Thursday, October 31, 2013

എറിഞ്ഞത് "രക്ഷിക്കാന്‍" നിര്‍ത്തിയവര്‍

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എറിയുന്നതായി മനോരമ ചാനലും ഏഷ്യാനെറ്റും വിട്ട ചിത്രത്തില്‍ കാണുന്നയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് വ്യക്തമായതോടെ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ശരിയാകുന്നു. രക്ഷിക്കാനെന്ന വ്യാജേന നിന്നവരാണ് കല്ലെറിഞ്ഞതെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതോടെ തിരുവഞ്ചൂരിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിയായി. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലായ ഉമ്മന്‍ചാണ്ടിക്കെതിരെ നടക്കുന്ന സമരത്തെ നേരിടാന്‍ പൊലീസിനെ കൂടാതെ ഗുണ്ടകളെയും ആശ്രയിച്ചിരുന്നു. ഇങ്ങനെ കൂടിനിന്നവരുടെ കൂട്ടത്തില്‍നിന്നാണ് കല്ലെറിഞ്ഞത്. എറിഞ്ഞത് കൊടികളുമായി സമരഭാഗത്ത് നിന്നവരല്ലെന്നും മറുഭാഗത്ത് നിന്നവരാണെന്നും ആഭ്യന്തരമന്ത്രിതന്നെ പറഞ്ഞിരുന്നു. ഈ ഭാഗത്ത് നിന്നത് കോണ്‍ഗ്രസുകാരാണ്. അതില്‍ കെപിസിസി ജനറല്‍ സെക്രട്ടറികൂടിയായ കെ സുധാകരന്‍ എംപിയുടെ ഗുണ്ടകളുമുണ്ടായിരുന്നു. ഈ സംഘത്തില്‍പ്പെട്ടയാളെയാണ് ചാനല്‍ദൃശ്യങ്ങളില്‍ കാണുന്നത്.

സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ആഭ്യന്തരമന്ത്രി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാണ്. എറിഞ്ഞ രണ്ടുപേരെ സംഭവസ്ഥലത്ത് നിന്ന് പിടിച്ചുവെന്നും കസ്റ്റഡിയിലുള്ള അവര്‍ സിപിഐ എമ്മുകാരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഈ രണ്ട് പേരെക്കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ല. ഇവര്‍ കോണ്‍ഗ്രസുകാരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിട്ടയച്ചതാണെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. എല്‍ഡിഎഫ് സമരത്തെ കരിവാരിത്തേക്കാനും ഉമ്മന്‍ചാണ്ടിക്ക് ഇമേജ് സൃഷ്ടിക്കാനും നടത്തിയ ഗൂഢാലോചനകൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കാനുള്ള കെ സുധാകരന്റെ തന്ത്രവും പിന്നിലുണ്ടെന്ന് സംശയിക്കണം.

സോളാര്‍ സമരത്തെ നേരിടാന്‍ ഉമ്മന്‍ചാണ്ടി ഗുണ്ടകളെ ഉപയോഗിച്ചത് ആദ്യമായല്ല. തലസ്ഥാനത്ത് സമരംചെയ്ത എഐവൈഎഫ് പ്രവര്‍ത്തകയെ വളഞ്ഞിട്ട് തല്ലിയത് പുതുപ്പള്ളിയില്‍നിന്ന് ഇറക്കുമതിചെയ്ത ഗുണ്ടകളായിരുന്നു. എഐവൈഎഫ് നേതാവ് കൃഷ്ണപ്രസാദിനെ ഭീകരമായി മര്‍ദിച്ചതും ഗുണ്ടാസംഘമാണ്. കടുംകോണ്‍ഗ്രസുകാരായ പോലീസുകാരെ തെരഞ്ഞുപിടിച്ചാണ് സുരക്ഷയ്ക്ക് നിയോഗിച്ചത്. തലസ്ഥാനത്ത് ആനയറയില്‍ സമാധാനപരമായി സമരത്തില്‍ പങ്കെടുത്ത യുവാവിനെ ജനനേന്ദ്രിയം അടിച്ചുതകര്‍ത്തത് പൊലീസിലെ ക്രിമിനല്‍ സംഘമാണ്. ഈ സമയത്താണ് സമരത്തില്‍ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് "ദ ഹിന്ദു" പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍. ജനസമ്പര്‍ക്ക പരിപാടികളിലും ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയ്ക്കായി ഗുണ്ടകളെ നിയോഗിച്ചിരുന്നു. തലസ്ഥാനത്ത് കഴക്കൂട്ടത്തെ കെപിസിസി അംഗത്തിന്റെ ഗുണ്ടാസംഘത്തെയാണ് നിയോഗിച്ചത്. ഈ സംഘം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.

deshabhimani

No comments:

Post a Comment