കോളേജ് മാഗസിന്‍ പ്രകാശനത്തിന്റെ ഭാഗമായാണ് ലോകം ആരാധിക്കുന്ന വിപ്ലവനായകന്റെ ചിത്രം പ്രവേശനകവാടത്തിനു സമീപം നിലത്തുവരഞ്ഞത്. ക്യൂബന്‍ വിപ്ലവനായകനായിരുന്ന ചെ ഗുവേരയെ കമ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങള്‍പോലും ഭീകരവാദിയായി ചിത്രീകരിച്ചിരുന്നില്ല. ക്യൂബന്‍ വിപ്ലവശേഷം ആരോഗ്യ-വിദേശകാര്യ മന്ത്രിയായിരുന്ന ചെ ഗുവേരയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയിലേക്ക് ക്ഷണിച്ച് ആദരിച്ചിരുന്നു.
നിസ്വവര്‍ഗത്തിന്റെ ഉന്നമനത്തിനായി ജനതയോടൊപ്പം പൊരുതിയ ധീരനായകനെ തീവ്രവാദിയായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളോട് പ്രിന്‍സിപ്പലും മാനേജ്മെന്റും പകപോക്കുകയായിരുന്നു. ചിത്രം വരച്ചതിന്റെ പേരില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വി എസ് അഭിലാഷിനെയാണ് ആദ്യം സസ്പെന്‍ഡ് ചെയ്തത്. നോട്ടീസ് ബോര്‍ഡില്‍ സസ്പെന്‍ഷന്‍ അറിയിപ്പ്് പ്രസിദ്ധീകരിക്കുകയായിരുന്നു. സസ്പെന്‍ഷനെതിരെ പ്രതിഷേധിച്ച 12 വിദ്യാര്‍ഥികളെ പിന്നാലെ പുറത്താക്കി. പ്രതിഷേധമുയര്‍ന്നപ്പോള്‍ മാനേജ്മെന്റിന്റെ സ്വന്തക്കാരായ 7 പേരടങ്ങിയ അന്വേഷണ കമീഷന്‍ രൂപീകരിച്ചു. കമീഷന്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. ചിത്രം തങ്ങള്‍ വരച്ചതാണെന്നും കുറ്റബോധം തോന്നുന്നില്ലെന്നും മൊഴി നല്‍കിയ ഏഴു വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കല്‍ ഉത്തരവ് വീടുകളിലേക്ക് അയക്കുകയായിരുന്നു.
സമരം ഒത്തുതീര്‍പ്പാക്കുക: എസ്എഫ്ഐ
തിരു: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോളേജില്‍ ചെ ഗുവേരയുടെ ചിത്രം വരച്ചു കാരണത്താലാണ് എട്ട് വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കിയത്. കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കുന്ന സ്പെഷ്യല്‍ ഫീസ് സര്‍വകലാശാലയ്ക്ക് അടയ്ക്കാത്തത് സര്‍വകലാശാല കണ്ടെത്തിയിരുന്നു. ഇതുന്നയിച്ച് രംഗത്തുവന്ന വിദ്യാര്‍ഥികളെയും വേട്ടയാടാനാണ് പ്രിന്‍സിപ്പലിന്റെ നീക്കം. അകാരണമായി വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കണം. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍വകലാശാല ഇടപെടണം. വിദ്യാര്‍ഥികളെ ശത്രുക്കളായി കാണുന്ന പ്രിന്‍സിപ്പലിന്റെ നിലപാട് തിരുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക്
കാട്ടാക്കട: ക്രിസ്ത്യന്‍ കോളേജിനുമുന്നില്‍ എസ്എഫ്ഐ ഏരിയസെക്രട്ടറി എം എസ് കിച്ചു നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെയും പൊലീസിന്റെയും നിര്‍ദേശം അവഗണിച്ചും നിരാഹാരസമരം തുടരാനാണ് കിച്ചുവും എസ്എഫ്ഐ നേതാക്കളും തീരുമാനിച്ചിട്ടുള്ളത്. അതേസമയം വിദ്യാര്‍ഥിസമരം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്നും പ്രിന്‍സിപ്പലിന്റെയും വൈസ് പ്രിന്‍സിപ്പലിന്റെയും രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോളേജിന് പുറത്തും ബഹുജനപ്രതിഷേധം ശക്തമാണ്. ഇരുപത്തിയഞ്ചിലേറെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് പ്രകടനം നടത്തി. അഭിവാദ്യപ്രകടനം നടത്തിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വൈകിട്ട് നാലരയോടെ കോളേജില്‍നിന്ന് കാറില്‍ പുറത്തേക്ക് വന്ന പ്രിന്‍സിപ്പല്‍ സ്നേഹലതയെ കോളേജ് ഗേറ്റിനുമുന്നില്‍ തടഞ്ഞു. കാറിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച മഹിളാ പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് സിപിഐ എം നേതാക്കള്‍ എത്തിയാണ് മഹിളാ പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
രാവിലെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഏരിയയിലാകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്കി. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ വിവിധ സ്കൂളുകളില്‍നിന്ന് പ്രകടനമായി സമരപ്പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ സമരപ്പന്തലിന് മുന്നില്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. ജയചന്ദ്രന്‍ കടമ്പനാട്, ഗൗരീ ജയചന്ദ്രന്‍, ഷിജൂ വര്‍ഗീസ,് അഭിജിത് മണക്കാട്, അരവിന്ദ് എന്നിവരാണ് നാടന്‍പാട്ട് അവതരിപ്പിച്ചത്.വൈകിട്ട് നടന്ന പൊതുയോഗത്തില്‍ എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും കണ്ണൂര്‍ജില്ലയില്‍നിന്ന് നാടുകടത്താന്‍ പൊലീസ് തീരുമാനിക്കുകയും ചെയ്ത ഷാജിര്‍, ഐ ബി സതീഷ്, ജി സ്റ്റീഫന്‍, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് സിബി, സെക്രട്ടറി അന്‍സാരി, എന്‍ ഭാസുരാംഗന്‍ എന്നിവര്‍ സംസാരിച്ചു. എസ് വിജയകുമാര്‍ അധ്യക്ഷനായി.
deshabhimani
No comments:
Post a Comment