Saturday, October 26, 2013

വ്യാജരേഖയുണ്ടാക്കിയത് സലിംരാജും വര്‍ക്കല കഹാറിന്റെ ബന്ധുവും

കടകംപള്ളിയില്‍ കോടികളുടെ ഭൂമി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനൊപ്പം പ്രവര്‍ത്തിച്ചത് വര്‍ക്കല കഹാര്‍ എംഎല്‍എയുടെ അടുത്ത ബന്ധു മുഷാറഫ്. ഇവര്‍ ചേര്‍ന്ന് ഭൂമി തട്ടാന്‍ 90 വര്‍ഷം പഴക്കമുള്ള ഒറ്റിക്കരാര്‍ ഉണ്ടാക്കിയതായി വിജിലന്‍സ് കണ്ടെത്തി.

ഈ ഒറ്റിക്കരാര്‍ പ്രകാരമാണ് മുഷാറഫിന്റെ പേരില്‍ റവന്യൂ വകുപ്പ് പട്ടയം നല്‍കിയത്. പട്ടയത്തിന്റെ മറവില്‍ മുഷാറഫ് സലിംരാജിന്റെ സഹോദരീഭര്‍ത്താവ് അബ്ദുള്‍ മജീദുമായി വില്‍പ്പന ഉടമ്പടിയുണ്ടാക്കി. ഇതേത്തുടര്‍ന്ന് റവന്യൂ വകുപ്പ് സ്ഥലത്തിന്റെ കരം ഈടാക്കുന്നത് നിര്‍ത്തി. തങ്ങള്‍ വഞ്ചിതരായത് സ്ഥലമുടമകള്‍ അറിയുന്നത് അപ്പോഴാണ്.

മുഷാറഫിന്റെ ഉമ്മയുടെ ബാപ്പ 1922ല്‍ ഒറ്റിവാങ്ങിയതായാണ് വ്യാജ രേഖയുണ്ടാക്കിയത്. തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ യഥാര്‍ഥ ഉടമകളായ നൂറ്റമ്പതോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലം വിലകൊടുത്ത് വാങ്ങിയവര്‍ വീണ്ടും ലക്ഷങ്ങള്‍ മുടക്കണമെന്ന സ്ഥിതിയിലായി.

ഈ ഭൂമിതട്ടിപ്പിന് ഇരട്ടപ്പട്ടയം സൃഷ്ടിച്ചതായും വ്യാജ തണ്ടപ്പേര്‍ ചമച്ചതായും നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റവന്യൂ ഇന്റലിജന്‍സ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. തണ്ടപ്പേരും ഇരട്ടപ്പട്ടയവും വ്യാജമായി സൃഷ്ടിച്ചതിന്റെ പേരില്‍ തുടര്‍നടപടിയും എടുത്തിട്ടില്ല. 1922ല്‍ ഉണ്ടാക്കിയ ഒറ്റിക്കരാറിന്റെ പേരില്‍ വ്യാജപട്ടയം റദ്ദാക്കാനും നിര്‍ദേശിച്ചിട്ടില്ല. വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന തണ്ടപ്പേര്‍രജിസ്റ്റര്‍ രഹസ്യകേന്ദ്രത്തിലെത്തിച്ച് മറ്റൊരു തണ്ടപ്പേര്‍ എഴുതി ചേര്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ വിജിലന്‍സ് തയ്യാറായിട്ടില്ല. സലിംരാജിന്റെയും ഭാര്യയുടെയും പങ്കിനെ കുറിച്ചും അന്വേഷിച്ചിട്ടില്ല. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാതെ കൂടുതല്‍ സമയം ചോദിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെയാണ് ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചത്.
 (കെ ശ്രീകണ്ഠന്‍)

സലിംരാജിന്റെ സഹോദരീഭര്‍ത്താവിന് 90 കോടിയുടെ ഇടപാട്

തിരു: സലിംരാജിന്റെ സഹോദരീ ഭര്‍ത്താവ് ഇടപ്പള്ളി പത്തടിപ്പാലം സ്വദേശിയായ അബ്ദുള്‍ മജീദ്് രണ്ടുവര്‍ഷത്തിനിടെ 90 കോടിയുടെ ഭൂമി ഇടപാട് നടത്തിയതായും വിജിലന്‍സ് കണ്ടെത്തി. അരൂര്‍മുതല്‍ ഇടപ്പള്ളിവരെ അബ്ദുള്‍ മജീദും സംഘവും 85 ഏക്കര്‍ ഭൂമി ഇടപാട് നടത്തിയതായാണ് റവന്യൂ ഇന്റലിജന്‍സിന് കിട്ടിയ രേഖ. അബ്ദുള്‍ മജീദ് സലിംരാജിന്റെയും മറ്റ് ഉന്നതരുടെയും ബിനാമിയാണെന്നാണ് സൂചന. കോടികള്‍ മുടക്കിയ റാക്കറ്റില്‍ സലിംരാജിന് പുറമെയുള്ള ഉന്നതരെയാണ് ഇനി കണ്ടെത്തേണ്ടത്. 2010ല്‍ യൂക്കോ ബാങ്കിന്റെ കൊച്ചി ശാഖയില്‍ നിന്നും 30 ലക്ഷം രൂപ മജീദിന്റെ പേരില്‍ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടച്ചിട്ടില്ല. വില്‍പ്പന നികുതി കുടിശ്ശിക ഇനത്തില്‍ 66 ലക്ഷം രൂപ അടയ്ക്കാനുള്ളതായി കാണിച്ച് നികുതി വകുപ്പ് നല്‍കിയ നോട്ടീസും മജീദ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കി. ലക്ഷങ്ങളുടെ കടക്കാരനാണെന്ന് രേഖയുണ്ടാക്കി രക്ഷപ്പെടാനുള്ള തന്ത്രമായാണ് വിജിലന്‍സ് ഇതിനെ കാണുന്നത്.

ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്: കോടിയേരി

തിരു: സലിംരാജ് നടത്തിയ ഭൂമിതട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഭൂമാഫിയാ സംഘത്തലവന്‍ സലിംരാജിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍പോലും നടപടി എടുക്കാതെ സംരക്ഷിച്ചത് ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് മാത്രമല്ല, അദ്ദേഹവുമായി അടുപ്പമുള്ളവര്‍, ഭരണകക്ഷി എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം തട്ടിപ്പില്‍ ബന്ധമുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

കടകംപള്ളി വില്ലേജില്‍ ഭൂമി തട്ടിയെടുത്ത മാഫിയക്ക് എല്ലാ ഒത്താശയും നല്‍കിയത് മുഖ്യമന്ത്രിയാണ്. തട്ടിപ്പ് സംബന്ധിച്ച് സുതാര്യകേരളം പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി നേരിട്ട് പരാതി കേട്ടു. നടപടിക്ക് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, നടപടി എടുക്കാന്‍ മാത്രം അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നടപടി ഒഴിവാക്കാന്‍ ഇടപെട്ടു. സലിംരാജിന്റെ ഭാര്യക്ക് റവന്യു കമീഷണറേറ്റിലേക്ക് മാറ്റം നല്‍കിയതും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. തമിഴ്നാട്ടില്‍ നടന്നതുപോലുള്ള ഭൂമിതട്ടിപ്പാണ് കേരളത്തിലും നടന്നതെന്ന് ഹൈക്കോടതിക്കും ബോധ്യപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച കടകംപള്ളിയിലെ ഭൂമി സന്ദര്‍ശിച്ചത് പാര്‍ടിയുമായി ആലോചിച്ചശേഷമാണെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. ഞായാറഴ്ച അവിടെ നടക്കുന്ന യോഗത്തില്‍ താന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാര്‍ അനുവദിച്ചാലേ അന്വേഷണമുള്ളൂ: കലക്ടര്‍

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് പങ്കാളിയായ കടകംപള്ളി ഭൂമി തട്ടിപ്പിനെപ്പറ്റി സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷിക്കാനാകില്ലെന്ന് തിരുവനന്തപുരം കലക്ടര്‍ കെ എന്‍ സതീഷ്. സര്‍ക്കാര്‍ പറഞ്ഞാലേ റവന്യൂ അധികാരിയെന്ന നിലയില്‍ വകുപ്പുതല അന്വേഷണം നടത്താനാകൂ. കടകംപള്ളിയില്‍ തണ്ടപ്പേരില്‍ കൃത്രിമം കാട്ടിയ ഭൂമിയിടപാടുകള്‍ ധാരാളം നടന്നിട്ടുണ്ട്. ശൂന്യ തണ്ടപ്പേരിട്ടുള്ള കൃത്രിമങ്ങള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരിക്കാം. ഇവയെല്ലാം അന്വേഷിക്കാന്‍ മികച്ച ടിം വേണ്ടിവരുമെന്നും കലക്ടര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഭൂമി ഇടപാടിലെ ക്രമക്കേടു സംബന്ധിച്ച് 40 പരാതി കടകംപള്ളിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവയുടെ ഹിയറിങ് നവംബര്‍ 7നു നടക്കും. എന്നാല്‍, ഇവ സംബന്ധിച്ച അന്തിമതീരുമാനത്തിന് കാലതാമസമുണ്ടാകും. ഇത്തരം ഭൂമി ഇടപാടുകള്‍ നടന്നിട്ടുള്ളത് താന്‍ കലക്ടര്‍ ആകുംമുമ്പാണ്. ഭൂമിയുടെ ഓണര്‍ഷിപ്പും ടൈറ്റിലും നിശ്ചയിക്കാന്‍ കലക്ടര്‍ക്ക്അധികാരമില്ല. ഇവ സിവില്‍ കോടതിയാണ് പരിഗണിക്കേണ്ടത്. ഇത്തരം ഭൂമി ഇടപാടിനെപ്പറ്റി അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് മുമ്പ് ആവശ്യപ്പെട്ടിരുന്നതായും കലക്ടര്‍ പറഞ്ഞു.

കടകംപള്ളിയില്‍ ഇരകളുടെ കൂട്ടായ്മ ഇന്ന്

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പിന് ഇരയായവരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മ കടകംപള്ളി വില്ലേജ് ഓഫീസിനു മുന്നില്‍ ഞായറാഴ്ച വൈകിട്ട് 4ന് ചേരും. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ പരിസരവാസികളും അണിനിരക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.

സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുന്നു: ചെന്നിത്തല

പാലക്കാട്:ഭസംസ്ഥാന ഭരണരംഗത്തും സിവില്‍ സര്‍വീസിലും അഴിമതി കൊടികുത്തി വാഴുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണാധികാരികള്‍ കൂടുതല്‍ കാര്യക്ഷമത കാണിച്ചില്ലെങ്കില്‍ ജനങ്ങളുടെ അമര്‍ഷത്തിനിരയാവും. ഭരണം അഴിമതിമുക്തമായാലേ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ. ഇതിനാണ് ഭഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത്. അധികാരം സര്‍ക്കാരില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതാണ് പുരോഗതിക്ക് തടസ്സം. താഴെത്തട്ടില്‍ അധികാരം എത്തിയാലെ ജനങ്ങള്‍ക്ക് ഉപകാരമാകു. അതിനാല്‍ കൂടുതല്‍ അധികാരം ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കണം. പഞ്ചായത്ത് ജീവനക്കാരെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യാപകപരാതിയുണ്ട്. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. പത്താം ശമ്പള കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നിയമിച്ചാല്‍ മാത്രമേ 2014 ആഗസ്ത് മുതല്‍ ശമ്പള പരിഷ്ക്കാരം നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ- ചെന്നിത്തല പറഞ്ഞു.

deshabhimani

No comments:

Post a Comment