Monday, September 27, 2010

കോമണ്‍ലൂട്ട് ഗെയിംസ്: ബള്‍ബ് മാറ്റാന്‍ എത്രപേര്‍ വേണം?

കല്‍മാഡിത്തമാശകള്‍ അരങ്ങു തകര്‍ക്കുകയാണെന്ന് പത്രങ്ങള്‍ പറയുന്നു. എസ്.എം.എസും ട്വീറ്ററും ഫേസ് ബുക്കുമൊക്കെ ഇത്തരം തമാശകളാല്‍ നിറയുന്നുവെന്ന്. കല്‍മാഡിയെ മാത്രമല്ല ഗില്ലിനെയും വെറുതെ വിടുന്നില്ലത്രെ. അത്തരം തമാശകളില്‍ നിന്ന് ചൂണ്ടിയതാണ് തലക്കെട്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയത്തില്‍ ബള്‍ബ് മാറ്റാന്‍ എത്ര ജോലിക്കാര്‍ വേണമെന്നാണ് ഒരു എസ്എംഎസിലെ ചോദ്യം. ഉത്തരവും ഒപ്പമുണ്ട്. 10 ലക്ഷം പേര്‍. അത്ഭുതപ്പെടേണ്ട. ഒരാള്‍ ബള്‍ബ് മാറ്റാന്‍, ബാക്കി 999999 പേര്‍ മേല്‍ക്കൂര തകര്‍ന്നുവീഴാതെ താങ്ങിനിര്‍ത്താനാണ്.

'ജീവഭയംകൊണ്ടും ഗെയിംസ് വില്ലേജിലെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യംകൊണ്ടും തീവ്രവാദികള്‍ 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്കരിച്ചു' എന്നാണ് മറ്റൊരു നമ്പര്‍.

കോടികള്‍ തുലച്ചാലും ചിരിക്കാനെങ്കിലും പറ്റുന്നുവല്ലോ. നന്ദി പറയുക. കായികരാജാക്കന്മാരോട്.

ചരിത്രസംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിട്ടുകളയരുതല്ലോ.

ഗെയിംസ് വില്ലേജ് വിടുമെന്ന് താരങ്ങള്‍

ആശങ്ക പരിഹരിച്ചെന്ന പ്രചാരണത്തിനിടയിലും കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടനത്തില്‍ പരാതികളും വീഴ്ചകളും ഒഴിയുന്നില്ല. ഗെയിംസ് വില്ലേജില്‍ ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്ന് മലേഷ്യയുടെയും ആഫ്രിക്കന്‍ രാജ്യങ്ങളുടെയും താരങ്ങള്‍ സംഘാടകസമിതിക്ക് പരാതി നല്‍കി. നിര്‍മാണ ജോലികള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ ഗെയിംസ് വില്ലേജ് വിടുമെന്ന് ടീമുകള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ശുചീകരണ ജോലികള്‍ ബുധനാഴ്ചവരെ തുടരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് വ്യക്തമാക്കി.

ഗെയിംസിലെ ബോക്സിങ് ചാമ്പ്യനായ ഇന്ത്യന്‍ താരം അഖില്‍കുമാര്‍ വിശ്രമിക്കാനിരുന്ന കട്ടില്‍ ഒടിഞ്ഞുവീണതും ആഫ്രിക്കന്‍ കായികതാരങ്ങളുടെ ഫ്ളാറ്റില്‍ വിഷപ്പാമ്പിനെ കണ്ടതും സംഘാടകര്‍ക്ക് നാണക്കേടായി. അതിനിടെ, സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി നാല് അന്താരാഷ്ട്ര താരങ്ങള്‍ കൂടി ഗെയിംസില്‍നിന്ന് പിന്മാറി. രാത്രിയും ജോലികള്‍ തുടരുന്നതും ശബ്ദകോലാഹലവും കാരണം ഉറക്കം തടസ്സപ്പെടുന്നെന്നും ഇത് തങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് വിദേശതാരങ്ങള്‍ രേഖാമൂലം പരാതി നല്‍കിയത്. ഗെയിംസ് വില്ലേജിലെ 1,100 ഫ്ളാറ്റില്‍ 600 എണ്ണം മാത്രമാണ് പണി പൂര്‍ത്തിയാക്കിയതെന്ന് ഷീല ദീക്ഷിത് സമ്മതിച്ചു. പകുതിയോളം ഫ്ളാറ്റിലും വൈദ്യുതിയും വെള്ളവും എത്തിയിട്ടില്ല.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങളെ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടുപോകാന്‍ ആരും എത്തിയില്ല. ശനിയാഴ്ച രാത്രി എട്ടരയോടെ പുണെയില്‍നിന്ന് എത്തിയ ടീമിന് നാല് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നു. ബ്രിട്ടന്റെ ഒന്നാംനമ്പര്‍ ടെന്നീസ് താരം യെലേന ബള്‍ടാച, ഓസ്ട്രേലിയന്‍ സൈക്ളിങ് താരം ട്രാവിസ് മെയര്‍, ടേബിള്‍ ടെന്നീസ് താരം സ്റ്റെഫാനി സാങ്, മലേഷ്യന്‍ സ്പ്രിന്റര്‍ സിതി സുബൈദ അദാബി എന്നിവരാണ് ഡല്‍ഹിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഗെയിംസ് വില്ലേജിലെ വൃത്തികേടും ഡല്‍ഹിയിലെ ഡെങ്കിപ്പനിയും കണക്കിലെടുത്താണ് താന്‍ പിന്‍മാറുന്നതെന്ന് യെലേന വ്യക്തമാക്കി.

ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അന്ത്യശാസനമുണ്ടായിട്ടും വേദികള്‍ ഇനിയും ഡല്‍ഹി പൊലീസിന് കൈമാറിയിട്ടില്ല. അഞ്ചുവട്ടമാണ് വേദികള്‍ കൈമാറാനുള്ള തീയതി നീട്ടികൊടുത്തത്. സുരക്ഷാ തയ്യാറെടുപ്പുകളും അവതാളത്തിലായതോടെ ചിദംബരം വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഗെയിംസിന്റെ സംഘാടനത്തിലെ കാലതാമസത്തിനും വീഴ്ചകള്‍ക്കും ഇന്ത്യതന്നെയാണ് ഉത്തരവാദിയെന്ന് കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സിഇഒ മൈക്ക് ഹൂപ്പര്‍ ആവര്‍ത്തിച്ചു. ഗെയിംസിന്റെ സംഘാടനത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാന്‍ സമ്മതിച്ചു.
(വിജേഷ് ചൂടല്‍)

ട്രാക്കുണരാന്‍ ഒരാഴ്ച ബാക്കി ഡല്‍ഹി അലങ്കോലം

ഏഴുവര്‍ഷം മുമ്പ് രാജ്യം പ്രതീക്ഷയോടെ ഏറ്റെടുത്ത കോമണ്‍‌വെല്‍ത്ത് ഗെയിംസിന് ട്രാക്കുണരാന്‍ ഏഴ് ദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളും പൂര്‍ത്തിയാകാത്ത സ്റ്റേഡിയങ്ങളുമാണ് വിദേശ താരങ്ങളെ വരവേല്‍ക്കുന്നത്. കനത്ത മഴയില്‍ കുതിര്‍ന്ന നടപ്പാതകള്‍പോലും ചതിക്കുഴിയൊരുക്കിയാണ് ഡല്‍ഹിയുടെ കാത്തിരിപ്പ്. ഡല്‍ഹിയുടെ താരമാകുമെന്ന് കരുതിയ അന്താരാഷ്ട്ര താരങ്ങളുടെ പിന്‍വാങ്ങല്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസിനെ ദേശീയ ഗെയിംസിന്റെ നിലവാരത്തിലേക്ക് തരംതാഴ്ത്തുമോയെന്ന ആശങ്കയും ശക്തമാകുന്നു. വിവിധ ഇനങ്ങളിലെ ലോകചാമ്പ്യന്മാരടക്കം ഇരുപതോളം ഒന്നാംനിര താരങ്ങളാണ് മെഡലിനേക്കാള്‍ വലുതാണ് സ്വന്തം ജീവനെന്ന് പ്രഖ്യാപിച്ച് ഗെയിംസില്‍നിന്ന് പിന്മാറിയത്.

താരങ്ങള്‍ പിന്മാറുമ്പോഴും ഗെയിംസ് ബഹിഷ്കരിക്കാന്‍ ഒരു രാജ്യവും തയ്യാറാകാത്തത് രാഷ്ട്രീയ കാരണങ്ങളാലാണ്. അമേരിക്കയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലും സാമ്പത്തിക ബന്ധം വഷളാകുമെന്നുകണ്ടും ഇന്ത്യയെ പിണക്കാന്‍ കോമണ്‍‌വെല്‍ത്ത് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, സൂപ്പര്‍ താരങ്ങള്‍ പിന്മാറുന്നത് തടയാതിരിക്കുകയും രണ്ടാംനിര ടീമിനെയെങ്കിലും ഡല്‍ഹിലേക്ക് അയക്കുകയും ചെയ്യുകയെന്ന തന്ത്രപരമായ നിലപാടാണ് എല്ലാ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു രാജ്യം പിന്മാറിയിരുന്നെങ്കില്‍ മറ്റ് പല രാജ്യങ്ങളും ആ പാത സ്വീകരിക്കുമായിരുന്നു. ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും അടക്കമുള്ള രാജ്യങ്ങള്‍ ഈ വഴിയിലേക്ക് നീങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ തന്നെ ഇടപെടല്‍ നത്തിയിരുന്നു. പ്രധാനമന്ത്രി 'നേരിട്ട് ഇടപെട്ടെ'ന്നും ആശങ്ക ഒഴിഞ്ഞെന്നും ചില മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിനും ഗെയിംസിനെ താങ്ങിനിര്‍ത്താനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍.

അഴിമതിയും പിടിപ്പുകേടും വഴിതെറ്റിച്ച ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ ആകെ അലങ്കോലമായതോടെ പരസ്പരം പഴിചാരി സ്വന്തം രക്ഷപ്പെടുകയാണ് വിവിധ ഏജന്‍സികള്‍. ഇവയെ എങ്ങനെ ഏകോപിപ്പിക്കണമെന്നറിയാതെ സര്‍ക്കാരും കുഴങ്ങുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ക്യൂന്‍സ്ബാറ്റ റിലേയോടെ ആരംഭിച്ച അഴിമതി പരമ്പരയുടെ നായകന്‍ സുരേഷ് കല്‍മാഡിയെ സംഘാടകസമിതിയുടെ തലപ്പത്തുതന്നെ തുടരാന്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചത്. കല്‍മാഡിയോട് എതിര്‍പ്പുള്ള നല്ലൊരു വിഭാഗം അമര്‍ഷത്തിലാണ്. 2003ലാണ് കോമണ്‍‌വെല്‍ത്ത് ഗെയിംസ് ആതിഥ്യമരുളാനുള്ള അവസരം ഡല്‍ഹിക്ക് ലഭ്യമാകുന്നത്. എന്നാല്‍, 2008 വരെ ഗെയിംസിനായി ഒന്നും ചെയ്യാന്‍ സംഘാടകസമിതി തയ്യാറായില്ല. നഗരവികസനമന്ത്രി എസ് ജയ്പാല്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന സമിതിയും ഇക്കാര്യത്തില്‍ ഇടപെട്ടില്ല.

അന്താരാഷ്ട്ര കായികമാമാങ്കത്തിന് മറ്റ് രാജ്യങ്ങള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന സമയത്താണ് ഇന്ത്യ തുടങ്ങിയത്. തിരക്കിട്ടു നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അഴിമതിയും ക്രമക്കേടും അരങ്ങേറിയതോടെ ഡല്‍ഹിയില്‍ ഇന്ത്യയുടെ മാനക്കേടിന് വഴിയൊരുങ്ങി. കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് ആശങ്കയിലായ രാജ്യങ്ങള്‍ ഗെയിംസ് വേദികളുടെ സുരക്ഷയെക്കുറിച്ചും ഭീതിയിലാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വേദികള്‍ ഡല്‍ഹി പൊലീസിന് കൈമാറണമെന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അന്ത്യശാസനവും വിലപ്പോയില്ല. ഗെയിംസ് വില്ലേജിന്റെ പണി ബുധനാഴ്ചയേ പൂര്‍ത്തിയാകൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
(വിജേഷ് ചൂടല്‍)

വോളന്റിയര്‍മാരെയും കിട്ടാനില്ല

കോമണ്‍‌വെല്‍ത്ത് ഗെയിംസിനായി സംഘാടകര്‍ സജ്ജരാക്കിയിരിക്കുന്നത് നിശ്ചയിച്ചതിലും പകുതി വോളന്റിയറമാരെ മാത്രം. ഗെയിംസിന് 22,000 വോളന്റിയര്‍മാരെ വിദഗ്ദ്ധ പരിശീലനം നല്‍കി നിയോഗിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച വരെ സംഘാടകസമിതിയുടെ കണക്കനുസരിച്ച് 10,849 വോളന്റിയര്‍മാര്‍ മാത്രമേയുള്ളൂ. സംഘാടകസമിതിയുടെ കാര്യശേഷിയില്ലായ്മ മൂലമുണ്ടായ ഈ പ്രതിസന്ധി ഗെയിംസിന്റെ നടത്തിപ്പില്‍ ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുമെന്നാണ് അന്താരാഷ്ട്ര കായികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നഗരത്തിലെത്തുന്ന വിദേശികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതു മുതല്‍ താരങ്ങളെയും സംഘാടകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതി വരെയുള്ള നിര്‍ണായ സേവനങ്ങള്‍ വോളന്റിയര്‍മാരുടെ ചുമതലയാണ്. ചൈന ഒളിമ്പിക്സും ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫുട്ബോളും ചരിത്രവിജയമാക്കിയതിനു പിന്നില്‍ വോന്റിയര്‍മാരുടെ പങ്ക് നിര്‍ണായകമായിരുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിന് 70,000 വോളന്റിയര്‍മാരെയാണ് സംഘാടകര്‍ തയ്യാറെടുപ്പിക്കുന്നത്. സംഘാടകസമിതിയുടെ കെടുകാര്യസ്ഥതയാണ് മറ്റ് പല പ്രശ്നങ്ങളിലുമെന്നപോലെ വോളന്റിയര്‍മാരുടെ കാര്യത്തിലും സംഭവിച്ചത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു തന്നെ വിവിധ ഏജന്‍സികളില്‍നിന്ന് വോളന്റിയര്‍മാരെ കണ്ടെത്താമായിരുന്നിട്ടും വേണ്ട സമയത്ത് നടപടിയെടുക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. ആവശ്യമായ വോളന്റിയര്‍മാരെ നല്‍കാമെന്ന് നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍സിസി) അറിയിച്ചിരുന്നു. മറ്റു പല സംഘടനകളും ഈ വാഗ്ദാനം മുന്നോട്ടുവച്ചു. എന്നാല്‍, സംഘാടകസമിതി അലംഭാവം കാട്ടി. ആദ്യം 33,000 വോളന്റിയര്‍മാരെ സജ്ജരാക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീടിത് 22,000 ആയി കുറച്ചു. എന്നാല്‍, പൊലീസിന്റെ വെരിഫിക്കേഷന്‍ കഴിഞ്ഞത് പതിനൊന്നായിരത്തോളം പേരുടെ മാത്രം. ഗെയിംസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതുതന്നെയാകും അവസാന കണക്കെന്ന് വ്യക്തമാണ്.

വിരട്ടലുമായി കേന്ദ്രസര്‍ക്കാര്‍


കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടനത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവരെ വിരട്ടി നാവടപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇന്ത്യയുമായി വ്യാപാരബന്ധത്തിന്റെ പേരില്‍ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍നിര്‍ത്താനാണ് ശ്രമം. കനഡയുമായി വ്യാപാരചര്‍ച്ചകള്‍ നടത്തുന്ന കേന്ദ്ര വ്യവസായമന്ത്രി ആനന്ദ് ശര്‍മ കഴിഞ്ഞദിവസം ഒട്ടാവയില്‍ നടത്തിയ പ്രസ്താവന ഈ വിരട്ടല്‍തന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ ഗെയിംസിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിച്ചാല്‍ സാമ്പത്തികമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ആനന്ദ് ശര്‍മയുടെ ഭീഷണി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും സാമ്പത്തികപ്രതിസന്ധിയില്‍നിന്നു കരകയറാന്‍ വിഷിമിക്കുന്ന സാഹചര്യത്തില്‍, ലോകത്തിലെ ഏറ്റവും വലിയ കമ്പോളമായ ഇന്ത്യയുമായി വ്യാപാരബന്ധം വര്‍ധിപ്പിക്കാന്‍ കനഡ ശ്രമിച്ചുവരികെയാണ് ഈ പ്രസ്താവന. ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍, കനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഡല്‍ഹി ഗെയിംസ് ബഹിഷ്കരിക്കാന്‍ ആലോചിച്ചിരുന്നു.

വ്യാപാരബന്ധം മുഖ്യം; ടീമുകളെ അയക്കും

കോമണ്‍‌വെല്‍ത്ത് ഗെയിംസിന് ഡല്‍ഹിയില്‍ അടിസ്ഥാനസൌകര്യങ്ങളില്‍ പരാതിയുണ്ടെങ്കിലും രാഷ്ട്രങ്ങളെല്ലാം ഗെയിംസിന് ടീമുകളെ അയക്കും. ഇന്ത്യയുമായി നിലനില്‍ക്കുന്ന വിപുലമായ വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഗെയിംസിനെ ഉപേക്ഷിക്കുന്നതില്‍നിന്ന് കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നത്. സുരക്ഷാഭീഷണി, വൃത്തിഹീനമായ ഗെയിംസ് വില്ലേജ്, മോശം പശ്ചാത്തല സൌകര്യം, പകര്‍ച്ചവ്യാധികള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഭിമുഖീകരിക്കുന്നത്. എങ്കിലും നിലനില്‍ക്കുന്ന വ്യാപാരബന്ധം മാനിച്ച് ഗെയിംസിനെ പൂര്‍ണമായി തഴയാന്‍ രാജ്യങ്ങള്‍ തയ്യാറാകില്ല.

ആസ്ത്രേലിയ, കനഡ, ബ്രിട്ടന്‍, ന്യൂസിലന്‍ഡ് എന്നിവയാണ് കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളില്‍ പ്രധാനം. ആസ്ത്രേലിയയും കനഡയും ഏറ്റവുമധികം കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആസ്ത്രേലിയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഇന്ത്യ. 2009ല്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലൂടെ 155 കോടി ഡോളര്‍ വ്യാപാരമിച്ചമാണ് ആസ്ത്രേലിയ സ്വന്തമാക്കിയത്. ആസ്ത്രേലിയയില്‍ വിദ്യാഭ്യാസക്കച്ചവടം കൊഴുക്കുന്നതിലും മികച്ച സംഭാവന ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വംശീയാക്രമണം രൂക്ഷമായപ്പോള്‍ കച്ചവടത്തില്‍ അല്‍പ്പം ഇടിവുവന്നിട്ടുണ്ടെന്നു മാത്രം.

കോടികളുടെ പ്രത്യക്ഷ നിക്ഷേപമാണ് കനഡയ്ക്ക് ഇന്ത്യയിലുള്ളത്. ഇന്ത്യക്കും സമാനമായ നിക്ഷേപം കനഡയിലുണ്ട്. കനഡയില്‍ നിന്ന് പച്ചക്കറി, വളം, യന്ത്രസാമഗ്രി എന്നിവയുടെ കയറ്റുമതി ഇന്ത്യയിലേക്കുണ്ട്. കനഡയില്‍ നിന്നുള്ള കയറ്റുമതിയുടെ കാര്യത്തില്‍ പത്താം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആഗോളമാന്ദ്യത്തില്‍നിന്ന് കരകയറുന്നതില്‍ ഇന്ത്യയിലെ കച്ചവടമാണ് കനഡ പ്രധാനമായും ആശ്രയിക്കുന്നത്. മാത്രമല്ല ആസ്ത്രേലിയ, കനഡ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരകരാറില്‍ ഏര്‍പ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലുമാണ്. 54 രാജ്യമുള്ള കോമണ്‍‌വെല്‍ത്തിനെ ഏതുവിധേനയും മുന്നോട്ടുകൊണ്ടുപോകുകയെന്ന താല്‍പ്പര്യമാണ് ഇംഗ്ളണ്ടിനുള്ളത്. കോമണ്‍‌വെല്‍ത്ത് ഗെയിംസ് ഇംഗ്ളണ്ടിന്റെ അഭിമാനപ്രശ്നമാണ്. സാമ്രാജ്യത്വശക്തിയെന്ന നിലയില്‍ പഴയ ആഭിജാത്യം തിരികെ പിടിക്കുന്ന ഘട്ടം. അതുകൊണ്ടു തന്നെ ഒരുക്കങ്ങളില്‍ എന്തൊക്കെ പാളിച്ച വന്നാലും ഗെയിംസ് ഏതുവിധേനയും നടക്കണമെന്ന താല്‍പ്പര്യമാണ് ഇംഗ്ളണ്ടിനുള്ളത്. ഇംഗ്ളണ്ട് ഗെയിംസിനെത്തുമ്പോള്‍ സ്വാഭാവികമായും അയര്‍ലന്‍ഡും സ്കോട്ട്ലന്‍ഡും വെയില്‍സുമൊക്കെ പിന്നാലെയെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

സുരക്ഷാവീഴ്ചകളുടെയും മറ്റും പേരില്‍ പല രാജ്യങ്ങളും ഗെയിംസിനെത്തില്ലെന്ന ഭീതിയുയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യ നയതന്ത്ര ഇടപെടല്‍ തുടങ്ങിയിരുന്നു. കായിക മന്ത്രി എം എസ് ഗില്‍ ആസ്ത്രേലിയ, കനഡ, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ കായിക മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് ഗെയിംസില്‍നിന്ന് പിന്മാറരുതെന്ന് അഭ്യര്‍ഥിച്ചു. ഗെയിംസില്‍നിന്ന് മാറിനില്‍ക്കുന്നത് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്നതും പല രാജ്യങ്ങളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എന്തായാലും മികച്ച താരങ്ങളില്ലെങ്കിലും ഗെയിംസിന് ടീമുകളെത്തുമെന്ന് സംഘാടകര്‍ ഉറപ്പാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഇടപെടലും പരാജയം


ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ മാനം കെടുത്തിയ കോമണ്‍‌വെല്‍ത്ത് ഗെയിംസ് തയ്യാറെടുപ്പുകള്‍ക്കിടെ പ്രധാനമന്ത്രി ഇടപെട്ടത് പലവട്ടം. എന്നിട്ടും ഒരുക്കങ്ങള്‍ യാഥസമയം പൂര്‍ത്തിയാക്കാനായില്ല. സര്‍ക്കാരിന്റെ കഴിവുക്കേടാണ് ഇവിടെ ഒരിക്കല്‍കൂടി പ്രകടമായത്. ഓഗസ്ത് അവസാനം ഗെയിംസ് വേദികള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ കേന്ദ്രമന്ത്രിസഭ ഗെയിംസിന്റെ തയ്യാറെടുപ്പ് വിലയിരുത്തുമെന്നും പ്രഖ്യാപിച്ചു. അവസാനമണിക്കൂറിലും സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടില്ലെന്നാണ് വ്യക്തമായിരിക്കയാണ്. 'ഇതാ ഇപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടിരിക്കുന്നു, ആശങ്ക മാറുന്നു' എന്ന് ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്നുള്ള പ്രചാരണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരവികസനമന്ത്രി എസ് ജയ്പാല്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ മന്ത്രിതലസമിതി രൂപീകരിച്ചിരുന്നു. രണ്ടുമാസത്തോളംമുമ്പ് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, കൂടുതല്‍ രൂക്ഷമാവുകയുംചെയ്തു. ഇതോടെ ഗെയിംസിനെ പ്രതിസന്ധിയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രിക്കും ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയായി.

അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ സംഘാടനം ചിട്ടപ്പെടുത്താന്‍ യഥാസമയം നടപടി സ്വീകരിക്കുന്നതിനു പകരം ആരോപണവിധേയരെ സംരക്ഷിക്കാനാണ് മന്‍മോഹന്‍സിങ് താല്‍പ്പര്യം കാട്ടിയത്. ഓഗസ്ത് 14നാണ് പ്രധാനമന്ത്രി ഗെയിംസിന്റെ സംഘാടനത്തില്‍ ആദ്യമായി 'നേരിട്ട്' ഇടപെട്ടത്. അഴിമതിയില്‍ വഴിമുട്ടിയ സംഘാടകസമിതിയുടെ പ്രവര്‍ത്തനവും ഗെയിംസിന്റെ തയ്യാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിക്കുകയായിരുന്നു. ഗെയിംസ് സംഘാടനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് പ്രധാനമന്ത്രി തുറന്നു സമ്മതിച്ചത് ഓഗസ്ത് 14ന് ചേര്‍ന്ന യോഗത്തിലാണ്. എന്നാല്‍, അഴിമതി പരമ്പരയ്ക്ക് നേതൃത്വം നല്‍കിയ സംഘാടകസമിതി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ സുരേഷ് കല്‍മാഡിക്കെതിരെ ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം കേന്ദ്രസര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പൊടിക്കൈകള്‍ നിര്‍ദേശിച്ച് യോഗം പിരിയുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമയക്രമം പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ചില പ്രവൃത്തികളില്‍ അപര്യാപ്തതയുണ്ടെന്നുമാണ് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്. ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് മന്ത്രാലയങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് പിറ്റേന്ന് പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ചത്. ഗെയിംസിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമിതികളുടെയും ഏകോപനത്തിന് പ്രവര്‍ത്തിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചു. ഇതെല്ലാം പൊളിഞ്ഞതോടെയാണ് 'പിന്നെയും നേരിട്ട് ഇടപെടാന്‍' മന്‍മോഹന്‍സിങ് തുനിഞ്ഞത്.

deshabhimani news

1 comment:

  1. കല്‍മാഡിത്തമാശകള്‍ അരങ്ങു തകര്‍ക്കുകയാണെന്ന് പത്രങ്ങള്‍ പറയുന്നു. എസ്.എം.എസും ട്വീറ്ററും ഫേസ് ബുക്കുമൊക്കെ ഇത്തരം തമാശകളാല്‍ നിറയുന്നുവെന്ന്. കല്‍മാഡിയെ മാത്രമല്ല ഗില്ലിനെയും വെറുതെ വിടുന്നില്ലത്രെ. അത്തരം തമാശകളില്‍ നിന്ന് ചൂണ്ടിയതാണ് തലക്കെട്ട്.

    കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയത്തില്‍ ബള്‍ബ് മാറ്റാന്‍ എത്ര ജോലിക്കാര്‍ വേണമെന്നാണ് ഒരു എസ്എംഎസിലെ ചോദ്യം. ഉത്തരവും ഒപ്പമുണ്ട്. 10 ലക്ഷം പേര്‍. അത്ഭുതപ്പെടേണ്ട. ഒരാള്‍ ബള്‍ബ് മാറ്റാന്‍, ബാക്കി 999999 പേര്‍ മേല്‍ക്കൂര തകര്‍ന്നുവീഴാതെ താങ്ങിനിര്‍ത്താനാണ്.

    'ജീവഭയംകൊണ്ടും ഗെയിംസ് വില്ലേജിലെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യംകൊണ്ടും തീവ്രവാദികള്‍ 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്കരിച്ചു' എന്നാണ് മറ്റൊരു നമ്പര്‍.

    കോടികള്‍ തുലച്ചാലും ചിരിക്കാനെങ്കിലും പറ്റുന്നുവല്ലോ. നന്ദി പറയുക. കായികരാജാക്കന്മാരോട്.

    ReplyDelete