Tuesday, October 29, 2013

കല്ലില്‍ പിടിവള്ളിയിട്ട് ഉമ്മന്‍ചാണ്ടി

തട്ടിപ്പുകേസുകളാല്‍ പ്രതിഛായ തകര്‍ന്ന ഉമ്മന്‍ചാണ്ടി "കണ്ണൂര്‍ സംഭവ"ത്തെ തന്റെ രക്ഷയ്ക്കുള്ള അവസാന പിടിവള്ളിയായി കണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച കാറിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നതും മുഖത്ത് ചെറിയ പരിക്ക് പറ്റിയതും വസ്തുത. എന്നാല്‍, ഇതിന്റെപേരില്‍ സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും വേട്ടയാടി സോളാര്‍ സമരത്തെ അവസാനിപ്പിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി സംഘം കണക്കുകൂട്ടിയത്. സിപിഐ എം പ്രവര്‍ത്തകര്‍ ചെയ്ത മഹാഅപരാധം എന്നു പ്രചരിപ്പിച്ച് എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കി സമരം പൊളിച്ച് തനിക്ക് രക്ഷ നേടാമെന്നാണ് കരുതിയത്. പക്ഷേ, മുഖ്യമന്ത്രിയെ ശാരീരികമായി നേരിടുകയെന്നത് എല്‍ഡിഎഫ് പരിപാടിയല്ലെന്നും കണ്ണൂര്‍ സംഭവത്തെപ്പറ്റി അന്വേഷിച്ച് യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റിയോഗം അടിയന്തരമായി ചേര്‍ന്ന് ആവശ്യപ്പെടുകയും മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതോടെ, ഉമ്മന്‍ചാണ്ടിസംഘത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് പാളി.

ഒരേസമയം, എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനും യുഡിഎഫില്‍ തനിക്കനുകൂലമായി ഏകീകരണം സൃഷ്ടിക്കാനുമാണ് കണ്ണൂര്‍ സംഭവത്തെത്തുടര്‍ന്നുള്ള മണിക്കൂറില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും കിണഞ്ഞു പരിശ്രമിച്ചത്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല് തകര്‍ന്നതും മുഖത്ത് ചോര പൊടിഞ്ഞതുമാണ് ഞായറാഴ്ച വൈകിട്ട് ടിവിയില്‍ കണ്ടത്. പിന്നീട് രണ്ടുപരിപാടികളില്‍ ആരോഗ്യത്തോടെ പങ്കെടുത്ത് സംസാരിച്ച മുഖ്യമന്ത്രിയെ രണ്ടുമണിക്കൂറിനുശേഷം വധോദ്യമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭരണാധികാരിയായി പൊടുന്നനെ അവതരിപ്പിക്കുകയായിരുന്നു. വെടിയുണ്ടയെ തോല്‍പ്പിക്കുന്ന കല്ലിന്റെ കഥയുമായി മനോരമയടക്കമുള്ള മാധ്യമങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, എ കെ ആന്റണി എന്നിവരെല്ലാം വാര്‍ത്തയറിഞ്ഞ് ഉമ്മന്‍ചാണ്ടിയെ വിളിച്ചു. തുരുതുരെയുള്ള അന്വേഷണങ്ങളായി. അതോടെയാണ് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നല്ല അവസരമായി ഇതിനെ മാറ്റിയത്. അനുചരസംഘത്തിലെ ചിലര്‍ ആസൂത്രണംചെയ്ത ക്വട്ടേഷന്‍ പരിപാടിയെത്തുടര്‍ന്നുള്ള നാടകത്തിലെ കഥാപാത്രമായി ഉമ്മന്‍ചാണ്ടി മാറി.

രാത്രിയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടി എത്തിയത്. കല്ലേറില്‍ പരിക്കേറ്റ മുഖ്യമന്ത്രിക്ക് വിദഗ്ധചികിത്സ കിട്ടാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടുചെയ്തതിനെ പ്രത്യക്ഷത്തില്‍ ആര്‍ക്കും കുറ്റം പറയാനും കഴിയില്ല. എന്നാല്‍, ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് വിലക്ക് കല്‍പ്പിച്ചതില്‍ തെളിയുന്നത് ഉമ്മന്‍ചാണ്ടി സംഘത്തിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണ്. ഉമ്മന്‍ചാണ്ടിയെ ഈ നേതാക്കള്‍ കണ്ടാല്‍, ഇപ്പോള്‍ കണ്ണൂര്‍ സംഭവത്തിന്റെ പേരില്‍ തെറ്റിദ്ധരിച്ച് സഹതാപത്തില്‍ കഴിയുന്ന ഒരുവിഭാഗത്തിന്റെ മനസ്സ് തന്നെ മാറിപ്പോയാലോ എന്നു കരുതിയാകും ഈ നിലപാട് സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ആലോചിച്ച് മുഖ്യമന്ത്രിയാണ് സന്ദര്‍ശനവിലക്ക് കല്‍പ്പിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം സംഘട്ടനാത്മകമാക്കണമെന്ന അവിവേകചിന്ത ഭരണാധികാരികള്‍ക്ക് ഗുണകരമല്ല. സോളാര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുസംഭവങ്ങളില്‍ കളങ്കിതനായ ഉമ്മന്‍ചാണ്ടി അധികാരമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന എല്‍ഡിഎഫ് മുദ്രാവാക്യം യാഥാര്‍ഥ്യമാകുന്നതു കാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കഴിയുന്നവര്‍ യുഡിഎഫ് നേതൃത്വത്തിലും അണികളിലും ഏറെപ്പേരുണ്ട്. അവരുടെ മോഹത്തെ തകര്‍ക്കാന്‍ കണ്ണൂര്‍ സംഭവം ഉപയോഗിക്കാമെന്നും അതിനായി സഹതാപതരംഗം സൃഷ്ടിക്കാമെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നീക്കം തിരിച്ചറിഞ്ഞുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ പ്രതികരണം നടത്തിയത്. അതുകൊണ്ടാണ് കല്ലേറിനെ അപലപിച്ചപ്പോള്‍ത്തന്നെ, പൊലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചകളിലേക്ക് വിമര്‍ശനത്തിന്റെ കുന്തമുന നീട്ടിയത്.

കണ്ണൂരില്‍ പൊലീസ് ഭീകരത

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കിരാതമായ പൊലീസ് നടപടി തുടരുന്നു. രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ 1000 പേര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസ് ചുമത്തിയത്. പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാത്തവരെപ്പോലും രാത്രിയില്‍ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ്. അറസ്റ്റ്ചെയ്ത 18 പേരെ കണ്ണൂര്‍ ജെഎഫ്സിഎം കോടതി നവംബര്‍ 11 വരെ റിമാന്‍ഡ് ചെയ്തു. കമ്പി, കല്ല്, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന പച്ചക്കള്ളമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

എംഎല്‍എമാരായ കെ കെ നാരായണന്‍, സി കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം കുഞ്ഞിരാമന്‍, പി കെ ശബരീഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, ആര്‍എസ്പി ജില്ലാസെക്രട്ടറിയറ്റ് അംഗം സന്തോഷ് മാവില തുടങ്ങിയവര്‍ ആദ്യപ്രതിപ്പട്ടികയിലുണ്ട്. സിപിഐ എം തളിപ്പറമ്പ് ഏരിയകമ്മിറ്റി അംഗവും നഗരസഭാ വൈസ് ചെയര്‍മാനുമായ കെ മുരളീധരന്‍, അഞ്ചരക്കണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി ഭാസ്കരന്‍ തുടങ്ങിയവരെ അര്‍ധരാത്രിയില്‍ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. ആര്‍എസ്പി ജില്ലാസെക്രട്ടറിയറ്റ് അംഗം സന്തോഷ് മാവില, സിപിഐ എം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി സി വിനോദന്‍ എന്നിവരെ രാത്രിയില്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചും മാലൂര്‍ പനമ്പറ്റ സ്കൂള്‍ അധ്യാപകന്‍ പി സി വിനോദിനെ സ്കൂള്‍ വളഞ്ഞുമാണ് കസ്റ്റഡിയിലെടുത്തത്്. വെള്ളോറ ടാഗോര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി വി അനീഷിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പരിയാരത്തുവച്ചാണ് അറസ്റ്റ്ചെയ്തത്. പിടിയിലായവരില്‍ പലരും കണ്ണൂരിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ നല്‍കിയ ലിസ്റ്റ് അനുസരിച്ച് പ്രതിചേര്‍ക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ ലോക്കല്‍ സെക്രട്ടറി ടി എം ഇര്‍ഷാദ്, കൂത്തുപറമ്പ് നഗരസഭാ വൈസ്ചെയര്‍മാന്‍ പി എം മധുസൂദനന്‍, സഹോദരന്‍ മനോരാജ്, സഹോദരി മഹിജ എന്നിവരുടെ വീടുകളിലും ഞായറാഴ്ച രാത്രിയില്‍ പൊലീസ് തെരച്ചില്‍ നടത്തി. കഴിഞ്ഞവര്‍ഷംമുതല്‍ ജില്ലയില്‍ പൊലീസ് നടപ്പാക്കുന്ന സിപിഐ എം വേട്ടയ്ക്ക് മുഖ്യമന്ത്രിയുടെ പരിക്ക് മറയാക്കുകയാണ്. വര്‍ഷങ്ങള്‍ പഴകിയ കേസുകളിലെ പ്രതികളെത്തേടിയും പൊലീസ് രാത്രിയില്‍ വീടുകയറുകയാണ്.

deshabhimani

No comments:

Post a Comment