ്യം വിധി സ്വാഗതം ചെയ്ത കോണ്‍ഗ്രസ്, സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്ന് വെള്ളിയാഴ്ച വ്യക്തമാക്കി. അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ്ങാണ് മൂന്നു മാസത്തിനകം അനുരഞ്ജനത്തിനു ശ്രമിക്കുമെന്ന് പറഞ്ഞത്. സര്‍ക്കാരും ശരിയായി ചിന്തിക്കുന്നവരും സമവായത്തിനു ശ്രമിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു.
കോടതിക്കു പുറത്ത് പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയും പറഞ്ഞു. സമവായത്തിനുള്ള സാധ്യത തുറക്കുന്നപക്ഷം സഹകരിക്കുമെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍, ഹൈക്കോടതി വിധി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതിയാണെന്ന് വെങ്കയ്യ കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് അലഹബാദില്‍ യോഗം ചേര്‍ന്ന സന്ന്യാസികള്‍ ആവശ്യപ്പെട്ടു. രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ തടസ്സവും നീങ്ങിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനായുള്ള പ്രക്ഷോഭം അവര്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍, കേടതിവിധി മുസ്ളിങ്ങളെ വഞ്ചിച്ചെന്ന് ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ടി അധ്യക്ഷനുമായ മുലായംസിങ് യാദവ് പറഞ്ഞു. അഖിലേന്ത്യ മുസ്ളിം വ്യക്തിനിയമ ബോര്‍ഡിന്റെ പത്തംഗ നിയമസെല്‍ ഒമ്പതിനു വിധി ചര്‍ച്ചചെയ്യും. 16നു 51 അംഗ നിര്‍വാഹകസമിതി യോഗവും ചേരും അതിനു ശേഷമായിരിക്കും മുസ്ളിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുക.
(വി ബി പരമേശ്വരന്‍)
കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് ചിദംബരം
അയോധ്യ കേസില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. പ്രദേശത്ത് തല്‍സ്ഥിതി നിലനിര്‍ത്താനും രാജ്യത്ത് ക്രമസമാധാനം പാലിക്കാനും മാത്രമേ കേന്ദ്രത്തിന് ബാധ്യതയുള്ളൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ആദരവോടെയും മാന്യതയോടെയും ജനങ്ങള്‍ സ്വീകരിച്ചതില്‍ ആഭ്യന്തരമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി. അയോധ്യയില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതി ബെഞ്ചുതന്നെ നിര്‍ദേശിച്ചിട്ടുണ്ട്. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ എത്തുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, വിധിയോട് ഇപ്പോള്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ചിദംബരം പറഞ്ഞു. വിധിയെക്കുറിച്ച് അമിത വ്യാഖ്യാനങ്ങള്‍ നടത്തരുതെന്നും അസാധാരണമാംവിധം സമയവും സ്ഥലവും ഇക്കാര്യത്തിനായി മാറ്റിവയ്ക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍, അലഹബാദ് ഹൈക്കോടതിയുടെ വ്യാഴാഴ്ചത്തെ വിധി വെള്ളംചേര്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. 1992 ഡിസംബര്‍ ആറിന് നടന്ന പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ല. മസ്ജിദ് തകര്‍ത്ത കേസുമായി ഈ വിധിക്ക് ഒരു ബന്ധവുമില്ല- ചിദംബരം പറഞ്ഞു.
deshabhimani 02102010
അയോധ്യ വിധി: മൂന്നു ജഡ്ജിമാരുടെയും നിരീക്ഷണങ്ങള്‍
ReplyDeleteThe beliefs and nature of a Judge may affect the nature of his verdict. This is the core theme in the classic movie 12 angry men.
ReplyDelete