Thursday, December 6, 2012

കൈയടിച്ച് പ്രോത്സാഹിപ്പിച്ച് യുഡിഎഫ് എംപിമാര്‍


ചില്ലറവിപണിയിലെ വിദേശനിക്ഷേപത്തെ (എഫ്ഡിഐ) കേരളത്തില്‍ എതിര്‍ക്കുമ്പോഴും സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെല്ലാം വാള്‍മാര്‍ട്ട് അടക്കമുള്ള വിദേശകുത്തകകള്‍ക്ക് അനുകൂലമായി വോട്ടുചെയ്തു. കോണ്‍ഗ്രസ് എംപിമാര്‍ക്കുപുറമേ മുസ്ലിംലീഗ് എംപിമാരായ ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും കേരള കോണ്‍ഗ്രസ് മാണിയുടെ ജോസ് കെ മാണിയും എഫ്ഡിഐക്ക് അനുകൂലമായി കൈയുയര്‍ത്തി. സര്‍ക്കാരിന്റെ ഭാഗമായിരിക്കെത്തന്നെ ഡിഎംകെ അംഗങ്ങള്‍ ചര്‍ച്ചയില്‍ എഫ്ഡിഐയോടുള്ള വിയോജിപ്പ് പ്രകടമാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളോ ലീഗ്, മാണി പ്രതിനിധികളോ അതിനുപോലും തയ്യാറായില്ല.

വിദേശനിക്ഷേപം സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഫ്ഡിഐയെ എതിര്‍ക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമാണോ അതോ കേന്ദ്രത്തിന് ഒപ്പമാണോയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കണമെന്ന് സഭയില്‍ പ്രമേയം അവതരിപ്പിച്ചവരില്‍ ഒരാളായ തൃണമൂലിന്റെ സൗഗത റോയ് ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള എല്ലാ യുഡിഎഫ് അംഗങ്ങളും ഈ ഘട്ടത്തില്‍ സഭയില്‍ ഹാജരായിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. ബുധനാഴ്ചയും എഫ്ഡിഐ ചര്‍ച്ചയില്‍ സര്‍ക്കാരിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെ യുഡിഎഫ് എംപിമാര്‍ മുന്നില്‍നിന്നു. പി ടി തോമസ്, പീതാംബരക്കുറുപ്പ്, ജോസ് കെ മാണി എന്നിവരാണ് കൂടുതല്‍ ആവേശം കാട്ടിയത്. അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ സംസാരിക്കുമ്പോള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംപി പ്രതാപ്സിങ് ബാജ്വ പലവട്ടം ശബ്ദമുയര്‍ത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പി ടി തോമസും പീതാംബരക്കുറുപ്പുമാണ് ഈ ഉദ്യമത്തിന് കൂട്ടായി ഉണ്ടായിരുന്നത്.
(എം പ്രശാന്ത്)

deshabhimani 061212

സഭയില്‍ തോറ്റു കണക്കില്‍ ജയിച്ചു


ചില്ലറവില്‍പ്പന മേഖലയില്‍ ഇരുപത് കോടി ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന വിദേശനിക്ഷേപം പിന്‍വലിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ എസ്പിയെയും ബിഎസ്പിയെയും വിലയ്ക്കെടുത്ത് കോണ്‍ഗ്രസ് അതിജീവിച്ചു. കോണ്‍ഗ്രസടക്കമുള്ള നാല് പാര്‍ടികള്‍ മാത്രമാണ് സഭയില്‍ വിദേശനിക്ഷേപത്തെ പൂര്‍ണമായും അനുകൂലിച്ചത്. വിമര്‍ശമുന്നയിച്ച 14 പാര്‍ടികളും ഒറ്റമനസ്സോടെ വോട്ട് ചെയ്തിരുന്നെങ്കില്‍ യുപിഎ സര്‍ക്കാരിന് നാണംകെട്ട് പുറത്തുപോകേണ്ടി വരുമായിരുന്നു.

വിദേശനിക്ഷേപത്തിനെതിരെ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും സിപിഐ എമ്മിലെ കഗേന്‍ദാസും അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 218 വോട്ടും എതിര്‍ത്ത് 253 വോട്ടും ലഭിച്ചു. വോട്ടിങ് സമയത്ത് 71 അംഗങ്ങള്‍ സഭയിലുണ്ടായിരുന്നില്ല. വിദേശനിക്ഷേപം അനുവദിച്ചുള്ള ഫെമ വിജ്ഞാപനം ഭേദഗതിചെയ്യണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗതറോയ് അവതരിപ്പിച്ച പ്രമേയം 224 നെതിരെ 254 വോട്ടിന് തള്ളി.

സിബിഐ കേസ് കാട്ടി ഭയപ്പെടുത്തി മായാവതിയെയും മുലായത്തിനെയും വശത്താക്കി നേടിയ വിജയമാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2008ലെ ആണവകരാര്‍ വിശ്വാസവോട്ടിലും സമാജ്വാദി പാര്‍ടി അവസാനം യുപിഎ സര്‍ക്കാരിനെ രക്ഷിക്കാനെത്തിയിരുന്നു.

കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ കക്ഷികള്‍ മാത്രമാണ് രണ്ട് ദിവസമായി ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ വിദേശനിക്ഷേപത്തെ അനുകൂലിച്ച് സംസാരിച്ചത്. ആര്‍ജെഡിയിലെ മുന്‍ കേന്ദ്രമന്ത്രി രഘുവംശപ്രസാദ് സിങ് വോട്ടിങ്ങിന് എത്താത്തത് ശ്രദ്ധേയമായി. ചര്‍ച്ചയില്‍ പങ്കെടുത്ത ബാക്കി 14 രാഷ്ട്രീയ പാര്‍ടികളും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു. ഇതുപ്രകാരം വോട്ട് ചെയ്തിരുന്നെങ്കില്‍ 282 വോട്ട് സര്‍ക്കാരിനെതിരെ വീഴുമായിരുന്നു. എന്നാല്‍, വിദേശനിക്ഷേപ തീരുമാനത്തെ എതിര്‍ത്ത ഡിഎംകെ, സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്തോടൊപ്പം വിദേശനിക്ഷേപ തീരുമാനത്തെ എതിര്‍ത്ത് അറസ്റ്റ് വരിച്ച മുലായംസിങ് യാദവിന്റെ 22 അംഗ എസ്പിയും 21 അംഗ ബിഎസ്പിയും സര്‍ക്കാരിനെ രക്ഷിക്കാനായി വോട്ടിങ് സമയത്ത് സഭ വിട്ടു. വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ചര്‍ച്ചയ്ക്ക് മറുപടി പറയവെ തങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുന്നില്ലെന്ന് ആരോപിച്ച് ധാരാസിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിഎസ്പി അംഗങ്ങളാണ് ആദ്യം സഭ വിട്ടത്. മറുപടി പൂര്‍ത്തിയാക്കിയതിന് ശേഷം മുലായമും സ്ഥലം വിട്ടു. രണ്ടംഗ ടിആര്‍എസ് പ്രമേയത്തെ പിന്തുണച്ചു. തെലങ്കാനയെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തെ തള്ളിയാണ് ഇവര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തത്.

ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയുമാണ് വിദേശനിക്ഷേപം കൊണ്ടുവരുന്നതെന്ന് മറുപടി പറഞ്ഞ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. വ്യാപാര-കര്‍ഷക-ഉപഭോക്തൃ സംഘടനകളുമായി ചര്‍ച്ച നടത്തി. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിയ കത്തിന് മറുപടി പോലും നല്‍കിയിട്ടില്ല. അതേസമയം സിപിഐ എം പൊളിറ്റ്ബ്യൂറോ സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതായും മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഭൂരിപക്ഷം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഇടതുപക്ഷം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ച നടത്തിയെന്ന മന്ത്രിയുടെ അവകാശവാദം കള്ളമാണെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജും സിപിഐ എമ്മിലെ ബസുദേവ് ആചാര്യയും ശരത്യാദവും പറഞ്ഞു. മുന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി സമവായമുണ്ടാക്കുമെന്ന പ്രസ്താവന നടത്തിയതിന് ശേഷം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍(

കാലുകുത്താന്‍ വാള്‍മാര്‍ട്ടിനെ അനുവദിക്കില്ല: സിപിഐ എം

ന്യൂഡല്‍ഹി: ചില്ലറവിപണിയിലെ വിദേശനിക്ഷേപം വിഷയത്തില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ വെളിപ്പെട്ടത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്. ബിജെപി ഭരണകാലത്ത് പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിദേശനിക്ഷേപത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ഇപ്പോള്‍ ഇരുകൈയ്യും നീട്ടി വാള്‍മാര്‍ട്ടിനെയും മറ്റുവിദേശ കുത്തകകളെയും സ്വീകരിക്കുന്നതെന്ന് ബുധനാഴ്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ പറഞ്ഞു. വിദേശനിക്ഷേപം രാജ്യദ്രോഹമാണെന്ന് ബിജെപി ഭരണകാലത്തെ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി പറഞ്ഞത് ബസുദേബ് ആചാര്യ ഓര്‍മ്മിപ്പിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ അസ്വസ്ഥരായി. ഈ വിഷയത്തില്‍ എല്ലാക്കാലവും നിലപാടില്‍ ഉറച്ചുനിന്നത് ഇടതുപാര്‍ടികള്‍ മാത്രമാണ്. വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ജയിച്ചാലും വാള്‍മാര്‍ട്ടിനെ രാജ്യത്ത് കാലുകുത്താന്‍ അനുവദിക്കില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കി മെച്ചപ്പെട്ട സാങ്കേതികവിദ്യ രാജ്യത്തേക്ക് കൊണ്ടുവരുന്ന വിദേശനിക്ഷേപത്തോട് സിപിഐ എമ്മിന് യോജിപ്പാണ്. അതോടൊപ്പം ഉല്‍പ്പാദനക്ഷമതയിലും വര്‍ധനവുണ്ടാകണം. എന്നാല്‍ ഇപ്പോള്‍ അനുവദിക്കുന്ന വിദേശനിഷേപം ഈ ഉപാധികളൊന്നും പാലിക്കുന്നില്ല. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള തൊഴിലുകള്‍ ഇല്ലാതാക്കുന്നതാണ് തീരുമാനം. ഒരു രംഗത്തും ഉല്‍പ്പാദനക്ഷമത വര്‍ധിക്കില്ല. സാങ്കേതികമായ മെച്ചവും ഇല്ല.

ഈ ന്യായവാദങ്ങള്‍ നിരത്തി തന്നെയാണ് നേരത്തെ കോണ്‍ഗ്രസ് നേതാവ് ദാസ്മുന്‍ഷി വിദേശനിക്ഷേപത്തെ എതിര്‍ത്തത്.മരുന്നുനിര്‍മ്മാണ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചപ്പോള്‍ വലിയ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. വിത്തുല്‍പ്പാദന രംഗത്തേക്ക് മൊണ്‍സാന്റോ എന്ന ബഹുരാഷ്ട്ര ഭീമന്‍ വന്നതോടെ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു. നാല്‍പ്പതിനായിരം കോടിയോളം രൂപ മൊണ്‍സാന്റോ ലാഭം കൊയ്തപ്പോള്‍ രാജ്യത്തെ രണ്ടേമുക്കാല്‍ ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ആചാര്യ ചൂണ്ടിക്കാട്ടി. ശരത്യാദവ് (ജെഡിയു), മുരളിമനോഹര്‍ ജോഷി, ഭര്‍തൃഹരി മെഹ്താബ് (ബിജെപി), അനന്ത്ഗീഥെ (ശിവസേന), നമ നാഗേശ്വരറാവു (തെലങ്കുദേശം), എം തമ്പിദുരൈ (എഐഡിഎംകെ), ഹര്‍സിമ്രത് കൗര്‍ (അകാലിദള്‍) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ വിദേശനിക്ഷേപത്തെ വിമര്‍ശിച്ചു. സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ എന്‍സിപിയുടെ പ്രഫുല്‍ പട്ടേലും ആര്‍ജെഡി നേതാവ് ലാലുയാദവും ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിയും കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ ഹൂഡയും മാത്രമാണ് രംഗത്തെത്തിയത്.

രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷം

ചില്ലറവിപണിയിലെ വിദേശനിക്ഷേപം അനുവദിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എസ്പിയുടെയും ബിഎസ്പിയുടെയും സഹായത്തോടെ ലോക്സഭയില്‍ രക്ഷപ്പെട്ടെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാകുമോയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തില്‍. ലോക്സഭയിലെ അതേ നിലപാട് എസ്പിയും ബിഎസ്പിയും രാജ്യസഭയിലും തുടര്‍ന്നാലും സര്‍ക്കാരിന്ഭഭൂരിപക്ഷം എളുപ്പമാവില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രേഖ തുടങ്ങിയവരെയെല്ലാം സര്‍ക്കാരിന് അണിനിരത്തേണ്ടി വരും.

രാജ്യസഭയിലും വോട്ടിനെ ഭയക്കുന്നില്ലെന്നാണ് ലോക്സഭയിലെ വോട്ടിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചത്. എന്തുവില കൊടുത്തും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ശ്രമിക്കുമെന്ന് സോണിയയുടെ വാക്കുകളില്‍ നിന്ന് വ്യക്തം. എസ്പിയേയോ ബിഎസ്പിയെയോ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യാന്‍ കോണ്‍ഗ്രസിന് പ്രേരിപ്പിക്കേണ്ടി വരും. അണിയറയില്‍ ഇതിനുള്ള ചര്‍ച്ചകള്‍ സജീവവുമാണ്.

244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 123 വോട്ട് ആവശ്യമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട പത്ത് അംഗങ്ങളടക്കം 96 പേരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. ഈഡനില്‍ ടെസ്റ്റ് കളിക്കുന്ന ടെണ്ടുല്‍ക്കര്‍ വോട്ടിനുണ്ടാവാന്‍ സാധ്യത വിരളമാണ്. ആര്‍ജെഡി, എല്‍ജെപി, എംഎന്‍എഫ്, എസ്ഡിഎഫ്, എന്‍പിഎഫ്, സ്വതന്ത്രര്‍ എന്നിവരുടെയെല്ലാം പിന്തുണ ഉറപ്പാക്കിയാലും സംഖ്യ 106 ആകുകയുള്ളു. 15 അംഗങ്ങളുള്ള ബിഎസ്പിയും ഒമ്പത് അംഗങ്ങളുള്ള എസ്പിയും പിന്തുണച്ചാല്‍ 230 വോട്ടോടെ അനായാസം കടന്നുകൂടാന്‍ സര്‍ക്കാരിനാവും. എന്നാല്‍ എഫ്ഡിഐക്ക് അനുകൂലമായി എസ്പി വോട്ടുചെയ്യാനുള്ള സാധ്യത വിരളമാണ്. മായാവതിയും ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല. ഇരുപാര്‍ടികളും ലോക്സഭയിലേതുപോലെ വിട്ടുനിന്നാല്‍ സര്‍ക്കാരിന് വിജയിക്കാന്‍ ആവശ്യമായി വരിക 110 വോട്ടായിരിക്കും. ടെണ്ടുല്‍ക്കര്‍കൂടി വോട്ടിനില്ലെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. ഈ ഘട്ടത്തില്‍ ബിഎസ്പിയുടെ പിന്തുണ അനിവാര്യമാണ്. അങ്ങനെയെങ്കില്‍ 121 വോട്ടോടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിയും.

രാജ്യസഭയില്‍ എഫ്ഡിഐ തീരുമാനത്തെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് എസ്പിയുടെ രാംഗോപാല്‍ യാദവ് നേരത്തെ പ്രസ്താവിച്ചിരുന്നു. നിലവില്‍ എഫ്ഡിഐക്ക് എതിരായി രാജ്യസഭയില്‍ 114 എംപിമാരാണുള്ളത്. ഇവര്‍ക്കൊപ്പം എസ്പി കൂടി ചേര്‍ന്നാല്‍ എതിര്‍ക്കുന്നവരുടെ എണ്ണം 223 ആയി ഉയരും. ബിഎസ്പി കൂടി പിന്തുണച്ചാലും എഫ്ഡിഐക്ക് അനുകൂലമായ വോട്ട് 221 ല്‍ ഒതുങ്ങും. ചുരുക്കത്തില്‍ ബിഎസ്പിയെ കൊണ്ട് അനുകൂലമായി വോട്ടുചെയ്യിക്കുകയും എസ്പിയെ സാധാരണ പോലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിക്കുകയുമെന്ന തന്ത്രമാകും സര്‍ക്കാര്‍ പ്രയോഗിക്കുക.

അനുകൂലിച്ച് സംസാരിച്ചത് 4 പാര്‍ടിമാത്രം

ചില്ലറവില്‍പ്പനയില്‍ വിദേശനിക്ഷേപം അനുവദിച്ച വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ലോക്സഭയില്‍ സംസാരിച്ചത് നാലു പാര്‍ടിമാത്രം. ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനു പുറമെ എന്‍സിപി, ആര്‍ജെഡി, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ എന്നീ കക്ഷികള്‍മാത്രമാണ് എഫ്ഡിഐ പിന്തുണച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ വിദേശനിക്ഷേപത്തോട് യോജിപ്പില്ലെന്ന് നിലപാടെടുത്ത ഡിഎംകെ പക്ഷേ വോട്ടെടുപ്പില്‍ സര്‍ക്കാരിനെ തുണച്ചു. ബിഎസ്പി, എസ്പി എന്നീ കക്ഷികളും ചര്‍ച്ചയില്‍ എഫ്ഡിഐ വിരുദ്ധനിലപാട് സ്വീകരിച്ചെങ്കിലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് സര്‍ക്കാരിനെ സഹായിച്ചു.

കേരളത്തില്‍നിന്നുള്ള യുപിഎ ഘടകകക്ഷികളായ മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് മാണിയും ചര്‍ച്ചയില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കാന്‍പോലും ധൈര്യംകാട്ടിയില്ല. ഭഭരണമുന്നണിയില്‍നിന്നും പ്രതിപക്ഷത്തുനിന്നുമായി 18 പാര്‍ടിയെ പ്രതിനിധാനംചെയ്ത് 22 പേരാണ് എഫ്ഡിഐ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ 14 പാര്‍ടിയും എഫ്ഡിഐ തീരുമാനത്തോട് വിയോജിപ്പ് വ്യക്തമാക്കിയതോടെ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ സഭയില്‍ ഒറ്റപ്പെടുകതന്നെയായിരുന്നു. കോണ്‍ഗ്രസിനു പുറമെ തീരുമാനത്തെ പിന്തുണച്ച് സഭയില്‍ സംസാരിക്കാനുണ്ടായത് ഒമ്പത് അംഗങ്ങളുള്ള എന്‍സിപിയും നാല് അംഗങ്ങള്‍ വീതമുള്ള ആര്‍ജെഡിയും ആര്‍എല്‍ഡിയുമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ നാലു പാര്‍ടിയുടെ ആകെ അംഗസംഖ്യ 223 മാത്രമാണ്.

എഫ്ഡിഐ: ഭൂരിപക്ഷവും സര്‍ക്കാരിനെതിര്-കാരാട്ട്

ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ ഭൂരിപക്ഷം കക്ഷികളും അംഗങ്ങളും സര്‍ക്കാര്‍ തീരുമാനത്തിനെതിരാണെന്ന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍നിന്ന് വ്യക്തമായതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിദേശനിക്ഷേപം പിന്‍വലിക്കണമെന്ന പ്രതിപക്ഷ പ്രമേയം സര്‍ക്കാര്‍ പരാജയപ്പെടുത്തിയെങ്കിലും അതിനെതിരെയുള്ള പ്രക്ഷോഭവും എതിര്‍പ്പും തുടരുമെന്നും കാരാട്ട് പറഞ്ഞു.

deshabhimani 061212

Saturday, December 1, 2012

കര്‍മപരിപാടിയുടെ കാര്യം മഹാകഷ്ടം


കേരളമുഖ്യന്റെ സ്ഥിതി വളരെ ദയനീയമാണ്. പഴയ ഒരണസമരത്തിന്റെ സന്തതിയായ ഉമ്മന്‍ചാണ്ടിക്കും ഇത് നന്നായി അറിയാം. പാളയത്തില്‍ പടയാണ്. സാക്ഷാല്‍ ""പച്ചക്കാ""രും സൗകര്യാര്‍ത്ഥം ""പച്ച"" എടുത്ത് അമ്മാനമാടുന്നവരും മലയോരങ്ങളും കടലോരങ്ങളും കയ്യേറി പച്ചയ്ക്കുവേണ്ടി വാദിക്കുന്ന കാട്ടുകള്ളന്മാരും എല്ലാം അകത്തും പുറത്തും ശല്യപ്പെടുത്തുകയാണ്. ഈ സാഹചര്യങ്ങളില്‍, മുന്നേപ്പോലെ ദീര്‍ഘകാല പദ്ധതികള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ പറ്റിക്കാനാവില്ല. ഉപദേശികള്‍ ഉമ്മന്‍ചാണ്ടിയെ വിശ്വസിപ്പിച്ചു. പിന്നെ മുഖ്യന്‍ മറ്റൊന്നും ചിന്തിച്ചില്ല. ദാ, പിടിച്ചോ എന്നുപറഞ്ഞു. ചാട്ടുളിപോലെ ജനമദ്ധ്യത്തിലേക്ക് എറിഞ്ഞു ""നൂറുദിന പരിപാടി"". ജനം ആകാംക്ഷയോടെ കാത്തിരുന്നു. പുതിയതും പ്രയോജനകരവുമായ എന്തെങ്കിലും കണ്ടേക്കും എന്ന് മോഹിച്ചു. നൂറുദിവസങ്ങളും പിന്നിട്ടപ്പോഴും പ്രത്യേകം പ്രസ്താവയോഗ്യമായ ഒന്നും കണ്ടില്ല. നൂറുദിന പരിപാടി കോഴി കോട്ടുവായിട്ടപോലെയായി. നൂറുദിന പരിപാടി എന്ന ജാഡ ഉളവാക്കിയ ജാള്യതയും കുറ്റബോധവും പരിഹരിക്കാന്‍ ഉപദേശകവൃന്ദം വീണ്ടും തലപുകഞ്ഞാലോചിച്ചു. അപ്പോള്‍ ജനിച്ച അത്ഭുത ശിശുവായ എമര്‍ജിങ് കേരള ഉള്‍പ്പെടെയുള്ള ""ഒരു വര്‍ഷ കര്‍മ്മപരിപാടി"".

ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കര്‍മ്മപരിപാടിയുടെ അവലോകനം അഥവാ ബാക്കിപത്രം മുഖ്യന്‍തന്നെ വെളിപ്പെടുത്തിയതായി നവംബര്‍ 5ന്റെ പത്രങ്ങളില്‍ കണ്ടു. കര്‍മ്മപരിപാടി 91.71 ശതമാനവും വിജയിച്ചെന്ന് മുഖ്യന്‍. 664 പദ്ധതികള്‍ കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന രഹസ്യം ആദ്യമായി മുഖ്യന്‍തന്നെ വെളിപ്പെടുത്തി. ഈ 664ല്‍ 374 എണ്ണം ""പൂര്‍ണ്ണമായി നടപ്പാക്കി. 664ല്‍ 374 എങ്ങനെ 91.71 ശതമാനമാകും.? ഭാഗികമായി നടപ്പാക്കിയതും, ഒരു വര്‍ഷത്തിനിടയില്‍ ഇതേവരെ നടപ്പില്‍ വരുത്താനായി ശ്രമിക്കാത്തവയും ആയവയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താതെ 91.74 ശതമാനം വിജയം അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി ഏതു സ്കൂളിലാണ് കണക്കുപഠിച്ചത് എന്ന് ചോദിക്കാതെ തരമില്ല. പൂര്‍ണമായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് ഇനി പരിശോധിക്കാം. 1. സേവനാവകാശനിയമം. പ്രതിപക്ഷത്തിന്റെകൂടി പൂര്‍ണ്ണ സഹകരണത്തോടെ, വിവാദരഹിതമായ ഒരു നിയമം പാസാക്കി എടുക്കുന്നത് അത്ര വലിയ ആനക്കാര്യമാണോ? 2. എമര്‍ജിങ് കേരള. ഈ മുദ്രാവാക്യംവഴി നമ്മുടെ മുഖ്യന്‍ ജനമനസ്സില്‍ സൃഷ്ടിച്ച ചിത്രം ഏതുവിധമായിരുന്നു? ഇവിടെ വ്യാവസായികവും കാര്‍ഷികവുമായ തലങ്ങളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകാന്‍പോകുന്നു. വ്യാവസായിക-കാര്‍ഷികോല്‍പാദനങ്ങള്‍ പതിന്മടങ്ങു വര്‍ദ്ധിച്ച് സുഭിക്ഷത നടമാടും. ദാരിദ്ര്യവും തൊഴിലില്ലായ്മയും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടും. സംതൃപ്തിയും പുത്തന്‍ ഉണര്‍വ്വും സര്‍വ്വത്ര... എന്നാല്‍ നേരേമറിച്ചല്ലേ അനുഭവം? ജനജീവിതം ഈ വര്‍ഷത്തിനിടയില്‍ കൂടുതല്‍ ദുസ്സഹമാവുകയല്ലേ ഉണ്ടായത്. നമ്മുടെ സംസ്ഥാനത്തെ എത്രമാത്രം പിന്നോട്ട് നയിച്ചുവെന്ന സത്യം വേറെ പ്രത്യേകമായി വിവരിക്കേണ്ടതുണ്ടോ? എമര്‍ജിങ് കേരള അല്ല സിങ്കിങ് കേരള (മുങ്ങുന്ന കേരളം) അല്ലേ കാണുന്നത്? 3. കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍, ഇക്കാര്യത്തില്‍ മുഖ്യന്‍വിജയം അവകാശപ്പെടുമ്പോള്‍ കാപട്യമേ നിന്റെ പേരോ ഉമ്മന്‍ചാണ്ടി എന്ന് ചോദിച്ചാല്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. തറക്കല്ലിട്ടില്ലെന്നല്ല വിവക്ഷ. തറക്കല്ലിടുകതന്നെ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ നടത്തിയ കള്ളക്കളികള്‍ ഇനിയും ഒളിച്ചുവയ്ക്കാനാകുമോ? ശിലാസ്ഥാപനം കഴിഞ്ഞാല്‍ പദ്ധതി അഭംഗുരം പുരോഗമിക്കുമെന്നല്ലേ ജനം ധരിക്കുക. ഡിഎംആര്‍സിയെക്കൊണ്ട് പദ്ധതിയുടെ നിര്‍വ്വഹണച്ചുമതല ഏറ്റെടുപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ തക്കസമയത്ത് ചെയ്യാതെയും, ടോംജോസിനെ പോലുള്ള വിശ്വസ്തരെക്കൊണ്ട് ആഗോള ടെന്‍ഡര്‍ പ്രായോഗികമാക്കി വന്‍തുക കമ്മീഷന്‍ അടിച്ചെടുക്കാന്‍വേണ്ടിയുള്ള വേലകള്‍ അണിയറയ്ക്കുള്ളില്‍ സംഘടിപ്പിക്കുകയും ചെയ്തിട്ട് ഒരു ശിലാസ്ഥാപനച്ചടങ്ങ്. കേരളീയരുടെ ശബ്ദം കക്ഷിവ്യത്യാസമില്ലാതെ ഉയര്‍ന്നിരിക്കുന്നു. അവസാനിമിഷത്തിലാണ് രണ്ടാംനമ്പര്‍ കസേരയില്‍ ഇരിക്കുന്ന മഹാശയന്‍ കണ്ണുതുറന്നിരിക്കുന്നത്.

ഈ വരികള്‍ കുറിക്കുമ്പോഴും നഗരവികസന മന്ത്രി പൂര്‍ണ്ണമായി മനസ്സുതുറന്നിട്ടില്ലെന്നത് തള്ളിക്കളയാനാകുമോ? സൂചികൊണ്ട് എടുക്കാമായിരുന്നത് തൂമ്പകൊണ്ട് ആയാലും എടുക്കാന്‍ കഴിയുമെന്നുറപ്പുണ്ടോ? കമ്മീഷനുവേണ്ടിയുള്ള ഒടുങ്ങാത്ത ആര്‍ത്തി ഒരു വശത്ത്, രാജ്യസ്നേഹം അഭിനയിക്കാനുള്ള കൃത്രിമവ്യഗ്രത മറുവശത്ത്, ഇതല്ലേ നാം കാണുന്നത്? 4. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് സിയാല്‍ മാതൃകയിലുള്ള കമ്പനി രൂപീകരണം. ഒരു കമ്പനി രൂപീകരിച്ചാല്‍ പ്രശ്നം തീരുമോ? രൂപീകരിക്കപ്പെട്ട കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടികള്‍, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ വിവരങ്ങള്‍ മാദ്ധ്യമങ്ങളിലും കണ്ടില്ല, കടലാസില്‍ മാത്രമാണോ കമ്പനിയുടെ അസ്തിത്വം, അത് പ്രവര്‍ത്തനക്ഷമമായോ എന്നും വ്യക്തമല്ല. എങ്കിലും മറ്റൊരു സത്യം വ്യക്തമാകുന്നുണ്ട്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചുള്ള മുഖ്യന്റെ ധാരണ ദയനീയമാംവിധം വളരെ വളരെ പരിമിതമാണെന്ന സത്യം. സംസ്ഥാനത്തിന്റെ ഏതൊരു മുക്കില്‍നിന്നും മൂലയില്‍നിന്നുമാണ് മാലിന്യത്തെപ്പറ്റി പരാതി ഉയര്‍ന്നുവരാത്തത്? അഭ്യസ്തവിദ്യരും സംസ്കാരസമ്പന്നരുമായ നമ്മള്‍തന്നെയല്ലേ അവരവരുടെ വീടുകളിലെ മാലിന്യങ്ങള്‍ പൊതിഞ്ഞുകെട്ടി ആരുംകാണാതെ പബ്ലിക് റോഡിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ അയല്‍പക്കക്കാരന്റെ പുരയിടത്തിലേക്കോ വലിച്ചെറിയുന്നത്? കക്കൂസ് മാലിന്യം റോഡരികില്‍ തള്ളുന്നതും മറ്റും പതിവായിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ചേപ്പാടില്‍ കണ്ടതുപോലെ അന്യസംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ - നാട്ടുകാരായവര്‍തന്നെ ഭാരിച്ച വാടക ഈടാക്കുന്ന ഷെഡുകള്‍ - തല്ലിപ്പൊളിച്ചതും പ്രശ്നപരിഹാരത്തിന് സഹായകമല്ല. ഇക്കാര്യത്തില്‍ പ്രഥമവും പ്രധാനവുമായ കടമ, മലിനീകരണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും സംബന്ധിച്ച് ബഹുജനങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിതവും നിരന്തരവുമായ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. ശാസ്ത്രീയവും അതേസമയം ചിലവുകുറഞ്ഞതുമായ മാലിന്യസംസ്കരണപദ്ധതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളെ ഉപയോഗപ്പെടുത്തി ഈ ശാസ്ത്രീയ സംസ്കരണരീതി പ്രയോഗിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ അജന്‍ഡയില്‍ പ്രധാന ഇനമായി മാലിന്യനിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടുത്തേണ്ടതാണ്. ഗുരുതരമായ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് വികേന്ദ്രീകൃതമായ നടപടികള്‍ സ്വീകരിക്കാതെ ഒരു കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നുപറഞ്ഞ് പ്രശ്നങ്ങളില്‍നിന്നും ഒളിച്ചോടുന്നത് ഒരു മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ല. നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പദ്ധതികളെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും മുഖ്യമന്ത്രിക്ക് വിശദീകരണമില്ലാതില്ല. എന്നാല്‍ കാര്‍ഷിക പാക്കേജുകള്‍, കൊപ്ര സംഭരണം എന്നിവയുടെ പോക്കില്‍ സര്‍ക്കാരിന് ഒട്ടും സംതൃപ്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു കാരണം വകുപ്പുകളുടെ വീഴ്ച അല്ല സംവിധാനത്തിന്റെ തകരാര്‍ ആണ്"".

""സംവിധാനത്തിന്റെ തകരാര്‍"" കണ്ട് നിസ്സഹായനായി നോക്കിനില്‍ക്കുകയല്ല ഒരു മന്ത്രി ചെയ്യേണ്ടത്. സംവിധാനത്തിന്റെ തകരാര്‍ തട്ടിനീക്കി ജനതാല്‍പര്യം കാത്തുസൂക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ് നേതാവില്‍നിന്നും പ്രതീക്ഷിക്കാന്‍ വയ്യാത്തതും അതുതന്നെയാണ്. പി ജെ ആന്റണിയുടെ ഒരു നാടകത്തിലെ ഒരു കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്നു മുഖ്യന്റെ ""സംവിധാനത്തിന്റെ തകരാര്‍" എന്ന പ്രയോഗം. നാടകത്തിലെ കഥാപാത്രം എന്തിനും ഏതിനും കാരണം ""വ്യവസ്ഥിതിയുടെ ദൂഷ്യം"" എന്നുപറഞ്ഞ് സ്വന്തം ചുമതലയില്‍നിന്നും തല ഊരുകയാണ്. തന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം വിജയമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊങ്ങച്ചം ഭാവിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി ഭരണം തികഞ്ഞ പരാജയമായിരുന്നെന്നാണ് കേന്ദ്രമന്ത്രി വയലാര്‍ രവി കാണുന്നത്. പ്രതിരോധമന്ത്രി എ കെ ആന്റണി വെട്ടിത്തുറന്നു പറഞ്ഞതും മറ്റൊന്നല്ല.

പയ്യപ്പിള്ളി ബാലന്‍ chintha weekly

പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത കുറഞ്ഞു


പത്തു വര്‍ഷത്തിനിടെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യതയില്‍ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2001-02ല്‍ 494.1 ഗ്രാം ആയിരുന്ന പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത 2011ല്‍ 462.0 ഗ്രാം ആയതായി രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിന് മറുപടിയായി ഭക്ഷ്യസഹമന്ത്രി താരിഖ് അന്‍വര്‍ വ്യക്തമാക്കി. ധാന്യങ്ങളുടെ പ്രതിശീര്‍ഷ ലഭ്യത ഇക്കാലയളവില്‍ 458.7 ഗ്രാമില്‍നിന്ന് 423.7 ഗ്രാം ആയി കുറഞ്ഞു. പയറുവര്‍ഗത്തിന്റെ ലഭ്യത 35.4ല്‍നിന്ന് 39.4 ഗ്രാമായി. ഉല്‍പ്പാദനത്തിലുണ്ടാവുന്ന ഏറ്റക്കുറവും കാലാവസ്ഥ വ്യതിയാനവും ജനസംഖ്യ വര്‍ധനയുമാണ് ഭക്ഷ്യലഭ്യത കുറയാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

വളര്‍ച്ചനിരക്ക് വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് വീണ്ടും ഇടിഞ്ഞു. ജൂലൈമുതല്‍ സെപ്തംബര്‍വരെയുള്ള കാലയളവില്‍ വളര്‍ച്ചനിരക്ക് 5.3 ശതമാനമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ (സിഎസ്ഒ) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ കാലയവളില്‍ 6.7 ശതമാനമായിരുന്നു നിരക്ക്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തിലുണ്ടായ 5.5 ശതമാനം വളര്‍ച്ചനിരക്കുപോലും നിലനിര്‍ത്താനായില്ല. നിര്‍മിതോല്‍പ്പന്നമേഖല സ്തംഭനത്തില്‍ത്തന്നെ. രണ്ടാംപാദത്തില്‍ 0.8 ശതമാനം വളര്‍ച്ചമാത്രം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 2.9 ശതമാനമായിരുന്നു നിരക്ക്.

കാര്‍ഷികമേഖലയ്ക്കാണ് വന്‍ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 3.1 ശതമാനമായിരുന്ന വളര്‍ച്ചനിരക്ക് 1.2 ശതമാനമായി. 2012-13 വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്ലുല്‍പ്പാദനത്തില്‍ 6.5 ശതമാനം കുറവുണ്ടാകും. പരുക്കന്‍ ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 18.4 ശതമാനവും പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ യഥാക്രമം 14.5 ശതമാനവും 9.6 ശതമാനവും കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത സാമ്പത്തികവര്‍ഷം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനിടയാക്കും. ഖനം, നിര്‍മിതോല്‍പ്പന്നമേഖല, വൈദ്യുതോല്‍പ്പാദനം എന്നീ മേഖലകളിലും തളര്‍ച്ചയാണ്. ഖനമേഖല കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദത്തിലെ മൈനസ് 4.1 ശതമാനം തളര്‍ച്ചയില്‍നിന്ന് 1.8 ശതമാനം വളര്‍ച്ചയിലേക്കുയര്‍ന്നു. എന്നാല്‍, നിര്‍മിതോല്‍പ്പന്നമേഖല 3.4 ശതമാനത്തില്‍നിന്ന് 0.2 ശതമാനത്തിലേക്കും വൈദ്യുതോല്‍പ്പാദനം 10.5 ശതമാനത്തില്‍നിന്ന് 2.8 ശതമാനത്തിലേക്കും ചുരുങ്ങി.

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9.9 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സേവനമേഖലയില്‍ രണ്ടാംപാദത്തില്‍ 9.4 ശതമാനം മാത്രമാണ് വളര്‍ച്ച. കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതും ആഭ്യന്തരവിപണി ശക്തമാകാത്തതും നിര്‍മിതോല്‍പ്പന്നമേഖലയുടെ സ്തംഭനം തുടരാനിടയാക്കും. കയറ്റുമതി മെച്ചപ്പെടാത്തത് വ്യാപാരക്കമ്മി ഉയര്‍ത്തിനിര്‍ത്തും. ഒക്ടോബറിലെ വിദേശവ്യാപാരക്കമ്മി 2100 കോടി ഡോളറാണ്. രാജ്യത്തിന്റെ ധനക്കമ്മി 2012 ഏപ്രില്‍മുതല്‍ ഒക്ടോബര്‍വരെ 3.68 ലക്ഷം കോടി രൂപയാണ്. ഈ കാലഘട്ടത്തില്‍ 3.34 ലക്ഷം കോടി രൂപയുടെ നികുതിവരുമാനമാണുണ്ടായത്. ചെലവാകട്ടെ, 7.79 ലക്ഷം കോടി രൂപയും. ധനക്കമ്മി മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 5.3 ശതമാനമാക്കി നിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
(വി ജയിന്‍)

ക്ഷയരോഗികള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ലോകത്ത് ഏറ്റവുമധികം ക്ഷയരോഗികള്‍ ഇന്ത്യയിലാണെന്ന് ആരോഗ്യ സഹമന്ത്രി അബു ഹസെം ഖാന്‍ ചൗധരി പി കരുണാകരനെ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ 2010ലെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ദശലക്ഷം പുതിയ ക്ഷയരോഗ കേസുകള്‍ 2009ല്‍ കണ്ടെത്തി. ഇതേ കാലയളവില്‍ ക്ഷയം കാരണം മരണമടഞ്ഞത് 2.8 ലക്ഷം പേര്‍. കേരളത്തില്‍ ജപ്പാനീസ് എന്‍സെഫാലൈറ്റിസ് രോഗം റിപ്പോര്‍ട്ട് ചെയ്തതായി അബു ഹസെം ഖാന്‍ ചൗധരി പി കരുണാകരനെ അറിയിച്ചു. 2009ല്‍ ആറും 2010ല്‍ രണ്ടും 2011ല്‍ മൂന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നെറ്റ് പരീക്ഷയ്ക്ക് ഓരോ പേപ്പറിനും നിശ്ചിത മാര്‍ക്ക് ആവശ്യമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ വിജ്ഞാപനമുണ്ടെന്ന് മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ കെ എന്‍ ബാലഗോപാലിനെ അറിയിച്ചു. 2012 ജൂണില്‍ നടന്ന നെറ്റ് പരീക്ഷയ്ക്ക് മുന്നോടിയായാണ് വിജ്ഞാപനം ഇറക്കിയത്. അധ്യാപനത്തിനുള്ള യോഗ്യത റിസള്‍ട്ട് പ്രഖ്യാപിക്കുംമുമ്പ് യുജിസി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് 2011-12ല്‍ നല്‍കിയ നഷ്ടപരിഹാരം 497.71 ലക്ഷം രൂപ. 2010-11ല്‍ 585.79 ലക്ഷം രൂപയാണ് നല്‍കിയതെന്ന് സി പി നാരായണനെ റെഡ്ഡി അറിയിച്ചു. കേരളത്തില്‍ 33,110 അങ്കണവാടികളും മിനി അങ്കണവാടികളും പ്രവര്‍ത്തിക്കുന്നതായി വനിത, ശിശു വികസനമന്ത്രി കൃഷ്ണ തീരഥ് അറിയിച്ചു. ആറു മാസം മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിങ്ങനെ 10.82 ലക്ഷം പേര്‍ക്ക് അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുന്നതായും പി കെ ബിജുവിന് മന്ത്രി മറുപടി നല്‍കി.

deshabhimani 011212

ദരിദ്രകുടുംബത്തിന്റെ കണ്ണീര്‍ക്കഥ പറഞ്ഞ് മനോരമയുടെ തട്ടിപ്പ്


ദരിദ്രകുടുംബത്തിന്റെ കണ്ണീര്‍ക്കഥ പറഞ്ഞ് മനോരമയുടെ ലക്ഷങ്ങളുടെ തട്ടിപ്പ്. "അന്തിയുറങ്ങുന്നത് തെരുവില്‍; ഒട്ടിയ വയറുമായി പഠനം" എന്ന തലക്കെട്ടോടെ 2011 ആഗസ്ത് പത്തിന് മനോരമ ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോടൊപ്പം മനോരമ വിതുര ലേഖകന്‍ കെ മണിലാല്‍ സ്വന്തം അക്കൗണ്ട് നമ്പരാണ് നല്‍കിയത്. വിതുര ആനപ്പാറ ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ രഞ്ജിത്, സഞ്ജിത്ത്, അമ്മ കുമാരി എന്നിവരുടെ ദുരവസ്ഥയാണ് വാര്‍ത്തയുടെ ഉള്ളടക്കം. മനോരമയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിനം "രഞ്ജിത്തിനും സഞ്ജിത്തിനും സഹായപ്രവാഹം; വീടു നിര്‍മിച്ചു നല്‍കാന്‍ മന്ത്രിയുടെ നിര്‍ദേശം" എന്ന തലക്കെട്ടോടെയും വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും ഈ ദരിദ്ര കുടുംബത്തിന് ഒരു സഹായവും ലഭ്യമാക്കിയിട്ടില്ല.

2011 ആഗസ്ത് പത്തുമുതല്‍ സെപ്തംബര്‍ 15 വരെയുള്ള 35 ദിവസത്തിനിടെ വിതുര എസ്ബിടി ശാഖയിലെ ലേഖകന്റെ അക്കൗണ്ടില്‍ മാത്രം അരലക്ഷത്തോളം രൂപ സഹായധനമെത്തി. അക്കൗണ്ടില്‍ വന്ന തുകയെപ്പറ്റി അന്വേഷിച്ചപ്പോഴെല്ലാം മനോരമ ലേഖകന്‍ കുമാരിയെയും മക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പാലോട് സിഐക്കും വിതുര എസ്ഐക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ തുക അക്കൗണ്ടില്‍ വരാനാണ് സാധ്യത. കുമാരിക്കും മക്കള്‍ക്കും സൗജന്യമായി വീടു നിര്‍മിച്ചുനല്‍കാന്‍ ഭവനിര്‍മാണ വകുപ്പിനു കീഴിലുള്ള സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് ധനമന്ത്രി കെ എം മാണി നിര്‍ദേശം നല്‍കിയതായും മനോരമ പറയുന്നു. അതേസമയം, തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സംഘടന തരപ്പെടുത്തിയ വാടക വീട്ടിലാണ് ഈ അമ്മയും മക്കളും അന്തിയുറങ്ങുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരും ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രസിദ്ധീകരിച്ച മനോരമ വാര്‍ത്ത പറയുന്നു. അതേസമയം, നാളിതുവരെ ഇവരെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആലംബഹീനരായ ഇവരുടെ ദുരിതചിത്രം വാര്‍ത്തയാക്കിയാണ് മനോരമ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

deshabhimani

മുട്ടം പോളി.സമരം: പ്രചരിപ്പിക്കുന്നത് കെട്ടുകഥ - എസ്എഫ്ഐ


തൊടുപുഴ: മുട്ടം പോളിടെക്നിക്കിലെ സമരവും അതിനുകാരണമായ വിഷയങ്ങളെ സംബന്ധിച്ചും പുറത്ത് പ്രചരിപ്പിക്കുന്നത് അസത്യങ്ങളും കെട്ടുകഥകളുമാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. ഈ കള്ളകഥകളിലൂടെ വിദ്യാര്‍ഥികളുടെ ഭാവിയും പഠിക്കുന്ന സ്ഥാപനത്തിന്റെ സല്‍പേരും കളങ്കപ്പെടുത്താനാണ് ഇവിടുത്തെ ഭരണാനുകൂല ജീവനക്കാരുടെ സംഘടന ശ്രമിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ആറിന് മുട്ടത്ത് പോളിടെക്നിക് വിദ്യാര്‍ഥികള്‍ തമ്മില്‍ ക്യാമ്പസിനുപുറത്ത് ഉണ്ടായ ചെറിയ തര്‍ക്കത്തെതുടര്‍ന്ന് എബിവിപി പ്രവര്‍ത്തകനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതികളായി പൊലീസ് മൂന്ന് പേര്‍ക്കെതിരെ 308 വകുപ്പ് പ്രകാരം കേസെടുക്കുകയും ഒരു വിദ്യാര്‍ഥിയെ 21 ദിവസം ജയിലല്‍ അടക്കുകയും ചെയ്തു. ഈ സംഘര്‍ഷത്തെ എസ്എഫ്ഐ ഒരിക്കലും ന്യായീകരിച്ചിട്ടില്ല. അന്വേഷണ വിധേയമായി സസ്പെന്റ് ചയ്ത ഇവരെ ഒമ്പതു മാസങ്ങള്‍ക്കുശേഷവും ക്യാമ്പസില്‍ പ്രവേശിപ്പിക്കുവാന്‍ തയ്യാറാകാതെവന്നപ്പോള്‍ മാത്രാണ് എസ്എഫ്ഐ സമരം നടത്താന്‍ ഉദ്ദേശിച്ചത്. അധ്യാപക സംഘടനകള്‍ ക്യാമ്പസിനുള്ളില്‍ പരസ്യമായി കെഎസ്യുവിന് വേണ്ടി പ്രവര്‍ത്തിക്കുകയും എസ്എഫ്ഐക്കെതിരെ പ്രചാരണം നടത്തുകയുമാണ്. സംഭവം നടന്ന് ഒമ്പതുമാസത്തിനുശേഷമാണ് എസ്എഫ്ഐ ഈ വിഷയം ഉന്നയിച്ച് പ്രതിഷേധിക്കുവാന്‍ തായ്യാറായത്.

പ്രിന്‍സിപ്പല്‍ ഈ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുന്നു എന്ന് രേഖാമൂലം ഉറപ്പുനല്‍കിയിട്ടും ചില അധ്യാപകര്‍ ഇതിനെ എതിര്‍ക്കുന്നത് മൂന്ന് വിദ്യാര്‍ഥികളുടെ പഠനവും ഭാവിയും തകര്‍ത്ത് ക്യാമ്പസിലെ എസ്എഫ്ഐ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള നാണംകെട്ട രാഷ്ട്രീയ കളിയുടെ ഭാഗാമണ്. കോളേജിലെ ഡിസിപ്ലിന്‍ കമിറ്റിയെന്ന പേരിലുള്ള ചിലരുടെ അന്യായമായ നടപടിക്കെതിരെ പ്രതീകാത്മകമായി കോലം കത്തിച്ചത് അധ്യാപികയുടെ കോലം കത്തിച്ചുഎന്ന് വരുത്തിതീര്‍ത്ത് എസ്്എഫ്ഐ പ്രവര്‍ത്തകരായവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കടക്കമുള്ള എല്ലാ നീതികളും നിഷേധിക്കുകയാണ്. വസ്തുത ഇതായിരിക്കെ ഇതിനെ മറച്ചുപിടിച്ച് വിദ്യാര്‍ഥികളെയും എസ്എഫ്ഐയെയും തകര്‍ക്കാനും പ്രതികാരം ചെയ്യാനും ശ്രമിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരായ അധ്യാപകരുടെയും ജീവനക്കാരുടെയും നടപടി തിരുത്തുംവരെ ശക്തമായ പ്രക്ഷോഭത്തില്‍ എസ്എഫ്ഐ ഉറച്ചുനില്‍ക്കുമെന്ന് ജില്ലാ പ്രസിഡന്റ് മജു ജോര്‍ജും സെക്രട്ടറി ജോബി ജോണിയും അറിയിച്ചു.

deshabhimani 

ചന്ദ്രശേഖരന്‍ വധക്കേസ്: വീണ്ടും മനോരമയുടെ വ്യാജവാര്‍ത്ത


ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വീണ്ടും മലയാള മനോരമയുടെ നെറികേട്. കേസില്‍ കോടതിയിലെത്തിയ പി കെ കുഞ്ഞനന്തന് പണം നല്‍കുന്നുവെന്ന് ആരോപിച്ചുള്ള വാര്‍ത്തയും ചിത്രവുമായാണ് മനോരമ സിപിഐ എം വിരോധം ആവര്‍ത്തിച്ചത്. അന്ധമായ മാര്‍ക്സിസ്റ്റ് വിരുദ്ധത നുരയുന്ന മനോരമയുടെ അധമ മാധ്യമപ്രവര്‍ത്തനത്തിനുദാഹരണമാണ് ശനിയാഴ്ച ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത.

കുഞ്ഞനന്തന് മകള്‍ പണം നല്‍കിയെന്നാണ് മനോരമയുടെ "കണ്ടെത്തല്‍". മകള്‍ പണം നല്‍കുന്നുവെന്ന് പറഞ്ഞ് ചിത്രവും നല്‍കി. കനത്ത കാവലിലും കുഞ്ഞനന്തന് മകളുടെ ""കൈമടക്ക്" എന്ന ശീര്‍ഷകത്തില്‍ വാര്‍ത്തയും. എന്നാല്‍ പണം കൊടുത്തതായി വാര്‍ത്തയെഴുതിയ ലേഖകന് പോലും ഉറപ്പില്ലാത്ത കാര്യമാണ് പത്രം അച്ചടിച്ചുവിട്ടിരിക്കുന്നത്. ""പി കെ കുഞ്ഞനന്തന് കോടതി വളപ്പില്‍ മകള്‍ കൈമാറിയതെന്താണ്? പണമെന്നാണ് സൂചന"" എന്നാണ് സ്വന്തം ലേഖകന്‍ വാര്‍ത്തയില്‍ പറയുന്നത്. ബോധ്യമില്ലാത്ത വാര്‍ത്തയെക്കുറിച്ചാണ് മകള്‍ അച്ഛന്റെ കരം കവരുന്ന ചിത്രവുമായി ബന്ധപ്പെടുത്തിവിഷപ്രയോഗം. കുഞ്ഞനന്തന്‍ പണം കൊണ്ടുവന്നതായി ജയിലധികൃതരോ പൊലീസോ പറഞ്ഞിട്ടില്ല. തടവുകാരന്‍ അനുശാസിക്കുന്ന നിയമങ്ങളൊന്നും ലംഘിച്ചതായും അധികൃതര്‍ കണ്ടെത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സൂപ്പര്‍ കോടതിയും സൂപ്പര്‍ പൊലീസും ചമഞ്ഞുള്ള റബ്ബര്‍പത്രത്തിന്റെ വാര്‍ത്ത ചമയ്ക്കല്‍. ജയില്‍വാസമനുഷ്ഠിക്കുന്നയാള്‍ക്ക് ഒരു സാധനവും ജയിലിനകത്തേക്ക് കൊണ്ടുപോകാനാകില്ല. മാത്രമല്ല ജയിലിലുള്ളയാള്‍ക്ക് പണംകൊണ്ട് ഒരു ആവശ്യവുമില്ല. വസ്തുത ഇതായിരിക്കെ ബോധ്യമല്ലാത്ത കാര്യം വാര്‍ത്തയാക്കി വന്‍പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ച പത്രം മാധ്യമധാര്‍മികതയെയടക്കം പരിഹസിക്കയാണ്.

കൊലക്കേസ് പ്രതിയായാലും അയാള്‍ക്ക് നിയമപരമായ പരിരക്ഷയും അവകാശങ്ങളുമുണ്ട്. വിചാരണ തുടങ്ങുംമുമ്പ് പ്രതിക്കെതിരെ തെറ്റിദ്ധാരണ പരത്തി അസത്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കോടതിയെയടക്കം സ്വാധീനിക്കാനുള്ള ശ്രമവും തികഞ്ഞ അനീതിയുമാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി തുടക്കംമുതല്‍ സിപിഐ എമ്മിനെതിരെ മനോരമ നിരവധി വാര്‍ത്തകള്‍ പടച്ചുവിട്ടിരുന്നു. അതിലൊടുവിലത്തേതാണ് വെള്ളിയാഴ്ച അച്ചടിമഷി പുരണ്ടെത്തിയത്.

deshabhimani 011212