Monday, October 4, 2010

മുഖം മുണ്ടിനാല്‍ മൂടിയ കോണ്‍ഗ്രസ്

''വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍,
ക്ഷോണിതവുമണിഞ്ഞയ്യോ ശിവ! ശിവ
!''

എന്ന് വിലാപസ്വരത്തില്‍ പാടിയത് നാം വായിച്ചറിഞ്ഞിട്ടുണ്ട്. ക്ഷോണിതമണിയാതെ വീണുകിടക്കുന്ന, നാണക്കേടുകൊണ്ട് മുഖം മണ്ണില്‍ പൂഴ്ത്തിവെച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. പുറമേ രക്തം കാണാനില്ലെങ്കിലും ഉമ്മന്‍ചാണ്ടി, രമേശ്‌ചെന്നിത്തല മുതല്‍ വി ഡി സതീശന്‍ വരെയുള്ള കെ പി സി സി നേതാക്കളുടെയും ബൂത്ത്തല യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും വിഷാദത്തിന്റെയും നൈരാശ്യത്തിന്റെയും കറുത്ത രക്തം ഒഴുകികൊണ്ടിരിക്കുകയാണ്.
മലര്‍ന്നടിച്ചു വീണാലും മലര്‍ന്നുകിടന്നു തുപ്പാന്‍ പുതുകാലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍ഥരാണ്. ആ സാമര്‍ഥ്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ അനുചരന്‍മാരായ പി ടി തോമസും വി ഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍. സീനിയര്‍ നേതാവ് എന്നവകാശപ്പെടുന്ന ആര്യാടന്‍ മുഹമ്മദും ഈ ഫലിത നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായി എന്നതാണ് മലയാളികളെ അമ്പരപ്പിക്കുന്നത്. പ്രഗത്ഭന്‍മാര്‍ ചിലപ്പോള്‍ ബഫൂണ്‍ വേഷങ്ങളായും അവതരിക്കാറുണ്ടെന്ന് പഴയകാലം പറഞ്ഞുതന്നിട്ടുണ്ടെന്നുള്ളതാണ് ആശ്വാസം.

അഭിഷേക് മനുസിംഗ്‌വി പേരുകേട്ടയാളാണ്. നാടുവാണരുളുന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ നാവാണ്. സോണിയാഗാന്ധിക്ക് പറയാനുളളത് മാലോകരും, അല്ല ലോകംതന്നെയും അറിയുന്നത് അഭിഷേക് സിംഗ്‌വിയുടെയും ജനാര്‍ദ്ദനന്‍ ദ്വിവേദിയുടേയും മനീഷ് തിവാരിയുടേയും നാവിലൂടെയാണ്. പേരു പറഞ്ഞ മൂവരില്‍ മുമ്പനാണ് അഭിഷേക്. ഹൈക്കമാന്‍ഡിനും സോണിയയ്ക്കും പറയാനുള്ളത് അണുവിട വ്യത്യാസമില്ലാതെ, ഇന്ദ്രപ്രസ്ഥത്തിലെ പത്രപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി മനസ്സിലാക്കിക്കുന്നതില്‍ പ്രധാനിയാണ് അദ്ദേഹം. അഭിഷേക് പത്രക്കാരോട് പറയുന്നത് കേട്ട് അതേപടി ആവര്‍ത്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ചെയ്യേണ്ടത്.
പക്ഷേ അഭിഷേക് കെ പി സി സി അധ്യക്ഷ കസേരയില്‍ അഭിഷിക്തനായിരിക്കുന്ന രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് സ്ഥാനം അലങ്കരിക്കുന്ന ഉമ്മന്‍ചാണ്ടിയെയും കുരുക്കഴിയാത്ത കെണിയില്‍പ്പെടുത്തിക്കളഞ്ഞു. ''വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്നപോലെ, മേളമേറ്റും പ്രഭുക്കന്‍മാരെന്ന ഭാവം ചിലര്‍ക്കുണ്ട്'' എന്ന് നന്നായറിയാവുന്ന അഭിഷേക് സിംഗ്‌വി ചെന്നിത്തലയെയും ചാണ്ടിയെയും വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടല്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട് ഒരു ചെയ്ത്തു നടത്തി.

ലോട്ടറി മാഫിയയ്ക്കും ഒറ്റ ലോട്ടറിയ്ക്കും പേപ്പര്‍ ലോട്ടറിയ്ക്കും വേണ്ടി എന്നും നിലകൊണ്ടത് ചെന്നിത്തലയുടേയും ചാണ്ടിയുടേയും കോണ്‍ഗ്രസാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വേളയില്‍, ആയുധരഹിതരായി നിലകൊള്ളുന്ന യു ഡി എഫിന് മുനയില്ലാത്തതാണെങ്കിലും ഒരു അമ്പ് വേണമായിരുന്നൂ. അതിന് ലോട്ടറിയില്‍ ചാരി ഒരു ആക്ഷേപം ഉന്നയിച്ചു. എറിഞ്ഞത് തിരിച്ചു മാറില്‍ പതിക്കുന്ന അവസ്ഥയിലായി പുളയുകയാണ് പാവം കോണ്‍ഗ്രസും പാവം പാവം ചാണ്ടിയും ചെന്നിത്തലയും സതീശനും. വ്യാജ ലോട്ടറി മാഫിയയെ നിയന്ത്രിക്കുവാനും നിരോധിക്കുവാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലാത്ത വിധം കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്തതും പുതിയ ചട്ടങ്ങള്‍ ആവിഷ്‌ക്കരിച്ചതും പലയാവര്‍ത്തി ധനമന്ത്രിയും എല്‍ ഡി എഫ് നേതാക്കളും ചൂണ്ടിക്കാട്ടി. 'കേള്‍ക്കുന്നില്ലല്ലോ, ഞങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ലല്ലോ' എന്ന മട്ടിലായിരുന്നൂ കോണ്‍ഗ്രസ്-യു ഡി എഫ് േനതൃത്വങ്ങള്‍. കേട്ടാലറിയാത്തവര്‍ കൊണ്ടാലറിയും എന്നു പറഞ്ഞതുപോലെ ഇപ്പോള്‍ അവര്‍ എല്ലാം അറിയുന്നു. കയ്യില്‍ പുണ്ണുകാണാന്‍ കണ്ണാടി വേണ്ടെന്ന പ്രമാണം ഓര്‍മ്മിച്ച് അവരാകെ കൈപ്പത്തികള്‍ നിവര്‍ത്തിവെച്ച് പുണ്ണുകണ്ട് വ്യസനിക്കുന്നു.

ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ക്കെതിരായും വ്യാജ ലോട്ടറി മാഫിയയ്‌ക്കെതിരായും മാറുവിരിച്ചു നിന്ന് പൊരുതുന്നവര്‍ തങ്ങള്‍ മാത്രമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുവാനായിരുന്നൂ ചെന്നിത്തലയാദികളുടെ അഭ്യാസ പ്രകടനങ്ങള്‍. ലോട്ടറി മാഫിയയ്ക്കുവേണ്ടി മുന്‍ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം കോടതിയില്‍ വന്ന് വാതോരാതെ വാദിച്ചത് ചെന്നിത്തലമാരും ചാണ്ടിമാരും മറന്നു. ചിദംബരത്തിന് മന്ത്രിക്കസേര കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയതമ നളിനി ചിദംബരം കറുത്ത കോട്ടണിഞ്ഞ് കോടതിയിലെത്തിയതും മറന്നു. മണികുമാര്‍ സുബ്ബ എന്ന ലോട്ടറി മാഫിയാ രാജാവ് കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നതും മറന്നു. മറവി ഒരനുഗ്രഹമാണെന്ന് ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും മറ്റു കോണ്‍ഗ്രസ് നടന്‍മാര്‍ക്കും വ്യക്തമായി അറിയാം.

പക്ഷേ സിംഗ്‌വി പറ്റിച്ചുകളഞ്ഞു. ലോട്ടറി മാഫിയയ്ക്കു വേണ്ടി അഭിഷേക് സിംഗ്‌വി കേരള ഹൈക്കോടതിയിലെത്തി. അന്യ സംസ്ഥാന ലോട്ടറി മാഫിയകള്‍ക്കെതിരായി അതിശക്തമായ നിലപാടെടുക്കുന്ന കേരള സര്‍ക്കാരിനെതിരെ അദ്ദേഹം പോരാടി. മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനു വേണ്ടി സിംഗ്‌വി തുപ്പല്‍ തൊടാതെ വാദിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനൊന്നും അധികാരമില്ലെന്നു സ്ഥാപിച്ചു. ലോട്ടറി മാഫിയയ്ക്ക് അനുകൂലമായ വിധി സമ്മാനിച്ചു കൊടുക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനാണ് അധികാരം എന്നു പറഞ്ഞു നടക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരുടെ മാറില്‍ തളയ്ക്കുന്ന അമ്പാണ് സിംഗ്‌വി എയ്തുവിട്ടത്. 'അമ്പേല്‍ക്കാത്തവരാരുമില്ല' എന്ന മട്ടില്‍ കോണ്‍ഗ്രസ് കൂടാരം പുളയുന്നത് കാണുമ്പോള്‍ അവരാടിയ നാടകത്തെയോര്‍ത്ത് ജനം ചിരിച്ചു മലര്‍ക്കുന്നു.

ലോട്ടറി മാഫിയയ്ക്കായി സിംഗ്‌വി വാദിക്കാന്‍ വന്നത് ചെന്നിത്തലയും പി ടി തോമസും വന്ന അതേ വിമാനത്തില്‍. ഡല്‍ഹിയിലെ വി ഐ പി മുറിയിലിരുന്നു എന്തിനു വരുന്നുവെന്ന് ആരാഞ്ഞറിയുകയും വിവരം അറിഞ്ഞപ്പോള്‍ ചെന്നിത്തല ആനന്ദിക്കുകയും ചെയ്തുപോല്‍.
വിവാദമായപ്പോള്‍ കൊച്ചിയിലേയ്ക്കുള്ള വരവില്‍ സിംഗ്‌വിയെ കണ്ടതേയുളളൂ, ഒന്നും കേട്ടില്ലെന്ന് ചെന്നിത്തല. വിമാനത്താവളത്തില്‍ വെച്ച് എല്ലാം ചോദിച്ചറിഞ്ഞെന്നും മേഘയ്ക്കും സാന്‍ഡിയാഗോയ്ക്കും വേണ്ടി വാദിക്കരുതെന്നും ആവശ്യപ്പെട്ടതായി പി ടി തോമസ്. വിവരങ്ങളാകെ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അപ്പോള്‍ തന്നെ അറിയിച്ചുവെന്നും തോമസ്. പക്ഷേ സിംഗ്‌വി വാദിച്ചു, ലോട്ടറി മാഫിയയ്ക്ക് വിജയം സമ്മാനിച്ചു. എന്നിട്ട് വിജയസ്മിതത്തോടെ മടങ്ങി. എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് കൂത്ത് നടത്തുന്നു. സിനിമകളിലെ ഫലിതങ്ങളേക്കാള്‍ വന്‍ഫലിതങ്ങള്‍ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സൃഷ്ടിക്കുവാനാവും എന്നു തെളിയിക്കുന്നതിന് പ്രത്യേക പുരസ്‌കാരം ഏര്‍പ്പെടുത്തേണ്ടതാണ്.

ഭൂട്ടാന്‍ സര്‍ക്കാരിന്റെ വക്കീലാണ് താനെന്ന് സിംഗ്‌വി അവകാശപ്പെട്ടു. പക്ഷേ ഹോട്ടല്‍ മുറിയിലെ വാസത്തിനും സമൃദ്ധമായ ഭക്ഷണത്തിനും എന്തിന് കുടിവെള്ളത്തിനു പോലും പൈസ നല്‍കിയത് സാന്‍ഡിയോഗോ മാര്‍ട്ടിന്‍. അതു വെളിച്ചത്തായപ്പോള്‍ അഭിഷേക് സിംഗ്‌വിക്കെതിരെ നടപടി വേണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടുപോലും. പ്ലീസ്, ചെന്നിത്തല, ഇങ്ങനെ തമാശ പറഞ്ഞു ചിരിപ്പിക്കുരുത്.

''വേഷങ്ങള്‍ കണ്ടു രസിക്കും ചില ജനം
ഘോഷങ്ങള്‍ കണ്ടു രസിക്കും ചില ജനം
''

എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് ഓര്‍മ്മിച്ച് സമാധാനിക്കാം.

ദിഗംബരന്‍ ജനയുഗം 04102010

1 comment:

  1. മലര്‍ന്നടിച്ചു വീണാലും മലര്‍ന്നുകിടന്നു തുപ്പാന്‍ പുതുകാലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍ഥരാണ്. ആ സാമര്‍ഥ്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ അനുചരന്‍മാരായ പി ടി തോമസും വി ഡി സതീശനും ഉള്‍പ്പെടെയുള്ളവര്‍. സീനിയര്‍ നേതാവ് എന്നവകാശപ്പെടുന്ന ആര്യാടന്‍ മുഹമ്മദും ഈ ഫലിത നാടകത്തിലെ ഒരു പ്രധാന കഥാപാത്രമായി എന്നതാണ് മലയാളികളെ അമ്പരപ്പിക്കുന്നത്. പ്രഗത്ഭന്‍മാര്‍ ചിലപ്പോള്‍ ബഫൂണ്‍ വേഷങ്ങളായും അവതരിക്കാറുണ്ടെന്ന് പഴയകാലം പറഞ്ഞുതന്നിട്ടുണ്ടെന്നുള്ളതാണ് ആശ്വാസം.

    ReplyDelete