Friday, October 1, 2010

തരിശുകള്‍ വിസ്മൃതിയിലാകുന്നു

എല്ലാവരും പാടത്തേക്കിറങ്ങി; തരിശുകള്‍ വിസ്മൃതിയിലായി

ആലപ്പുഴ: ഭക്ഷ്യപ്രതിസന്ധിയെ സ്വാശ്രയത്വം കൊണ്ട് അതിജീവിക്കണമെന്ന ആശയത്തിലൂടെ സംസ്ഥാനത്തെ ആദ്യ തരിശുരഹിത ഗ്രാമമെന്ന നേട്ടം കൊയ്ത പഞ്ചായത്താണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി. ഒരു ഗ്രാമപഞ്ചായത്ത് ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ സ്വപ്നതുല്യമായ നേട്ടം കൈവരിക്കാനാകുമെന്നതിന് മാതൃക കൂടിയായി മണ്ണഞ്ചേരി.

കാലങ്ങളായി തരിശുകിടന്ന പറവയ്ക്കല്‍കരി എന്ന പേരുള്ള 25 ഏക്കര്‍ കൃഷി ഭൂമിയില്‍ നെല്‍കൃഷി ഇറക്കികൊണ്ടാണ് തരിശു രഹിത പ്രവര്‍ത്തനങ്ങള്‍ക്ക് 2006-ല്‍ പഞ്ചായത്ത് തുടക്കം കുറിച്ചത്. പിന്നീട് 200 ഏക്കര്‍ വിസ്തൃതിയുള്ള പെരുന്തുരുത്ത് കരി, 35 ഏക്കറുള്ള തെക്കേക്കരി, 16 ഏക്കറുള്ള മാങ്കരി, 16 ഏക്കറുള്ള ചിരട്ടക്കാട്ട് കരി തുടങ്ങിയവയിലും  വിജയകരമായി കൃഷിയിറക്കി. തരിശുരഹിത ഗ്രാമ പദ്ധതിയുടെ ആദ്യ ഘട്ടമായി നടപ്പാക്കിയ 'മുറ്റത്തൊരുപിടി നെല്ലും' എന്ന പരിപാടി തന്നെ ഏറെ ശ്രദ്ധേയമായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 17നാണ് 'മുറ്റത്തൊരുപിടിനെല്ലും' പദ്ധതി കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ഏപ്രില്‍ 3 മുതല്‍ 9 വരെ വിപുലമായ സംഘടിപ്പിച്ച തരിശുരഹിതഗ്രാമം പ്രഖ്യാപനവും പഞ്ചായത്തില്‍ നടത്തി.

300 ഏക്കറോളം വരുന്ന കരിപ്പാടങ്ങളില്‍ പച്ചക്കറിയും ഇടവിളകളും കൃഷി ചെയ്യുന്ന സമ്പ്രദായത്തില്‍ നിന്നുമാറി നെല്‍കൃഷിതന്നെ ഇറക്കാനുള്ള തീരുമാനം കൈകൊണ്ട മണ്ണഞ്ചേരി പഞ്ചായത്ത് ഭരണസമിതി ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. 

തരിശില്ലാതായപ്പോള്‍ ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് മണ്ണഞ്ചേരിയുടെ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നത്. ആദ്യം കൃഷിയിറക്കിയ പെരുന്തുരുത്തു കരിയില്‍ 420 മെട്രിക് ടണ്‍ വിളവാണ് ഒരു സീസണില്‍ ലഭിച്ചത്. പറവയ്ക്കല്‍ കരിയിലാകട്ടെ 60 മെട്രിക്ടണ്ണാണ് വിളവുണ്ടായത്. പണ്ട് കാലത്ത് മണ്ണഞ്ചേരിയില്‍ നെല്‍കൃഷിയുടെ ഉല്‍പാദനക്ഷമത 2.5 ടണ്‍ ആയിരുന്നു. എന്നാല്‍ തരിശുരഹിത ഗ്രാമപദ്ധതി നടപ്പാക്കിയതോടെ അത് 6 ടണ്‍ ആയി ഉയര്‍ന്നു. നെല്‍കൃഷിയോടൊപ്പം തെങ്ങ്, വാഴ, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നീ വിളകളെ പ്രോത്സാഹിപ്പിക്കാനും പഞ്ചായത്ത് തയ്യാറായി. പുഷ്പകൃഷി, പച്ചക്കറി കൃഷി, ഇഞ്ചി കൃഷി എന്നിവയും പ്രദേശത്ത് വ്യാപകമായി. തരിശുരഹിതഗ്രാമം പദ്ധതിയിലൂടെയാണ് മണ്ണഞ്ചേരി പ്രധാനമായും ഇതര പഞ്ചായത്തുകള്‍ക്ക് മാതൃകയായതെങ്കിലും മറ്റ് മേഖലകളിലുള്ള വികസന പ്രവര്‍ത്തനങ്ങളും എടുത്തുപറയത്തക്കതാണ്. പശ്ചാത്തലമേഖലയിലും അടിസ്ഥാന വികസനരംഗത്തും ചരിത്രത്തില്‍ ഇടംനേടിയ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകെ ചുക്കാന്‍ പിടിച്ചത് സിപിഐ നേതാവുകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എ എം ഹനീഫാണ്. മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ലഭിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായവും മണ്ണഞ്ചേരിയുടെ നേട്ടത്തിന് പിന്‍ബലമായെന്ന് ഹനീഫ് പറയുന്നു.
(ആര്‍ ശ്രീനിവാസ്)

മികവിന്റെ നെറുകയില്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍: ഒരു ഗ്രാമത്തെ സമ്പൂര്‍ണ്ണ നെല്‍ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുകയാണ് ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്ത്. തരിശുനിലങ്ങളില്‍ കൃഷിയിറക്കിയും പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജൈവ അരിയുല്‍പ്പാദനം നടത്തുകയും ചെയ്യുകയെന്ന ശ്രദ്ധേയമായ നേട്ടമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണത്തിന്‍ കീഴില്‍ പഞ്ചായത്ത് കൈവരിച്ചത്. ഇതുവഴി ജില്ലയുടെ കാര്‍ഷിക സമൃദ്ധിക്ക് തന്നെ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഈ പഞ്ചായത്ത് കേരളത്തിന് മാതൃകയാവുകയാണ്. ഒരു തുണ്ടു ഭൂമി പോലും തരിശിടരുതെന്നും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന കര്‍ഷകര്‍ ബുദ്ധിമുട്ടിലാകരുതെന്നുമുള്ള ചിന്തയാണ് പഞ്ചായത്തിനെ സ്വന്തമായി അരിയുല്‍പ്പാദനം എന്ന ലക്ഷ്യത്തിലെത്തിച്ചത്. പൂര്‍ണ്ണമായും ജൈവവളമാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പഞ്ചായത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ ജൈവ അരിയാക്കി മാറ്റുകയെന്ന പ്രക്രിയ ഇപ്പോള്‍ നടന്നു വരികയാണ്. ചെറുതാഴ പൊന്‍മണി എന്ന പേരില്‍ പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്ന അരിക്ക് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ആവശ്യക്കാര്‍ക്ക് മുഴുവന്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന പ്രയാസമാണ് ഇപ്പോഴുള്ളത്. അതു കൊണ്ടു തന്നെ വാങ്ങാനാളില്ലാതെ ഒരു കര്‍ഷകനും നെല്ല് വെറുതെയിടേണ്ട അവസ്ഥയുണ്ടാകുന്നില്ല. ഇത് കൂടുതല്‍ സ്ഥലത്ത് ഉല്‍പ്പാദനം നടത്താന്‍ കര്‍ഷകനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

നെല്ല് കൃഷിക്കാരില്‍ നിന്നും നേരിട്ട് സംഭരിക്കുകയാണ് ചെയ്യുന്നത്. ഈ നെല്ലിന് നല്ല വില തന്നെ കൃഷിക്കാരന് നല്‍കുകയും ചെയ്യുന്നു. അരിക്ക് പുറമെ പുട്ടുപൊടി, കറി പൗഡര്‍, മല്ലിപ്പൊടി എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. ഇതിനായി ഒരു ഉല്‍പ്പാദന യൂണിറ്റു തന്നെ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിനായി നാലു ലക്ഷം രൂപ പഞ്ചായത്ത് നല്‍കി. നാലു ലക്ഷം രൂപ ബാങ്ക് സബ് സിഡിയും ലഭ്യമാക്കി. 40 പേരടങ്ങുന്ന കുടുംബശ്രീ യൂണിറ്റാണ് ഇതിന്റെ ദൈനം ദിനകാര്യങ്ങള്‍ നടത്തിപ്പോരുന്നത്. എന്നാല്‍ നിലവിലുള്ളത് സാധാരണ റൈസ് മില്‍ ആയതിനാല്‍ ഉല്‍പ്പാദനത്തില്‍ വലിയ തോതില്‍ വര്‍ധനവ് വരുത്താന്‍ കഴിയുന്നില്ലെന്ന പരിമിതിയുണ്ട്. മാത്രമല്ല, നെല്ല് പുഴുങ്ങാനും സാധിക്കില്ല. ഇതു പരിഹരിക്കാന്‍ ആധുനിക റൈസ് മില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കോടി രൂപയോളം ഇതിനു ചിലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിളയാങ്കോട് വ്യവസായ എസ്റ്റേറ്റില്‍ ഇതു സ്ഥാപിക്കുന്നതിനാണ് പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളത്. നെല്ലുപുഴുക്കല്‍ യന്ത്രം സ്ഥാപിക്കുന്നതിന്റെ ഒരു ഭാഗം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന്റെ ടെണ്ടറും നടത്തിക്കഴിഞ്ഞു.

525 ഹെക്ടറിലായി വര്‍ഷം 1800 ടെണ്‍ നെല്ലുല്‍പ്പാദനം നടത്തുന്നുണ്ട്. ഓര്‍ഡിനനുസരിച്ച് ഉണക്കലരിയും ഉല്‍പ്പാദിപ്പിക്കും. പൂര്‍ണ്ണമായും ജൈവ അരിയെന്ന വിശേഷം കൂടിയുള്ളതിനാല്‍ അരിക്ക് ജില്ലക്ക് പുറത്തു നിന്നു പോലും ആവശ്യക്കാരെത്തുന്നുണ്ട്. 2009ലാണ് ചെറുതാഴ പൊന്‍മണി എന്ന പേരില്‍ അരി ഉല്പ്പാദനവുമായി ബന്ധപ്പെട്ട പദ്ധതി ആരംഭിച്ചത്. ആധുനിക മില്ലില്‍ നിന്നും ദിവസം അഞ്ചു ടണ്‍ നെല്ലുല്‍പ്പാദമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നെല്ല് പുഴുങ്ങുക, അത് കലര്‍പ്പില്ലാത്ത അരിയാക്കി മാറ്റുക തുടങ്ങിയവ പുതിയ സംവിധാനം വഴി നടപ്പിലാക്കും. നേരത്തെ പഞ്ചായത്തില്‍ 200 ഹെക്ടര്‍ ഭൂമി തരിശായിരുന്നു. സമ്പൂര്‍ണ്ണ നെല്‍കൃഷി ഗ്രാമം പദ്ധതിയുടെ ഭാഗമായി അവിടെയെല്ലാം ഇപ്പോള്‍ കൃഷിയിറക്കി. സര്‍ക്കാരിന്റെ ധനസഹായത്തിനു പുറമെ സ്ഥിരം കൃഷി ചെയ്യുന്നവര്‍ക്ക് ഹെക്ടറിന് 3500 രൂപ സബ് സിഡി പഞ്ചായത്ത് നല്‍കുന്നുണ്ട്. ഉഴവുകൂലി ഉള്‍പ്പെടെ നല്‍കുന്നതിനും തീരുമാനമുണ്ട്. 

ഇതിനു പുറമെ ക്ഷീരോല്‍പ്പാദനമേഖലയിലും പഞ്ചായത്ത് നേട്ടം കൈവരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആയിരത്തിലേറെ പശുക്കള്‍ വഴി ക്ഷീരസമൃദ്ധി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് പഞ്ചായത്ത്. ഓരോ കുടുംബത്തിനും കോഴിയും കൂടും നല്‍കി ഐശ്വര്യ ഗ്രാമം പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കുന്നുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വാര്‍ഡുകള്‍ തോറും ശുചിത്വകമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

യുവതിയുവാക്കളെയും സ്‌കൂള്‍ കുട്ടികളെയും പദ്ധതിയുടെ ഭാഗമാക്കി. 2008ലെ നിര്‍മ്മല്‍പുരസ്‌കാരം ഇതിന്റെ ഭാഗമായി ലഭിക്കുകയുണ്ടായി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ദിവസങ്ങള്‍ നീളുന്ന ചെറുതാഴം ഫെസ്റ്റ് സാംസ്‌കാരിക പരിപാടിയും അഖിലേന്ത്യാ പ്രദര്‍ശനവും വര്‍ഷം തോറും സംഘടിപ്പിക്കുന്നുണ്ട്. സി എം വേണുഗോപാന്‍ പഞ്ചായത്തിന്റെ പ്രസിഡന്റും എം ശ്രീധരന്‍ വൈസ് പ്രസിഡന്റുമാണ്.
(ഷിജിത്ത് കാട്ടൂര്‍)

ജനയുഗം

1 comment:

  1. ഭക്ഷ്യപ്രതിസന്ധിയെ സ്വാശ്രയത്വം കൊണ്ട് അതിജീവിക്കണമെന്ന ആശയത്തിലൂടെ സംസ്ഥാനത്തെ ആദ്യ തരിശുരഹിത ഗ്രാമമെന്ന നേട്ടം കൊയ്ത പഞ്ചായത്താണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി. ഒരു ഗ്രാമപഞ്ചായത്ത് ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ സ്വപ്നതുല്യമായ നേട്ടം കൈവരിക്കാനാകുമെന്നതിന് മാതൃക കൂടിയായി മണ്ണഞ്ചേരി.

    ReplyDelete