Tuesday, September 28, 2010

യഥാര്‍ഥ ഇന്ത്യ മതിലിനപ്പുറം

കോമണ്‍‌വെല്‍ത്ത് ഗെയിംസിനെത്തുന്ന വിദേശികളുടെ കണ്ണില്‍നിന്ന് ഇന്ത്യയുടെ ജീവിതയാഥാര്‍ഥ്യം മറയ്ക്കാന്‍ ഡല്‍ഹിയില്‍ കൂറ്റന്‍ മതിലുകള്‍ ഉയരുന്നു. തലസ്ഥാന നഗരിയിലെ ചേരികള്‍ക്കു മുന്നിലാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും തകരഷീല്‍ഡുകളും നിരത്തുന്നത്. ഗെയിംസ് വേദികളിലേക്കുള്ള വഴിയുടെ ഇരുവശത്തും കിലോമീറ്ററുകള്‍ നീളത്തിലാണ് മതിലുകള്‍ ഉയര്‍ത്തിയത്. ഗെയിംസ് കഴിയുന്നതുവരെ റോഡില്‍ ഇറങ്ങരുതെന്ന് ചേരിനിവാസികള്‍ക്ക് പൊലീസ് കല്‍പ്പന നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഡല്‍ഹിയില്‍ കഴിയുന്നവരടക്കം ആയിരക്കണക്കിന് തൊഴിലാളികളെയും വീട്ടുജോലിക്കാരെയും പൊലീസ് നാടുകടത്തിയിരുന്നു. ഗെയിംസ് അവസാനിക്കുന്നതു വരെ മടങ്ങിയെത്തരുതെന്ന് താക്കീത് നല്‍കിയാണ് ഇവരെ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്.

വിദേശികളെ സന്തോഷിപ്പിക്കാന്‍ തങ്ങളുടെ ജീവിതം ചവിട്ടിമെതിക്കുന്നതിനെതിരെ സാധാരണക്കാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ്. ചേരികള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പലതും ജനങ്ങള്‍ വലിച്ചുകീറി. ന്യൂഡല്‍ഹിയിലെ റോഡുകളില്‍ ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിംസ് വേദികള്‍ക്കു സമീപം കാല്‍നടയാത്ര പോലും നിരോധിച്ചു. അതിനിടെ, ഗെയിംസിനായുള്ള പ്രത്യേകപാത തുറന്നതോടെ ഡല്‍ഹിയില്‍ സാധാരണക്കാരുടെ യാത്ര ദുഃസഹമായി. 17 ഗെയിംസ് വേദികളെ ബന്ധിപ്പിച്ച് താരങ്ങള്‍ക്കും സംഘാടകര്‍ക്കും യാത്ര ചെയ്യാനാണ് റോഡിന്റെ ഒരു ഭാഗം നീക്കിവച്ചത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ഇതുവഴി മറ്റ് വാഹനങ്ങള്‍ നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ടായിരം രൂപ പിഴയിടും. നഗരത്തില്‍ ഓടിയിരുന്ന സ്വകാര്യ ബസുകള്‍ ഗെയിംസ് കഴിയുന്നതുവരെ നിര്‍ത്തലാക്കി. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളും ഗെയിംസിനായി നീക്കിവച്ചതോടെ ജനങ്ങള്‍ വലഞ്ഞു.

വാഗ്പോര് മുറുകുന്നു; പണി തീരുന്ന കാര്യം സര്‍ക്കാരിനും ഉറപ്പില്ല

വിവാദച്ചുഴയില്‍ വട്ടമകറങ്ങുന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട ബാധ്യതയില്‍നിന്ന് സര്‍ക്കാരും സംഘാടകരും ഒഴിഞ്ഞുമാറുന്നു. ഗെയിംസ് വില്ലേജിലെ നിര്‍മാണജോലികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുറന്നുപറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയും ഇത് ശരിവച്ചു. ട്രാക്കുണരാന്‍ ആറുദിനം മാത്രമുള്ളപ്പോഴും തയ്യാറെടുപ്പുകള്‍ എങ്ങുമെത്താത്തതില്‍ അമര്‍ഷം പൂണ്ട ഗെയിംസ് ഫെഡറേഷനും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ പഴിചാരലും വാഗ്പോരും രൂക്ഷമായി. ലോകോത്തരമെന്ന് അവകാശപ്പട്ട് തുറന്നുകൊടുത്ത ഗെയിംസ് വില്ലേജിലെ വൃത്തികേടുകള്‍ക്കെതിരെ ഏറെ പരാതി ഉയര്‍ന്നതോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞയാഴ്ച നേരിട്ട് ചുമതല ഏറ്റെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷീലയും മകനും സ്ഥലം എംപിയുമായ സന്ദീപ് ദീക്ഷിതും വില്ലേജിലെത്തി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, താരങ്ങള്‍ക്കുള്ള ഫ്ളാറ്റുകളില്‍ പകുതി മാത്രമാണ് പൂര്‍ത്തിയായത്. ബുധനാഴ്ചയോടെ എല്ലാ പണിയും പൂര്‍ത്തിയാകുമെന്ന് ഷീലാ ദീക്ഷിത് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിന് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയത്. നിര്‍മാണജോലികള്‍ സമയത്ത് പൂര്‍ത്തിയാകാത്തത് ഡല്‍ഹി ഡെവല്പ്മെന്റ് അതോറിറ്റിയുടെയും (ഡിഡിഎ) കരാര്‍ ഏറ്റെടുത്ത ബില്‍ഡേഴ്സിന്റെയും വീഴ്ചയാണെന്നും ഷീല പഴിചാരി.

കേന്ദ്ര നഗരവിസന മന്ത്രാലയത്തിന് കീഴിലാണ് ഡിഡിഎ. തയ്യാറെടുപ്പുകള്‍ അനന്തമായി നീളവേ കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സിഇഒ മൈക്ക് ഹൂപ്പറാണ് കേന്ദ്രസര്‍ക്കാരിനും ഏജന്‍സികള്‍ക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗം കൊഴുപ്പിച്ചത്. ഡല്‍ഹിയിലെ ജനപ്പെരുപ്പമാണ് ഗെയിംസിന് ഗതാഗത സൌകര്യമൊരുക്കുന്നതിനും മറ്റും വലിയ പ്രതിസന്ധിയായതെന്നാണ് ഹൂപ്പര്‍ വെടിപൊട്ടിച്ചത്. ഇതിനെതിരെ ഷീല ദീക്ഷിത് പ്രതികരിച്ചെങ്കിലും ഹൂപ്പര്‍ക്ക് പിന്തുണയുമായി ഫെഡറേഷന്‍ മേധാവി മൈക്ക് ഫെന്നല്‍ രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിനെതിരെ ഹൂപ്പര്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അനാവശ്യമായ ആക്രമണമാണ് നടക്കുന്നതെന്നും ഫെഡറേഷന്‍ മേധാവി മൈക്ക് ഫെന്നല്‍ പറഞ്ഞു. ഗെയിംസ് വേദികള്‍ യഥാസമയം കൈമാറേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യമാണ് ഹൂപ്പര്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹത്തിന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്നും ഫെന്നല്‍ പറഞ്ഞു. ഇതോടെ, ഇന്ത്യയുടെ അഭിമാനം തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും ഗെയിംസ് എങ്ങനെയെങ്കിലും നടത്താനാണ് ശ്രമിക്കുന്നതെന്നുമാണ് ഹുപ്പര്‍ തുറന്നടിച്ചു. തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഗെയിംസ് വില്ലേജില്‍ ചേര്‍ന്ന യോഗത്തിലാണ് ഹൂപ്പര്‍ വിവാദ പരാമര്‍ശം നടത്തിയത്. തന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘാടകസമിതിയുടെ പിടിപ്പുകേടിനെതിരെ സ്കോട്ട്‌ലന്‍ഡ് ടീം മേധാവി ജോണ്‍ ഡോയ്ഗും വിമര്‍ശനമുയര്‍ത്തി. ഗെയിംസ് വില്ലേജില്‍ തിരക്കിട്ട ജോലികള്‍ തുടരുന്നതിനിടെ സ്കോട്ട്ലന്‍ഡിന്റെയും വെയില്‍സിന്റെയും ആദ്യസംഘം ഗെയിംസ് വില്ലേജിലെത്തി. ഇംഗ്ളണ്ട്, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 550 താരങ്ങളാണ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയത്.
(വിജേഷ് ചുടല്‍)

ഉദ്ഘാടനത്തെച്ചൊല്ലി തകര്‍ക്കം മുറുകുന്നു

ഡല്‍ഹി കോമണ്‍‌വെല്‍ത്ത് ഗെയിംസ് ആര് ഉദ്ഘാടനംചെയ്യണം എന്നതിനെച്ചൊല്ലി ഇന്ത്യയും ബ്രിട്ടനും തമ്മില്‍ തര്‍ക്കം മുറുകുന്നു. രാഷ്ട്രപതി പ്രതിഭ പാട്ടീലും ചാള്‍സ് രാജകുമാരനും സംയുക്തമായി ഗെയിംസ് ഉദ്ഘാടനം ചെയ്യണമെന്ന നിലപാടിലാണ് ഇന്ത്യ. എന്നാല്‍, ചാള്‍സ് രാജകുമാരന്‍ മാത്രം ഗെയിംസ് ഉദ്ഘാടനം ചെയ്യണമെന്നതാണ് ബ്രിട്ടന്റെ ആവശ്യം. കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഉദ്ഘാടനം ആരു നടത്തണമെന്ന കാര്യംപോലും നിശ്ചയിക്കാന്‍ സംഘാടകര്‍ക്കു കഴിയാത്തത്.

കീഴ്വഴക്കപ്രകാരം ഗെയിംസ് ഉദ്ഘാടനം ചെയ്യേണ്ടത് ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്താണ്. പക്ഷേ, തിരക്കുകാരണം അവര്‍ ഡല്‍ഹിയിലേക്കു വരുന്നില്ല. പകരം പ്രതിനിധിയായാണ് ചാള്‍സ് രാജകുമാരനെ അയക്കുന്നത്. താന്‍ ചെയ്യേണ്ട കടമ നിര്‍വഹിക്കാന്‍വേണ്ടിയാണ് രാജകുമാരനെ രാജ്ഞി അയക്കുന്നതെന്ന് ചാള്‍സ് രാജകുമാരന്റെ വക്താവ് പറഞ്ഞു. രാജ്ഞിയുടെ അഭാവത്തില്‍ പ്രതിനിധിയായി എത്തുന്നയാള്‍ ഗെയിംസ് ഉദ്ഘാടനം ചെയ്യുകയാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഗെയിംസ് പ്രതിഭ പാട്ടീല്‍ ഉദ്ഘാടനം ചെയ്യണമെന്ന കാര്യം സംഘാടകസമിതി ഇതുവരെ അറിയിച്ചിട്ടില്ലെന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു.

ദേശാഭിമാനി 28092010

2 comments:

  1. കോമണ്‍‌വെല്‍ത്ത് ഗെയിംസിനെത്തുന്ന വിദേശികളുടെ കണ്ണില്‍നിന്ന് ഇന്ത്യയുടെ ജീവിതയാഥാര്‍ഥ്യം മറയ്ക്കാന്‍ ഡല്‍ഹിയില്‍ കൂറ്റന്‍ മതിലുകള്‍ ഉയരുന്നു. തലസ്ഥാന നഗരിയിലെ ചേരികള്‍ക്കു മുന്നിലാണ് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും തകരഷീല്‍ഡുകളും നിരത്തുന്നത്. ഗെയിംസ് വേദികളിലേക്കുള്ള വഴിയുടെ ഇരുവശത്തും കിലോമീറ്ററുകള്‍ നീളത്തിലാണ് മതിലുകള്‍ ഉയര്‍ത്തിയത്. ഗെയിംസ് കഴിയുന്നതുവരെ റോഡില്‍ ഇറങ്ങരുതെന്ന് ചേരിനിവാസികള്‍ക്ക് പൊലീസ് കല്‍പ്പന നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഡല്‍ഹിയില്‍ കഴിയുന്നവരടക്കം ആയിരക്കണക്കിന് തൊഴിലാളികളെയും വീട്ടുജോലിക്കാരെയും പൊലീസ് നാടുകടത്തിയിരുന്നു. ഗെയിംസ് അവസാനിക്കുന്നതു വരെ മടങ്ങിയെത്തരുതെന്ന് താക്കീത് നല്‍കിയാണ് ഇവരെ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്.

    ReplyDelete
  2. കഷ്ടം...

    ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ കൂടെയാണ്‌ കാക്കരയും...

    ഗെയിംസ് വില്ലേജ് ശുചികരിക്കാത്തതിൽ മാനക്കേട് തോന്നുന്നവർക്ക്‌ പാവങ്ങളെ നാടുകടത്തുന്നതിൽ നാണക്കേട് തോന്നുന്നില്ലായെന്നതാണ്‌ നമ്മുടെ ശാപം.

    ReplyDelete