Friday, October 25, 2013

ഭൂമിതട്ടിപ്പ് : ആദ്യറിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ വേണമെന്ന് കോടതി

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദിന്റെ ഡിവിഷന്‍ ബെഞ്ച് അതൃപ്തിയും രേഖപ്പെടുത്തി. രണ്ടു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറു മാസം വേണമെന്നായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂമി തട്ടിപ്പില്‍ 250 കോടിയുടെ തട്ടിപ്പു നടന്നുവെന്നത് പ്രാഥമിക കണക്കു മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്റിന് 50,000രൂപ വച്ചു നോക്കുകയാണെങ്കില്‍ പോലും 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി മനസിലാക്കാനാവും. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. കടകംപള്ളി വില്ലേജിലെ 12.27 ഏക്കര്‍ ഭൂമി സലിം രാജും മറ്റും തട്ടിയെടുത്തെന്ന് ആരോപിച്ച് പ്രേംചന്ദ് ആര്‍. നായരും മറ്റുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സരിത അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ളവ്യക്തി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായര്‍ അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള വ്യക്തിയാണെന്ന് ഹൈക്കോടതി. സരിതയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. രണ്ട് കേസുകളില്‍ കോടതി സരിത്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ജാമ്യം.

അഞ്ചു ലക്ഷം രൂപയുടെ രണ്ടു പേരുടെ ജാമ്യമാണ് അനുവദിച്ചത്. ഇതില്‍ ഒരാള്‍ അടുത്ത ബന്ധുവായിരിക്കണം. പാസ്പോര്‍ട്ട് കോടതിക്ക് കൈമാറണം. അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍. മറ്റ് 33 കേസുകളില്‍ കൂടി പ്രതിയായതിനാല്‍ സരിതയ്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.

സോളാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന സരിതയ്ക്കും ബിജുവിനും കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പണം നല്‍കിയത് ആരെന്ന്ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് കഴിഞ്ഞദിവസം ചോദിച്ചിരുന്നു. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ ആരോപണവിധേയരായ കേസിന്റെ നിജസ്ഥിതി ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സോളാര്‍ കേസ് വെറും തട്ടിപ്പ് കേസ് മാത്രമല്ല. പണം തിരികെ നല്‍കിയതുകൊണ്ടുമാത്രം കേസ് അവസാനിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

deshabhimani

No comments:

Post a Comment