Tuesday, October 29, 2013

സ്കൂളുകളില്‍ കയറി യൂത്ത് കോണ്‍ഗ്രസ് അക്രമം; 5വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

യൂത്ത് കോണ്‍ഗ്രസ് ലേബലില്‍ അഴിഞ്ഞാടുന്ന ക്രിമിനല്‍ സംഘം നാടിന് ഭീഷണിയായി

തൊടുപുഴ: പി ടി തോമസ് എംപിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘം തൊടുപുഴയുടെ സമാധാനപരമായ സാമൂഹ്യ ജീവിതത്തിന് ഭീഷണിയായിരിക്കുയാണെന്ന് എല്‍ഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

തൊടുപുഴയുടെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കാന്‍ എംപിയുടെ ഒത്താശയോടെ ക്രിമിനല്‍സംഘം നടത്തുന്ന അതിക്രമങ്ങള്‍ ജനാധിപത്യ വിശ്വാസികള്‍ ചെറുക്കും. ജില്ലയിലെയും പ്രത്യേകിച്ച് തൊടുപുഴയിലെയും രാഷ്ട്രീയാന്തരീക്ഷം സംഘര്‍ഷഭരിതമാക്കുന്നതിന് നേതൃത്വം നല്‍കുന്നത് പി ടി തോമസ് എംപിയാണ്. തൊടുപുഴയിലെ എം ജിനദേവന്‍ സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ-ടാക്സി തൊഴിലാളി യൂണിയന്‍ ഓഫീസ് എറിഞ്ഞ് തകര്‍ത്ത സംഭവം അവസാനത്തെ ഉദാഹരണമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇതേ ക്രിമിനല്‍ സംഘം യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെയും കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തെരുവിലിട്ട് അടിച്ചു. കേരളാ കേണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് അന്ന് പരിക്കേറ്റു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഔദ്യോഗിക വാഹനം അടിച്ചുതകര്‍ത്തും ചീമുട്ട എറിഞ്ഞതും ഇതേ സംഘമായിരുന്നു. കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവും കെപിസിസി നര്‍വാഹകസമിതി അംഗവുമായ സി പി മാത്യുവിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ഭിന്നതയുടെ പേരില്‍ അവര്‍ തകര്‍ത്തു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും എംപി പരിപാലിക്കുന്ന ഇതേ ക്രിമിനല്‍ സംഘമായിരുന്നു. ചോദിച്ച തുക സംഭാവന നല്‍കാത്തതിന്റെ പേരില്‍ തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമയുടെ തല എ റിഞ്ഞു തകര്‍ത്തതും ഇതേ സംഘത്തില്‍പ്പെട്ടവരാണ്.

ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടങ്ങള്‍ക്കെല്ലാം ഒത്താശയും സംരക്ഷണവും നല്‍കുന്ന സമീപനമാണ് തൊടുപുഴ പൊലീസ് നാളുകളായി സ്വീകരിക്കുന്നത്. മര്‍ദ്ദനത്തിനിരയാകുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസെടുക്കുന്ന പൊലീസ് കോണ്‍ഗ്രസ് ഗുണ്ടകള്‍ക്കെതിരെ നിസാര വകുപ്പുചേര്‍ത്ത് കേസെടുത്ത് രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഓട്ടോറിക്ഷാ യൂണിയന്‍ ഓഫീസ് അക്രമികള്‍ എറിഞ്ഞ് തകര്‍ത്തത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുമ്പിലായിരുന്നു. ഒരാളെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചില്ല. അക്രമിസംഘം തൊടുപുഴയില്‍ അഴിഞ്ഞാടിയപ്പോള്‍ അവര്‍ക്കുള്ള എസ്കോര്‍ട്ട് സംഘമായാണ് പൊലീസ് പ്രവര്‍ത്തിച്ചത്.

തീക്കൊള്ളികൊണ്ട് തലചൊറിയുന്ന നിലപാട് എംപിയും അക്രമിസംഘവും അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ വി വി മത്തായി ആവശ്യപ്പെട്ടു. അധികാരത്തിന്റെ പിന്‍ബലത്തില്‍ ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെയും എതിര്‍ ഗ്രൂപ്പുകാരെയും ഇല്ലായ്മചെയ്യാന്‍ നടത്തുന്ന നീക്കം രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും എല്ലാകാലത്തും യുഡിഎഫ്കേരളം ഭരിക്കുമെന്നും താന്‍ എംപി ആയിരിക്കുമെന്നും പി ടി തോമസ് കരുതരുതെന്നും വി വി മത്തായി പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റിയിലും പ്രകടനവും യോഗവും നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. യോഗത്തില്‍ വി വി മത്തായി അധ്യക്ഷാനായി. സിപിഐ ജില്ലാ സെക്രട്ടിറി കെ കെ ശിവരാമന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയിറ്റംഗം എ രാധാകൃഷ്ണന്‍, സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി, കെ സലിംകുമാര്‍, ഷിനു ഇല്ലിക്കല്‍, രാജു ജോര്‍ജ്, ടി പി കുഞ്ഞച്ചന്‍, അഡ്വ. ഷാജി തെങ്ങുംപിള്ളില്‍, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു

സ്കൂളുകളില്‍ കയറി യൂത്ത് കോണ്‍ഗ്രസ് അക്രമം; 5വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

വടക്കഞ്ചേരി: സിഎ ഹൈസ്കൂളില്‍ പ്രവേശിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കെഎസ്യു പഠിപ്പ്മുടക്കിന്റെ പേരില്‍ ആയക്കാട് സിഎ ഹൈസ്കൂളിലാണ് അക്രമമുണ്ടായത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ ആഷിക്, ജാക്സണ്‍, അഖില്‍ വിന്‍സന്റ്, അഖില്‍ദാസ്, ജസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്യു പഠിപ്പ്മുടക്കുമായി ബന്ധപ്പെട്ട് സ്കൂളിനു പുറത്തുനിന്നെത്തിയ യൂത്ത്കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധിച്ച് പഠിപ്പുമുടക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ അറിയാതെ ബെല്ലടിക്കുകയും വിദ്യാര്‍ഥികളെ കമ്പിവടിയും പട്ടികത്തുണ്ടും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റു. കണ്ണമ്പ്ര പഞ്ചായത്തംഗം വി എസ് ഷാജഹാന്‍, അന്‍വര്‍, ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ പ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം ജി ലെനിന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി രജിന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് കെ കെ ദേവന്‍, വി ആഷിക്, വി പ്രവീണ്‍, ആര്‍ നിഖില്‍ എന്നിവര്‍ സംസാരിച്ചു. ചിറ്റൂര്‍: കെഎസ്യു സമരത്തിന്റെ മറവില്‍ സ്കൂളില്‍ അതിക്രമിച്ചു കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ സ്കൂള്‍കുട്ടികള്‍ക്ക് കരുതിയ ഭക്ഷണം നല്‍കാന്‍ അനുവദിച്ചില്ല. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഹൈസ്കൂളിലാണ് കുട്ടികള്‍ക്ക് ഭക്ഷണം നിഷേധിച്ചത്. 800കുട്ടികള്‍ക്കായി പാകം ചെയ്ത ഭക്ഷണവും 115 ലിറ്റര്‍ പാലും പാഴായി. തിങ്കളാഴ്ച രാവിലെ സമരവുമായി കെഎസ്യു പ്രവര്‍ത്തകര്‍ എത്തി. സ്കൂള്‍ അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി പാകം ചെയ്ത ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാമെന്നു തീരുമാനിച്ചു. പകല്‍ 11.30ഓടെ ഒരുസംഘം യൂത്ത്കോണ്‍ഗ്രസുകാര്‍ സ്കൂളില്‍ അതിക്രമിച്ചു കയറി സ്കൂള്‍ബെല്ലടിക്കുകയും കുട്ടികളെ ക്ലാസ്മുറിയില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ടു പോയാല്‍ മതിയെന്നു കെഎസ്യുക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്ന കാര്യം എസ്എഫ്ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അക്രമത്തിനാണ് മുതിര്‍ന്നത്. തുടര്‍ന്ന് സ്കൂളില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എസ്എഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിട്ടയച്ചു.

യൂത്ത് കോണ്‍ഗ്രസ് അക്രമം അവസാനിപ്പിക്കണം: എസ്എഫ്ഐ

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു ക്രിമിനലുകള്‍ ജില്ലയില്‍ വ്യാപകമായി നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച കെഎസ്യു ആഹ്വാനംചെയ്ത പഠിപ്പുമുടക്ക്സമരത്തിന്റെ മറവിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിച്ചത്. വടക്കഞ്ചേരി ആയക്കാട് സിഎ സ്കൂളില്‍, പുറമേനിന്നെത്തിയ യൂത്ത്കോണ്‍ഗ്രസുകാര്‍ അധ്യാപകരുടെ കണ്‍മുന്നില്‍വച്ചാണ് കമ്പിവടികളുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍കൊണ്ട് വിദ്യാര്‍ഥികളെ ആക്രമിച്ചത്. കൊഴിഞ്ഞാമ്പാറ സ്കൂളില്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ ബെല്ലടിച്ച് വിദ്യാര്‍ഥികളെ സ്കൂളിനു പുറത്താക്കാന്‍ ശ്രമിച്ചു. പാകംചെയ്തവച്ച ഉച്ചഭക്ഷണം കഴിക്കാനും അനുവദിച്ചില്ല. ഇതിനെ ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദിച്ചു.

ഷൊര്‍ണൂര്‍ എസ്എന്‍ കോളേജില്‍ കെഎസ്യുക്കാര്‍ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ചിറ്റൂര്‍ ഗവ. കോളേജിലും മുന്നോര്‍ക്കാട് സ്കൂളിലും യൂത്ത് കോണ്‍ഗ്രസുകാര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment