Saturday, July 30, 2011

സൗജന്യ ഓണക്കിറ്റ് സര്‍ക്കാര്‍ തടഞ്ഞു

സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കിയിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം യുഡിഎഫ് സര്‍ക്കാര്‍ തടഞ്ഞു. ഓണക്കിറ്റ് നല്‍കണമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടുവെങ്കിലും ധനവകുപ്പ് തടയുകയായിരുന്നു. ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന ഓണക്കിറ്റ് ഒഴിവാക്കുന്നത്. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ ഒരു രൂപയ്ക്കുള്ള അരി സെപ്തംബര്‍ ഒന്നു മുതല്‍ നല്‍കുമെന്നതിനാല്‍ മറ്റൊരു സൗജന്യ കിറ്റ് നല്‍കേണ്ട ആവശ്യമില്ലെന്നും ധനവകുപ്പ് വാദിക്കുന്നു.

എന്നാല്‍ , വിപണി ഇടപെടലിന് സിവില്‍ സപ്ലൈസിന് ബജറ്റില്‍ തുക വകയിരുത്തിയതിനാല്‍ സൗജന്യ ഓണക്കിറ്റിന് പ്രത്യേക തുക ഇല്ലെങ്കിലും പണം അനുവദിക്കാം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതേ രീതിയിലാണ് ഓണക്കിറ്റ് നല്‍കിയിരുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി, ഒരു കിലോ പഞ്ചസാര, കാല്‍ കിലോ മുളക്, കാല്‍ കിലോ തേയില എന്നിവയടങ്ങിയ നൂറു രൂപയുടെ കിറ്റാണ് സൗജന്യമായി നല്‍കിയിരുന്നത്. 14 കോടി രൂപ ചെലവഴിച്ച ഈ നടപടി ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ വളരെയധികം സാഹായിച്ചിരുന്നു. സിവില്‍ സപ്ലൈസിന്റെ നിര്‍ദേശം ധനവകുപ്പ് തടഞ്ഞത് സബന്ധിച്ച് മന്ത്രി ടി എം ജേക്കബ് മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അതേസമയം, സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ സിവില്‍ സപ്ലൈസ് സ്വന്തം നിലയ്ക്ക് ചില ഒരുക്കങ്ങള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് തിങ്കളാഴ്ചയെങ്കിലും സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍മാത്രമെ ഈ വര്‍ഷം ഓണത്തിന് കിറ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കാനാകൂ.
(ഡി ദിലീപ്)

deshabhimani 300711

1 comment:

  1. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കിയിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം യുഡിഎഫ് സര്‍ക്കാര്‍ തടഞ്ഞു. ഓണക്കിറ്റ് നല്‍കണമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടുവെങ്കിലും ധനവകുപ്പ് തടയുകയായിരുന്നു. ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയില്ലെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന ഓണക്കിറ്റ് ഒഴിവാക്കുന്നത്. യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ ഒരു രൂപയ്ക്കുള്ള അരി സെപ്തംബര്‍ ഒന്നു മുതല്‍ നല്‍കുമെന്നതിനാല്‍ മറ്റൊരു സൗജന്യ കിറ്റ് നല്‍കേണ്ട ആവശ്യമില്ലെന്നും ധനവകുപ്പ് വാദിക്കുന്നു.

    ReplyDelete