Wednesday, October 2, 2013

കയര്‍ ബോര്‍ഡ് പരാജയം: വി എസ്

ആലപ്പുഴ: കയറിന്റെ സാധ്യത പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിലും തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും കയര്‍ ബോര്‍ഡും അനുബന്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന സന്ദേശത്തിലാണ് വിഎസ് ഇങ്ങനെ പറഞ്ഞത്.

പോരാട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്രമുളളപ്പോഴും കയര്‍ ഫാക്ടറി തൊഴിലാളികളുടെ ജീവിതം ഇന്നും ദുരിതപൂര്‍ണമാണ്. കയര്‍ ഫാക്ടറി തൊഴിലാളികള്‍ മാത്രമല്ല ചെറുകിട കയര്‍ ഫാക്ടറി ഉടമകളും ദുരിതത്തിലാണ്. മറ്റ് മേഖലകളിലെ തൊഴില്‍ സാഹചര്യങ്ങളും അവരുടെ ആനുകൂല്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ കയര്‍ ഫാക്ടറി തൊഴിലാളികള്‍ക്ക് ഇപ്പോഴും ന്യായമായ വേതനം ലഭിക്കുന്നില്ല. സ്വാഭാവിക നാരിന് വിദേശങ്ങളില്‍ പ്രാധാന്യം ഏറിവരികയാണ്. വൈവിധ്യമാര്‍ന്ന കയറുല്‍പ്പന്നങ്ങള്‍ക്ക് വിദേശങ്ങളില്‍ ആവശ്യക്കാരും ഏറെയാണ്. കയര്‍ കയറ്റുമതിക്കാര്‍ വലിയതോതില്‍ ലാഭം കൊയ്യുന്നു. പ്രത്യേകിച്ച് രൂപയുടെ മൂല്യമിടിയുകയും ഡോളറിന് വില വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലാഭം ഇരട്ടിയായി.

പുതിയൊരു ജീവിതവും, പുതിയൊരു സമൂഹവും എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോന്നത്. കേവലം തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും മാത്രം ഉയര്‍ത്തിയായിരുന്നില്ല പ്രക്ഷോഭങ്ങളുടെ പാതകളില്‍ അണിനിരന്നത്. മറിച്ച് രാജ്യത്തിന്റെയാകെ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി അണിനിരക്കുകയായിരുന്നു അവര്‍. പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുന്നതിനുവരെ നിര്‍ണായക സംഭാവനകള്‍ നല്‍കി എന്ന് പില്‍ക്കാല സംഭവവികാസങ്ങള്‍ തെളിയിച്ചു. പുന്നപ്ര-വയലാര്‍ സമരവും, ആ സമരം പിന്നീട് ഒരു ദശകം കഴിയുമ്പോള്‍ ഐക്യകേരളം സാക്ഷാത്കരിക്കപ്പെട്ടതും തുടര്‍ന്ന് ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതുമൊക്കെ ചരിത്രമാണ്. ആ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ സമഗ്ര കാര്‍ഷിക ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ നിയമവുമൊക്കെയാണ് കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിത്തീര്‍ത്തതെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗം പി കെ ചന്ദ്രാനന്ദന്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മണി എന്നിവര്‍ സംസാരിച്ചു. പി സുരേന്ദ്രന്‍ സ്വാഗതവും ആര്‍ നാസര്‍ നന്ദിയും പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യ വേണം

മുഹമ്മ: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന കയര്‍ വ്യവസായത്തെ രക്ഷിക്കാന്‍ ഉല്‍പ്പാദനക്ഷമതയും തൊഴിലാളികള്‍ക്ക് വരുമാനവും ഉറപ്പുവരുത്തുന്ന ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് സെമിനാര്‍. മുഹമ്മ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ സിഐടിയു പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച "കയര്‍ വ്യവസായം ഇനി എന്ത്?" എന്നസെമിനാറിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. സമഗ്രമായ പുനസംഘടന ആവശ്യമാണെന്ന് വിവിധ സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു.

കേരളത്തിന്റെ തനതായ ചകിരി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാതെ നിലനില്‍ക്കാനാകില്ലെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ച കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിഡന്റ് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ഇതിനായി ഏറ്റവും ആധുനികമായ തൊണ്ടുതല്ല് മില്ലുകള്‍ സ്ഥാപിക്കണം. 50 ശതമാനം സര്‍ക്കാര്‍ സബ്സിഡി നല്‍കണം. ഇടനില സാങ്കേതിക വിദ്യയ്ക്ക് അപ്പുറമുള്ളവ വേണമെന്ന നിലപാട് സ്വീകരിക്കണം. കേരളത്തില്‍ ലഭ്യമായ തൊണ്ടിന്റെ 20 ശതമാനംപോലും ചകിരിയാക്കി മാറ്റുന്നില്ല. ഇതോടെ ആലപ്പുഴയുടെ സ്വന്തമായിരുന്ന വെള്ളക്കയര്‍ അപ്രത്യക്ഷമായി. തമിഴ്നാട്ടില്‍നിന്നുള്ള ചകിരി ഉപയോഗിച്ചാണ് ഇവിടെ ഉല്‍പ്പാദനം. ഇതോടെ ഈ മേഖലയില്‍ നമുക്കുണ്ടായിരുന്ന കുത്തകസ്ഥാനം നഷ്ടപ്പെട്ടു. 2007-08ല്‍ 60,000 ടണ്‍ കയര്‍ മാറ്റ് ആന്‍ഡ് മാറ്റിങ്സ് കയറ്റുമതിചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 35,000 ടണ്ണായി കുറഞ്ഞു. 1,111 കോടിയുടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തതില്‍ 600 കോടിയും തമിഴ്നാട്ടില്‍നിന്നാണ്. പിരി മേഖലയിലുള്ള സംഘങ്ങളെ പുനസംഘടിപ്പിക്കണം. ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പരിഷ്കാരം നടപ്പാക്കുമ്പോള്‍ ശിഷ്ടമുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ അല്ലെങ്കില്‍ ജീവിക്കാനുള്ള വേതനം ഉറപ്പുവരുത്തണമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പിരി ഫാക്ടറി മേഖലയില്‍ 40,000 തൊഴിലാളികള്‍ മാത്രമേ ഇപ്പോള്‍ പണിയെടുക്കുന്നുള്ളൂ. ഓരോ വര്‍ഷം കഴിയുമ്പോഴും കേരളത്തിലെ കയര്‍ വ്യവസായം താഴേക്കുപോകുകയാണ്. യന്ത്രവല്‍കൃത ഉല്‍പ്പന്നങ്ങള്‍ കൈത്തറിയെന്നപേരില്‍ കടത്തുകയാണ്. ഇത് തടയണമെന്നും അദ്ദഹം പറഞ്ഞു. പുതിയ തലമുറയെ വ്യവസായത്തിലേക്ക് ആകര്‍ഷിക്കുംവിധമുള നവീകരണമാണ് നടപ്പാക്കേണ്ടതെന്ന് സെമിനാറില്‍ സംസാരിച്ച കയര്‍ വ്യവസായി വി ആര്‍ പ്രസാദ് പറഞ്ഞു. കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ കെ രാജന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, പി വി പൊന്നപ്പന്‍, എം പി പവിത്രന്‍, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പ്രസിഡന്റ് സി കെ ഭാസ്കരന്‍ അധ്യക്ഷനായി. പി സുരേന്ദ്രന്‍ സ്വാഗതവും ആര്‍ നാസര്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment