Thursday, October 24, 2013

യുഎസ് ഡ്രോണ്‍ അക്രമം യുദ്ധകുറ്റകൃത്യം: ആംനസ്റ്റി

ഇസ്ലാമാബാദ്: തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമങ്ങളിലൂടെ അമേരിക്ക പാകിസ്ഥാനില്‍ "നിയമവിരുദ്ധ കൊലപാതകം" നടത്തുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. അമേരിക്കയുടെ ചില ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധകുറ്റകൃത്യമായി പരിഗണിക്കേണ്ടതാണെന്നും സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ചില മേഖലകളില്‍ പൈലറ്റില്ലാവിമാനം (ഡ്രോണ്‍) ഉപയോഗിച്ച് ബോംബിടാന്‍ ചില പാക് സംഘടനകളും ഓസ്ട്രേലിയ, ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയെ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2004നും 2013 സെപ്തംബറിനുമിടയില്‍ പാകിസ്ഥാനില്‍ അമേരിക്ക 374 മുതല്‍ 330 വരെ ഡ്രോണ്‍ അക്രമങ്ങള്‍ നടത്തിയെന്ന് പാക് സര്‍ക്കാരിന്റെയും പാക് സന്നദ്ധസംഘടനകളുടെയും കണക്കുകള്‍ ഉദ്ധരിച്ച് ആംനസ്റ്റി ചൂണ്ടിക്കാട്ടി. 400 മുതല്‍ 900 വരെ പാക് പൗരന്മാര്‍ കൊല്ലപ്പെട്ടു. 600 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യംവച്ചാണ് ഡ്രോണ്‍ അക്രമം നടത്തുന്നതെന്നാണ് അമേരിക്കയുടെ വിശദീകരണം. എന്നാല്‍, ഇത്തരം അക്രമങ്ങളില്‍ വന്‍തോതില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാക് സന്നദ്ധസംഘടനകളും സര്‍ക്കാരും ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ 2012 ജനുവരിക്കും 2013 ആഗസ്തിനും ഇടയില്‍ അമേരിക്ക നടത്തിയ 45 ഡ്രോണ്‍ അക്രമങ്ങളെ കുറിച്ച് സംഘടന വിശദമായ പഠനം നടത്തി. പറമ്പില്‍ പച്ചക്കറി പറിച്ചുകൊണ്ടിരുന്ന 68കാരിയായ മുത്തശ്ശിയും14കാരനടക്കം 18 തൊഴിലാളികളും ഡ്രോണിന് ഇരയായിട്ടുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡ്രോണ്‍ അക്രമപദ്ധതി അതീവ രഹസ്യമായതിനാല്‍ കോടതിയോ രാജ്യാന്തരനിയമങ്ങളോ ബാധകമല്ലാതെ കൊലനടത്താന്‍ അമേരിക്കയ്ക്ക് അവകാശം ലഭിച്ചിരിക്കുകയാണെന്ന് ആംനസ്റ്റിയുടെ പാക് ഗവേഷകനായ മുസ്തഫാ ഖാദിരി ചൂണ്ടിക്കാട്ടി. ഡ്രോണ്‍ അക്രമണം സംബന്ധിച്ച വിവരങ്ങള്‍ സുതാര്യമാക്കുമെന്ന് 2013 മേയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പ്രഖ്യാപനം ഇനിയും നടപ്പാക്കിയിട്ടില്ല.

അമേരിക്ക ചാരപ്പണി നിര്‍ത്തണം: ഫ്രാന്‍സ്

പാരീസ്/വാഷിങ്ടണ്‍: ഫ്രഞ്ച് പൗരന്മാരുടെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്ന നടപടി എത്രയുംവേഗം അമേരിക്ക അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ കോടിക്കണക്കിനു ടെലിഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നാണ് നടപടി. ഫ്രാന്‍സിലെത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോട് ഫ്രാന്‍സ് വിദേശമന്ത്രി ലുറന്റ് ഫാബിയസ് ഫ്രാന്‍സിന്റെ പ്രതിഷേധം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായ വിശദീകരണം വേണമെന്ന് ഫാബിയസ് ആവശ്യപ്പെട്ടു.

അമേരിക്ക ചാരപ്പണി നടത്തിയത് ഫ്രാന്‍സില്‍ വന്‍ ജനകീയ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഫ്രാന്‍സിന്റെ രോഷം തണുപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദിനെ ടെലിഫോണില്‍ വിളിച്ചു. അമേരിക്കയുടെ വിവരശേഖരണ രീതി പരിശോധിക്കുമെന്ന് ഒബാമ ഉറപ്പ് നല്‍കിയെന്ന് വൈറ്റ്ഹൗസ് പ്രസ്താവന ഇറക്കി. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ അമേരിക്കന്‍ സ്ഥാനപതി ചാള്‍സ് റിവ്കിനോട് ഫ്രാന്‍സ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സില്‍ 2012 ഡിസംബറിനും 2013 ജനുവരിക്കുമിടയില്‍ 30 ദിവസത്തെ 70 കോടിയിലേറെ ഫോണ്‍വിളി അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ചോര്‍ത്തിയെന്ന് ഫ്രഞ്ച് ദിനപത്രം ലെ മൊണ്ടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ ആഗോളചാരപ്പണി ലോകത്തെ അറിയിച്ച എഡ്വേര്‍ഡ് സ്നോഡെന്‍ പുറത്തുവിട്ട രേഖകളെ അധികരിച്ചാണ് വെളിപ്പെടുത്തല്‍.

deshabhimani

No comments:

Post a Comment