Sunday, October 7, 2012

പാചകവാതകത്തിന് വീണ്ടും വില വര്‍ധിപ്പിച്ചു


ജനങ്ങള്‍ക്ക് ഇടിത്തീയായി ഇന്ധനവില വര്‍ധന തുടരുന്നു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 11.42 രൂപ വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് വര്‍ധന 12.17 രൂപയാകും. വിതരണ ഏജന്‍സികളുടെ കമീഷന്‍ വര്‍ധിപ്പിക്കാനെന്ന പേരിലാണിത്. പെട്രോള്‍, ഡീസല്‍ വിതരണ ഏജന്‍സികള്‍ക്കും കമീഷന്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് പത്തു പൈസയും കൂട്ടും. സബ്സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ വില 399 രൂപയില്‍ നിന്ന് 410.42 രൂപയായി. സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 883.5 രൂപയില്‍ നിന്ന് 921.5 രൂപയായി ഉയര്‍ന്നു.

വന്‍ ലാഭം കൊയ്യുമ്പോഴും വിതരണക്കാരുടെ കമീഷന്‍ കൊടുക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ അതും ഉപയോക്താവിന്റെ ബാധ്യതയാക്കി. അതേസമയം, ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നില്ല. സെപ്തംബര്‍ ആദ്യപകുതിയില്‍ ഒരു വീപ്പ ക്രൂഡോയിലിന് ശരാശരി വില 113.64 ഡോളര്‍ ആയിരുന്നു. ഒക്ടോബര്‍ നാലിന്റെ വില 107.76 ഡോളറും. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യവും ഇക്കാലയളവില്‍ മെച്ചപ്പെട്ടു. സെപ്തംബര്‍ ആദ്യപകുതിയില്‍ ഒരു ഡോളറിന് 55.47 രൂപ നല്‍കണമായിരുന്നു. ഇപ്പോള്‍ അത് 51.85 രൂപയായി.

സെപ്തംബര്‍ ആദ്യപകുതിയില്‍ ഒരു വീപ്പ ക്രൂഡോയിലിന് 6303 ഇന്ത്യന്‍ രൂപയാണ് നല്‍കേണ്ടിവന്നത്. ഒക്ടോബര്‍ നാലിനു നല്‍കിയതാകട്ടെ 5601.36 രൂപ. ഒരുമാസംകൊണ്ട് 702 രൂപ കുറഞ്ഞിട്ടും ഇതിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ മടിക്കുകയാണ് സര്‍ക്കാര്‍. ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഒരുരൂപ നേട്ടമുണ്ടാകുമ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 77 പൈസ കുറയ്ക്കാം. ക്രൂഡോയില്‍ വിലയില്‍ ഒരു ഡോളര്‍ കുറവുണ്ടായാല്‍ 33 പൈസയും കുറയും. ഇതനുസരിച്ച് പെട്രോള്‍ വിലയില്‍ ഇപ്പോള്‍ അഞ്ചരരൂപ കുറവുവരുത്താം.
(വി ജയിന്‍)

deshabhimani 071012

1 comment:

  1. ജനങ്ങള്‍ക്ക് ഇടിത്തീയായി ഇന്ധനവില വര്‍ധന തുടരുന്നു. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 11.42 രൂപ വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് വര്‍ധന 12.17 രൂപയാകും. വിതരണ ഏജന്‍സികളുടെ കമീഷന്‍ വര്‍ധിപ്പിക്കാനെന്ന പേരിലാണിത്. പെട്രോള്‍, ഡീസല്‍ വിതരണ ഏജന്‍സികള്‍ക്കും കമീഷന്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് പത്തു പൈസയും കൂട്ടും. സബ്സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ വില 399 രൂപയില്‍ നിന്ന് 410.42 രൂപയായി. സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 883.5 രൂപയില്‍ നിന്ന് 921.5 രൂപയായി ഉയര്‍ന്നു.

    ReplyDelete