Sunday, October 27, 2013

പട്നയില്‍ സ്ഫോടന പരമ്പര; 5 മരണം

ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ പൊതുയോഗത്തിനു തൊട്ടുമുമ്പ് സ്ഫോടനപരമ്പര. അഞ്ചുമരണം. 70 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പകല്‍ പത്തരയോടെയാണ് മോഡിയുടെ പൊതുയോഗം സംഘടിപ്പിച്ച ഗാന്ധിനഗര്‍ മൈതാനിയുടെ പരിസരങ്ങളില്‍ സ്ഫോടനപരമ്പരയുണ്ടായത്.

പട്ന റെയില്‍വേ സ്റ്റേഷനിലെ പത്താംനമ്പര്‍ ശീതികരിച്ച മൂത്രപ്പുരയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതിനുപിന്നാലെ തുടര്‍ച്ചയായി ആറുതവണ വീണ്ടും സ്ഫോടനങ്ങളുണ്ടായി. ഗാന്ധി മൈതാനിയോട് ചേര്‍ന്ന് നാലു തവണയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്തുനിന്ന്കണ്ടെടുത്ത രണ്ട് ബോംബുകള്‍ പിന്നീട് പൊലീസ് നിര്‍വീര്യമാക്കി. ഇവിടെ ഒരു സിനിമാഹാളിന് സമീപത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് നിര്‍വീര്യമാക്കിയത്. ശക്തികുറഞ്ഞ പെട്രോള്‍ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം.

പരിക്കേറ്റവരെ പട്നമെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റ് വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റു. സ്ഫോടനത്തെത്തുടര്‍ന്ന് പൊതുയോഗത്തിനെത്തിയ നൂറുകണക്കിനാളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. ആദ്യസ്ഫോടനമുണ്ടായ റെയില്‍വേ സ്റ്റേഷനിലെ മൂത്രപ്പുരയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട നാലുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പട്ന എസ്എസ്പി മനു മഹാരാജ് പറഞ്ഞു. ഇതിലൊരാള്‍ ബോംബ് എറിയുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

സംഭവത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. സ്ഫോടനങ്ങളുടെ പേരില്‍ ആരും മുതലെടുപ്പിന് ശ്രമിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. അന്വേഷണത്തെ സഹായിക്കാന്‍ എന്‍ഐഎ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ബിഹാറിലേക്ക് അയച്ചു. സ്ഫോടനങ്ങളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അപലപിച്ചു. മുഖ്യമന്ത്രി നിതീഷ്കുമാറിനോട് മന്‍മോഹന്‍സിങ് ഫോണില്‍ വിവരങ്ങള്‍ ആരാഞ്ഞു. സംഭവസ്ഥലം നിതീഷ്കുമാര്‍ സന്ദര്‍ശിച്ചു. ബിഹാര്‍ സര്‍ക്കാരിന്റെ സുരക്ഷാവീഴ്ചയാണ് സംഭവം തെളിയിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സ്ഫോടനത്തിനുശേഷം ഗാന്ധി മൈതാനത്ത് ബിജെപി പൊതുയോഗം ചേര്‍ന്നു. മോഡിയുടെ ഹുങ്കാര്‍ റാലിയില്‍ പങ്കെടുക്കാന്‍ 11 ട്രെയിനാണ് ബിജെപി പ്രവര്‍ത്തകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നത്.

deshabhimani

No comments:

Post a Comment