കാല്‍നൂറ്റാണ്ടിനു മുമ്പാണ് അന്തിചായാന്‍ ഒരിടം ലഭിക്കുക എന്നത് ഒരു മനുഷ്യാവകാശമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ഈ അവകാശത്തെക്കുറിച്ച് മാനവരാശിയെ ഓര്‍മ്മപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പാര്‍പ്പിടദിനം വിവിധങ്ങളായ പരിപാടികളോടെ ഒരു കേന്ദ്ര മുദ്രാവാക്യത്തെ ആധാരമാക്കി ലോകമെങ്ങും ആചരിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ പാര്‍പ്പിട വിഭാഗം തീരുമാനിച്ചു. ഇത്തവണത്തെ പാര്‍പ്പിടദിന മുദ്രാവാക്യം മികച്ച നഗരം മികവുറ്റ ജീവിതം (Better city Better life) എന്നുളളതാണ്.
ഒക്‌ടോബര്‍ മാസത്തെ ആദ്യത്തെ തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര പാര്‍പ്പിട ദിനമായി ആചരിക്കപ്പെടുന്നത്. കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി നഗരങ്ങളുടെ സുസ്ഥിരവികസനവും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഐക്യരാഷ്ട്രസഭ പാര്‍പ്പിടദിന മുദ്രാവാക്യമായി സ്വീകരിച്ചുപോരുന്നത്. ലോകജനസംഖ്യയുടെ 50 ശതമാനം ഇപ്പോള്‍ താമസിക്കുന്നത്് നഗരങ്ങളിലും പട്ടണങ്ങളിലുമാണ് എന്ന വസ്തുതയാണ് അത്തരം മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിക്കുന്നത്. 2030-ഓടെ ഇത് മൂന്നില്‍രണ്ടായി വര്‍ദ്ധിക്കുമെന്നും കണക്കാക്കപ്പെടുന്നു. നഗരങ്ങളിലെ ആവാസ സംവിധാനം ആധുനിക സമൂഹത്തിന്റെ പ്രധാനപ്പെട്ട വേവലാതികളിലൊന്നായി മാറിയിരിക്കുന്നു. അടിസ്ഥാന അവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയുടെ അഭാവം നിമിത്തം നരകതുല്യമാകന്നു ജനലക്ഷങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍, നഗരജീവിതത്തെയാകമാനം ബാധിക്കുന്ന മലിനീകരണവും ക്രിമിനല്‍ സംസ്‌കാരവും എന്നിങ്ങനെ നഗരവത്ക്കരണത്തിന്റെ അനിവാര്യമായ ദുരന്തങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃതരും ദുര്‍ബലരുമായ ജനവിഭാഗത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. കുടിവെളളം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിങ്ങനെ മൂന്നാം ലോകരാജ്യങ്ങളിലെ സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടുതലും ബാധിക്കുന്നത് നഗരങ്ങളെയാണ്. നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നഗരങ്ങളെയാണ് ഏറ്റവും ആദ്യം ആക്രമിക്കുക. ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളായിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ജീവിതസൗകര്യങ്ങളോടുളള മനുഷ്യന്റെ ആഭിമുഖ്യം ഈ നഗരവത്ക്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുകതന്നെ ചെയ്യും. സുസ്ഥിരമായ വികസനത്തെ സഹായിക്കുകയും ധനിക-ദരിദ്ര അന്തരം ഭയാനകമായ ഒരു സാമൂഹ്യവിപത്താകാതെ സൂക്ഷിക്കുകയും ചെയ്യുക, വികസനം, പ്രകൃതിയ്ക്ക് മാരകമായ മുറിവുകളേല്‍പിച്ചുകൊണ്ടാവരുത് എന്ന് ഉറപ്പുവരുത്തുക എന്നിവയെല്ലാമാണ് ഗവണ്‍മെന്റുകളടക്കം വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്.
നഗര ജീവിതത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക, മനുഷ്യവിഭവത്തില്‍ മുതല്‍ മുടക്കുക, സുസ്ഥിരമായ സാമ്പത്തികാവസരങ്ങള്‍ വികസിപ്പിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ ഭരണസംവിധാനത്തിലും സാംസ്‌കാരിക ധാരയിലും ബോധപൂര്‍വ്വം പങ്കാളികളാക്കുക തുടങ്ങിയ നടപടികള്‍ ഇത്തവണത്തെ പാര്‍പ്പിടദിനാചരണത്തിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ട ചിലവിഷയങ്ങള്‍ എന്ന നിലയില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എങ്കില്‍പോലും ചേരികളിലും തെരുവുകളിലും മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ രാപ്പാര്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ കൂരയുടെ പ്രശ്‌നം തന്നെയാണ് പാര്‍പ്പിട ദിനചിന്തയിലെ മുഖ്യഘടകം. 1985-ലാണ് ഐക്യരാഷ്ട്രസഭ പാര്‍പ്പിടദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1986-ലെ പാര്‍പ്പിടദിന മുദ്രാവാക്യം 'പാര്‍പ്പിടം എന്റെ അവകാശമാണ്' എന്നതായിരുന്നു.
പാര്‍പ്പിടദാരിദ്ര്യം പരിഹരിക്കുന്നതിന് കേരളം കൈകൊണ്ടിട്ടുളള വിവിധങ്ങളായ പരിഹാര സംരംഭങ്ങള്‍ കേരളത്തിലെ മുഴുവന്‍ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് വെച്ചുനല്‍കുന്നതിനായുളള ഇ എം എസ് ഭവനപദ്ധതിയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. നമുക്കറിയാവുന്നതുപോലെ, േകരളത്തിലെ പാവപ്പെട്ടവരുടെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കുന്നതിനുളള സര്‍ക്കാര്‍ശ്രമങ്ങളുടെ സുപ്രധാനമായ വഴിത്തിരിവും നാഴികക്കല്ലും 1971-ല്‍ ആരംഭിച്ച 'ലക്ഷംവീട് പദ്ധതി'യാണ്. ദേശവ്യാപകമായി മൂന്ന് പഞ്ചവത്സര പദ്ധതികളിലും കൂടി ആകെ നിര്‍മ്മിച്ചുനല്‍കിയത് 4 ലക്ഷം ഭവനങ്ങള്‍ മാത്രമായിരുന്നു. കേരളത്തിലും ആയിരത്തില്‍താഴെ വീടുകള്‍ മാത്രമെ സര്‍ക്കാര്‍ മുന്‍കൈയില്‍ അതുവരെ നിര്‍മ്മിച്ചുനല്‍കിയിരുന്നുളളു. അപ്പോഴാണ് കാല്പനികമെന്ന് വിശേഷിപ്പിക്കപ്പെട്ട ലക്ഷ്യബോധത്തോടെ കേരളത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ അന്നത്തെ ഭവനമന്ത്രിയായിരുന്നó സഖാവ് എം എന്‍ ഗോവിന്ദന്‍നായര്‍ ബൃഹത്പദ്ധതി തയ്യാറാക്കി ലോകത്തിനുതന്നെ മാതൃകയായത്.
കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, പഞ്ചായത്തുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, അധ്യാപകര്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളെയും ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലക്ഷംവീട് പദ്ധതി വിജയിപ്പിച്ചത്. സ. എം എന്‍ ഗോവിന്ദന്‍നായരുടെ ജന്മശതാബ്ദി വര്‍ഷമായ 2010-ലെ പാര്‍പ്പിട ദിനാചരണവേളയില്‍ ആ മഹാനായ മനുഷ്യസ്‌നേഹിയെ നമുക്ക് നന്ദിപൂര്‍വ്വം സ്മരിക്കാം. ഇന്നിപ്പോള്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ലക്ഷംവീടുകള്‍ മിക്കതും ജീര്‍ണ്ണാവസ്ഥയിലാണ്. സമയബന്ധിതമായി മുഴുവന്‍ വീടുകളും പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുളള മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടു നിര്‍മ്മിച്ചുകൊടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപംകൊടുത്ത ഇ എം എസ് ഭവനപദ്ധതി, ഭവനദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപംകൊടുത്ത പദ്ധതികളിലെ മറ്റൊരു നാഴികക്കല്ലാണ്. മൂന്നേമുക്കാല്‍ ലക്ഷം വരുന്ന ഭവനരഹിത കുടുംബങ്ങളുടേയും 1.46 ലക്ഷം വരുന്ന ഭവനരഹിത, ഭൂരഹിത കുടുംബങ്ങളുടേയും പാര്‍പ്പിട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുളള പദ്ധതിയാണിത്. ഇന്ദിര ആവാസ്‌യോജനപോലുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണ പദ്ധതിപോലുളള സംസ്ഥാനപദ്ധതികളും എല്ലാം ഈ സമ്പൂര്‍ണ്ണ ഭവനപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉപയോഗെപ്പടുത്തുന്നുണ്ട്.
എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണപദ്ധതിയും ഇ എം എസ് ഭവനപദ്ധതിയും നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഫണ്ട് മാത്രം ആശ്രയിച്ചുകൊണ്ടല്ല. ലക്ഷംവീട് പദ്ധതിയില്‍ ചെയ്തതുപോലെ സാമൂഹ്യമായ പങ്കാളിത്തം അനിവാര്യമായും ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിപോലുളള സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്താനും ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. നേരിട്ട് വീടു നിര്‍മ്മിച്ചു നല്‍കുന്നതില്‍ മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിച്ചത്. പാവപ്പെട്ടവരുടെ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പരോക്ഷ പരിപാടികളും ഭവനദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിത്തന്നെയായിരുന്നു. ദുര്‍ബലവിഭാഗക്കാരുടെ 15 വ്യത്യസ്ത പദ്ധതികളില്‍പ്പെട്ട ഭവനനിര്‍മ്മാണ വായ്പ പൂര്‍ണ്ണമായും എഴുതിത്തളളി 41500 കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഒരു താങ്ങായി മാറി. 183 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തളളിയത്.
ഭവനനര്‍മ്മാണരംഗത്തെ ചെലവു കുറയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് സിമന്റും കമ്പിയും മണലും ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് മാര്‍ജിന്‍ഫ്രീ ആയി നല്‍കുന്ന 'കലവറ'കള്‍ ഈ ഗവണ്‍മെന്റ് ആരംഭിച്ചത്. കലവറകള്‍ വമ്പിച്ചതോതില്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് അവകാശവാദമുന്നയിക്കാനാവില്ലെങ്കിലും നിര്‍മ്മാണ സാമഗ്രികളുടെ മാര്‍ക്കറ്റ് വില കുത്തനെ ഉയരാതെ പിടിച്ചുനിര്‍ത്താന്‍ ഒരളവുവരെ അവയ്ക്കു കഴിയുന്നുണ്ട്.
നിര്‍മ്മാണരംഗത്ത് പരിസ്ഥിതിക്ക് ഇണങ്ങുന്നതും ചെലവു കുറഞ്ഞതുമായ നിര്‍മ്മാണ സാങ്കേതികവിദ്യയുടെ പ്രചരണം ലക്ഷ്യം വെച്ചുകൊണ്ടുളള നിരവധി പരിശീലന പരിപാടികള്‍ നിര്‍മ്മിതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. ഈ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുളള ഒരു ഗവേഷണ സ്ഥാപനം - ലാറിബേക്കറുടെ സ്മരണ നിലനിര്‍ത്തുന്നതിനായി രൂപം നല്‍കിയിട്ടുളള ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് LaBISHaS തുടങ്ങുന്നതിനും കേരള സര്‍ക്കാരിന് കഴിഞ്ഞു.
നഗരപ്രദേശങ്ങളില്‍ ജോലിചെയ്യുകയും നഗരാതിര്‍ത്തിക്കുപുറത്ത് വളരെ ദൂരെ താമസിക്കേണ്ടിവരികയും ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടി അത്താണി എന്നപേരില്‍ തുച്ഛമായ വാടകയ്ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന അത്താണി പദ്ധതി മാതൃകാപരമായ ഒന്നാണ്. നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു എന്ന ഒരു പ്രത്യേകതയും 'അത്താണി'ക്കുണ്ട്. തിരുവനന്തപുരത്ത് പൂജപ്പുരയിലും എറണാകുളത്ത് തൃക്കാക്കരയിലും ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചുകഴിഞ്ഞു.
പാര്‍പ്പിടരംഗത്ത് കാതലായ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതില്‍ അന്താരാഷ്ട്ര പാര്‍പ്പിടദിനം ആചരിക്കുന്ന ഈ വേളയില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് അഭിമാനമുണ്ട്
ബിനോയ് വിശ്വം ജനയുഗം 04102010
കാല്‍നൂറ്റാണ്ടിനു മുമ്പാണ് അന്തിചായാന്‍ ഒരിടം ലഭിക്കുക എന്നത് ഒരു മനുഷ്യാവകാശമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ഈ അവകാശത്തെക്കുറിച്ച് മാനവരാശിയെ ഓര്‍മ്മപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പാര്‍പ്പിടദിനം വിവിധങ്ങളായ പരിപാടികളോടെ ഒരു കേന്ദ്ര മുദ്രാവാക്യത്തെ ആധാരമാക്കി ലോകമെങ്ങും ആചരിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ പാര്‍പ്പിട വിഭാഗം തീരുമാനിച്ചു. ഇത്തവണത്തെ പാര്‍പ്പിടദിന മുദ്രാവാക്യം മികച്ച നഗരം മികവുറ്റ ജീവിതം (Better city Better life) എന്നുളളതാണ്.
ReplyDelete