Tuesday, October 5, 2010

കണ്ണൂരില്‍ ഏഴു വാര്‍ഡുകളില്‍ എല്‍ ഡി എഫിന് എതിരില്ല

കണ്ണൂര്‍: ഗ്രാമപഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ഏഴ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കല്യാശേരി പഞ്ചായത്തിലെ പാറക്കടവ് അഞ്ചാംവാര്‍ഡിലെ പി സീത, വെള്ളാഞ്ചിറ പതിനഞ്ചാം  വാര്‍ഡിലെ കെ അനിത, ഇരിണാവ് ഡാം പതിനെട്ടാം വാര്‍ഡിലെ കെ പി നന്ദിനി,  കോട്ടയംപൊയില്‍ ആറാം വാര്‍ഡിലെ  കെ ജ്യോതി, പന്ന്യന്നൂര്‍ നാലാം വാര്‍ഡ് അരയാക്കൂലിലെ പികെ ശിരോഷ്, കാങ്കോല്‍- ആലപ്പടമ്പിലെ ഒന്നാംവാര്‍ഡ് ഏറ്റുകുടുക്കയില്‍  വി വി മല്ലിക, എരമം- കുറ്റൂര്‍ പതിനേഴാം വാര്‍ഡ് എരമം പൊല്ലൂക്കരയില്‍ കെ വി ദാമോരന്‍ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് (എല്ലാവരും സി പി എം).  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച ഏഴിടത്തും എല്‍ ഡി എഫ് ഒഴികെ ആരും പത്രിക നല്‍കിയിരുന്നില്ല.

ജനയുഗം 05102010

തലചായ്ക്കാനൊരിടം: സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവുന്നു

കാല്‍നൂറ്റാണ്ടിനു മുമ്പാണ് അന്തിചായാന്‍ ഒരിടം ലഭിക്കുക എന്നത് ഒരു മനുഷ്യാവകാശമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ഈ അവകാശത്തെക്കുറിച്ച് മാനവരാശിയെ ഓര്‍മ്മപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പാര്‍പ്പിടദിനം വിവിധങ്ങളായ പരിപാടികളോടെ ഒരു കേന്ദ്ര മുദ്രാവാക്യത്തെ ആധാരമാക്കി ലോകമെങ്ങും ആചരിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ പാര്‍പ്പിട വിഭാഗം തീരുമാനിച്ചു. ഇത്തവണത്തെ പാര്‍പ്പിടദിന മുദ്രാവാക്യം മികച്ച നഗരം മികവുറ്റ ജീവിതം (Better city Better life) എന്നുളളതാണ്.

ഒക്‌ടോബര്‍ മാസത്തെ ആദ്യത്തെ തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര പാര്‍പ്പിട ദിനമായി ആചരിക്കപ്പെടുന്നത്. കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി നഗരങ്ങളുടെ സുസ്ഥിരവികസനവും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഐക്യരാഷ്ട്രസഭ പാര്‍പ്പിടദിന മുദ്രാവാക്യമായി സ്വീകരിച്ചുപോരുന്നത്. ലോകജനസംഖ്യയുടെ 50 ശതമാനം ഇപ്പോള്‍ താമസിക്കുന്നത്് നഗരങ്ങളിലും പട്ടണങ്ങളിലുമാണ് എന്ന വസ്തുതയാണ് അത്തരം മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിക്കുന്നത്. 2030-ഓടെ ഇത് മൂന്നില്‍രണ്ടായി വര്‍ദ്ധിക്കുമെന്നും കണക്കാക്കപ്പെടുന്നു. നഗരങ്ങളിലെ ആവാസ സംവിധാനം ആധുനിക സമൂഹത്തിന്റെ പ്രധാനപ്പെട്ട വേവലാതികളിലൊന്നായി മാറിയിരിക്കുന്നു. അടിസ്ഥാന അവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയുടെ അഭാവം നിമിത്തം നരകതുല്യമാകന്നു ജനലക്ഷങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍, നഗരജീവിതത്തെയാകമാനം ബാധിക്കുന്ന മലിനീകരണവും ക്രിമിനല്‍ സംസ്‌കാരവും എന്നിങ്ങനെ നഗരവത്ക്കരണത്തിന്റെ അനിവാര്യമായ ദുരന്തങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃതരും ദുര്‍ബലരുമായ ജനവിഭാഗത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. കുടിവെളളം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിങ്ങനെ മൂന്നാം ലോകരാജ്യങ്ങളിലെ സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടുതലും ബാധിക്കുന്നത് നഗരങ്ങളെയാണ്. നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നഗരങ്ങളെയാണ് ഏറ്റവും ആദ്യം ആക്രമിക്കുക. ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളായിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ജീവിതസൗകര്യങ്ങളോടുളള മനുഷ്യന്റെ ആഭിമുഖ്യം ഈ നഗരവത്ക്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുകതന്നെ ചെയ്യും. സുസ്ഥിരമായ  വികസനത്തെ സഹായിക്കുകയും ധനിക-ദരിദ്ര അന്തരം ഭയാനകമായ ഒരു സാമൂഹ്യവിപത്താകാതെ സൂക്ഷിക്കുകയും ചെയ്യുക, വികസനം, പ്രകൃതിയ്ക്ക് മാരകമായ മുറിവുകളേല്‍പിച്ചുകൊണ്ടാവരുത് എന്ന് ഉറപ്പുവരുത്തുക എന്നിവയെല്ലാമാണ് ഗവണ്‍മെന്റുകളടക്കം വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്.

നഗര ജീവിതത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക, മനുഷ്യവിഭവത്തില്‍ മുതല്‍ മുടക്കുക, സുസ്ഥിരമായ സാമ്പത്തികാവസരങ്ങള്‍ വികസിപ്പിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ ഭരണസംവിധാനത്തിലും സാംസ്‌കാരിക ധാരയിലും ബോധപൂര്‍വ്വം പങ്കാളികളാക്കുക തുടങ്ങിയ നടപടികള്‍ ഇത്തവണത്തെ പാര്‍പ്പിടദിനാചരണത്തിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ട ചിലവിഷയങ്ങള്‍ എന്ന നിലയില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എങ്കില്‍പോലും ചേരികളിലും തെരുവുകളിലും മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ രാപ്പാര്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ കൂരയുടെ പ്രശ്‌നം തന്നെയാണ് പാര്‍പ്പിട ദിനചിന്തയിലെ മുഖ്യഘടകം. 1985-ലാണ് ഐക്യരാഷ്ട്രസഭ പാര്‍പ്പിടദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1986-ലെ പാര്‍പ്പിടദിന മുദ്രാവാക്യം 'പാര്‍പ്പിടം എന്റെ അവകാശമാണ്' എന്നതായിരുന്നു.

പാര്‍പ്പിടദാരിദ്ര്യം പരിഹരിക്കുന്നതിന് കേരളം കൈകൊണ്ടിട്ടുളള വിവിധങ്ങളായ പരിഹാര സംരംഭങ്ങള്‍ കേരളത്തിലെ മുഴുവന്‍ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് വെച്ചുനല്‍കുന്നതിനായുളള ഇ എം എസ് ഭവനപദ്ധതിയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. നമുക്കറിയാവുന്നതുപോലെ, േകരളത്തിലെ പാവപ്പെട്ടവരുടെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കുന്നതിനുളള സര്‍ക്കാര്‍ശ്രമങ്ങളുടെ സുപ്രധാനമായ വഴിത്തിരിവും നാഴികക്കല്ലും 1971-ല്‍ ആരംഭിച്ച 'ലക്ഷംവീട് പദ്ധതി'യാണ്. ദേശവ്യാപകമായി മൂന്ന് പഞ്ചവത്സര പദ്ധതികളിലും കൂടി ആകെ നിര്‍മ്മിച്ചുനല്‍കിയത് 4 ലക്ഷം ഭവനങ്ങള്‍ മാത്രമായിരുന്നു. കേരളത്തിലും ആയിരത്തില്‍താഴെ വീടുകള്‍ മാത്രമെ സര്‍ക്കാര്‍ മുന്‍കൈയില്‍ അതുവരെ നിര്‍മ്മിച്ചുനല്‍കിയിരുന്നുളളു. അപ്പോഴാണ് കാല്പനികമെന്ന് വിശേഷിപ്പിക്കപ്പെട്ട ലക്ഷ്യബോധത്തോടെ കേരളത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ അന്നത്തെ ഭവനമന്ത്രിയായിരുന്നó സഖാവ് എം എന്‍ ഗോവിന്ദന്‍നായര്‍ ബൃഹത്പദ്ധതി തയ്യാറാക്കി ലോകത്തിനുതന്നെ  മാതൃകയായത്.

കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, പഞ്ചായത്തുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, അധ്യാപകര്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളെയും ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലക്ഷംവീട് പദ്ധതി വിജയിപ്പിച്ചത്. സ. എം എന്‍ ഗോവിന്ദന്‍നായരുടെ ജന്മശതാബ്ദി വര്‍ഷമായ 2010-ലെ പാര്‍പ്പിട ദിനാചരണവേളയില്‍ ആ മഹാനായ മനുഷ്യസ്‌നേഹിയെ നമുക്ക് നന്ദിപൂര്‍വ്വം സ്മരിക്കാം. ഇന്നിപ്പോള്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ലക്ഷംവീടുകള്‍ മിക്കതും ജീര്‍ണ്ണാവസ്ഥയിലാണ്. സമയബന്ധിതമായി മുഴുവന്‍ വീടുകളും പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുളള മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടു നിര്‍മ്മിച്ചുകൊടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപംകൊടുത്ത ഇ എം എസ് ഭവനപദ്ധതി, ഭവനദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപംകൊടുത്ത പദ്ധതികളിലെ മറ്റൊരു നാഴികക്കല്ലാണ്. മൂന്നേമുക്കാല്‍ ലക്ഷം വരുന്ന ഭവനരഹിത കുടുംബങ്ങളുടേയും 1.46 ലക്ഷം വരുന്ന ഭവനരഹിത, ഭൂരഹിത കുടുംബങ്ങളുടേയും പാര്‍പ്പിട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുളള പദ്ധതിയാണിത്. ഇന്ദിര ആവാസ്‌യോജനപോലുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണ പദ്ധതിപോലുളള സംസ്ഥാനപദ്ധതികളും എല്ലാം ഈ സമ്പൂര്‍ണ്ണ ഭവനപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉപയോഗെപ്പടുത്തുന്നുണ്ട്.

എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണപദ്ധതിയും ഇ എം എസ് ഭവനപദ്ധതിയും നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഫണ്ട് മാത്രം ആശ്രയിച്ചുകൊണ്ടല്ല. ലക്ഷംവീട് പദ്ധതിയില്‍ ചെയ്തതുപോലെ സാമൂഹ്യമായ പങ്കാളിത്തം അനിവാര്യമായും ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിപോലുളള സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്താനും ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. നേരിട്ട് വീടു നിര്‍മ്മിച്ചു നല്‍കുന്നതില്‍ മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിച്ചത്. പാവപ്പെട്ടവരുടെ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പരോക്ഷ പരിപാടികളും ഭവനദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിത്തന്നെയായിരുന്നു. ദുര്‍ബലവിഭാഗക്കാരുടെ 15 വ്യത്യസ്ത പദ്ധതികളില്‍പ്പെട്ട ഭവനനിര്‍മ്മാണ വായ്പ പൂര്‍ണ്ണമായും എഴുതിത്തളളി 41500 കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഒരു താങ്ങായി മാറി. 183 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തളളിയത്.

ഭവനനര്‍മ്മാണരംഗത്തെ ചെലവു കുറയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് സിമന്റും കമ്പിയും മണലും ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് മാര്‍ജിന്‍ഫ്രീ ആയി നല്‍കുന്ന 'കലവറ'കള്‍ ഈ ഗവണ്‍മെന്റ് ആരംഭിച്ചത്. കലവറകള്‍ വമ്പിച്ചതോതില്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് അവകാശവാദമുന്നയിക്കാനാവില്ലെങ്കിലും നിര്‍മ്മാണ സാമഗ്രികളുടെ മാര്‍ക്കറ്റ് വില കുത്തനെ ഉയരാതെ പിടിച്ചുനിര്‍ത്താന്‍ ഒരളവുവരെ അവയ്ക്കു കഴിയുന്നുണ്ട്.

നിര്‍മ്മാണരംഗത്ത് പരിസ്ഥിതിക്ക് ഇണങ്ങുന്നതും ചെലവു കുറഞ്ഞതുമായ നിര്‍മ്മാണ സാങ്കേതികവിദ്യയുടെ പ്രചരണം ലക്ഷ്യം വെച്ചുകൊണ്ടുളള നിരവധി പരിശീലന പരിപാടികള്‍ നിര്‍മ്മിതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. ഈ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുളള ഒരു ഗവേഷണ സ്ഥാപനം - ലാറിബേക്കറുടെ സ്മരണ നിലനിര്‍ത്തുന്നതിനായി രൂപം നല്‍കിയിട്ടുളള ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് LaBISHaS  തുടങ്ങുന്നതിനും കേരള സര്‍ക്കാരിന് കഴിഞ്ഞു.

നഗരപ്രദേശങ്ങളില്‍ ജോലിചെയ്യുകയും നഗരാതിര്‍ത്തിക്കുപുറത്ത് വളരെ ദൂരെ താമസിക്കേണ്ടിവരികയും ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടി  അത്താണി എന്നപേരില്‍ തുച്ഛമായ വാടകയ്ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന അത്താണി പദ്ധതി മാതൃകാപരമായ ഒന്നാണ്. നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു എന്ന ഒരു പ്രത്യേകതയും 'അത്താണി'ക്കുണ്ട്. തിരുവനന്തപുരത്ത് പൂജപ്പുരയിലും എറണാകുളത്ത് തൃക്കാക്കരയിലും ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചുകഴിഞ്ഞു.

പാര്‍പ്പിടരംഗത്ത് കാതലായ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതില്‍ അന്താരാഷ്ട്ര പാര്‍പ്പിടദിനം ആചരിക്കുന്ന ഈ വേളയില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് അഭിമാനമുണ്ട്

ബിനോയ് വിശ്വം ജനയുഗം 04102010

ലോട്ടറിയും കോണ്‍ഗ്രസിന്റെ കപട നാടകവും

അന്യസംസ്ഥാന ലോട്ടറിയുടെയും ഒറ്റ അക്ക ലോട്ടറിയുടെയും വ്യാജ ഭാഗ്യക്കുറികളുടെയും പേരില്‍ കേരളത്തില്‍ ഏറെക്കാലമായി വിവാദം കൊഴുക്കുകയായിരുന്നു. ഇത്തരം ഭാഗ്യവില്‍പനക്കാര്‍ക്കെതിരെ അതിശക്തമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും അത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുന്നതിനും കോണ്‍ഗ്രസ് യത്‌നിച്ചു. തങ്ങളുടെ ഈ പരിശ്രമം തങ്ങള്‍ക്കു തന്നെ വിനയാകുമെന്ന് അപ്പോള്‍ അവര്‍ കരുതിയിരിക്കാന്‍ ഇടയില്ല. കോണ്‍ഗ്രസിന്റെ യഥാര്‍ഥമുഖം എന്തെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. എ ഐ സി സി യുടെ ഔദ്യോഗിക വക്താവായ അഭിഷേക് സിംഗ്‌വി ലോട്ടറി മാഫിയയ്ക്കുവേണ്ടി വാദിക്കുവാന്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് യാദൃശ്ചികമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പ്രകടനങ്ങളും തെളിയിച്ചു.

അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കാനോ നിയന്ത്രിക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കേന്ദ്ര നിയമത്തിനും അതിനനുബന്ധമായ ഭേദഗതികള്‍ക്കുമെതിരായി കേരളസര്‍ക്കാര്‍ നിരന്തരമായി ശബ്ദമുയര്‍ത്തുന്നുണ്ട്; സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നതിനെതിരായ നടപടികള്‍ കൈക്കൊള്ളാന്‍ കേരളസര്‍ക്കാരിനു വിഘാതമാകുന്നത് കേന്ദ്ര ലോട്ടറി നിയമമാണ്.

യാഥാര്‍ഥ്യം ഇതായിരിക്കേ സംസ്ഥാന സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭയിലും പുറത്തും ഉയര്‍ത്തിയ ആരോപണം. വ്യാജ ലോട്ടറി മാഫിയയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിംഗ്‌വി കേന്ദ്ര ലോട്ടറി നിയമത്തിന്റെ ചട്ടങ്ങളുദ്ധരിച്ചുകൊണ്ട് വാദിച്ചത് ഇത്തരം ലോട്ടറിക്കാരെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നാണ്. പുറത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രസ്താവനകളുടെ മുനയൊടിക്കുന്നതാണ് ദേശീയ ഔദ്യോഗിക വക്താവിന്റെ കോടതിമുറിയിലെ വാദം. ലോട്ടറിമാഫിയയെ സംരക്ഷിക്കുവാന്‍ പര്യാപ്തമായ നിയമങ്ങളും ചട്ടങ്ങളുമാണ് കേന്ദ്രം രൂപീകരിച്ചിട്ടുള്ളത് എന്ന ഇടതുപക്ഷത്തിന്റെ ആക്ഷേപം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിയുടെ വാദമുഖങ്ങള്‍. അഭിഷേകിന് മുമ്പ് മുന്‍ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരവും അദ്ദേഹത്തിന്റെ പത്‌നി നളിനി ചിദംബരവും ലോട്ടറി മാഫിയകള്‍ക്കുവേണ്ടി വാദിക്കാന്‍ കോടതി മുറികളില്‍ എത്തിയിരുന്നു. ധനമന്ത്രിയായിരിക്കേ കേന്ദ്ര ലോട്ടറി നിയമത്തില്‍ ചിദംബരം വരുത്തിയ ഭേദഗതികള്‍ ലോട്ടറിമാഫിയയെ സഹായിക്കാനാണ് എന്ന് സാമാന്യ യുക്തിയുളളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ലോട്ടറി മാഫിയയും സര്‍ക്കാരുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാന്‍  കപട നാടകമാടിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അഭിഷേക് സിംഗ്‌വിയുടെ ഹൈക്കോടതിയിലെ ഹാജരാകല്‍ സമ്മാനിച്ചത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും പി ടി തോമസ് എം പിയ്ക്കുമൊപ്പമാണ് ഡല്‍ഹിയില്‍ നിന്നു സിംഗ്‌വി കേരളത്തിലെത്തിയത്. ആ വസ്തുത കോണ്‍ഗ്രസ് നേതാക്കള്‍ മറച്ചുവെച്ചു. മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നപ്പോള്‍ ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി വാദിക്കാനാണ് താനെത്തിയത് എന്നാണ് അഭിഷേക് സിംഗ്‌വി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ചെലവ് ആകെ വഹിച്ചത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന് പിന്നീട് വ്യക്തമായി.

എ ഐ സി സിയുടെ ഔദ്യോഗിക വക്താവും കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗവുമായ അഭിഷേക് സിംഗ്‌വി ലോട്ടറി മാഫിയകള്‍ക്കുവേണ്ടി വാദിക്കുകയും ചിദംബരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ലോട്ടറി മാഫിയകള്‍ക്ക് അനുകൂലമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കപടനാടകം ആടുന്നത്.

കേരളത്തിലെ ഭാഗ്യാന്വേഷികളായ പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്ത് പ്രതിദിനം കോടാനുകോടി രൂപ കവര്‍ന്നെടുക്കുന്ന ലോട്ടറി മാഫിയകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പകല്‍ വെളിച്ചംപോലെ വ്യക്തമായിരിക്കുന്നു. ലോട്ടറി മാഫിയാ തലവന്‍ മണികുമാര്‍ സുബ്ബ അടക്കമുള്ളവര്‍ ഭാഗവാക്കായിരിക്കുന്ന കോണ്‍ഗ്രസ് ആരോടൊപ്പമാണെന്ന് അഭിഷേക് മനുസിംഗ്‌വിയുടെ പ്രത്യക്ഷപ്പെടലിലൂടെ വ്യക്തമായിരിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുകയും അനാവശ്യ ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു.

ജനയുഗം മുഖപ്രസംഗം 05102010

Monday, October 4, 2010

ഗെയിംസ്: ആയിരക്കണക്കിന് യാചകരെ ഒഴിപ്പിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഡല്‍ഹി നഗരംവൃത്തിയാക്കാന്‍ ആയിരക്കണക്കണക്കിന് യാചകരെ ഒഴിപ്പിച്ചു. ആഴ്ചകളായി നടപ്പാക്കിവരുന്ന ശുചീകരണപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് യാചകരെ പൂര്‍ണമായും ഒഴിവാക്കിയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരോ ഡല്‍ഹി പൊലീസോ തയ്യാറല്ല. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയില്‍നിന്ന് അപ്രത്യക്ഷരായത് ആയിരക്കണക്കിന് ഭിക്ഷാടകരാണ്. കൊണാട്ട് പ്ളേസിലെ ഹനുമാന്‍ക്ഷേത്രം, നിസാമുദീന്‍ ദര്‍ഗ, യമുന ബസാര്‍, കാളിബാരി മാര്‍ഗ്, അരുണ അസഫലി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭിക്ഷാടകരുടെ തിരക്കായിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് പൊലീസുകാര്‍ ഇവരെയെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് ട്രെയിനില്‍ കയറ്റിയയച്ചെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ചില മേഖലകളില്‍നിന്ന് കന്നുകാലികളെയെന്നപോലെ യാചകരെ ട്രക്കില്‍ കുത്തിനിറച്ച് എവിടേക്കോ കൊണ്ടുപോയി. ഗെയിംസ് കഴിയുന്നതുവരെ ഡല്‍ഹിയില്‍ കണ്ടുപോകരുതെന്നാണ് പൊലീസിന്റെ താക്കീത്. ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കാനാവാത്ത ഭരണാധികാരികള്‍ അത് മറയ്ക്കാന്‍ നടത്തുന്ന ക്രൂരത പൊറുക്കാനാകില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഗെയിംസിന് മുന്നോടിയായി യാചകരെയും തെരുവില്‍ ഉറങ്ങുന്നവരെയും ഒഴിപ്പിക്കാന്‍ തുടങ്ങിയത്. 1959ലെ യാചകനിരോധന നിയമം ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നത് സാവധാനത്തിലായി. ആകെ 12 താവളമാണ് യാചകരെ പാര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ ഉള്ളത്. ഇതിലെല്ലാംകൂടി പരമാവധി 2200 പേര്‍ക്ക് കഴിയാം. ബാക്കി യാചകരെ എവിടേക്ക് മാറ്റിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. നഗരം വൃത്തിയാക്കുന്നതിന്റെ ചുമതല ഡല്‍ഹി പൊലീസിനാണെന്നും ഇക്കാര്യം അവരോട് ചോദിക്കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും യാചകനിരോധനം നടപ്പാക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് 25 ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും ഡല്‍ഹി പൊലീസ് വക്താവ് രാജന്‍ ഭഗത് വ്യക്തമാക്കി. സാമൂഹ്യക്ഷേമവകുപ്പിന്റെതന്നെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 60,000 യാചകരുണ്ട്. ഇതില്‍ മൂന്നിലൊന്നും പതിനെട്ട് വയസ്സിന് താഴെയുള്ളവരാണ്. 30 ശതമാനം സ്ത്രീകളും ഉണ്ടെന്നാണ് കണക്ക്.
(വിജേഷ് ചൂടല്‍)

യഥാര്‍ഥ ഇന്ത്യ മതിലിനപ്പുറം
കോമണ്‍ലൂട്ട് ഗെയിംസ്: ബള്‍ബ് മാറ്റാന്‍ എത്രപേര്‍ വേണം?
കോമണ്‍‌വെല്‍ത്ത് ഗെയിംസ്: മുഖംമിനുക്കാന്‍ പാവങ്ങളെ നാടുകടത്തുന്നു

മുഖം മുണ്ടിനാല്‍ മൂടിയ കോണ്‍ഗ്രസ്

''വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍,
ക്ഷോണിതവുമണിഞ്ഞയ്യോ ശിവ! ശിവ
!''

എന്ന് വിലാപസ്വരത്തില്‍ പാടിയത് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ക്ഷോണിതമണിയാതെ വീണുകിടക്കുന്ന, നാണക്കേടുകൊണ്ട് മുഖം മണ്ണില്‍ പൂഴ്ത്തിവെച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. പുറമേ രക്തം കാണാനില്ലെങ്കിലും ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല മുതല്‍ വി ഡി സതീശന്‍ വരെയുള്ള കെ പി സി സി നേതാക്കളുടെയും ബൂത്ത്തല യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും വിഷാദത്തിന്റെയും നൈരാശ്യത്തിന്റെയും കറുത്ത രക്തം ഒഴുകികൊണ്ടിരിക്കുകയാണ്.
മലര്‍ന്നടിച്ചു വീണാലും മലര്‍ന്നുകിടന്നു തുപ്പാന്‍ പുതുകാലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍ഥരാണ്. ആ സാമര്‍ഥ്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ അനുചരന്‍മാരായ പി ടി തോമസും വി ഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍. സീനിയര്‍ നേതാവ് എന്നവകാശപ്പെടുന്ന ആര്യാടന്‍ മുഹമ്മദും ഈ ഫലിത നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായി എന്നതാണ് മലയാളികളെ അമ്പരപ്പിക്കുന്നത്. പ്രഗത്ഭന്‍മാര്‍ ചിലപ്പോള്‍ ബഫൂണ്‍ വേഷങ്ങളായും അവതരിക്കാറുണ്ടെന്ന് പഴയകാലം പറഞ്ഞുതന്നിട്ടുണ്ടെന്നുള്ളതാണ് ആശ്വാസം.

അഭിഷേക് മനുസിംഗ്‌വി പേരുകേട്ടയാളാണ്. നാടുവാണരുളുന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ നാവാണ്. സോണിയാഗാന്ധിക്ക് പറയാനുളളത് മാലോകരും, അല്ല ലോകംതന്നെയും അറിയുന്നത് അഭിഷേക് സിംഗ്‌വിയുടെയും ജനാര്‍ദ്ദനന്‍ ദ്വിവേദിയുടേയും മനീഷ് തിവാരിയുടേയും നാവിലൂടെയാണ്. പേരു പറഞ്ഞ മൂവരില്‍ മുമ്പനാണ് അഭിഷേക്. ഹൈക്കമാന്‍ഡിനും സോണിയയ്ക്കും പറയാനുള്ളത് അണുവിട വ്യത്യാസമില്ലാതെ, ഇന്ദ്രപ്രസ്ഥത്തിലെ പത്രപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി മനസ്സിലാക്കിക്കുന്നതില്‍ പ്രധാനിയാണ് അദ്ദേഹം. അഭിഷേക് പത്രക്കാരോട് പറയുന്നത് കേട്ട് അതേപടി ആവര്‍ത്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ചെയ്യേണ്ടത്.
പക്ഷേ അഭിഷേക് കെ പി സി സി അധ്യക്ഷ കസേരയില്‍ അഭിഷിക്തനായിരിക്കുന്ന രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് സ്ഥാനം അലങ്കരിക്കുന്ന ഉമ്മന്‍ചാണ്ടിയെയും കുരുക്കഴിയാത്ത കെണിയില്‍പ്പെടുത്തിക്കളഞ്ഞു. ''വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്നപോലെ, മേളമേറ്റും പ്രഭുക്കന്‍മാരെന്ന ഭാവം ചിലര്‍ക്കുണ്ട്'' എന്ന് നന്നായറിയാവുന്ന അഭിഷേക് സിംഗ്‌വി ചെന്നിത്തലയെയും ചാണ്ടിയെയും വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടല്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ചെയ്ത്തു നടത്തി.

ലോട്ടറി മാഫിയയ്ക്കും ഒറ്റ ലോട്ടറിയ്ക്കും പേപ്പര്‍ ലോട്ടറിയ്ക്കും വേണ്ടി എന്നും നിലകൊണ്ടത് ചെന്നിത്തലയുടേയും ചാണ്ടിയുടേയും കോണ്‍ഗ്രസാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയില്‍, ആയുധരഹിതരായി നിലകൊള്ളുന്ന യു ഡി എഫിന് മുനയില്ലാത്തതാണെങ്കിലും ഒരു അമ്പ് വേണമായിരുന്നൂ. അതിന് ലോട്ടറിയില്‍ ചാരി ഒരു ആക്ഷേപം ഉന്നയിച്ചു. എറിഞ്ഞത് തിരിച്ചു മാറില്‍ പതിക്കുന്ന അവസ്ഥയിലായി പുളയുകയാണ് പാവം കോണ്‍ഗ്രസും പാവം പാവം ചാണ്ടിയും ചെന്നിത്തലയും സതീശനും. വ്യാജ ലോട്ടറി മാഫിയയെ നിയന്ത്രിക്കുവാനും നിരോധിക്കുവാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാത്ത വിധം കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്തതും പുതിയ ചട്ടങ്ങള്‍ ആവിഷ്‌ക്കരിച്ചതും പലയാവര്‍ത്തി ധനമന്ത്രിയും എല്‍ ഡി എഫ് നേതാക്കളും ചൂണ്ടിക്കാട്ടി. 'കേള്‍ക്കുന്നില്ലല്ലോ, ഞങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ലല്ലോ' എന്ന മട്ടിലായിരുന്നൂ കോണ്‍ഗ്രസ്-യു ഡി എഫ് േനതൃത്വങ്ങള്‍. കേട്ടാലറിയാത്തവര്‍ കൊണ്ടാലറിയും എന്നു പറഞ്ഞതുപോലെ ഇപ്പോള്‍ അവര്‍ എല്ലാം അറിയുന്നു. കയ്യില്‍ പുണ്ണുകാണാന്‍ കണ്ണാടി വേണ്ടെന്ന പ്രമാണം ഓര്‍മ്മിച്ച് അവരാകെ കൈപ്പത്തികള്‍ നിവര്‍ത്തിവെച്ച് പുണ്ണുകണ്ട് വ്യസനിക്കുന്നു.

ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ക്കെതിരായും വ്യാജ ലോട്ടറി മാഫിയയ്‌ക്കെതിരായും മാറുവിരിച്ചു നിന്ന് പൊരുതുന്നവര്‍ തങ്ങള്‍ മാത്രമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുവാനായിരുന്നൂ ചെന്നിത്തലയാദികളുടെ അഭ്യാസ പ്രകടനങ്ങള്‍. ലോട്ടറി മാഫിയയ്ക്കുവേണ്ടി മുന്‍ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം കോടതിയില്‍ വന്ന് വാതോരാതെ വാദിച്ചത് ചെന്നിത്തലമാരും ചാണ്ടിമാരും മറന്നു. ചിദംബരത്തിന് മന്ത്രിക്കസേര കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയതമ നളിനി ചിദംബരം കറുത്ത കോട്ടണിഞ്ഞ് കോടതിയിലെത്തിയതും മറന്നു. മണികുമാര്‍ സുബ്ബ എന്ന ലോട്ടറി മാഫിയാ രാജാവ് കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നതും മറന്നു. മറവി ഒരനുഗ്രഹമാണെന്ന് ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും മറ്റു കോണ്‍ഗ്രസ് നടന്‍മാര്‍ക്കും വ്യക്തമായി അറിയാം.

പക്ഷേ സിംഗ്‌വി പറ്റിച്ചുകളഞ്ഞു. ലോട്ടറി മാഫിയയ്ക്കു വേണ്ടി അഭിഷേക് സിംഗ്‌വി കേരള ഹൈക്കോടതിയിലെത്തി. അന്യ സംസ്ഥാന ലോട്ടറി മാഫിയകള്‍ക്കെതിരായി അതിശക്തമായ നിലപാടെടുക്കുന്ന കേരള സര്‍ക്കാരിനെതിരെ അദ്ദേഹം പോരാടി. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി സിംഗ്‌വി തുപ്പല്‍ തൊടാതെ വാദിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനൊന്നും അധികാരമില്ലെന്നു സ്ഥാപിച്ചു. ലോട്ടറി മാഫിയയ്ക്ക് അനുകൂലമായ വിധി സമ്മാനിച്ചു കൊടുക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനാണ് അധികാരം എന്നു പറഞ്ഞു നടക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരുടെ മാറില്‍ തളയ്ക്കുന്ന അമ്പാണ് സിംഗ്‌വി എയ്തുവിട്ടത്. 'അമ്പേല്‍ക്കാത്തവരാരുമില്ല' എന്ന മട്ടില്‍ കോണ്‍ഗ്രസ് കൂടാരം പുളയുന്നത് കാണുമ്പോള്‍ അവരാടിയ നാടകത്തെയോര്‍ത്ത് ജനം ചിരിച്ചു മലര്‍ക്കുന്നു.

ലോട്ടറി മാഫിയയ്ക്കായി സിംഗ്‌വി വാദിക്കാന്‍ വന്നത് ചെന്നിത്തലയും പി ടി തോമസും വന്ന അതേ വിമാനത്തില്‍. ഡല്‍ഹിയിലെ വി ഐ പി മുറിയിലിരുന്നു എന്തിനു വരുന്നുവെന്ന് ആരാഞ്ഞറിയുകയും വിവരം അറിഞ്ഞപ്പോള്‍ ചെന്നിത്തല ആനന്ദിക്കുകയും ചെയ്തുപോല്‍.
വിവാദമായപ്പോള്‍ കൊച്ചിയിലേയ്ക്കുള്ള വരവില്‍ സിംഗ്‌വിയെ കണ്ടതേയുളളൂ, ഒന്നും കേട്ടില്ലെന്ന് ചെന്നിത്തല. വിമാനത്താവളത്തില്‍ വെച്ച് എല്ലാം ചോദിച്ചറിഞ്ഞെന്നും മേഘയ്ക്കും സാന്‍ഡിയാഗോയ്ക്കും വേണ്ടി വാദിക്കരുതെന്നും ആവശ്യപ്പെട്ടതായി പി ടി തോമസ്. വിവരങ്ങളാകെ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അപ്പോള്‍ തന്നെ അറിയിച്ചുവെന്നും തോമസ്. പക്ഷേ സിംഗ്‌വി വാദിച്ചു, ലോട്ടറി മാഫിയയ്ക്ക് വിജയം സമ്മാനിച്ചു. എന്നിട്ട് വിജയസ്മിതത്തോടെ മടങ്ങി. എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് കൂത്ത് നടത്തുന്നു. സിനിമകളിലെ ഫലിതങ്ങളേക്കാള്‍ വന്‍ഫലിതങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സൃഷ്ടിക്കുവാനാവും എന്നു തെളിയിക്കുന്നതിന് പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തേണ്ടതാണ്.

ഭൂട്ടാന്‍ സര്‍ക്കാരിന്റെ വക്കീലാണ് താനെന്ന് സിംഗ്‌വി അവകാശപ്പെട്ടു. പക്ഷേ ഹോട്ടല്‍ മുറിയിലെ വാസത്തിനും സമൃദ്ധമായ ഭക്ഷണത്തിനും എന്തിന് കുടിവെള്ളത്തിനു പോലും പൈസ നല്‍കിയത് സാന്‍ഡിയോഗോ മാര്‍ട്ടിന്‍. അതു വെളിച്ചത്തായപ്പോള്‍ അഭിഷേക് സിംഗ്‌വിക്കെതിരെ നടപടി വേണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടുപോലും. പ്ലീസ്, ചെന്നിത്തല, ഇങ്ങനെ തമാശ പറഞ്ഞു ചിരിപ്പിക്കുരുത്.

''വേഷങ്ങള്‍ കണ്ടു രസിക്കും ചില ജനം
ഘോഷങ്ങള്‍ കണ്ടു രസിക്കും ചില ജനം
''

എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് ഓര്‍മ്മിച്ച് സമാധാനിക്കാം.

ദിഗംബരന്‍ ജനയുഗം 04102010

യൂറോപ്പിനെ 'ഗ്രസിക്കുന്ന' ജനകീയമുന്നേറ്റം

ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും ഭാണ്ഡംപേറി നടക്കുന്നവരെ നോക്കി കൊഞ്ഞനംകുത്തുന്ന വാര്‍ത്തയാണ് അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐഎല്‍ഒ)യുടെ നാവില്‍നിന്ന് കഴിഞ്ഞദിവസം പുറത്തുവന്നത്. ലോകത്താകെ 2.2 കോടി തൊഴില്‍ പുതുതായുണ്ടാകണമെന്നും അതില്‍ 140 ലക്ഷം വികസിതരാജ്യങ്ങളിലാകണമെന്നുമാണ് ഐഎല്‍ഒ പറയുന്നത്. അങ്ങനെ ഉണ്ടാകാനുള്ള സാഹചര്യം നിലവിലില്ല. സാമ്പത്തിക പ്രതിസന്ധിയോടെ തകര്‍ന്ന തൊഴില്‍രംഗം 2013 ആകുമ്പോള്‍ പൂര്‍വസ്ഥിതിയിലാകുമെന്ന കണക്കുകൂട്ടല്‍ പാടെ തെറ്റിയിരിക്കുന്നു. തൊഴിലില്ലായ്മ കടുത്ത സാമൂഹിക അസ്വസ്ഥതകളിലേക്ക് ലോകത്തെ നയിക്കുമെന്നും ഐഎല്‍ഒ ഭയപ്പെടുന്നു. 25 രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ അസ്വസ്ഥത പുകയുകയാണ്. അതിനിയും വ്യാപിക്കും.

1930കളിലെ മഹാമാന്ദ്യത്തിനുശേഷമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി അവര്‍ണനീയവും അസാധാരണവുമായ കുഴപ്പങ്ങളിലേക്കാണ് ആഗോള മുതലാളിത്തവ്യവസ്ഥയെ നയിക്കുന്നത്. അമേരിക്കമാത്രമല്ല, യൂറോപ്പും അതിഗുരുതരമായ പ്രതിസന്ധിയിലാണിന്ന്. ഗ്രീസിലാണ് യൂറോപ്യന്‍ പ്രതിസന്ധിക്ക് തുടക്കംകുറിച്ചത്. പോര്‍ച്ചുഗലിലും അയര്‍ലന്‍ഡിലും പടര്‍ന്ന അത്, തടുത്തുനിര്‍ത്താനാകാത്ത പ്രതിഭാസമായി ഇതര രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുന്നു. സ്പെയിനില്‍, ലിത്വാനിയയില്‍, സ്ളോവേനിയയില്‍... അസ്വസ്ഥത അനുദിനം വഷളാകുന്നു.

ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതം ഗ്രീസിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചു. വളര്‍ച്ച ഇടിഞ്ഞു; സര്‍ക്കാരിന്റെ വരുമാനം ശുഷ്കിച്ചു; ധനകമ്മിയും പൊതുകടവും വളര്‍ന്നു. കടംകയറിയ ഗ്രീസ് 11,000 കോടി യൂറോയുടെ (6,74,250 കോടി രൂപ) അന്താരാഷ്ട്രസഹായത്തിന് കെഞ്ചേണ്ട സ്ഥിതിയിലായി. പണം തരൂ, പകരം നാട്ടില്‍ കര്‍ക്കശമായ ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാമെന്ന് യൂറോപ്യന്‍ യൂണിയനുമായും ഐഎംഎഫുമായും ഗ്രീക്ക് ഭരണാധികാരികള്‍ കരാറിലേര്‍പ്പെട്ടു. പരോക്ഷനികുതിവര്‍ധന, ശമ്പളം വെട്ടിക്കുറയ്ക്കല്‍, കൂലിയും പെന്‍ഷനും മരവിപ്പിക്കല്‍, വിരമിക്കല്‍പ്രായം വര്‍ധിപ്പിക്കല്‍ എന്നീ മാര്‍ഗങ്ങളാണ് അവലംബിച്ചത്. അതിന്റെ ഭാരമാകെ ജനങ്ങളുടെ തലയില്‍ വീണു. സമാനമായ അവസ്ഥയിലുള്ള പോര്‍ച്ചുഗല്‍, സ്പെയിന്‍, അയര്‍ലന്‍ഡ്, ഇറ്റലി സര്‍ക്കാരുകളും പിന്നാലെ ബ്രിട്ടനും ജര്‍മനിയും ഇതേവഴി സ്വീകരിച്ചു.

ചെലവ് ചുരുക്കുക എന്നാല്‍, ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക എന്നതാണ്. പ്രതിസന്ധിയുടെ ഭാരമാകെ വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളുടെയും ദരിദ്രരുടെയും മേലാണ് പതിക്കുന്നത്. ഒഇസിഡി രാജ്യങ്ങളിലെ ശരാശരി തൊഴിലില്ലായ്മനിരക്ക് 2008ലെ ആറ് ശതമാനത്തില്‍നിന്ന് 2009ല്‍ ഏകദേശം ഒമ്പത് ശതമാനമായി ഉയര്‍ന്നു; 2010 ഏപ്രില്‍വരെ 8.7 ശതമാനമായി തുടരുകയാണ്. ഇതെല്ലാം ചേര്‍ന്ന് യൂറോപ്പിലുടനീളം വമ്പിച്ച പ്രതിഷേധത്തിന് തിരികൊളുത്തി. പ്രക്ഷോഭങ്ങളും പണിമുടക്കുകളും തുടരുകയാണ്. ഇന്നത്തെ ഭീതിദമായ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് ഐഎല്‍ഒയുടെ വിലയിരുത്തല്‍. ഈ പ്രതിസന്ധിയും വഷളാകുന്ന തൊഴിലില്ലായ്മയും യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്രവലതുപക്ഷ വംശീയശക്തികളുടെ വളര്‍ച്ചയ്ക്ക് വളമിടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

അപകടകരമായ അവസ്ഥ കാണാതെ, ആഗോളവല്‍ക്കരണത്തിന് ആധാരമായ സാമ്പത്തികക്രമത്തെ സംരക്ഷിക്കുന്നതിനും നവലിബറല്‍ നയങ്ങള്‍ തുടരുന്നതിനുമാണ് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പിന്തുണയോടെ സാമ്രാജ്യത്വരാജ്യങ്ങള്‍ പരിശ്രമിക്കുന്നത്. എന്നാല്‍, അത്തരം ശ്രമങ്ങളെ തകര്‍ക്കുന്ന പ്രക്ഷോഭവേലിയേറ്റം യൂറോപ്പിനെ ഗ്രസിച്ചിരിക്കുന്നു. ഈ അലയടിക്കുന്ന ജനവികാരം നവലിബറല്‍ മുതലാളിത്തത്തിനെതിരായ ബദലുകള്‍ക്കുവേണ്ടിയുള്ള സമരത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് ചൂണ്ടിക്കാട്ടുന്നത്. ഐഎല്‍ഒയുടെ മുന്നറിയിപ്പ് ജനകീയപ്രക്ഷോഭത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ അണിനിരത്താന്‍ കാരണമാകും. നവലിബറല്‍ നയങ്ങളെ ജനസാമാന്യം രോഷത്തോടെ തൂത്തെറിയുന്നതിന്റെ തുടക്കമാണ് യൂറോപ്പില്‍നിന്നുള്ള വാര്‍ത്തകള്‍.

ദേശാഭിമാനി മുഖപ്രസംഗം 04102010

മരുന്നും മനോരമയും

ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഉത്തേജക 'മരുന്ന്' വിതരണം ചെയ്യുന്ന ദൌത്യം മനോരമയ്ക്കാണ്. ഇത്തവണ കരുതിവെച്ച രണ്ട് 'മരുന്നുകള്‍' ചീറ്റിപ്പോയി. ലോട്ടറിയും കള്ളും. ഗ്രൂപ്പിസത്തിലും ഘടകകക്ഷികളുടെ തമ്മിലടിയിലും ആടിയുലയുന്ന യുഡിഎഫിന്റെ തകര്‍ച്ചയില്‍ ഉല്‍ക്കണ്ഠയുള്ള മനോരമ ഇപ്പോള്‍ ഒളി ക്യാമറകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒടുവില്‍ ഒളിക്യാമറയിലൂടെ കണ്ടെത്തിയത് മരുന്നുകളുടെ വന്‍ ശേഖരമാണ്. എങ്കില്‍ മരുന്ന് തന്നെ യുഡിഎഫിന് മരുന്നാകട്ടെ എന്നായി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അഭൂതപൂര്‍വമായ തോതില്‍ മരുന്ന് കെട്ടിക്കിടക്കുന്നുവെന്നും ഇത് സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്നും ആണ് മനോരമയുടെ യുഡിഎഫിന് വേണ്ടിയുള്ള ഉല്‍ക്കണ്ഠ. ആശുപത്രികളിലെ സ്റ്റോര്‍ റൂമുകളിലും പരിസരത്തും സുക്ഷിച്ച മരുന്ന്പെട്ടികള്‍ ഒളി ക്യാമറയിലൂടെ പകര്‍ത്തിയാണ് ആശുപത്രികളിലെ മരുന്നുകൂമ്പാരത്തെ കുറിച്ച് പറയുന്നത്.

ഇങ്ങിനെ ചിത്രീകരിച്ച മനോരമ അറിയാതെ ഒരു സത്യം സമ്മതിക്കുകയാണ്. നാല് വര്‍ഷം മുമ്പ് മുമ്പ് മരുന്നും ഡോക്ടറും അടിസ്ഥാന സൌകര്യങ്ങളുമില്ലാതെ തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യ രംഗം ഇന്ന് കരുത്തിന്റെ പാതയിലാണെന്ന്. മരുന്ന് സംഭരണവും വിതരണവും അഴിമതിയില്‍ മുങ്ങിക്കുളിച്ച കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമായ സംഭരണ-വിതരണ സംവിധാനത്തിലൂടെ കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തൊട്ട് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെ അവശ്യമരുന്നുകള്‍ യഥേഷ്ടം ലഭ്യമാക്കിയിരിക്കുകയാണ്. ഇത് മാന്ത്രിക വിദ്യയല്ല. ഒരു ഗവര്‍മെന്റിന്റെ ഇഛാശക്തിയുടെ പ്രതിഫലനമാണ്. നാല് പതിറ്റാണ്ടിലേറെ കുത്തഴിഞ്ഞ നിലയിലായിരുന്ന ഒരു സംവിധാനത്തെയാണ് അടിമുടി അഴിച്ചുപണിത് ഇന്നത്തെ നിലയിലാക്കിയത്.

ഇതിനായി രൂപീകരിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെ തകര്‍ക്കാന്‍ മനോരമയും മരുന്നുമാഫിയയും നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് ബാലാരിഷ്ടതകള്‍ വിട്ടുമാറുംമുമ്പേ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായി കോര്‍പ്പറേഷന്‍ മാറിയത്. ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും അടുത്ത മൂന്നു മാസത്തേക്കുള്ള മരുന്നാണ് സ്റ്റോക്ക് ചെയ്തിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സ്ഥിതിയെന്തായിരുന്നുവെന്ന് മനോരമയുടെ പഴയ താളുകള്‍ നോക്കിയാല്‍ മനസ്സിലാവും. മുറിവ് വെച്ച് കെട്ടാന്‍ പഞ്ഞി പോലുമില്ലെന്ന പഴയ കാലം മാറി. ഇങ്ങിനെ വരുമ്പോള്‍ പുതിയ പ്രശ്നങ്ങള്‍ സ്വാഭാവികം. വാങ്ങിക്കുന്ന മരുന്നുകള്‍ സംഭരിക്കുന്നതിനുള്ള മുന്‍കാല സംവിധാനങ്ങളും തികച്ചും അപര്യാപ്തമായിരുന്നു. ഇത് പരിഹരിക്കുന്നതിന് ഓരോ ജില്ലയിലും വെയര്‍ഹൌസ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കോര്‍പ്പറേഷന്‍. കണ്ണൂരില്‍ കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു. ഓരോ ആശുപത്രിയിലും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ തുടങ്ങി. ഇതിനിടയിലാണ് മനോരമയുടെ ഒളി ക്യാമറ പ്രയോഗം.

ഏതാനും ആഴ്ച മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ഒളിക്യാമറ പ്രയോഗം ചീറ്റിപ്പോയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പഴയ കഥ പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്. മരുന്ന് സംഭരണത്തിന്റെയും വിതരണത്തിന്റെയും മറവില്‍ നടന്ന പ്രതിവര്‍ഷം 50 കോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് ഇല്ലാതാക്കിയത്. മരുന്ന് സംഭരണത്തിന്റെ ചുമതലക്കാരുടേയും ഇടനിലക്കാരുടേയും കീശകള്‍ വീര്‍ത്തപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികള്‍ ശൂന്യമായി. നടത്തിപ്പുകാര്‍ മണിമാളികകളും റിസോര്‍ട്ടുകളും എസ്റ്റേറ്റുകളും വാങ്ങിക്കൂട്ടി. കഴിഞ്ഞ നാല് വര്‍ഷമായി ഈ തുക കൂടി പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ചികല്‍സ തേടിയെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യമായി മരുന്ന് ലഭ്യമാക്കി.

സെന്‍ട്രല്‍ പര്‍ച്ചേയ്സ് കമ്മിറ്റിയിലൂടെ സംസ്ഥാനത്ത് പ്രതിവര്‍ഷം 100 മുതല്‍ 120 കോടി രൂപയുടെ മരുന്നും അനുബന്ധ ഉപകരണങ്ങളുമാണ് വാങ്ങിയിരുന്നത്. ഇതിന് പുറമെ ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 50 കോടിയോളം രൂപയുടെ മരുന്നും വാങ്ങിയിരുന്നു. എന്നാല്‍ പാവപ്പെട്ട രോഗികള്‍ക്ക് 100 കോടി രൂപയുടെ ഗുണം പോലും ലഭിക്കാറില്ല.

അത്യന്തം വിചിത്രമായ രീതിയിലാണ് 2006 വരെ മരുന്ന് വാങ്ങിവന്നിരുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തൊട്ട് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ തൊട്ടു മുന്‍ വര്‍ഷം വാങ്ങിയ മരുന്നിന്റെ പത്ത് ശതമാനം കൂടതല്‍ കണക്കാക്കി നടപ്പു വര്‍ഷം വാങ്ങുകയെന്നതാണ് രീതി. ഇതനുസരിച്ച് ജില്ലാതലത്തില്‍ ലിസ്റ്റ് തയ്യാറാക്കി സെന്‍ട്രല്‍ പര്‍ച്ചേയ്സ് കമ്മിറ്റിക്ക് നല്‍കും. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ മരുന്ന് പൂര്‍ണ്ണമായും ഉപയോഗിച്ചിരുന്നുവോ, ബാക്കിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. ഇതില്‍ 20 മുതല്‍ 30 ശതമാനം വരെ ഇനം മരുന്നുകള്‍ തീരെ ചെലവായിട്ടുണ്ടാവില്ലെങ്കിലും വീണ്ടും വാങ്ങിക്കൂട്ടും. അതേസമയം, കൂടുതല്‍ ചെലവാകുന്ന മരുന്നുകള്‍ വാങ്ങുകയുമില്ല. ഇത് ആശുപത്രികളില്‍ മരുന്ന് ക്ഷാമത്തിനും ഇടയാക്കിയിരുന്നു. മരുന്നുകമ്പനികളുടെ ഇടനിലക്കാര്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നല്‍കുന്ന കോഴയുടെ കനം കൂടി നോക്കിയായിരിക്കും മരുന്നുകളുടെ ഇന്‍ഡന്റ് തയ്യാറാക്കുക. ഒരു വര്‍ഷത്തേക്കുള്ള മരുന്നിന് ഒന്നിച്ച് ഓര്‍ഡര്‍ കൊടുക്കുന്നതാണ് സിപിസി രീതി. ഇത് നാല് ക്വാര്‍ട്ടറുകളായി കമ്പനികള്‍ വിതരണം ചെയ്യണമെന്നാണ് ചട്ടം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മരുന്നിന് ഈ വര്‍ഷം ജനുവരിയില്‍ തന്നെ ഓര്‍ഡര്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇത് അകാരണമായി നീട്ടും. ഇങ്ങിനെ മെയ് 15 ആവുമ്പോള്‍ മാത്രമേ രജിസ്ട്രേഷന്‍, ടെണ്ടര്‍, പരിശോധന എന്നിവ പൂര്‍ത്തിയാക്കിയ ശേഷം മരുന്നിന് ഓര്‍ഡര്‍ നല്‍കൂ. ഇങ്ങിനെ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ച് മരുന്ന് ലഭിക്കുമ്പോഴേക്കും ആദ്യ ക്വാര്‍ട്ടര്‍ കഴിയും ചുരുക്കത്തില്‍ മരുന്ന് കിട്ടാന്‍ മൂന്ന് മാസത്തെ കാലതാമസം ഓരോ ക്വാര്‍ട്ടറിലും ഉണ്ടാവും. ഈ കൃത്രിമമായ കാലതാമസവും കൃത്രിമ മരുന്ന്ക്ഷാമത്തിനും അതുവഴി അഴിമതിക്കും ഇടയാക്കിയിരുന്നു.

കമ്പനികള്‍ നല്‍കുന്ന മരുന്നിന്റെ കണക്ക് അതത് സമയം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ കൃത്രിമ വീഴ്ച വരുത്തിയാണ് മറ്റൊരുവെട്ടിപ്പ്. ബന്ധപ്പെട്ടവര്‍ക്ക് കാണിക്ക വെച്ചാല്‍ മാത്രമേ മരുന്നിന്റ കണക്ക് നല്‍കൂ. കണക്ക് കിട്ടിയാല്‍ മാത്രമേ കമ്പനികള്‍ക്ക് കാശ് കിട്ടൂ. മരുന്ന് നല്‍കി 30 ദിവസത്തിനുള്ളില്‍ കാശ് നല്‍കണമെന്ന വ്യവസ്ഥയാണ് ഇതുവഴി അട്ടിമറിക്കുന്നത്. കാശ് കിട്ടാന്‍ കമ്പനി ഇടനിലക്കാരെ നിയോഗിക്കും. താഴെ തട്ട് മുതല്‍ മേലോട്ട് വരെ ഈ ഇടനിലക്കാര്‍ മുഖേന വിഹിതം നല്‍കണം. ഓരോ കമ്പനികളും ടെണ്ടറില്‍ പങ്കെടുക്കുമ്പോള്‍ ഇതെല്ലാം കണക്കിലെടുത്താവും ക്വട്ടേഷന്‍ നല്‍കുക. അതായത് കമ്പനികള്‍ക്ക് യഥാര്‍ഥത്തില്‍ മരുന്ന് നല്‍കാന്‍ കഴിയുന്ന വിലയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ കൂടുതല്‍ ക്വാട്ട് ചെയ്യും.

ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ മിക്കപ്പോഴും സിപിസി മുഖേന വാങ്ങില്ല. ഇങ്ങിനെ വരുമ്പോഴും ലോക്കല്‍ പര്‍ച്ചേയ്സിനെ ആശ്രയിക്കും. അതല്ലെങ്കില്‍ ആശുപത്രികള്‍ക്ക് പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങും. ഈ വഴിയിലൂടെയും കോടികളുടെ ക്രമക്കേടാണ് നടന്നിരുന്നത്. ഇതെല്ലാം തടഞ്ഞ് തികച്ചും സുതാര്യമായ രീതിയിലാണ് മൂന്ന് വര്‍ഷമായികോര്‍പ്പറേഷന്റെ പ്രവര്‍ത്തനം. മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വിപുലമായ ക്രമീകരണങ്ങള്‍ വരുത്തി. ഇതിന്റെയെല്ലാം ഗുണഫലങ്ങളാണ് ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കുന്നത്. പാവങ്ങളെ സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ കാണാന്‍ മനോരമക്ക് കണ്ണില്ലാതെപോയി.
(എം രഘുനാഥ്)

deshabhimani 04102010