Monday, October 28, 2013

അന്വേഷണം നടക്കട്ടെ; നാടകം വേണ്ട

പൊതുപരിപാടിക്ക് പോകവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്കേല്‍ക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണ്. അമ്പരപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളോടെ ഞായറാഴ്ച കണ്ണൂരില്‍ ഔദ്യോഗിക പരിപാടിക്കെത്തിയപ്പോഴാണ്, വാഹനത്തിന്റെ ചില്ല് തകര്‍ന്നതും അത് തെറിച്ച് മുഖ്യമന്ത്രിയുടെ നെറ്റിയില്‍ പോറലേറ്റതും. അതിനുശേഷം സംസ്ഥാന പൊലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനച്ചടങ്ങില്‍ നിശ്ചയിച്ച പരിപാടികള്‍ പൂര്‍ത്തിയാക്കി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് വ്യൂഹം മുഖ്യമന്ത്രിയെ "രക്ഷിച്ചില്ല" എന്നതോ പോകട്ടെ, അക്രമം നടത്തി എന്ന് പറയുന്ന ആരെയും പിടിച്ചതായും കാണുന്നില്ല. രണ്ടു സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തി "വെളിപ്പെടുത്തി"യെങ്കിലും കണ്ണൂര്‍ പൊലീസ് ആസമയത്ത് അങ്ങനെ ആരെയും പിടിച്ചിട്ടില്ല. ആരാണ് എറിഞ്ഞതെന്നറിയില്ല, എന്തുകൊണ്ടാണ് പൊലീസ് നിഷ്ക്രിയമായതെന്നറിയില്ല; പരിക്ക് സാരമുള്ളതെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയെ അപ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. കോണ്‍ഗ്രസ് നേതൃത്വം ഒരുകാര്യം മാത്രം ഉറപ്പിച്ചു- അക്രമത്തിനു പിന്നില്‍ എല്‍ഡിഎഫ് ആണെന്ന്.

എല്‍ഡിഎഫിനെതിരായ കൊലവിളിക്കാണ് ഞായറാഴ്ചയുടെ സന്ധ്യ സാക്ഷ്യംവഹിച്ചത്. സിപിഐ എം നേതാക്കളുടെ പേരെടുത്തുള്ള വെല്ലുവിളികള്‍. "ചുടുചോരയ്ക്ക്" പകരം ചോദിക്കുമെന്ന ആഹ്വാനം. നാടാകെ അക്രമപ്രകടനങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധമേഖലകളില്‍ സിപിഐ എം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. രാത്രി വൈകിയപ്പോള്‍ പൊലീസ്സംഘം കണ്ണൂര്‍ ജില്ലയിലെ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ തേടിയിറങ്ങി. സമരസമയത്ത് ജില്ലയില്‍തന്നെ ഉണ്ടായിട്ടില്ലാത്തവരെയടക്കം രാത്രിയുടെ മറവില്‍ കസ്റ്റഡിയിലെടുത്തു. ആസൂത്രിത നാടകമാണ് അരങ്ങേറുന്നത്. ഉമ്മന്‍ചാണ്ടിയുടെ നെറ്റിയിലെ പോറല്‍ എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവച്ച് യുഡിഎഫ് ഭരണത്തെ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടുത്താനാകുമോ എന്ന് പരീക്ഷണമാണ് ആരംഭിച്ചത്.

കളങ്കിതനും സംശയത്തിന്റെ പുകമറയില്‍ നില്‍ക്കുന്നയാളുമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞ് സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ജൂലൈമുതല്‍ എല്‍ഡിഎഫ് സമരത്തിലാണ്. ജൂലൈ പതിനൊന്നിന് കൈരളി-പീപ്പിള്‍ ടിവിയില്‍ വന്ന വാര്‍ത്ത, തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കാളിത്തത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലെത്തിക്കുന്ന തെളിവുകള്‍ വന്നു. നിയമസഭയില്‍ പ്രതിപക്ഷം ആരംഭിച്ച പോരാട്ടം അടുത്തഘട്ടമായി സെക്രട്ടറിയറ്റിനുമുന്നിലേക്കും നാട്ടിലാകെയും വ്യാപിച്ചു. പ്രചാരണവും പ്രക്ഷോഭവും ജനങ്ങളിലാകെയെത്തുകയും മാര്‍ച്ചും ധര്‍ണയും രാപ്പകല്‍ സമരവും പ്രകടനങ്ങളുമായി മുന്നേറുകയുംചെയ്തു. സെക്രട്ടറിയറ്റ് ഉപരോധം സമരത്തെ ദേശീയ പ്രാധാന്യത്തിലേക്കുയര്‍ത്തി. അടുത്തഘട്ടമായി മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ ഉപരോധിക്കലും കരിങ്കൊടി പ്രതിഷേധവും തുടര്‍ന്നു. ജനലക്ഷങ്ങള്‍ പങ്കാളികളായ ഈ മുന്നേറ്റങ്ങളിലൊന്നും സമാധാനത്തിന്റെ അതിര്‍ത്തിരേഖ ലംഘിക്കപ്പെട്ടില്ല. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ സമാധാനപരമായാണ് സമരം നടത്തുകയെന്ന എല്‍ഡിഎഫ് പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ പാലിക്കപ്പെട്ടു. ജയപ്രസാദ് എന്ന ചെറുപ്പക്കാരനെ മൃഗങ്ങളെ തോല്‍പ്പിക്കുന്ന ക്രൂരതയോടെ ഒരു പൊലീസുകാരന്‍ ആക്രമിച്ച സംഭവംപോലും ആ പൊലീസുകാരനെ തിരിച്ചാക്രമിക്കാനുള്ള സന്ദര്‍ഭമായല്ല എല്‍ഡിഎഫ് കണ്ടത്. സമാധാനപരമായി സമരം നടത്താനുള്ള മുന്നണിയുടെ നിശ്ചയദാര്‍ഢ്യത്തെയും നേതൃത്വത്തിന്റെ ഇടപെടലിനെയും ആഭ്യന്തരമന്ത്രിതന്നെ പരസ്യമായി പ്രകീര്‍ത്തിച്ച അനുഭവമുണ്ടായി. അങ്ങനെ സമരം നയിക്കുന്ന എല്‍ഡിഎഫിന് ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ഒരു കല്ലിന്റെ ആവശ്യമെന്ത്?

ജനങ്ങള്‍ക്കുമുന്നില്‍ വിവസ്ത്രനായി, അഴിമതിയുടെയും ആഭിചാരത്തിന്റെയും പ്രതിരൂപമായി, സ്വന്തം മുന്നണിയിലും അണികളിലും ഒറ്റപ്പെട്ടു നില്‍ക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തണം എന്ന അഭിവാഞ്ഛയുണ്ടാകേണ്ടത് അദ്ദേഹത്തിന്റെതന്നെ ചേരിയിലാണ്. അങ്ങനെ കരുതുന്നതിലാണ് യുക്തി. രാഷ്ട്രീയ എതിരാളികളെ വെടിവച്ചുകൊല്ലാന്‍ തോക്കും പണവും കൊടുത്ത് ആര്‍എസ്എസ് ക്രിമിനലുകളെ വാടകയ്ക്കെടുത്ത് നിയോഗിച്ച നേതാവാണ് കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ നെറ്റിയിലെ പോറല്‍ചൂണ്ടി, "ചുടുചോരയ്ക്കുപകരം ചോദിക്കും" എന്നാക്രോശിച്ച ആ അധമത്വമാണ് കാറില്‍ പതിച്ച കല്ലിനുപിന്നിലെന്ന് കരുതുന്നവരെ എങ്ങനെ കുറ്റംപറയും? എങ്ങനെയാണ് അക്രമമുണ്ടായതെന്നും എന്താണ് സംഭവിച്ചതെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊലീസ് മേധാവികള്‍ക്കും ഈ നിമിഷംവരെ വ്യക്തമായ ഭാഷയില്‍ വിശദീകരിക്കാനായിട്ടില്ല. എല്‍ഡിഎഫ് സമരത്തില്‍ യുഡിഎഫുകാര്‍ നുഴഞ്ഞുകയറി മുഖ്യമന്ത്രിയെ ആക്രമിച്ച് സഹതാപ തരംഗമുണ്ടാക്കാനുള്ള സാധ്യത സംസ്ഥാന ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ടതാണ്. ദേശീയപത്രമായ ദി ഹിന്ദു അത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആ മുന്നറിയിപ്പ് അക്ഷരംപ്രതി കണ്ണൂരില്‍ ശരിയായി ഭവിച്ചു എന്ന് കരുതാന്‍ ന്യായങ്ങളുണ്ട്. കണ്ണൂരിന് പുറത്തുനിന്ന് ക്രിമിനലുകളെ ഇതിനായി എത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൂലിക്കെടുത്ത ക്വട്ടേഷന്‍സംഘം ഡിസിസി ഓഫീസില്‍നിന്ന് പിടിക്കപ്പെട്ടതും കോണ്‍ഗ്രസ് നേതാവ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് അവരെ രക്ഷപ്പെടുത്തി കൊണ്ടുപോയതും ഇതേ കണ്ണൂരിലാണ്. എന്തായാലും യഥാര്‍ഥ അക്രമിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികതന്നെ വേണം. അത് സോളാര്‍ കേസിലെ തട്ടിപ്പന്വേഷണംപോലെയാകരുത്.

അതേസമയം, അസംബന്ധ നാടകമാടി സഹതാപത്തിന്റെ തിരയടിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്തിക്കളയാം എന്ന വ്യാമോഹം കെട്ടിപ്പൂട്ടിവയ്ക്കാനുള്ള വിവേകം ബന്ധപ്പെട്ടവര്‍ക്കുണ്ടാകണം. കല്ലിന്റെ പേരില്‍ നാടകമാടി കണ്ണൂരിലെ സിപിഐ എം പ്രവര്‍ത്തകരെ കേസെടുത്തും തടവിലിട്ടും പീഡിപ്പിക്കാമെന്നും നാടാകെ അക്രമപ്പേക്കൂത്താടാമെന്നും കോണ്‍ഗ്രസ് ധരിച്ചുപോയിട്ടുണ്ടെങ്കില്‍ കൊടുക്കുന്നതിന്റെ ഇരട്ടിയായി തിരിച്ചുവാങ്ങാനുള്ള സന്നദ്ധതയുമുണ്ടാകണം. അപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല.

deshabhimani

No comments:

Post a Comment