Saturday, December 17, 2011

വിദേശ വാര്‍ത്തകള്‍ - ഇറാഖ്, പുടിന്‍, ജപ്പാന്‍, രക്ഷാസമിതി

ഇറാഖില്‍ നിന്നും അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങി

ബാഗ്ദാദ്: ഇറാഖില്‍ ഒന്‍പതു വര്‍ഷമായി തുടരുന്ന സൈനിക നടപടികള്‍ അമേരിക്ക ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി ബാഗ്ദാദിലെ സൈനികത്താവളത്തില്‍ നിന്നും അമേരിക്കന്‍ പതാക അഴിച്ചുമാറ്റി . ചോരചിന്തിയും ലക്ഷക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ചും ഇറാഖില്‍ നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാണ് ഇറാഖ് എന്ന് പനേറ്റ അഭിപ്രായപ്പെട്ടു.ഇറാഖില്‍ അവശേഷിക്കുന്ന 4,000 സൈനികരെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കുന്നതോടെ ഇറാഖില്‍ നിന്നുളള അമേരിക്കന്‍ സൈനികരുടെ പിന്‍മാറ്റം സമ്പൂര്‍ണമാകും.  ആദ്യഘട്ടങ്ങളില്‍ 170,000 അമേരിക്കന്‍ സൈനികരാണ് ഇറാഖിലുണ്ടായിരുന്നത്. പിന്‍മാറ്റത്തിന്റെ ഭാഗമായി നടന്ന പ്രതീകാത്മക ചടങ്ങില്‍ ബാഗ്ദാദിലെ സൈനികത്താവളത്തില്‍ നിന്നും അമേരിക്കന്‍ പതാക അഴിച്ചുമാറ്റുകയും വാഷിംഗ്ടണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.  ഇറാഖ് യുദ്ധത്തില്‍ ഒരുലക്ഷത്തിലധികം ഇറാഖികളും 4,500 ലധികം അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് കണക്ക്.

തിരഞ്ഞെടുപ്പ് ക്രമക്കേട്: ആരോപണം പുടിന്‍ തള്ളി

മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍  വ്യാപകമായ ക്രമക്കേട് നടന്നതായുളള ആരോപണം കെട്ടിച്ചമച്ചതെന്ന് റഷ്യന്‍ പ്രധാനമന്ത്രി വഌദിമിര്‍ പുടിന്‍. പാര്‍ലമെന്റിലേയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. റഷ്യന്‍ ടെലിവിഷന് അനുവദിച്ച മാരത്തോണ്‍ ടെലിഫോണ്‍ അഭിമുഖത്തിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുളള പാശ്ചാത്യശക്തികളുടെ ശ്രമങ്ങളാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്ന് നാലര മണിക്കൂറോളം നീണ്ട ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ പരിപാടിയില്‍ പുടിന്‍ ആരോപിച്ചു.രാജ്യത്തിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യക്ക് അതിന്റെ അടിത്തറയില്‍ വിളളലുണ്ടായതായി പുടിന്‍ സമ്മതിച്ചു. രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. അയല്‍രാജ്യങ്ങളില്‍ എന്തു സംഭവിക്കുന്നുവെന്ന കാര്യം പ്രതിപക്ഷം സൂക്ഷ്മതയോടെ വിലയിരുത്തണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന പുടിന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്‌സരിക്കുന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയില്ല.

ഈജിപ്ത് തിരഞ്ഞെടുപ്പ്: സുതാര്യതയില്‍ ആശങ്ക

കെയ്‌റോ: ഈജിപ്തില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നടന്നു. രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഏറ്റുമുട്ടലുകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികളില്‍ പരക്കെ ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ട്.  രണ്ടാംഘട്ട വോട്ടെടുപ്പ് കൂടുതലായും ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. പല പോളിംഗ് സ്റ്റേഷനുകളിലും ബാലറ്റ് പേപ്പറുകളില്‍ വോട്ട് ചെയ്യാന്‍ സംശയം പ്രകടിപ്പിച്ചവരുടേയും പ്രായാധിക്യം ബാധിച്ചവരുടേയും വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതായി ആരോപണമുണ്ട്. ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണം അവസാനിച്ചശേഷം നടന്ന ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പിന്റെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്.  കഴിഞ്ഞ 28 നും 29 നും നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ സീറ്റുകള്‍ നേടി ഇസ്‌ലാമികവാദി സഖ്യം ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു.

രക്ഷാസമിതി അംഗത്വം: ഇന്ത്യക്ക് റഷ്യന്‍ പിന്തുണ

മോസ്‌കോ: ഇന്ത്യക്ക് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് റഷ്യ എല്ലാവിധ പിന്തുണയും നല്‍കും. മോസ്‌കോയില്‍  സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിയാലോചന നടത്തുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് അറിയിച്ചതാണിത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ സുപ്രധാനസ്ഥാനം വഹിക്കുന്ന ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ പ്രധാനവേദികളിലെല്ലാം നിര്‍ണായകസ്ഥാനം വഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം തന്നെ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ് സി ഒ) ഇന്ത്യ പങ്കാളിയാകണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യയുടെ നേതൃത്വത്തിലുളള മേഖലാ സുരക്ഷാ സമിതിയാണ് എസ് സി ഒ. പന്ത്രണ്ടാമത് ഇന്ത്യാ-റഷ്യ ഉച്ചകോടിയ്ക്കായാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മോസ്‌കോയിലെത്തിയത്. അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ നിലവിലുളള വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനാകൂവെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ലോകം നേരിടുന്ന തീവ്രവാദി ഭീഷണിയെ ഒരുമിച്ചു നിന്ന് ചെറുത്താല്‍ മാത്രമേ വിജയം നേടാനാകൂവെന്നും പറയുന്നു.

ആണവപദ്ധതികള്‍ ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. നേരത്തേ ഒരുമണിക്കൂര്‍ മാത്രം നിശ്ചയിച്ചിരുന്ന ചര്‍ച്ച രണ്ടുമണിക്കൂറോളം നീണ്ടു. ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം സുദൃഢമാകുന്നതിന്റെ ഭാഗമാണിതെന്നാണ് ക്രെംലിന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനിലെ സെന്റ് കാതറീനിലായിരുന്നു ഇരുനേതാക്കളും കൂടിക്കണ്ടത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫുക്കുഷിമ ആണവനിലയം സാധാരണനിലയിലെന്ന് ജപ്പാന്‍

ടോക്കിയോ: സുനാമിയെ തുടര്‍ന്ന് ആണവവികിരണം ഉണ്ടായെന്ന് സംശയിച്ചിരുന്ന ഫുക്കുഷിമ ആണവനിലയം സാധാരണ നിലയിലാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷികോ നോഡ. കഴിഞ്ഞ മാര്‍ച്ചിലാണ് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഫുക്കുഷിമ നിലയത്തിന് തകരാറുകള്‍ സംഭവിക്കുകയും അണുവികിരണ ഭീതിയെ തുടര്‍ന്ന് ആയിരക്കണക്കിനു പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ആണവനിലയം പൂര്‍ണമായും നിര്‍വീര്യമാക്കണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആറ് റിയാക്ടറുകളുളള ആണവനിലയത്തിന്റെ നാല് റിയാക്ടറുകളും കൂളിംഗ് സംവിധാനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് തകരാറിലായിരുന്നു. ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയുടെ ഉടമസ്ഥതയിലുളള പദ്ധതിയില്‍ കടല്‍ ജലം ഉപയോഗിച്ച് തണുപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കടലിലേയ്ക്ക് അണുവികിരണം ഉണ്ടാകുമെന്ന ഭയത്തില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

janayugom news

No comments:

Post a Comment