Sunday, October 27, 2013

പ്രിയങ്കരമാകുമോ?

ഞാന്‍ ആയിരംവട്ടംപറഞ്ഞിട്ടില്ലേ, രാഷ്ട്രീയത്തിലേക്കില്ല എന്ന്""-1999ലെ തെരഞ്ഞെടുപ്പുകാലത്ത് ബിബിസിയോട് പ്രിയങ്ക പറഞ്ഞതാണ്. 2004ല്‍ പ്രിയങ്ക വീണ്ടും പറഞ്ഞു-"രാഷ്ട്രീയം പൊതുജന സേവനമാണ്. അത് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഇനി അഞ്ചുവര്‍ഷത്തേക്ക് ഇതുതന്നെ തുടരാം." പിന്നെയും മൂന്നുകൊല്ലം കഴിഞ്ഞ് പ്രിയങ്ക ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനു ചെന്നു. അമ്മയുടെ അമേത്തി മണ്ഡലത്തില്‍ ഒതുങ്ങിയ പ്രവര്‍ത്തനം. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് പ്രിയങ്കയെ വിളിക്കുകയാണ്. കോണ്‍ഗ്രസിനെ നയിക്കാന്‍ ഇപ്പോള്‍ സോണിയയും രാഹുലുമുണ്ട്. ആ രണ്ടുപേരിലും പക്ഷേ കോണ്‍ഗ്രസുകാര്‍ക്ക് തൃപ്തിവരുന്നില്ല.

രാഹുല്‍ ഇഫക്ടില്‍ തീരെ വിശ്വാസമില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രിയങ്ക വന്നാല്‍ ആശ്വാസമെന്നു തോന്നാനുള്ള ഇന്ധനം ആ ആത്മവിശ്വാസക്കുറവില്‍നിന്നാണ്. നെഹ്റു കുടുംബത്തിന്റെ താവഴിയില്‍ വന്ന ആത്മവിശ്വാസ രാഹിത്യത്തില്‍നിന്നാണ് "ഗാന്ധിപ്പേരി"ന്റെ സ്വീകരണം. ഭര്‍ത്താവ് ഫിറോസിലൂടെ ഇന്ദിരയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും പേരിനു പിന്നില്‍ ഗാന്ധിനാമമെത്തി. പ്രിയങ്ക പക്ഷേ പ്രിയങ്ക ഗാന്ധിയല്ല- പ്രിയങ്ക വധേരയാണ്. റോബര്‍ട്ട് വധേരയുടെ പത്നിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി ഗൃഹസ്ഥാശ്രമജീവിതം. രാഷ്ട്രീയകാര്യങ്ങളില്‍ അഭിപ്രായപ്രകടനങ്ങളില്ല- ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍നിന്ന് രാഷ്ട്രീയം പഠിച്ചല്ല, തത്വശാസ്ത്രത്തിലാണ് ഓണേഴ്സ് ബിരുദം നേടിയത്.

പിതാവും മുത്തശ്ശിയും മുതുമുത്തശ്ശനും പ്രധാനമന്ത്രിമാരായിരുന്ന ചരിത്രവും അവരുടെ ഓര്‍മച്ചടങ്ങുകളിലെ പ്രാര്‍ഥനാലാപവുമാണ് പ്രിയങ്കയുടെ രാഷ്ട്രീയാനുഭവം. കോണ്‍ഗ്രസിന് അതൊക്കെ മതി. മുന്നില്‍ നിര്‍ത്താനും ആരാധിക്കാനും ഒരു ബിംബം വേണം. അത് സുന്ദരമാകണം. പറയാന്‍ രാഷ്ട്രീയവും അവകാശപ്പെടാന്‍ നേട്ടങ്ങളുമില്ലെങ്കിലും ചൂണ്ടിക്കാട്ടാന്‍ നേതാവുമതി. പ്രിയങ്കയെ കാണുമ്പോള്‍ ഇന്ദിരയെ ഓര്‍മവരുമെന്നാണ് ശരാശരി കോണ്‍ഗ്രസുകാരന്റെ ചിന്ത. രാഹുലിനെ കാണുമ്പോള്‍ ആര്‍ക്കും ഒന്നും ഓര്‍മ വരാത്തതുകൊണ്ട് യുപിയില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ സീറ്റ് ഇരുപത്തിരണ്ടിലെത്തി. അതില്‍ അമേത്തിയില്‍നിന്നുള്ള ഏഴെണ്ണം പ്രിയങ്കയുടെ ചെലവിലത്രേ.

പ്രിയങ്ക വന്നാല്‍ രാഹുലില്‍ദീപം മങ്ങിപ്പോകുമോ എന്നൊരാശങ്ക വേറെയുണ്ട്. മോഡിയെ തളയ്ക്കാന്‍ പ്രിയങ്കയെ വിളിക്കൂ എന്ന് ഫ്ളക്സ് ബോര്‍ഡ് വച്ചതിന് യുപിയിലെ രണ്ടു മൂത്ത നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍ കടലാസ് കൊടുത്താണ് രാഹുല്‍ ബ്രിഗേഡ് പ്രതികരിച്ചത്. ഹരിയാന മുഖ്യമന്ത്രിയുടെ കണ്ണില്‍ "ചെറുകിട കര്‍ഷക"നായ റോബര്‍ട്ട് വധേരയാണെങ്കില്‍ രാഷ്ട്രീയത്തില്‍ വന്‍കിട കൃഷിയിറക്കാനുള്ള ഒരുക്കത്തിലുമാണ്. വധേരയാണ് പ്രിയങ്കയുടെയും രാഷ്ട്രീയപ്രശ്നം. പുള്ളിക്കാരന്റെ കൃഷിക്കളത്തില്‍ വിവാദമാണ് വിള. 50 ലക്ഷം രൂപയെ മൂന്നുകൊല്ലംകൊണ്ട് 300 കോടിയാക്കി സമ്പാദ്യക്കണക്കില്‍ ചേര്‍ത്ത മഹാമാന്ത്രികന്‍.

റിയല്‍എസ്റ്റേറ്റ്, ഐടി, ഹോസ്പിറ്റാലിറ്റി, എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ സര്‍വീസ്, കരകൗശല മേഖലകളില്‍ ബിസിസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ വധേര ഇന്ത്യക്കാരെ വിളിക്കുന്നത്,"മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപ്പബ്ലിക്" എന്നാണ്. അവിഹിത സ്വത്ത് സമ്പാദനം, റിയല്‍ എസ്റ്റേറ്റുകമ്പനിയില്‍നിന്ന് കോടികളുടെ സൗജന്യം പറ്റല്‍ തുടങ്ങിയ ആരോപണങ്ങള്‍ വന്നപ്പോള്‍, "നശിച്ച നാടിനെയും നാട്ടുകാരെയും" ശപിച്ചുപോയതാണ്. അന്നത് വിവാദമായി. മരുമകന്‍ മഹാനെന്ന് സോണിയക്കും പറയേണ്ടിവന്നു. എന്നിട്ടും വിവാദമൊടുങ്ങാതായപ്പോള്‍ ഫേസ് ബുക്ക് ഉപയോഗംതന്നെ വധേരയ്ക്ക് നിര്‍ത്തേണ്ടിയും വന്നു. പ്രിയങ്ക രാഷ്ട്രീയ രഥമേറിയാല്‍ വധേര തേരാളിയാകുമോ അതോ തടസ്സമാകുമോ എന്നാണിനി അറിയാനുള്ളത്. രാഷ്ട്രീയം ട്യൂഷനെടുത്ത് പഠിപ്പിക്കാം. പ്രസംഗം എഴുതിക്കൊടുക്കാം.

ഭാവഹാവാദികള്‍ നേരെയാകാന്‍ ട്രെയ്നിങ് നല്‍കാം. പൊതുപരിപാടികള്‍ ഇവന്റ് മാനേജര്‍മാരെ ഏല്‍പ്പിക്കാം- പക്ഷേ വധേരയെ എങ്ങനെ കൈകാര്യംചെയ്യുമെന്നത് മാക്മോഹന്‍ രേഖപോലെ വലിയൊരു പ്രശ്നംതന്നെ. എന്തായാലും കോണ്‍ഗ്രസ് ഇനി പ്രിയങ്കയുടെയോ രാഹുലിന്റെയോ കൈകളിലാണ്. ഇന്ദിര പറഞ്ഞാല്‍ ചൂലെടുത്ത് തൂക്കാന്‍ തയ്യാറായ ഒരു രാഷ്ട്രപതി ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നു വിളിച്ച കാലവും. അതുപോലെ പ്രിയങ്കയ്ക്കുവേണ്ടി ചൂലെടുക്കുന്നവര്‍ക്ക് ഇനി കോണ്‍ഗ്രസില്‍ രക്ഷ. ചൂലുകള്‍കൊണ്ട് ഇന്ത്യയെ എങ്ങനെ രക്ഷപ്പെടുത്തുമോ എന്തോ.

സൂക്ഷ്മന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments:

Post a Comment