Thursday, October 24, 2013

കേരള കോണ്‍ഗ്രസിലും കൂട്ടക്കുഴപ്പം; സ്റ്റിയറിങ് കമ്മിറ്റി ചേരാനായില്ല

യുഡിഎഫിലെ പ്രധാന കക്ഷിയായ കേരള കോണ്‍ഗ്രസില്‍ കൂട്ടക്കുഴപ്പം. ജോസഫ്, പി സി ജോര്‍ജ് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയതോടെ ബുധനാഴ്ചത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗം അവസാന നിമിഷം ഉപേക്ഷിച്ചു. മൂന്നു ഗ്രൂപ്പുകള്‍ ലയിച്ചെങ്കിലും മൂന്നു പാര്‍ടികളെപ്പോലെ പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസില്‍ ഇടുക്കി ലോക്സഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. കോണ്‍ഗ്രസിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസിലും ആഭ്യന്തരകലഹം രൂക്ഷമായത്. ജോസഫ് ഗ്രൂപ്പ് നേതാക്കളെ പി സി ജോര്‍ജ് ആക്ഷേപിക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ജോര്‍ജ് ഇടുക്കി ലോക്സഭാ സീറ്റിന്റെ പേരില്‍ തുറന്നടിച്ചത്. മന്ത്രി പി ജെ ജോസഫിന്റെ ഔദ്യോഗിക വസതിയില്‍ രഹസ്യയോഗം ചേര്‍ന്ന ജോസഫ് ഗ്രൂപ്പുകാര്‍ ഇതിനു പിന്നാലെ ജോര്‍ജിനെ ബഹിഷ്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജോര്‍ജ് പങ്കെടുക്കുന്ന യോഗത്തിനില്ലെന്ന് ജോസഫ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് അധ്യാപകഭവനില്‍ ചേരാനിരുന്ന യോഗത്തിലേക്ക് മാണി, ജോര്‍ജ് ഗ്രൂപ്പുകാര്‍ എത്തിയിരുന്നു. ജോസഫ് ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കള്‍ എത്തിയെങ്കിലും ജോര്‍ജ് പങ്കെടുക്കുന്ന യോഗം ബഹിഷ്കരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ച് ഇറങ്ങിപ്പോയി. ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ എംഎല്‍എ ഹോസ്റ്റലില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തിയെങ്കിലും വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതായി അറിയിച്ചു. ജോസഫിനെ അനുനയിപ്പിക്കാന്‍ മാണി ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉന്നതാധികാര സമിതി ചേര്‍ന്നശേഷമേ മറ്റു ചര്‍ച്ചകള്‍ ഉള്ളൂവെന്ന് ജോസഫ് ശഠിച്ചു. വിരട്ടാന്‍ നോക്കേണ്ടെന്നും താന്‍ ഇങ്ങനെയൊക്കെയേ പ്രവര്‍ത്തിക്കൂവെന്നും പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ വൈസ് ചെയര്‍മാനായ പാര്‍ടിയില്‍ ജോസഫ് ഗ്രൂപ്പ് ലയിച്ചതാണ്. വേണ്ടെങ്കില്‍ പോകാന്‍ നോക്കെന്നും ജോര്‍ജ് ഭീഷണി മുഴക്കി. ജോര്‍ജിനെതിരെ ചില പരാതികള്‍ കിട്ടിയതായും ഗൗരവത്തോടെ ചര്‍ച്ചചെയ്യുമെന്നും കെ എം മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നില്‍കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിക്കില്ലെന്ന പി സി ജോര്‍ജിന്റെ പ്രസ്താവനയാണ് ജോസഫ് ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ഇടുക്കി സീറ്റിനുവേണ്ടി അവകാശവാദമുന്നയിക്കുകയും ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുകയുമാണ് ജോസഫ് ഗ്രൂപ്പിന്റെ താല്‍പ്പര്യം. കോട്ടയത്ത് മകന്‍ ജോസ് കെ മാണിയുടെ വിജയം ഉറപ്പാക്കാന്‍ ഇടുക്കി സീറ്റ് വേണ്ടെന്നു വയ്ക്കാന്‍ പാര്‍ടി ചെയര്‍മാന്‍ കെ എം മാണി ആലോചിച്ചിരുന്നു. മാണിയുടെ ഈ നീക്കമാണ് ജോര്‍ജിന്റെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.

deshabhimani

No comments:

Post a Comment