Monday, October 28, 2013

മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭം തുടരും: എല്‍ഡിഎഫ്

കളങ്കിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് നടത്തിവരുന്ന സമരം ജനാധിപത്യത്തിലും സമാധാനത്തിലും അധിഷ്ഠിതമാണെന്ന് എല്‍ഡിഎഫ് സംസഥാനകമ്മിറ്റി പ്രസ്താവനയിലറിയിച്ചു. ഏതെങ്കിലും സങ്കുചിത ലക്ഷ്യത്തോടെയുള്ളതല്ല ഈ സമരം. ജയിലിലടയ്ക്കപ്പെടേണ്ട ഒരാള്‍ സംസ്ഥാനത്തിന്റെ ഭരണാധികാരിയായി തുടരുന്നതിലെ അനൗചിത്യത്തിനും അധാര്‍മികതയ്ക്കുമെതിരെയാണ് പ്രക്ഷോഭം. അതുകൊണ്ടുതന്നെ കേരളജനതയുടെ പൊതുമനസ്സ് പ്രക്ഷോഭത്തിനൊപ്പമാണ്. അതിന്റെ കൂടി ഫലമായി കേരളം കണ്ട ഏറ്റവും ഒറ്റപ്പെട്ട മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയിരിക്കുകയാണ്.

സോളാര്‍ തട്ടിപ്പിലും അനുബന്ധമായി നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഉമ്മന്‍ചാണ്ടിക്കുള്ള പങ്കാളിത്തം കേരളീയര്‍ക്ക് പൊതുവില്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ ഇന്നലെ മുഖ്യമന്ത്രി സഞ്ചരിച്ച കാറിനെതിരെ കല്ലേറുണ്ടാവുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടുകയെന്നത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത സമരമാണ്. ഇതിനപ്പുറം ശാരീരികമായി ആക്രമിക്കുകയെന്നത് ഞങ്ങളുടെ പരിപാടിയല്ല. അതുകൊണ്ടുതന്നെ ഈ അക്രമത്തെ എല്‍ഡിഎഫ് ശക്തിയായി അപലപിക്കുന്നു. ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ സഹതാപം നേടുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയ കുറുക്കുവഴി ഈ അക്രമത്തിനു പിന്നിലുണ്ടോയെന്ന സംശയം ന്യായമാണ്. യഥാര്‍ത്ഥ അക്രമികളെ കണ്ടെത്തി അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

എല്‍ഡിഎഫ് നേതാക്കളും എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും നയിച്ച കണ്ണൂരിലെ സമരവാളണ്ടിയര്‍മാരുടെ കൂട്ടത്തില്‍നിന്നല്ല അതിനുപുറത്ത് മുഖ്യമന്ത്രിയെ രക്ഷിക്കാനെന്ന വ്യാജേന കൂടിനിന്നവരില്‍നിന്നാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ വ്യക്തമാകുന്നത് മുഖ്യമന്ത്രിക്കെതിരെ സംഘടിത പ്രതിഷേധം നടത്തിയ എല്‍ഡിഎഫിന്റെ ചേരിയില്‍നിന്നല്ല മുഖ്യമന്ത്രിയുടെ കാറിനുനേരേ കല്ലേറുണ്ടായത് എന്നാണ്. അതിനാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വ&ാറമവെ;വുമായ ഒരു ഉന്നതതല അന്വേഷണം ആവശ്യമാണ്. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ മറവില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ യുദ്ധക്കളം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ക്കാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതുപോലെ പൊലീസിനെ ഉപയോഗിച്ച് ജനപ്രതിനിധികള്‍ക്കും എല്‍ഡിഎഫ് നേതാക്കള്‍ക്കുമെതിരെ കള്ളക്കേസുകള്‍ ചമച്ച് അവരെ ജയിലിലടയ്ക്കാനും സര്‍ക്കാര്‍ ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയാണ്.

ഇത്തരം നടപടികള്‍കൊണ്ട് സോളാര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാവില്ല. സോളാര്‍ തട്ടിപ്പിനുപിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ നേതൃത്വത്തില്‍ നടന്ന 200 കോടി രൂപയുടെ ഭൂമി തട്ടിപ്പുകേസും പുറത്തുവന്നിരിക്കുകയാണ്. ഇതിനെല്ലാം കളമൊരുക്കിക്കൊടുത്ത കളങ്കിതനായ മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുത്. രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ജനകീയ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment