Saturday, December 1, 2012

ദരിദ്രകുടുംബത്തിന്റെ കണ്ണീര്‍ക്കഥ പറഞ്ഞ് മനോരമയുടെ തട്ടിപ്പ്


ദരിദ്രകുടുംബത്തിന്റെ കണ്ണീര്‍ക്കഥ പറഞ്ഞ് മനോരമയുടെ ലക്ഷങ്ങളുടെ തട്ടിപ്പ്. "അന്തിയുറങ്ങുന്നത് തെരുവില്‍; ഒട്ടിയ വയറുമായി പഠനം" എന്ന തലക്കെട്ടോടെ 2011 ആഗസ്ത് പത്തിന് മനോരമ ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോടൊപ്പം മനോരമ വിതുര ലേഖകന്‍ കെ മണിലാല്‍ സ്വന്തം അക്കൗണ്ട് നമ്പരാണ് നല്‍കിയത്. വിതുര ആനപ്പാറ ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ രഞ്ജിത്, സഞ്ജിത്ത്, അമ്മ കുമാരി എന്നിവരുടെ ദുരവസ്ഥയാണ് വാര്‍ത്തയുടെ ഉള്ളടക്കം. മനോരമയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിനം "രഞ്ജിത്തിനും സഞ്ജിത്തിനും സഹായപ്രവാഹം; വീടു നിര്‍മിച്ചു നല്‍കാന്‍ മന്ത്രിയുടെ നിര്‍ദേശം" എന്ന തലക്കെട്ടോടെയും വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും ഈ ദരിദ്ര കുടുംബത്തിന് ഒരു സഹായവും ലഭ്യമാക്കിയിട്ടില്ല.

2011 ആഗസ്ത് പത്തുമുതല്‍ സെപ്തംബര്‍ 15 വരെയുള്ള 35 ദിവസത്തിനിടെ വിതുര എസ്ബിടി ശാഖയിലെ ലേഖകന്റെ അക്കൗണ്ടില്‍ മാത്രം അരലക്ഷത്തോളം രൂപ സഹായധനമെത്തി. അക്കൗണ്ടില്‍ വന്ന തുകയെപ്പറ്റി അന്വേഷിച്ചപ്പോഴെല്ലാം മനോരമ ലേഖകന്‍ കുമാരിയെയും മക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പാലോട് സിഐക്കും വിതുര എസ്ഐക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ തുക അക്കൗണ്ടില്‍ വരാനാണ് സാധ്യത. കുമാരിക്കും മക്കള്‍ക്കും സൗജന്യമായി വീടു നിര്‍മിച്ചുനല്‍കാന്‍ ഭവനിര്‍മാണ വകുപ്പിനു കീഴിലുള്ള സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന് ധനമന്ത്രി കെ എം മാണി നിര്‍ദേശം നല്‍കിയതായും മനോരമ പറയുന്നു. അതേസമയം, തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സംഘടന തരപ്പെടുത്തിയ വാടക വീട്ടിലാണ് ഈ അമ്മയും മക്കളും അന്തിയുറങ്ങുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായരും ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രസിദ്ധീകരിച്ച മനോരമ വാര്‍ത്ത പറയുന്നു. അതേസമയം, നാളിതുവരെ ഇവരെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആലംബഹീനരായ ഇവരുടെ ദുരിതചിത്രം വാര്‍ത്തയാക്കിയാണ് മനോരമ ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

deshabhimani

1 comment:

  1. ദരിദ്രകുടുംബത്തിന്റെ കണ്ണീര്‍ക്കഥ പറഞ്ഞ് മനോരമയുടെ ലക്ഷങ്ങളുടെ തട്ടിപ്പ്. "അന്തിയുറങ്ങുന്നത് തെരുവില്‍; ഒട്ടിയ വയറുമായി പഠനം" എന്ന തലക്കെട്ടോടെ 2011 ആഗസ്ത് പത്തിന് മനോരമ ദിനപത്രത്തില്‍ നല്‍കിയ വാര്‍ത്തയോടൊപ്പം മനോരമ വിതുര ലേഖകന്‍ കെ മണിലാല്‍ സ്വന്തം അക്കൗണ്ട് നമ്പരാണ് നല്‍കിയത്. വിതുര ആനപ്പാറ ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികളായ രഞ്ജിത്, സഞ്ജിത്ത്, അമ്മ കുമാരി എന്നിവരുടെ ദുരവസ്ഥയാണ് വാര്‍ത്തയുടെ ഉള്ളടക്കം. മനോരമയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച തൊട്ടടുത്ത ദിനം "രഞ്ജിത്തിനും സഞ്ജിത്തിനും സഹായപ്രവാഹം; വീടു നിര്‍മിച്ചു നല്‍കാന്‍ മന്ത്രിയുടെ നിര്‍ദേശം" എന്ന തലക്കെട്ടോടെയും വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച് ഒരുവര്‍ഷം പിന്നിട്ടിട്ടും ഈ ദരിദ്ര കുടുംബത്തിന് ഒരു സഹായവും ലഭ്യമാക്കിയിട്ടില്ല.

    ReplyDelete