Thursday, October 31, 2013

സിഎജി റിപ്പോര്‍ട്ട് പൂര്‍ണാബദ്ധമെന്ന് ജെപിസി റിപ്പോര്‍ട്ട്

ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി പി ചിദംബരത്തെയും പൂര്‍ണമായും കുറ്റവിമുക്തരാക്കിയ ജെപിസി റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ പി സി ചാക്കോ ചൊവ്വാഴ്ച സ്പീക്കര്‍ മീരാകുമാറിന് കൈമാറി. ഇടപാടില്‍ വന്‍ നഷ്ടം കണ്ടെത്തിയ സിഎജിയെ നിശിതമായി വിമര്‍ശിക്കുന്നതാണ് ചാക്കോയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെലികോം കമ്പനികള്‍ക്ക് വഴിവിട്ട് 2ജി സ്പെക്ട്രവും ലൈസന്‍സും അനുവദിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കുമേല്‍ ചുമത്തുന്ന റിപ്പോര്‍ട്ടിനോട് പ്രതിപക്ഷ കക്ഷികളും യുപിഎ ഘടകകക്ഷിയായ ഡിഎംകെയും വിയോജിച്ചു. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി, സിപിഐ ലോക്സഭാ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ടി ആര്‍ ബാലു (ഡിഎംകെ), തമ്പിദുരൈ (എഐഡിഎംകെ), അര്‍ജുന്‍ചരണ്‍ സേഥി (ബിജെഡി), കല്യാണ്‍ ബാനര്‍ജി (തൃണമൂല്‍), ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, ഗോപിനാഥ് മുണ്ടെ, ധര്‍മേന്ദ്ര പ്രധാന്‍, ഹരിന്‍ പാഠക് (ബിജെപി) എന്നീ അംഗങ്ങളുടെ വിയോജനക്കുറിപ്പ് റിപ്പോര്‍ട്ടിലുണ്ട്. സപ്തംബര്‍ 27ന് ചേര്‍ന്ന അവസാന ജെപിസി യോഗത്തില്‍ 11 നെതിരെ 16 വോട്ടിനാണ് റിപ്പോര്‍ട്ട് പാസാക്കിയത്. ഗോപിനാഥ് മുണ്ടെ (ബിജെപി) അസുഖം കാരണം അവസാനയോഗത്തില്‍ പങ്കെടുത്തില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ അനുകൂല എംപിമാരെ തിരുകിക്കയറ്റിയാണ് ഭൂരിപക്ഷം ഒപ്പിച്ചത്.

സിഎജിക്കെതിരെ രൂക്ഷവിമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. ഇത്രയുമധികം വ്യത്യസ്തമായ നഷ്ടക്കണക്കുകള്‍ മറ്റൊരു സിഎജി റിപ്പോര്‍ട്ടിലും അവതരിപ്പിച്ചിട്ടില്ല. ഖജനാവിന് സംഭവിച്ച നഷ്ടമെത്രയെന്ന കാര്യത്തില്‍ തര്‍ക്കം ഉയര്‍ത്തുകയല്ല സിഎജി റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും അഴിമതിരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ മാത്രമേ റിപ്പോര്‍ട്ട് ഉപകരിക്കൂ. തെളിയിക്കപ്പെട്ട വസ്തുതകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ യാഥാര്‍ഥ്യ സ്വഭാവമുള്ള കണക്കുകളിലേക്ക് സിഎജി എത്തേണ്ടിയിരുന്നെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ലൈസന്‍സ് ഫീ അടയ്ക്കുന്നതില്‍ പിഴവ് വരുത്തിയ കമ്പനികള്‍ക്ക് ഇളവ് അനുവദിക്കുകവഴി 43,523 കോടി രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അന്ന് ധനമന്ത്രിയും ടെലികോംമന്ത്രിയും എതിര്‍ത്തിട്ടും സര്‍ക്കാര്‍ ഇളവ് നല്‍കി. രാജ പൂര്‍ണമായും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ജെപിസിയുടെ മറ്റൊരു കണ്ടെത്തല്‍. സുതാര്യത പാലിക്കുമെന്ന വാക്ക് പാലിക്കാന്‍ രാജ തയ്യാറായില്ല. സ്പെക്ട്രത്തിന് അപേക്ഷ സ്വീകരിക്കുന്നതിലെ അന്തിമ തീയതിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയത് സംശയങ്ങള്‍ക്ക് ഇടയാക്കി. ടെലികോംമേഖലയുടെ വികാസവും ടെലിസാന്ദ്രത വര്‍ധിപ്പിക്കലുമായി സര്‍ക്കാരിന്റെ പരമമായ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment