കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനാവില്ലെന്ന് ഹൈക്കോടതി. അതിനാല്‍ സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി വിലയിരുത്തി. സര്‍ക്കാരിന്റെ സമസ്തമേഖലയിലും സലിംരാജിന് കാര്യമായ ബന്ധമാണുള്ളത്. റവന്യു ഉദ്യോഗസ്ഥരോ പൊലീസോ ഇയാള്‍ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് കരുതാനാവില്ല. കോടതിയുടെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ മുന്‍ നിലപാട് തിരുത്തി, സിബിഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് കോടതിയെ അറിയിച്ചു. വ്യാജരേഖ ചമയ്ക്കല്‍, വ്യാജ തണ്ടപ്പേര് നിര്‍മാണം,
സലിംരാജിനുപുറമെ റവന്യു ഉദ്യോഗസ്ഥര്‍ഉള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ എന്നീ കാര്യത്തില്‍ പ്രിന്‍സിപ്പല്‍ റവന്യു സെക്രട്ടറി സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ അന്വേഷണത്തില്‍ മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ ഇടപെടരുതെന്നും ഇടപെട്ടാല്‍ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് താക്കീത് നല്‍കി. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണം. പരാതികള്‍ക്ക് ഇടം നല്‍കരുതെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ രേഖകളും റവന്യു സെക്രട്ടറിക്ക് അയച്ചുകൊടുക്കണം. കേസിലെ പരാതിക്കാര്‍ക്കും മറ്റു കക്ഷികള്‍ക്കും റവന്യു സെക്രട്ടറിക്ക് രേഖകള്‍ ഹാജരാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. വ്യാജരേഖ ചമച്ചുവെന്നും റവന്യുരേഖകളില്‍ തിരിമറി നടത്തിയെന്നുമുള്ള പരാതിക്കാരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും കോടതി കണ്ടെത്തി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി എന്‍ എ ഷെരീഫ, തിരുവനന്തപുരത്തെ പ്രേംചന്ദ് ആര്‍ നായര്‍ എന്നിവര്‍ സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സലിംരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് റവന്യുരേഖകളില്‍ തിരിമറി നടന്നതെന്നാണ് ആരോപണം. ഇയാളുടെ ഭാര്യയെ ലാന്‍ഡ് റവന്യു കമീഷണര്‍ ഓഫീസിലേക്ക് സ്ഥലംമാറ്റം നല്‍കാനുള്ള സാഹചര്യമെന്തെന്ന് സര്‍ക്കാര്‍ ഉടന്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
deshabhimani
No comments:
Post a Comment