Saturday, November 16, 2013

ലിപി തീരുമാനം പ്രായോഗിക ബുദ്ധിമുട്ട് പരിഗണിക്കാതെ

അഞ്ച്, ഏഴ് ക്ലാസുകളിലെ മലയാളം പാഠപുസ്തകം അടുത്ത അധ്യയനവര്‍ഷം മുതല്‍ പഴയ ലിപിയിലാക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ആദ്യപടിയായി ഉ, ഋ, റ എന്നീ അക്ഷരങ്ങള്‍ കൂട്ടക്ഷരമായി വരുന്ന അക്ഷരങ്ങളായിരിക്കും പഴയ ലിപിയില്‍ അച്ചടിക്കുക. അതേസമയം, നിലവിലുള്ള ഉപയോഗത്തിലും നല്ലൊരു ശതമാനം അധ്യാപകര്‍ പഠിച്ചതും പുതിയ ലിപിയാണെന്നതിനാല്‍ പരിഷ്കാരത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഈ ക്ലാസുകളിലെ മറ്റ് വിഷയങ്ങളും മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളും മറ്റ് സര്‍ക്കാര്‍ രേഖകളുമെല്ലാം പുതിയ ലിപിയില്‍ത്തന്നെ രണ്ടെണ്ണംമാത്രം പഴയ രീതിയില്‍ തുടരുന്നതിലെ സാങ്കേതികപ്രശ്നങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.

പഠിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വ്യക്തമാക്കി കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാനാണ് സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 45 പുസ്തകങ്ങളെ കുറിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ തീരുമാനത്തിനനുസരിച്ച് മാറ്റം വരുത്തിയശേഷം മാത്രമേ പുസ്തകങ്ങള്‍ അച്ചടിക്കൂ. അഞ്ചാം ക്ലാസിലെ സയന്‍സ്, സാമൂഹ്യശാസ്ത്രം എന്നീ പുസ്തകങ്ങള്‍ പ്രത്യേകം പരിശോധിക്കാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥി കേന്ദ്രീകൃത രീതിയില്‍നിന്ന് മാറുകയും ക്ലാസ് മുറിയിലെ നാല് ചുവരുകളില്‍ ഒതുങ്ങുകയും ചെയ്യുന്ന പഴയ രീതിയിലേക്കുള്ള തിരിച്ചുപോക്കിനെ കെഎസ്ടിഎ ഉള്‍പ്പെടെയുള്ള അധ്യാപകസംഘടനകളുടെ പ്രതിനിധികള്‍ ചോദ്യംചെയ്തു. ഇത് സംബന്ധിച്ച് കെഎസ്ടിഎ പ്രത്യേക കുറിപ്പ് നല്‍കി. ഈ കുറിപ്പ് ചര്‍ച്ചചെയ്ത ശേഷം വിശദമായ പരിശോധന നടത്താന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍ദേശിച്ചു.

കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന അഫ്സല്‍ ഉലമ പ്രിലിമിനറി ഹയര്‍ സെക്കന്‍ഡറിക്ക് തുല്യമായി അംഗീകരിക്കാനും യോഗം തീരുമാനിച്ചു. വിഎച്ച്എസ്സികളിലെ നോണ്‍വൊക്കേഷണല്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് വിദൂരപഠനം വഴിയുള്ള പിജി കോഴ്സും മതിയെന്ന് യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് ജയകുമാര്‍, ഡിപിഐ ബിജു പ്രഭാകര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment