Sunday, November 10, 2013

പൊടിയും പുകയും മാത്രമല്ല, ആഭാസത്തരങ്ങളും സഹിക്കണം

കൊച്ചി: "ചിലരുടെ നോട്ടം കണ്ടാല്‍ ഛര്‍ദിക്കാന്‍ തോന്നും. അടിമുതല്‍ മുടിവരെ നോക്കി ബലാത്സംഗം ചെയ്തുകളയും ചിലര്‍. വണ്ടി തടയുമ്പോള്‍ അസഭ്യംപറയും. എന്നാലും ആരോടും പരാതിപ്പെടാറില്ല. അന്നന്നത്തെ അരിക്കായി പണിയെടുക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ സങ്കടം കേള്‍ക്കാനും ആരുമില്ല". നടുറോഡില്‍ ആക്രമിക്കപ്പെടുന്നതിന്റെയും അപമാനിക്കപ്പെടുന്നതിന്റെയും അമര്‍ഷവും വേദനയും ഉള്ളിലൊതുക്കുകയാണ് ട്രാഫിക് വാര്‍ഡന്‍ ബിന്ദു. മഴ നനഞ്ഞും പൊടി ശ്വസിച്ചും നഗരത്തിരക്കിന്റെ കുരുക്കഴിക്കാന്‍ പാടുപെടുന്ന നൂറോളം വനിതാ ട്രാഫിക് വാര്‍ഡന്‍മാരിലൊരാള്‍. നേഴ്സിങ് ബിരുദധാരിയായ ബിന്ദു മാനസികവൈകല്യമുള്ള കുട്ടിയെ നോക്കാനാണ് ആ ജോലി ഉപേക്ഷിച്ചത്. രാത്രിയും പകലും ഡ്യൂട്ടിയുള്ളതിനാല്‍ ജോലിക്ക് കൃത്യമായി എത്താനും കഴിയുന്നുണ്ടായിരുന്നില്ല. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ വരുമാനംകൊണ്ടു മാത്രം ജീവിക്കാന്‍ കഴിയാതായതോടെയാണ് ട്രാഫിക് വാര്‍ഡന്റെ ജോലി ഏറ്റെടുത്തത്. ദിവസവും ആറു മണിക്കൂര്‍ ജോലിചെയ്താല്‍ 300 രൂപയാണ് കൂലി. ഒരേ നില്‍പ്പ് തുടരുന്നതിനാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇവര്‍ക്കുണ്ട്. പൊടിയും പുകയും ശ്വസിച്ച് ചുമയും ശ്വാസംമുട്ടലും വിടാതെയുണ്ട്. ചെറിയ അപകടങ്ങളും പതിവ്. കിട്ടുന്നതില്‍ പകുതിയും മരുന്നുവാങ്ങാനാണ് ചെലവാകുന്നത്. സിഗ്നല്‍ തെറ്റിച്ചെത്തുന്ന വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ 90 ശതമാനം പേരും ചീത്തപറയും. വാര്‍ഡനാണെന്നു മനസ്സിലാക്കിയാല്‍ പലരും നിര്‍ത്തില്ല.

""നടുറോഡായതിനാല്‍ ആരും കയറിപ്പിടിക്കാന്‍ ധൈര്യപ്പെടില്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്.പത്മിനിയെ മര്‍ദിച്ച സംഭവത്തോടെ ആ വിശ്വാസം പോയി. രാത്രിയായാല്‍ ഭയമാണ്. ചിലര്‍ മദ്യപിച്ച് മോശമായി പെരുമാറും. പരാതിപ്പെടാന്‍ എല്ലാവരും പറയും. ജോലി പോകുമെന്ന ഭയത്താന്‍ ആരോടും പറയാറില്ല.""- ട്രാഫിക് വാര്‍ഡന്‍ ഷാജിതയുടെ സ്വരത്തില്‍ നിസ്സഹായത. ഭര്‍ത്താവില്ലാതെ രണ്ടു കുട്ടികളുമായി സഹോദരന്റെ കാരുണ്യത്തില്‍ കഴിയുന്ന ഷാജിതയുടെ ജീവിതദുരിതങ്ങള്‍ വര്‍ണിക്കാന്‍ വാക്കുകളില്ല.

നടുറോഡില്‍ ആക്രമിക്കപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനി പൊലീസ്സേനയുടെ ഭാഗമായിട്ടുപോലും ആവശ്യത്തിന് സുരക്ഷ നല്‍കാനോ നടപടിയെടുക്കാനോ അധികാരികള്‍ തയ്യാറായില്ല. ദിവസവും വാഹനങ്ങള്‍ക്കു നടുവില്‍ പണിയെടുക്കുന്ന ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാസഹായമോ നല്‍കാനും നടപടിയില്ല. ഇത്തരത്തില്‍ നൂറോളം സ്ത്രീകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നത്. ഡ്യൂട്ടിക്കിടെ അപകടമുണ്ടായാല്‍ അതതു സ്റ്റേഷനുകളില്‍നിന്നുള്ള പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കും. അപകടം ചെറുതാണെങ്കില്‍ തനിയെ ആശുപത്രിയിലെത്തി ചികിത്സ തേടണം. ഡ്യൂട്ടിക്കിടെ പ്രാഥമികാവശ്യത്തിനുള്ള സൗകര്യമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നു. ഡ്യൂട്ടിക്കു നില്‍ക്കുന്ന പോയിന്റില്‍നിന്ന് ദൂരെയുള്ള സ്ഥലത്തേക്ക് പ്രാഥമികാവശ്യത്തിനായി പോകണമെങ്കില്‍ 10 മിനിറ്റ് മുന്‍കൂര്‍ അനുവാദം വാങ്ങണം. അല്ലെങ്കില്‍ അവധി മാര്‍ക്ക്ചെയ്ത് വേതനം റദ്ദാക്കും. അതിനാല്‍ പലപ്പോഴും വെള്ളം കുടിക്കാന്‍പോലും ഇവര്‍ക്കു കഴിയാറില്ല. ദിവസവേതനത്തിന് ജോലിചെയ്യുന്ന ഇവരില്‍ പലരും രണ്ടു വര്‍ഷംമുതല്‍ ഏഴു വര്‍ഷംവരെ സര്‍വീസുള്ളവരാണ്.

deshabhimani

No comments:

Post a Comment