Saturday, November 16, 2013

കേന്ദ്ര വിജ്ഞാപനം ജനാധിപത്യ വിരുദ്ധം പിന്‍വലിക്കണം: സിപിഐ

പശ്ചിമഘട്ട മേഖലാ സംരക്ഷണത്തിനായി ഡോ. കസ്തൂരി രംഗന്‍ നല്‍കിയ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പുറപ്പെടുവിച്ച വിജ്ഞാപനം ജനാധിപത്യ വിരുദ്ധമാണെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. സംസ്ഥാനങ്ങളുടെ അഭിപ്രായം മാനിക്കാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കേണ്ടതാണ്.

ലക്ഷക്കണക്കിന് ജനങ്ങള്‍ കുടിയേറി പാര്‍ക്കുകയും, കൃഷി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന മേഖലകളില്‍ ജനങ്ങളുടെ ഭയാശങ്കകള്‍ ദൂരീകരിക്കാതെ ഒരു വിദഗ്ധ സമിതി റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ പാടില്ല.

സി പി ഐ ഈ അഭിപ്രായം ഇതിനുമുമ്പും ഗവണ്മെന്റിനെ അറിയിച്ചിട്ടുള്ളതാണ്. പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യം സംരക്ഷിക്കണം എന്നതില്‍ എതിരഭിപ്രായം ഇല്ല. എന്നാല്‍ അതിന്റെ മറവില്‍ ജനജീവിതം തകര്‍ക്കുന്ന സമീപനം കൈകൊള്ളാന്‍ പാടില്ല.

കേന്ദ്ര സര്‍ക്കാര്‍ ആധികാരികമായി നടത്തിയ പ്രഖ്യാപനത്തിലും നടപടികളിലും ആശങ്ക വേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ്.
ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാതെ കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള നീക്കത്തില്‍നിന്നും കോണ്‍ഗ്രസ് നേതൃത്വം ന്‍കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആശങ്കാകുലരായ ജനങ്ങള്‍ മേഖലയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

ആര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ സി ദിവാകരന്‍ എം എല്‍ എ, കെ ഇ ഇസ്മയില്‍, കാനം രാജേന്ദ്രന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു എന്നിവര്‍ സംബന്ധിച്ചു. ഇന്നലെ (വ്യാഴം) സംസ്ഥാന സെക്രട്ടറിയേറ്റും യോഗം ചേര്‍ന്നിരുന്നു.
ഇന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും.

janayugom

No comments:

Post a Comment