Thursday, December 6, 2012

കൈയടിച്ച് പ്രോത്സാഹിപ്പിച്ച് യുഡിഎഫ് എംപിമാര്‍


ചില്ലറവിപണിയിലെ വിദേശനിക്ഷേപത്തെ (എഫ്ഡിഐ) കേരളത്തില്‍ എതിര്‍ക്കുമ്പോഴും സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെല്ലാം വാള്‍മാര്‍ട്ട് അടക്കമുള്ള വിദേശകുത്തകകള്‍ക്ക് അനുകൂലമായി വോട്ടുചെയ്തു. കോണ്‍ഗ്രസ് എംപിമാര്‍ക്കുപുറമേ മുസ്ലിംലീഗ് എംപിമാരായ ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും കേരള കോണ്‍ഗ്രസ് മാണിയുടെ ജോസ് കെ മാണിയും എഫ്ഡിഐക്ക് അനുകൂലമായി കൈയുയര്‍ത്തി. സര്‍ക്കാരിന്റെ ഭാഗമായിരിക്കെത്തന്നെ ഡിഎംകെ അംഗങ്ങള്‍ ചര്‍ച്ചയില്‍ എഫ്ഡിഐയോടുള്ള വിയോജിപ്പ് പ്രകടമാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളോ ലീഗ്, മാണി പ്രതിനിധികളോ അതിനുപോലും തയ്യാറായില്ല.

വിദേശനിക്ഷേപം സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഫ്ഡിഐയെ എതിര്‍ക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമാണോ അതോ കേന്ദ്രത്തിന് ഒപ്പമാണോയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കണമെന്ന് സഭയില്‍ പ്രമേയം അവതരിപ്പിച്ചവരില്‍ ഒരാളായ തൃണമൂലിന്റെ സൗഗത റോയ് ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള എല്ലാ യുഡിഎഫ് അംഗങ്ങളും ഈ ഘട്ടത്തില്‍ സഭയില്‍ ഹാജരായിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. ബുധനാഴ്ചയും എഫ്ഡിഐ ചര്‍ച്ചയില്‍ സര്‍ക്കാരിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെ യുഡിഎഫ് എംപിമാര്‍ മുന്നില്‍നിന്നു. പി ടി തോമസ്, പീതാംബരക്കുറുപ്പ്, ജോസ് കെ മാണി എന്നിവരാണ് കൂടുതല്‍ ആവേശം കാട്ടിയത്. അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ സംസാരിക്കുമ്പോള്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംപി പ്രതാപ്സിങ് ബാജ്വ പലവട്ടം ശബ്ദമുയര്‍ത്തി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പി ടി തോമസും പീതാംബരക്കുറുപ്പുമാണ് ഈ ഉദ്യമത്തിന് കൂട്ടായി ഉണ്ടായിരുന്നത്.
(എം പ്രശാന്ത്)

deshabhimani 061212

1 comment:

  1. ചില്ലറവിപണിയിലെ വിദേശനിക്ഷേപത്തെ (എഫ്ഡിഐ) കേരളത്തില്‍ എതിര്‍ക്കുമ്പോഴും സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെല്ലാം വാള്‍മാര്‍ട്ട് അടക്കമുള്ള വിദേശകുത്തകകള്‍ക്ക് അനുകൂലമായി വോട്ടുചെയ്തു. കോണ്‍ഗ്രസ് എംപിമാര്‍ക്കുപുറമേ മുസ്ലിംലീഗ് എംപിമാരായ ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരും കേരള കോണ്‍ഗ്രസ് മാണിയുടെ ജോസ് കെ മാണിയും എഫ്ഡിഐക്ക് അനുകൂലമായി കൈയുയര്‍ത്തി. സര്‍ക്കാരിന്റെ ഭാഗമായിരിക്കെത്തന്നെ ഡിഎംകെ അംഗങ്ങള്‍ ചര്‍ച്ചയില്‍ എഫ്ഡിഐയോടുള്ള വിയോജിപ്പ് പ്രകടമാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളോ ലീഗ്, മാണി പ്രതിനിധികളോ അതിനുപോലും തയ്യാറായില്ല.

    ReplyDelete