Monday, October 4, 2010

യൂറോപ്പിനെ 'ഗ്രസിക്കുന്ന' ജനകീയമുന്നേറ്റം

ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും ഭാണ്ഡംപേറി നടക്കുന്നവരെ നോക്കി കൊഞ്ഞനംകുത്തുന്ന വാര്‍ത്തയാണ് അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐഎല്‍ഒ)യുടെ നാവില്‍നിന്ന് കഴിഞ്ഞദിവസം പുറത്തുവന്നത്. ലോകത്താകെ 2.2 കോടി തൊഴില്‍ പുതുതായുണ്ടാകണമെന്നും അതില്‍ 140 ലക്ഷം വികസിതരാജ്യങ്ങളിലാകണമെന്നുമാണ് ഐഎല്‍ഒ പറയുന്നത്. അങ്ങനെ ഉണ്ടാകാനുള്ള സാഹചര്യം നിലവിലില്ല. സാമ്പത്തിക പ്രതിസന്ധിയോടെ തകര്‍ന്ന തൊഴില്‍രംഗം 2013 ആകുമ്പോള്‍ പൂര്‍വസ്ഥിതിയിലാകുമെന്ന കണക്കുകൂട്ടല്‍ പാടെ തെറ്റിയിരിക്കുന്നു. തൊഴിലില്ലായ്മ കടുത്ത സാമൂഹിക അസ്വസ്ഥതകളിലേക്ക് ലോകത്തെ നയിക്കുമെന്നും ഐഎല്‍ഒ ഭയപ്പെടുന്നു. 25 രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ അസ്വസ്ഥത പുകയുകയാണ്. അതിനിയും വ്യാപിക്കും.

1930കളിലെ മഹാമാന്ദ്യത്തിനുശേഷമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി അവര്‍ണനീയവും അസാധാരണവുമായ കുഴപ്പങ്ങളിലേക്കാണ് ആഗോള മുതലാളിത്തവ്യവസ്ഥയെ നയിക്കുന്നത്. അമേരിക്കമാത്രമല്ല, യൂറോപ്പും അതിഗുരുതരമായ പ്രതിസന്ധിയിലാണിന്ന്. ഗ്രീസിലാണ് യൂറോപ്യന്‍ പ്രതിസന്ധിക്ക് തുടക്കംകുറിച്ചത്. പോര്‍ച്ചുഗലിലും അയര്‍ലന്‍ഡിലും പടര്‍ന്ന അത്, തടുത്തുനിര്‍ത്താനാകാത്ത പ്രതിഭാസമായി ഇതര രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുന്നു. സ്പെയിനില്‍, ലിത്വാനിയയില്‍, സ്ളോവേനിയയില്‍... അസ്വസ്ഥത അനുദിനം വഷളാകുന്നു.

ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതം ഗ്രീസിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചു. വളര്‍ച്ച ഇടിഞ്ഞു; സര്‍ക്കാരിന്റെ വരുമാനം ശുഷ്കിച്ചു; ധനകമ്മിയും പൊതുകടവും വളര്‍ന്നു. കടംകയറിയ ഗ്രീസ് 11,000 കോടി യൂറോയുടെ (6,74,250 കോടി രൂപ) അന്താരാഷ്ട്രസഹായത്തിന് കെഞ്ചേണ്ട സ്ഥിതിയിലായി. പണം തരൂ, പകരം നാട്ടില്‍ കര്‍ക്കശമായ ചെലവ് ചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കാമെന്ന് യൂറോപ്യന്‍ യൂണിയനുമായും ഐഎംഎഫുമായും ഗ്രീക്ക് ഭരണാധികാരികള്‍ കരാറിലേര്‍പ്പെട്ടു. പരോക്ഷനികുതിവര്‍ധന, ശമ്പളം വെട്ടിക്കുറയ്ക്കല്‍, കൂലിയും പെന്‍ഷനും മരവിപ്പിക്കല്‍, വിരമിക്കല്‍പ്രായം വര്‍ധിപ്പിക്കല്‍ എന്നീ മാര്‍ഗങ്ങളാണ് അവലംബിച്ചത്. അതിന്റെ ഭാരമാകെ ജനങ്ങളുടെ തലയില്‍ വീണു. സമാനമായ അവസ്ഥയിലുള്ള പോര്‍ച്ചുഗല്‍, സ്പെയിന്‍, അയര്‍ലന്‍ഡ്, ഇറ്റലി സര്‍ക്കാരുകളും പിന്നാലെ ബ്രിട്ടനും ജര്‍മനിയും ഇതേവഴി സ്വീകരിച്ചു.

ചെലവ് ചുരുക്കുക എന്നാല്‍, ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക എന്നതാണ്. പ്രതിസന്ധിയുടെ ഭാരമാകെ വികസിത മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികളുടെയും ദരിദ്രരുടെയും മേലാണ് പതിക്കുന്നത്. ഒഇസിഡി രാജ്യങ്ങളിലെ ശരാശരി തൊഴിലില്ലായ്മനിരക്ക് 2008ലെ ആറ് ശതമാനത്തില്‍നിന്ന് 2009ല്‍ ഏകദേശം ഒമ്പത് ശതമാനമായി ഉയര്‍ന്നു; 2010 ഏപ്രില്‍വരെ 8.7 ശതമാനമായി തുടരുകയാണ്. ഇതെല്ലാം ചേര്‍ന്ന് യൂറോപ്പിലുടനീളം വമ്പിച്ച പ്രതിഷേധത്തിന് തിരികൊളുത്തി. പ്രക്ഷോഭങ്ങളും പണിമുടക്കുകളും തുടരുകയാണ്. ഇന്നത്തെ ഭീതിദമായ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് ഐഎല്‍ഒയുടെ വിലയിരുത്തല്‍. ഈ പ്രതിസന്ധിയും വഷളാകുന്ന തൊഴിലില്ലായ്മയും യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്രവലതുപക്ഷ വംശീയശക്തികളുടെ വളര്‍ച്ചയ്ക്ക് വളമിടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

അപകടകരമായ അവസ്ഥ കാണാതെ, ആഗോളവല്‍ക്കരണത്തിന് ആധാരമായ സാമ്പത്തികക്രമത്തെ സംരക്ഷിക്കുന്നതിനും നവലിബറല്‍ നയങ്ങള്‍ തുടരുന്നതിനുമാണ് അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പിന്തുണയോടെ സാമ്രാജ്യത്വരാജ്യങ്ങള്‍ പരിശ്രമിക്കുന്നത്. എന്നാല്‍, അത്തരം ശ്രമങ്ങളെ തകര്‍ക്കുന്ന പ്രക്ഷോഭവേലിയേറ്റം യൂറോപ്പിനെ ഗ്രസിച്ചിരിക്കുന്നു. ഈ അലയടിക്കുന്ന ജനവികാരം നവലിബറല്‍ മുതലാളിത്തത്തിനെതിരായ ബദലുകള്‍ക്കുവേണ്ടിയുള്ള സമരത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് ചൂണ്ടിക്കാട്ടുന്നത്. ഐഎല്‍ഒയുടെ മുന്നറിയിപ്പ് ജനകീയപ്രക്ഷോഭത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ അണിനിരത്താന്‍ കാരണമാകും. നവലിബറല്‍ നയങ്ങളെ ജനസാമാന്യം രോഷത്തോടെ തൂത്തെറിയുന്നതിന്റെ തുടക്കമാണ് യൂറോപ്പില്‍നിന്നുള്ള വാര്‍ത്തകള്‍.

ദേശാഭിമാനി മുഖപ്രസംഗം 04102010

4 comments:

  1. ആഗോളവല്‍ക്കരണത്തിന്റെയും നവലിബറല്‍ നയങ്ങളുടെയും ഭാണ്ഡംപേറി നടക്കുന്നവരെ നോക്കി കൊഞ്ഞനംകുത്തുന്ന വാര്‍ത്തയാണ് അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐഎല്‍ഒ)യുടെ നാവില്‍നിന്ന് കഴിഞ്ഞദിവസം പുറത്തുവന്നത്. ലോകത്താകെ 2.2 കോടി തൊഴില്‍ പുതുതായുണ്ടാകണമെന്നും അതില്‍ 140 ലക്ഷം വികസിതരാജ്യങ്ങളിലാകണമെന്നുമാണ് ഐഎല്‍ഒ പറയുന്നത്. അങ്ങനെ ഉണ്ടാകാനുള്ള സാഹചര്യം നിലവിലില്ല. സാമ്പത്തിക പ്രതിസന്ധിയോടെ തകര്‍ന്ന തൊഴില്‍രംഗം 2013 ആകുമ്പോള്‍ പൂര്‍വസ്ഥിതിയിലാകുമെന്ന കണക്കുകൂട്ടല്‍ പാടെ തെറ്റിയിരിക്കുന്നു. തൊഴിലില്ലായ്മ കടുത്ത സാമൂഹിക അസ്വസ്ഥതകളിലേക്ക് ലോകത്തെ നയിക്കുമെന്നും ഐഎല്‍ഒ ഭയപ്പെടുന്നു. 25 രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ അസ്വസ്ഥത പുകയുകയാണ്. അതിനിയും വ്യാപിക്കും.

    ReplyDelete
  2. can u explain "nava liberal nayangal" ?

    ReplyDelete
  3. ഒറ്റവാചകത്തില്‍ ഉത്തരം പറയാവുന്ന വിഷയമല്ല ഇത്. ഈ ലേഖനം വായിക്കുക. http://workersforum.blogspot.com/2009/04/blog-post_26.html (കെയിനീഷ്യനിസമോ മാർൿസിസമോ?) നവലിബറല്‍ എന്ന വാക്ക് വെച്ച് സെര്‍ച്ച് ചെയ്താല്‍ വേറെയും കുറെ കിട്ടും. http://workersforum.blogspot.com/2008/11/blog-post_22.html ഇതും നോക്കാം. ഇത്തിരി വലിയ ലേഖനങ്ങളാണ്.

    ReplyDelete
  4. മാഡ്രിഡ്: വിമാന ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് നിശ്ചലമായ സ്പെയിനിന്റെ വ്യോമഗതാഗതം സൈന്യം ഏറ്റെടുത്തു. പ്രധാന വിമാനത്താവളങ്ങളെല്ലാം പണിമുടക്ക് ആരംഭിച്ചപ്പോള്‍ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ദേശീയ സര്‍വ്വീസായ ഇബേരിയ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നുള്ള മുഴുവന്‍ സര്‍വ്വീസുകളും റദ്ദാക്കി. പണിമുടക്കവസാനിപ്പിക്കാനുളള നിര്‍ദേശം ജീവനക്കാര്‍ തള്ളിയതിനാലാണ് സൈന്യം ചുമതലയേറ്റതെന്ന് ഡപ്യൂട്ടി പ്രധാനമന്ത്രി ആല്‍ഫ്രഡോ പെരസ് റബല്‍കാബ പറഞ്ഞു. ജീവനക്കാര്‍ക്തിെരെ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. (ദേശാഭിമാനി 051210)

    ReplyDelete