Sunday, November 10, 2013

കെഎസ്ആര്‍ടിസിക്കു പകരം കേരള സ്റ്റേറ്റ് ട്രാന്‍സിറ്റ് അതോറിറ്റി

കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സിറ്റ് അതോറിറ്റി രൂപീകരിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കരട് റിപ്പോര്‍ട്ട്. കേരള പേഴ്സ്പെക്ടീവ് പ്ലാന്‍ 2030 കരട് റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരവും സ്വന്തം മാനേജ്മെന്റ് സംവിധാനവുമുള്ള മൂന്ന് കമ്പനിയായി വിഭജിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സോണുകളായാണ് അതോറിറ്റി പ്രവര്‍ത്തനം. സ്റ്റേറ്റ് പബ്ലിക് ട്രാന്‍സിറ്റ് അതോറിറ്റിക്കു കീഴില്‍ മൂന്നു സോണും ഉള്‍നാടന്‍ ജലഗതാഗതവകുപ്പും പ്രവര്‍ത്തിക്കും. തിരുവനന്തപുരം ട്രാന്‍സിറ്റ് അതോറിറ്റിയുടെ കീഴില്‍ തിരുവനന്തപുരം മോണോ റെയിലും തിരുവനന്തപുരം സിറ്റി ബസ് സര്‍വീസുമാണ് ഉണ്ടാവുക. കൊച്ചി അതോറിറ്റിയുടെ കീഴില്‍ മെട്രോ റെയില്‍ സര്‍വീസും സിറ്റി സര്‍വീസുകളും കോഴിക്കോട് അതോറിറ്റിയുടെ കീഴില്‍ കോഴിക്കോട് മോണോ റെയിലും സിറ്റി സര്‍വീസുമാണ് ഉണ്ടാവുക. സംസ്ഥാനത്തെ എല്ലാ ഗതാഗത സംവിധാനങ്ങളുടെയും മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി ട്രാന്‍സ്പോര്‍ട്ട് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കരട് റിപ്പോര്‍ട്ടില്‍ നിര്‍ദേശവും പരാതിയും നല്‍കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. എന്നാല്‍, കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെക്കുറിച്ചോ സേവന- വേതന വ്യവസ്ഥകളെക്കുറിച്ചോ റിപ്പോര്‍ട്ടിലില്ല. പെന്‍ഷനെക്കുറിച്ചും സൂചനയില്ല. ആസൂത്രണബോര്‍ഡ് രേഖയില്‍ പരാമര്‍ശമില്ലെങ്കിലും സ്വകാര്യ പങ്കാളിത്തം തേടാനും സാധ്യതയുണ്ട്. പെന്‍ഷനും ശമ്പളവും കൃത്യമായി നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായ സാഹചര്യത്തലാണ് കമ്പനിവല്‍ക്കരണ നിര്‍ദേശം വരുന്നത്. കമ്പനി രൂപീകരണത്തോടെ കോര്‍പറേഷന്റെ സേവനങ്ങള്‍ പലതും നിലയ്ക്കും. യാത്രാസൗജന്യം നിലയ്ക്കും. വിദൂര ഗ്രാമീണമേഖലയിലടക്കമുള്ള സര്‍വീസുകള്‍ ഇല്ലാതാകും.

ഗതാഗത മേഖലയില്‍ കമ്പനിവല്‍ക്കരണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ ശ്രമം 1982 മുതല്‍ ആരംഭിച്ചതാണ്. വയനാടന്‍ കമ്പനി എന്ന പേരില്‍ വയനാടന്‍ മേഖലയില്‍ ഗതാഗത സൗകര്യമൊരുക്കാന്‍ അന്ന് ധനമന്ത്രി കെ എം മാണി 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചിരുന്നു. ജീവനക്കാരുടെ സമരം ശക്തമായപ്പോള്‍ പിന്മാറി. 1984ല്‍ ഏഴ് കമ്പനിയുടെ രൂപീകരണവും 85ല്‍ അഞ്ച് കമ്പനി നിര്‍ദേശവും വന്നു. ജീവനക്കാരുടെ പണിമുടക്ക് രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ഇത് പിന്‍വലിച്ചു. 1993ല്‍ കെഎസ്ആര്‍ടി കമ്പനി രൂപീകരണവുമായി ഗതാഗതമന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയിരുന്നു.
(സുമേഷ് കെ ബാലന്‍)

കെഎസ്ആര്‍ടിസി കമ്പനിവല്‍ക്കരണം ഉപേക്ഷിക്കുക: സിഐടിയു

കെഎസ്ആര്‍ടിസിയെ കമ്പനിവല്‍ക്കരിച്ച് ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള തീരുമാനത്തെ ശക്തമായി ചെറുക്കും. ജന്‍റം പദ്ധതിയില്‍ കേരളത്തിന് ലഭിക്കുന്ന ബസുകള്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുകയും സ്ഥാപനത്തെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരവും സ്വന്തം മാനേജ്മെന്റ് സംവിധാനവുമുള്ള മൂന്ന് കമ്പനികളായി വിഭജിക്കാനാണ് ശ്രമം. നഗരസഭകളുടെ പൂര്‍ണനിയന്ത്രണത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ മൂന്നു പ്രത്യേക കമ്പനികളും രൂപീകരിക്കും. എന്നാല്‍, നിലവിലുള്ള ജീവനക്കാരെക്കുറിച്ചോ, അവരുടെ സേവനവേതന വ്യവസ്ഥകളെക്കുറിച്ചോ പ്ലാനിങ് ബോര്‍ഡിന്റെ നിര്‍ദേശങ്ങളില്‍ ഒന്നും പറയുന്നില്ല. പെന്‍ഷനെക്കുറിച്ചും സൂചനയില്ല. 42000 വരുന്ന സ്ഥിരവും അസ്ഥിരവുമായ തൊഴിലാളികളെയും 37000 പെന്‍ഷന്‍കാരെയും ശുപാര്‍ശകള്‍ വഴിയാധാരമാക്കും.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സ്വീകരിച്ച നടപടികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മൂലധന വിഹിതം നല്‍കാന്‍ തയ്യാറാകാത്തതും സാമൂഹ്യപ്രതിബദ്ധ യാത്രാ സൗജന്യങ്ങളുടെ ഫലമായുണ്ടാകുന്ന നഷ്ടം നികത്താനുള്ള സര്‍ക്കാരിന്റെ വൈമുഖ്യവും നടത്തിപ്പിലെ കെടുകാര്യസ്ഥതയുമാണ് കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനയും പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായ ഘട്ടങ്ങളിലൊക്കെ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ധനസഹായം നല്‍കി സ്ഥാപനത്തെ സംരക്ഷിച്ചുവന്നിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപനം അടച്ചുപൂട്ടാനും സ്വകാര്യവല്‍ക്കരിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചത്. സ്ഥാപനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്താന്‍ പോകുന്ന പ്രക്ഷോഭങ്ങള്‍ക്ക് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment