Saturday, December 1, 2012

പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത കുറഞ്ഞു


പത്തു വര്‍ഷത്തിനിടെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യതയില്‍ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2001-02ല്‍ 494.1 ഗ്രാം ആയിരുന്ന പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത 2011ല്‍ 462.0 ഗ്രാം ആയതായി രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിന് മറുപടിയായി ഭക്ഷ്യസഹമന്ത്രി താരിഖ് അന്‍വര്‍ വ്യക്തമാക്കി. ധാന്യങ്ങളുടെ പ്രതിശീര്‍ഷ ലഭ്യത ഇക്കാലയളവില്‍ 458.7 ഗ്രാമില്‍നിന്ന് 423.7 ഗ്രാം ആയി കുറഞ്ഞു. പയറുവര്‍ഗത്തിന്റെ ലഭ്യത 35.4ല്‍നിന്ന് 39.4 ഗ്രാമായി. ഉല്‍പ്പാദനത്തിലുണ്ടാവുന്ന ഏറ്റക്കുറവും കാലാവസ്ഥ വ്യതിയാനവും ജനസംഖ്യ വര്‍ധനയുമാണ് ഭക്ഷ്യലഭ്യത കുറയാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

വളര്‍ച്ചനിരക്ക് വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് വീണ്ടും ഇടിഞ്ഞു. ജൂലൈമുതല്‍ സെപ്തംബര്‍വരെയുള്ള കാലയളവില്‍ വളര്‍ച്ചനിരക്ക് 5.3 ശതമാനമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ (സിഎസ്ഒ) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ കാലയവളില്‍ 6.7 ശതമാനമായിരുന്നു നിരക്ക്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തിലുണ്ടായ 5.5 ശതമാനം വളര്‍ച്ചനിരക്കുപോലും നിലനിര്‍ത്താനായില്ല. നിര്‍മിതോല്‍പ്പന്നമേഖല സ്തംഭനത്തില്‍ത്തന്നെ. രണ്ടാംപാദത്തില്‍ 0.8 ശതമാനം വളര്‍ച്ചമാത്രം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 2.9 ശതമാനമായിരുന്നു നിരക്ക്.

കാര്‍ഷികമേഖലയ്ക്കാണ് വന്‍ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 3.1 ശതമാനമായിരുന്ന വളര്‍ച്ചനിരക്ക് 1.2 ശതമാനമായി. 2012-13 വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്ലുല്‍പ്പാദനത്തില്‍ 6.5 ശതമാനം കുറവുണ്ടാകും. പരുക്കന്‍ ധാന്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 18.4 ശതമാനവും പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ യഥാക്രമം 14.5 ശതമാനവും 9.6 ശതമാനവും കുറവാണ് പ്രതീക്ഷിക്കുന്നത്. ഇത് അടുത്ത സാമ്പത്തികവര്‍ഷം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനിടയാക്കും. ഖനം, നിര്‍മിതോല്‍പ്പന്നമേഖല, വൈദ്യുതോല്‍പ്പാദനം എന്നീ മേഖലകളിലും തളര്‍ച്ചയാണ്. ഖനമേഖല കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ രണ്ടാംപാദത്തിലെ മൈനസ് 4.1 ശതമാനം തളര്‍ച്ചയില്‍നിന്ന് 1.8 ശതമാനം വളര്‍ച്ചയിലേക്കുയര്‍ന്നു. എന്നാല്‍, നിര്‍മിതോല്‍പ്പന്നമേഖല 3.4 ശതമാനത്തില്‍നിന്ന് 0.2 ശതമാനത്തിലേക്കും വൈദ്യുതോല്‍പ്പാദനം 10.5 ശതമാനത്തില്‍നിന്ന് 2.8 ശതമാനത്തിലേക്കും ചുരുങ്ങി.

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9.9 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സേവനമേഖലയില്‍ രണ്ടാംപാദത്തില്‍ 9.4 ശതമാനം മാത്രമാണ് വളര്‍ച്ച. കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടാകാത്തതും ആഭ്യന്തരവിപണി ശക്തമാകാത്തതും നിര്‍മിതോല്‍പ്പന്നമേഖലയുടെ സ്തംഭനം തുടരാനിടയാക്കും. കയറ്റുമതി മെച്ചപ്പെടാത്തത് വ്യാപാരക്കമ്മി ഉയര്‍ത്തിനിര്‍ത്തും. ഒക്ടോബറിലെ വിദേശവ്യാപാരക്കമ്മി 2100 കോടി ഡോളറാണ്. രാജ്യത്തിന്റെ ധനക്കമ്മി 2012 ഏപ്രില്‍മുതല്‍ ഒക്ടോബര്‍വരെ 3.68 ലക്ഷം കോടി രൂപയാണ്. ഈ കാലഘട്ടത്തില്‍ 3.34 ലക്ഷം കോടി രൂപയുടെ നികുതിവരുമാനമാണുണ്ടായത്. ചെലവാകട്ടെ, 7.79 ലക്ഷം കോടി രൂപയും. ധനക്കമ്മി മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 5.3 ശതമാനമാക്കി നിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
(വി ജയിന്‍)

ക്ഷയരോഗികള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ലോകത്ത് ഏറ്റവുമധികം ക്ഷയരോഗികള്‍ ഇന്ത്യയിലാണെന്ന് ആരോഗ്യ സഹമന്ത്രി അബു ഹസെം ഖാന്‍ ചൗധരി പി കരുണാകരനെ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ 2010ലെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ദശലക്ഷം പുതിയ ക്ഷയരോഗ കേസുകള്‍ 2009ല്‍ കണ്ടെത്തി. ഇതേ കാലയളവില്‍ ക്ഷയം കാരണം മരണമടഞ്ഞത് 2.8 ലക്ഷം പേര്‍. കേരളത്തില്‍ ജപ്പാനീസ് എന്‍സെഫാലൈറ്റിസ് രോഗം റിപ്പോര്‍ട്ട് ചെയ്തതായി അബു ഹസെം ഖാന്‍ ചൗധരി പി കരുണാകരനെ അറിയിച്ചു. 2009ല്‍ ആറും 2010ല്‍ രണ്ടും 2011ല്‍ മൂന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നെറ്റ് പരീക്ഷയ്ക്ക് ഓരോ പേപ്പറിനും നിശ്ചിത മാര്‍ക്ക് ആവശ്യമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ വിജ്ഞാപനമുണ്ടെന്ന് മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ കെ എന്‍ ബാലഗോപാലിനെ അറിയിച്ചു. 2012 ജൂണില്‍ നടന്ന നെറ്റ് പരീക്ഷയ്ക്ക് മുന്നോടിയായാണ് വിജ്ഞാപനം ഇറക്കിയത്. അധ്യാപനത്തിനുള്ള യോഗ്യത റിസള്‍ട്ട് പ്രഖ്യാപിക്കുംമുമ്പ് യുജിസി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് 2011-12ല്‍ നല്‍കിയ നഷ്ടപരിഹാരം 497.71 ലക്ഷം രൂപ. 2010-11ല്‍ 585.79 ലക്ഷം രൂപയാണ് നല്‍കിയതെന്ന് സി പി നാരായണനെ റെഡ്ഡി അറിയിച്ചു. കേരളത്തില്‍ 33,110 അങ്കണവാടികളും മിനി അങ്കണവാടികളും പ്രവര്‍ത്തിക്കുന്നതായി വനിത, ശിശു വികസനമന്ത്രി കൃഷ്ണ തീരഥ് അറിയിച്ചു. ആറു മാസം മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിങ്ങനെ 10.82 ലക്ഷം പേര്‍ക്ക് അങ്കണവാടികളിലൂടെ പോഷകാഹാരം നല്‍കുന്നതായും പി കെ ബിജുവിന് മന്ത്രി മറുപടി നല്‍കി.

deshabhimani 011212

1 comment:

  1. പത്തു വര്‍ഷത്തിനിടെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യതയില്‍ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2001-02ല്‍ 494.1 ഗ്രാം ആയിരുന്ന പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത 2011ല്‍ 462.0 ഗ്രാം ആയതായി രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിന് മറുപടിയായി ഭക്ഷ്യസഹമന്ത്രി താരിഖ് അന്‍വര്‍ വ്യക്തമാക്കി. ധാന്യങ്ങളുടെ പ്രതിശീര്‍ഷ ലഭ്യത ഇക്കാലയളവില്‍ 458.7 ഗ്രാമില്‍നിന്ന് 423.7 ഗ്രാം ആയി കുറഞ്ഞു. പയറുവര്‍ഗത്തിന്റെ ലഭ്യത 35.4ല്‍നിന്ന് 39.4 ഗ്രാമായി. ഉല്‍പ്പാദനത്തിലുണ്ടാവുന്ന ഏറ്റക്കുറവും കാലാവസ്ഥ വ്യതിയാനവും ജനസംഖ്യ വര്‍ധനയുമാണ് ഭക്ഷ്യലഭ്യത കുറയാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

    ReplyDelete