Saturday, November 9, 2013

നിതാഖത്ത്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണം

സൗദി തദ്ദേശവല്‍ക്കരണ പരിഷ്കാരമായ നിതാഖത്തിന്റെ ഫലമായി കെടുതി നേരിടുന്ന പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നിതാഖത്ത് നടപ്പില്‍ വന്ന ശേഷവും നിയമാനുസൃതമല്ലാതെ വലിയൊരു പങ്ക് ഇന്ത്യാക്കാര്‍ സൗദിയില്‍ എത്തിയത് ഗൗരവമായ പ്രശ്നമായിരിക്കുകയാണ്. സൗദി സര്‍ക്കാര്‍ അനുവദിച്ച ഇളവുകാലം തുടങ്ങിയ ഏപ്രില്‍ 6 ന് ശേഷം നാല് ലക്ഷം ഇന്ത്യാക്കാര്‍ പുതുതായി എത്തിയെന്നാണ് എംബസിയുടെ കണക്ക്. എന്നാല്‍ ഇവരുടെ തൊഴില്‍ പദവി സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താന്‍ ഒരു നടപടിയും പുതിയ സാഹചര്യത്തിലും സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത കാട്ടിയില്ല. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നല്‍കിയ വിസയില്‍ എത്തിയവരില്‍ നല്ലൊരു പങ്ക് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത തൊഴിലാളികളാണെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം.

ഏജന്റിന്റെ വാക്കുകളില്‍ വിശ്വസിച്ച് ഉപജീവനം തേടി എത്തി ചതിയില്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പുതിയ ചുമതല കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുക്കണം. പുതുതായി എത്തിയവരില്‍ ഒരു പങ്ക് അനധികൃതമായി തൊഴില്‍ ചെയ്യുന്നുണ്ട്. നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇവരുടെ പ്രയാസങ്ങളെ അഭിമുഖീകരിക്കാന്‍ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തണം. ദമാമില്‍ എംബസി-കോണ്‍സലേറ്റ് സൗകര്യമില്ലാത്തതിനാല്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നയതന്ത്ര തലത്തില്‍ ഇടപെടേണ്ടതാണ്. തൊഴിലാളികള്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിനും പുതിയ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിനും പരിമിതികള്‍ ഉണ്ട്. ഇത് മനസിലാക്കി ഇന്ത്യയും സൗദിയും തമ്മില്‍ ശക്തമായ തൊഴില്‍ കരാര്‍ ഉണ്ടാക്കണം. അതില്‍ എംബസിയെ മൂന്നാം കക്ഷിയായി ചേര്‍ക്കണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു.

നിതാഖത്ത് ഇളവിന് ഏഴുമാസം സൗദി ഭരണകൂടം അനുവദിച്ചെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍നിന്നും പ്രഖ്യാപനങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇളവ് കാലാവധി കഴിഞ്ഞശേഷമാണ് സംസ്ഥാനത്തെ പ്രവാസി വകുപ്പ് പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗതല യോഗം പോലും വിളിച്ചത്. ഇതിന്റെയെല്ലാം ഫലമായി സൗദി ജയിലിലായ മലയാളികളുടെ എണ്ണം ചെറുതല്ല. മതിയായ രേഖയില്ലാത്ത തൊഴിലാളികളെ കണ്ടെത്തുന്നതിന് പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് 5000-ത്തിലധികം പേര്‍ സൗദി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രേഖകള്‍ നിയമാനുസൃതമാക്കാന്‍ ഇനിയും കഴിയാത്തവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാട് ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പായിട്ടില്ല.

എന്നാല്‍, മലയാളികളുടെ സംഘടനകള്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. സൗദിയിലെ നവോദയ, കേളി എന്നീ സംഘടനകള്‍ മുന്‍കൈയെടുത്ത് തൊഴില്‍ നഷ്ടപ്പെട്ട മലയാളികളെ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് ശ്ലാഘനീയമാണ്. ഇപ്പോള്‍ തിരിച്ചെത്തുന്നവര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി തരപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഇതിനുവേണ്ടി സര്‍ക്കാരും സംഘടനകളും പ്രമുഖ വ്യക്തികളും മലയാളി വ്യവസായികളും മുന്നോട്ടുവരണം. തിരിച്ചുപോകാന്‍ കഴിയാത്ത പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ ഫലപ്രദമായ പദ്ധതികളാകണം സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment