Wednesday, October 23, 2013

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സിവില്‍ സര്‍വീസിന്റെ അന്ത്യംകുറിക്കും: പി കെ ഗുരുദാസന്‍

കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുന്നതോടെ സിവില്‍ സര്‍വീസിന്റെ ഭാവി ഇല്ലാതാകുമെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. എഫ്എസ്ഇടിഒ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാകുമ്പോഴും നടപടിയെടുക്കാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും ക്രിമിനലുകളുടെ താവളമാക്കി സ്വന്തം ഓഫീസുകള്‍ മാറ്റി രാഷ്ട്രീയജീര്‍ണതയുടെ പര്യായമായി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ഓമനക്കുട്ടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി അലോഷ്യസ് (എന്‍ജിഒ യൂണിയന്‍), ടി എന്‍ ബാബുരാജ് (കെഎസ്ടിഎ), ബിന്ദു (കെജിഒഎ), മുരുകന്‍ (കെഎംസിഎസ്യു), രാജേന്ദ്രപ്രസാദ് (പിഎസ്സിഇയു) എന്നിവര്‍ സംസാരിച്ചു.

പ്രായാനുസൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം: കോടിയേരി

കൊല്ലം: പ്രായം കൂടിയവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ എന്ന കേന്ദ്രതീരുമാനം സംസ്ഥാന സര്‍ക്കാരും നടപ്പാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ നേതൃശില്‍പ്പശാല കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

ആറാം ശമ്പളകമീഷന്റെ ശുപാര്‍ശ പ്രകാരം എണ്‍പതില്‍ കൂടുതല്‍ പ്രായമുള്ള കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനില്‍ ആനുപാതിക വര്‍ധന നല്‍കുന്നു. നൂറു വയസ്സു കഴിഞ്ഞവര്‍ക്ക് നൂറു ശതമാനം അധിക പെന്‍ഷനാണ് നല്‍കുന്നത്. സംസ്ഥാനത്ത് നൂറുവയസ്സു കവിഞ്ഞ 619 പെന്‍കന്‍കാരുണ്ടെന്നാണ് കണക്ക്. വൃദ്ധരോട് അല്‍പ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ മറ്റെല്ലാ സംസ്ഥാനവും അംഗീകരിച്ച കേന്ദ്രതീരുമാനം സംസ്ഥാനത്തു നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണം. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ സമസ്ത ജനവിഭാഗങ്ങളും കടുത്ത ജീവിതപ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും കോടിയേരി പറഞ്ഞു.

അവശ്യസാധനവില നിത്യേന വര്‍ധിക്കുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും തീവിലയായി. ബസ്, ട്രെയിന്‍ യാത്രക്കൂലി കൂട്ടി. മരുന്നുവില ഉയരുന്നത് വൃദ്ധജനങ്ങളെയാണ് ഏറെ ബാധിക്കുന്നത്. ഇപ്പോള്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പെന്‍ഷന്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള പെന്‍ഷന്‍ ഫണ്ട് 50,000 കോടിയില്‍ 12,000 കോടി ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു. പങ്കാളിത്ത പെന്‍ഷനുവേണ്ടി പെന്‍ഷന്‍കാരില്‍നിന്നു പിടിച്ച വിഹിതം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടില്ല. ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. പാവപ്പെട്ട പെന്‍ഷന്‍കാരുടെ പണം കോര്‍പറേറ്റുകള്‍ക്ക് ചൂതാടാന്‍ നല്‍കുകയാണ് സര്‍ക്കാര്‍. അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നാലര വര്‍ഷമാക്കിയത് യുവതലമുറയോടുള്ള വഞ്ചനയാണെന്നും കോടിയേരി പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന മറ്റൊരു വലിയ പ്രശ്നം. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നു. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ കൊടിയ ചൂഷണത്തിനാണ് ഇരയാകുന്നതെന്നും കോടിയേരി പറഞ്ഞു.

പങ്കാളിത്ത പെന്‍ഷന്‍: പോരാട്ടം ശക്തിപ്പെടുത്തുക

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ എഫ്എസ്ഇടിഒ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണം അവസാനിപ്പിക്കുക, 1-4-2013ന് ശേഷം സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യമുയര്‍ത്തി നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കാനും കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. 28, 29, 30 തീയതികളില്‍ മേഖലാ കണ്‍വന്‍ഷനുകളും നവംബര്‍ 26മുതല്‍ 29 വരെ പഞ്ചായത്ത് കണ്‍വന്‍ഷനുകളും നടത്താനും തീരുമാനിച്ചു.

മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി കെ എ ഷാഫി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ എ കെ ഉണ്ണികൃഷ്ണന്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം അബ്രഹാം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ശിവദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: ടി കെ എ ഷാഫി (പ്രസിഡന്റ്), കെ അനില്‍ബാബു, കെ മധുസൂദനന്‍, എം എസ് അജിത്ത് (വൈസ് പ്രസിഡന്റ് ), വി ശിവദാസ് (സെക്രട്ടറി), കെ വിശ്വനാഥന്‍, എന്‍ പ്രദീപ് ഡോ. ടി കെ ശ്രീധരന്‍ (ജോയിന്റ് സെക്രട്ടറി) കുഞ്ഞിമമ്മു പറവത്ത് (ട്രഷറര്‍).

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക: എഫ്എസ്ഇടിഒ

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കാന്‍ എഫ്എസ്ഇടിഒ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനായുള്ള പിഎഫ്ആമര്‍ഡിഎ നിയമം, രൂക്ഷമായ വിലക്കയറ്റം എന്നിവക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കണ്‍വന്‍ഷന്‍ മുഴുവന്‍ ജീവനക്കാരോടും അധ്യാപകരോടും ആവശ്യപ്പെട്ടു.

സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കെ ശശീന്ദ്രന്‍, കെഎസ്ടിഎ സംസ്ഥാന എക്സി. അംഗം അലി അക്ബര്‍, കെഎംസിഎസ്യു സംസ്ഥാന ട്രഷറര്‍ വി സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി പി സന്തോഷ് (എന്‍ജിഒ യൂണിയന്‍), കെ സുരേഷ്കുമാര്‍ (കെഎസ്ടിഎ), ടി പി ശ്രീധരന്‍ (കെജിഒഎ), എന്‍ പി മുസ്തഫ (കെഎംസിഎസ്യു), പി കെ പത്മാവതി (കെജിഎന്‍എ), എസ് സുജിത്ത് (പിഎസ്സിഇയു) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ കെ രഘുനാഥ് അധ്യക്ഷനായി.

deshabhimani

No comments:

Post a Comment