Monday, October 28, 2013

വിപ്ലവാവേശത്താല്‍ ചുവന്നുതുടുത്ത്...

ഇരമ്പി ജനസാഗരം

വയലാര്‍: സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പൊരുതിയ പുന്നപ്ര-വയലാര്‍ പോരാളികളുടെ ആവേശദായക സ്മരണകളുമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഇരമ്പിയാര്‍ത്തു. പുഷ്പാര്‍ച്ചന, ദീപശിഖാറിലേകള്‍, അനുസ്മരണ റാലികള്‍, വയലാര്‍ രമാവര്‍മ അനുസ്മരണ സമ്മേളനം, പൊതുസമ്മേളനം എന്നിവയോടെ 67-ാമത് രക്തസാക്ഷി വാരാചരണത്തിന് സമാപനമായി. കൊടിതോരണങ്ങളാല്‍ ചുവപ്പണിഞ്ഞ രക്തസാക്ഷിമണ്ഡപവും പരിസരവും അഭൂതപൂര്‍വമായ ജനസാഗരത്തെയാണ് വഹിച്ചത്. നാടിന്റെ മോചനത്തിനും ജനാധിപത്യക്രമത്തിനും വേണ്ടി ജന്മിത്വത്തിന്റെ അടിച്ചമര്‍ത്തലിനും കിരാത വാഴ്ചയ്ക്കും എതിരെ പടനയിച്ച ദേശാഭിമാനികളായ കമ്യൂണിസ്റ്റ് പോരാളികളുടെ ജ്വലിക്കുന്ന വീരസ്മരണയുമായി വയലാറിലെ സമരഭൂമിയിലേക്ക് രാവിലെ മുതല്‍ ജനപ്രവാഹം ആരംഭിച്ചു. കരങ്ങളില്‍ ചെങ്കൊടിയും നാവില്‍ ഇടിനാദം പോലെ മുഴങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ആബാലാവൃദ്ധം പ്രവഹിച്ചത്. നാനാഭാഗങ്ങളില്‍നിന്ന് ചെറുജാഥകള്‍ തുടരെ മണിക്കൂറുകളോളം മണ്ഡപത്തിലേക്ക് എത്തി. വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയവ പ്രകടനങ്ങള്‍ക്ക് അകമ്പടിയായി. പതിനൊന്നോടെ രക്തസാക്ഷിനഗറും പരിസരവഴികളും ജനനിബിഡമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരും പൊലീസ് സേനയും നന്നേ പണിപ്പെട്ടു.

നിശ്ചയദാര്‍ഢ്യത്തോടെ വാരിക്കുന്തവുമായി ദിവാന്‍ സര്‍ സിപിയുടെ സായുധപട്ടാളത്തോട് ഏറ്റുമുട്ടിയ സമരഭടന്റെ ശില്‍പ്പം പേറുന്ന സ്മൃതിമണ്ഡപത്തില്‍ വലംവച്ചവര്‍ ആര്‍ത്തിരമ്പിയാണ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്. രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ശാശ്വതമാക്കാനുള്ള പുതിയ പോരാട്ടത്തിന് പ്രതിജ്ഞയെടുക്കലായി പുഷ്പാര്‍ച്ചന. സ്മൃതിമണ്ഡപത്തറയില്‍ പുഷ്പചക്രങ്ങളും പൂക്കളും അര്‍പ്പിച്ചവര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനത്തിന്റെ അജയ്യത വിളംബരം ചെയ്തു. തൊഴിലാളി സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും പ്രവര്‍ത്തകര്‍ പ്രത്യേകപ്രകടനങ്ങളായെത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. സമരാനുഭവങ്ങള്‍ അയവിറക്കി സേനാനികള്‍ നിലയുറപ്പിച്ചു. സിപിഐ എം-സിപിഐ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സമരസേനാനി കെ വി തങ്കപ്പന്‍ കൊളുത്തിയ ദീപശിഖ പകല്‍ പതിനൊന്നോടെയും ആലപ്പുഴ വലിയചുടുകാട് മണ്ഡപത്തില്‍ നിന്ന് സമരസേനാനി വി എസ് അച്യുതാനന്ദന്‍ കൊളുത്തിയ ദീപശിഖ പതിനൊന്നരയോടെയും കായികതാരങ്ങള്‍ റിലേയായി വയലാറിലെത്തിച്ചു. വലിയചുടുകാട്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സമരസേനാനി പി കെ ചന്ദ്രാനന്ദന്‍, എം എ ബേബി, ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, ജി സുധാകരന്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍, സി ബി ചന്ദ്രബാബു, ടി പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുദീപശിഖകളും വയലാറില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ എംഎല്‍എ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിച്ചു. സമരസേനാനികളായ പി കെ ചന്ദ്രാനന്ദന്‍, കെ വി തങ്കപ്പന്‍, സി കെ കരുണാകരന്‍, കെ കെ ഗംഗാധരന്‍, പി കെ മേദിനി, വി കെ കരുണാകരന്‍, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് എംഎല്‍എ, ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, ആര്‍ നാസര്‍, ഡി ലക്ഷ്മണന്‍, ജി വേണുഗോപാല്‍, കെ പ്രസാദ്, ടി കെ ദേവകുമാര്‍, സജി ചെറിയാന്‍ എന്നിവരും എ എം ആരിഫ് എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പുരുഷോത്തമന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ എസ് സാബു, പി വി പൊന്നപ്പന്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനവും പൊതുസമ്മേളനവും ചേര്‍ന്നു. സമരമുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 17 വയസുകാരന്‍ ഋത്വിന്റെ ചിത്രപ്രദര്‍ശനം ആയിരങ്ങള്‍ വീക്ഷിച്ചു.
(ടി പി സുന്ദരേശന്‍)

വിപ്ലവാവേശത്താല്‍ ചുവന്നുതുടുത്ത്...

വയലാര്‍: പച്ചമനുഷ്യനും യന്ത്രത്തോക്കും തമ്മിലേറ്റുമുട്ടി തൊഴിലാളിവര്‍ഗം ചരിത്രഗാഥ രചിച്ച രണഭൂമിയിലെ ചോരമണക്കുന്ന മണലില്‍നിന്ന് പരന്നൊഴുകിയ വിപ്ലവാവേശം വയലാര്‍ ഗ്രാമത്തെ ചെങ്കടലാക്കി. ഒറ്റനൂലില്‍ കോര്‍ത്ത രക്തപുഷ്പങ്ങള്‍പോലെ നാടാകെ വിപ്ലവധീരരുടെ സ്വപ്നസാക്ഷാത്കാരമെന്ന ഏകലക്ഷ്യത്തോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ചു. 67-ാം വാര്‍ഷിക വാരാചരണം ഇക്കുറിയും വയലാര്‍ ഗ്രാമത്തിന്റെ വിപ്ലവ പ്രതിപത്തി വിളിച്ചോതുന്നതായി. വെടിയേറ്റ് ദ്വാരംവീണ തെങ്ങുകളും മണ്ണിലടിഞ്ഞ് അന്ത്യവിശ്രമംവരിച്ച രക്തസാക്ഷികളും അവരുടെ ധീരസാഹസിക സമര സാമര്‍ഥ്യങ്ങളും മഹത്തായ ത്യാഗങ്ങളും ചരിത്രം ചുവപ്പിച്ച സമരധീരതയ്ക്കും അഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങളാണ് വയലാര്‍ രണധീരരുടെ ഓര്‍മ പുതുക്കാന്‍ എത്തിയത്. നാളെയുടെ നന്മയ്ക്കായി വെടിയേറ്റുമരിച്ച അസംഖ്യം ധീരരുടെ ബന്ധുമിത്രാദികളും വികാരവായ്പോടെ ബലികുടീരത്തിന് വലംവച്ച് പുഷ്പങ്ങളര്‍പ്പിച്ചു. പതിവുതെറ്റാതെ നാടും നഗരവും രക്തസാക്ഷി സ്മരണയിലാണ്ടു. വയലാറിലേക്കുള്ള എല്ലാവഴികളും രക്തപതാകകളാല്‍ നിറഞ്ഞു. മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടക്കം വയലാറിലേക്ക് ഒഴുകിയെത്തിയതോടെ രണഭൂമി ജനസാഗരമായി.

വയലാറില്‍നിന്ന് വിവാഹിതരായി പോയവരും താമസം മാറിയവരും വയലാര്‍ നിവാസികളുടെ ബന്ധുമിത്രാദികളടക്കം നുറുകണക്കിന് ആളുകള്‍ തലേദിവസംമുതല്‍തന്നെ വയലാറിലേക്കെത്തിയിരുന്നു. വയലാറിലെ വീടുകള്‍ മുഴുവന്‍ ബന്ധുജനങ്ങളെകൊണ്ട് നിറഞ്ഞു. ഇവര്‍ക്ക് അഥിത്യമരുളാന്‍ ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് ഓരോവീട്ടിലും നടന്നത്. ഇതില്‍ രാഷ്ട്രീയമോ മറ്റ് വേര്‍തിരിവോ ഒന്നുമുണ്ടയിരുന്നില്ല. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരുടെ വീടുകളില്‍ പോലും 20-50 പേര്‍ക്കുവരെ ഭക്ഷണമൊരുക്കിയിരുന്നു. വയലാറിലെ സമീപപ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് അബാലവൃദ്ധം ജനങ്ങളും മണ്ഡപത്തിലെത്തിയിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന് ദീപശിഖാ റിലേകളും കണ്ടശേഷമാണ് ഇവര്‍ മടങ്ങിയത്. കൊച്ചുകൊച്ചു പ്രകടനങ്ങളിലും കുടുംബസമേതമാണ് വയലാറുകാര്‍ എത്തിയത്. വരുംകാലപോരാട്ടത്തിന്റെ പ്രസക്തിയും ഈ ഗ്രാമത്തിന്റെ ആതിഥേയ മര്യാദയും കേട്ടറിഞ്ഞ് തീര്‍ഥാടകരെ പോലെ ഇവിടേയ്ക്ക് ഒരോ വര്‍ഷവും എത്തുന്നവരുടെ എണ്ണം കൂടുകയാണ്. രക്തസാക്ഷി നഗറില്‍നടന്ന വയലാര്‍ രാമവര്‍മ അനുസ്മരണത്തിനും രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിനും ബഹുജനങ്ങളുടെ നിറഞ്ഞ സാന്നിധ്യം സാക്ഷ്യംവഹിച്ചു.

deshabhimani

No comments:

Post a Comment