Wednesday, October 23, 2013

ബിര്‍ലയ്ക്കെതിരായ കേസ് അവസാനിപ്പിക്കും

ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിനെ ന്യായീകരിച്ച് പ്രധാനമന്ത്രിതന്നെ രംഗത്തുവന്ന പശ്ചാത്തലത്തില്‍ പ്രമുഖ വ്യവസായി കുമാര്‍മംഗലം ബിര്‍ലയ്ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ സിബിഐ ഒരുങ്ങുന്നു. മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞാകും ബിര്‍ലയ്ക്കും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖിനുമെതിരായ കേസ് അവസാനിപ്പിക്കുക. കേസുമായി മുന്നോട്ടുപോകുന്നത് പ്രധാനമന്ത്രി കാര്യാലയത്തെ കൂടി പ്രതിസന്ധിയിലാക്കുമെന്നതും സിബിഐയുടെ ചുവടുമാറ്റത്തിന് കാരണമായി.

കേസിന്റെ വാര്‍ത്ത വന്നതുമുതല്‍ ബിര്‍ലയ്ക്ക് വേണ്ടി പരസ്യമായി വാദിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ ആനന്ദ് ശര്‍മയും സച്ചിന്‍ പൈലറ്റും സിബിഐയെ പരസ്യമായി വിമര്‍ശിച്ചു. ബിര്‍ലയാകട്ടെ ധനമന്ത്രി പി ചിദംബരത്തെ കണ്ട് ചര്‍ച്ചചെയ്തു. കേസുമായി മുന്നോട്ടുപോകില്ലെന്ന ഉറപ്പ് ചിദംബരത്തില്‍നിന്ന് വാങ്ങിയാണ് ബിര്‍ല മടങ്ങിയത്. മന്ത്രിസഭായോഗത്തിലും കേസ് ചര്‍ച്ചയായി. നിരവധി മന്ത്രിമാര്‍ സിബിഐയെ കയറൂരി വിടരുതെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും ആവശ്യമുയര്‍ന്നു. പിറ്റേന്ന് ബിര്‍ലയെ ന്യായീകരിച്ച് പ്രധാനമന്ത്രി വിശദമായ പ്രസ്താവന നടത്തി. ബിര്‍ലയുടെ കമ്പനിയായ ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ തെറ്റില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. പിഎംഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍. കേസ് എങ്ങനെ അവസാനിപ്പിക്കാനാകുമെന്ന് തലപുകയ്ക്കുകയാണ് സിബിഐ ഉദ്യോഗസ്ഥര്‍. ബിര്‍ലയുടെ ഓഫീസുകളില്‍ തെരഞ്ഞിട്ടും തെളിവൊന്നും ലഭിച്ചില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം.

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്ന സ്ക്രീനിങ് സമിതി ആദ്യനിലപാട് തിരുത്തിയാണ് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതെന്നത് വ്യക്തമാണെങ്കിലും ഇതിന് പകരമായ നേട്ടം ആര്‍ക്കെങ്കിലും ലഭിച്ചെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന വിശദീകരണമാകും സിബിഐ നല്‍കുക. ഹിന്‍ഡാല്‍ക്കോയ്ക്ക് അനുകൂലതീരുമാനം അന്തിമമായെടുത്തത് ബന്ധപ്പെട്ട അധികാരകേന്ദ്രമാണെന്ന് സിബിഐ എഫ്ഐആറില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി കാര്യാലയമാണ് ബന്ധപ്പെട്ട അധികാരകേന്ദ്രമെന്നത് വ്യക്തം. ഇതെല്ലാം കോടതി മുമ്പാകെ വിശദീകരിക്കേണ്ടിവരുന്നത് സിബിഐക്ക് പല ബുദ്ധിമുട്ടുമുണ്ടാക്കും. പ്രധാനമന്ത്രിയും സര്‍ക്കാരും നിലപാടില്‍ ഉറച്ചുനില്‍ക്കുകകൂടി ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ പിന്‍വാങ്ങല്‍. ഹിന്‍ഡാല്‍കോ വിഷയത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment