Thursday, October 24, 2013

ഉന്നതര്‍ക്ക് പങ്കുള്ള കേസിന്റെ സത്യം അറിയണം

സോളാര്‍ തട്ടിപ്പുകേസില്‍ മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ ആരോപണവിധേയരായ കേസിന്റെ നിജസ്ഥിതി ജനങ്ങള്‍ അറിയേണ്ടതുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ക്ക് പണം നല്‍കിയത് ആരെന്നും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ ആരാഞ്ഞു. സോളാര്‍ കേസ് വെറും തട്ടിപ്പ് കേസ് മാത്രമല്ല. പണം തിരികെ നല്‍കിയതുകൊണ്ടുമാത്രം കേസ് അവസാനിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തങ്ങള്‍ക്കെതിരായ രണ്ട് തട്ടിപ്പുകേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചി ആശീര്‍ഭവന്‍ ഡയറക്ടര്‍ ഫാ. ജൂഡ് പനയ്ക്കല്‍ നെച്ചൂര്‍ സ്വദേശി വി പി ജോയി എന്നിവരില്‍നിന്ന് മൂന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസുകള്‍, നഷ്ടപ്പെട്ട പണം തിരികെ നല്‍കിയ സാഹചര്യത്തില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍, പ്രതികളായ ബിജുവും സരിതയും ജയിലില്‍ കഴിയുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആരാണ് പണം നല്‍കിയതെന്ന് കോടതി ചോദിച്ചു. മന്ത്രിമാര്‍ അടക്കമുള്ള ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്ന തട്ടിപ്പുകേസെന്ന നിലയില്‍ പൊതുതാല്‍പ്പര്യവും കണക്കിലെടുക്കണം. ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്കറിയണം. തട്ടിപ്പിനിരയായ മുഴുവന്‍ പേര്‍ക്കും പണം മടക്കിനല്‍കാതെ കേസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവില്ലെന്നും ജസ്റ്റിസ് റഷീദ് നിരീക്ഷിച്ചു. തട്ടിപ്പിലൂടെ ബിജുവും സരിതയും സമ്പാദിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്നും കോടതി ചോദിച്ചു. അതേസമയം ബിജുവും ശാലുമേനോനും ചേര്‍ന്നാണ് പണം വിനിയോഗിച്ചതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ കോടതിയില്‍ ആരോപിച്ചു.

deshabhimani

No comments:

Post a Comment