Thursday, December 30, 2010

ഒരേ തൂവല്‍പക്ഷികള്‍

വ്യക്തികളെയല്ല, മറിച്ച് നയങ്ങളെ ജീര്‍ണത ബാധിക്കുന്നതിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജീര്‍ണാവസ്ഥയിലെത്തുന്നത്. അഴിമതി ഉള്‍പ്പെടെയുള്ള എല്ലാ അഴുക്കുകളിലേയ്ക്കും പാര്‍ട്ടികള്‍ വീണുപോവുന്നത് അവയ്ക്ക് സ്വയം ശുദ്ധീകരണത്തിനുള്ള നയശുദ്ധിയില്ലാതാവുമ്പോഴാണ്. സാമ്പത്തിക, വിദേശ നയങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ കാര്യങ്ങളിലും സാമ്യം പുലര്‍ത്തുന്ന  ഇന്ത്യയിലെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും- വഴിവിട്ട കോര്‍പ്പറേറ്റ് ബന്ധങ്ങളുടെ പേരില്‍ വിവാദമുനയില്‍ നില്‍ക്കുമ്പോള്‍ സ്ഥാപിക്കപ്പെടുന്നത് പൊതുപ്രവര്‍ത്തനത്തിന്റെ ഈ അടിസ്ഥാനതത്വമാണ്.

സ്‌പെക്ട്രം ഇടപാടിലൂടെ കുപ്രസിദ്ധി നേടിയ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയ്ക്ക് കോണ്‍ഗ്രസുമായുള്ളതുപോലെ തന്നെ ബി ജെ പിയുമായും അടുത്ത ബന്ധമാണുള്ളതെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. ബി ജെ പിയുടെ ഭരണകാലത്താണ് റാഡിയയുടെ സാമ്രാജ്യം പടര്‍ന്നുപന്തലിച്ചതെന്ന് അവരുടെ തന്നെ ബിസിനസ് പങ്കാളിയായിരുന്ന റാവു ധീരജ് സിംഗ് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ അനന്തകുമാറുമായാണ് റാഡിയ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നത്. അനന്തകുമാറിന്റെ സഹായത്തോടെയാണ് റാഡിയ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയത്. അനന്തകുമാര്‍ കാബിനറ്റ് രേഖകള്‍ വരെ റാഡിയയ്ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നാണ് ധീരജ് സിംഗ് പറയുന്നത്. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയസമീപനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ എത്രമാത്രം അധപ്പതനത്തിലേയ്ക്ക് എത്തിക്കുമെന്നതിന് ഇതില്‍പ്പരം തെളിവെന്താണ് വേണ്ടത്?

ബി ജെ പി കാബിനറ്റ് രേഖകള്‍ വരെ ചോര്‍ത്തിനല്‍കാവുന്ന ബന്ധമാണ് റാഡിയയുമായി പുലര്‍ത്തിയതെങ്കില്‍ കോണ്‍ഗ്രസിന്റെ കാബിനറ്റിനെത്തന്നെ നിശ്ചയിച്ചത് റാഡിയ ഉള്‍പ്പെടെയുള്ളവരാണെന്ന് നേരത്തെ വെളിപ്പെടുത്തപ്പെട്ടതാണ്. ജനാധിപത്യത്തെ അപഹസിക്കും വിധത്തിലുള്ള കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് കോണ്‍ഗ്രസും ബി ജെ പിയും. ഇരുപാര്‍ട്ടികളും പിന്തുടരുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളാണ് ഇക്കാര്യത്തില്‍ അവരെ കൂട്ടിക്കെട്ടുന്നതും.

ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ വരവോടെയാണ് രാഷ്ട്രീയത്തില്‍ വന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ദൈനംദിന ഇടപെടലുകള്‍ നടത്താന്‍ തുടങ്ങിയത്. സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രസ്ഥാനത്ത് കോര്‍പ്പറേറ്റുകളെ പ്രതിഷ്ഠിക്കുകയാണ് ഉദാരവല്‍ക്കരണം ചെയ്തത്. അതിവൈകാരികതയോടെ പ്രതികരിക്കുന്ന മൂലധന വിപണിക്ക് ഓരോ രാഷ്ട്രീയ തീരുമാനവും പ്രധാനപ്പെട്ടതായി. ഇതോടെ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കുത്തക കമ്പനികള്‍ ഇടനിലക്കാരെ നിയോഗിച്ചുതുടങ്ങി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ഇങ്ങനെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ലോബിയിസിറ്റുകള്‍ എത്രമാത്രം വളര്‍ന്നെന്നാണ് റാഡിയയുമായി ബന്ധപ്പെട്ട കഥകള്‍ വെളിപ്പെടുത്തുന്നത്.
നരസിംഹ റാവു-മന്‍മോഹന്‍ ദ്വയത്തിന്റെ കാലത്താണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഉദാരവല്‍ക്കരണത്തിലേയ്ക്കു ചുവടുമാറ്റിയതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുന്നതില്‍ മുന്നില്‍നിന്നത് ബി ജെ പിയുടെ പ്രമോദ് മഹാജനാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരുപാര്‍ട്ടികളും വഴിവിട്ട കോര്‍പ്പറേറ്റ് ബന്ധങ്ങളില്‍ ആണ്ടുമുങ്ങി. ഇതിന്റെ മറവില്‍ രാജ്യത്തെ സാധാരണക്കാരന്‍ അനുഭവിക്കേണ്ട വിഭവങ്ങള്‍ അംബാനിമാരും ടാറ്റമാരും കാണാമറയത്തുള്ള മറ്റനേകങ്ങളും പങ്കുവച്ചെടുത്തപ്പോള്‍ നോക്കുകുത്തിയായത് ഇന്ത്യന്‍ ജനാധിപത്യമാണ്.

കോര്‍പ്പറേറ്റുകളെ വലംവച്ചു ചുറ്റിത്തിരിയുന്ന സമ്പദ് വ്യവസ്ഥ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുകയും അവയ്ക്കു കടന്നുകയറാന്‍ ഇടമൊരുക്കുകയും ചെയ്യുന്ന രാഷ്ട്രീയസംവിധാനത്തെ ഉല്‍പ്പാദിപ്പിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ രാഷ്ട്രീയ ശുദ്ധീകരണത്തിന് ആദ്യം വേണ്ടത് നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ കടലിലെറിയുകയാണ്.

janayugom editorial 301210

1 comment:

  1. വ്യക്തികളെയല്ല, മറിച്ച് നയങ്ങളെ ജീര്‍ണത ബാധിക്കുന്നതിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ജീര്‍ണാവസ്ഥയിലെത്തുന്നത്. അഴിമതി ഉള്‍പ്പെടെയുള്ള എല്ലാ അഴുക്കുകളിലേയ്ക്കും പാര്‍ട്ടികള്‍ വീണുപോവുന്നത് അവയ്ക്ക് സ്വയം ശുദ്ധീകരണത്തിനുള്ള നയശുദ്ധിയില്ലാതാവുമ്പോഴാണ്. സാമ്പത്തിക, വിദേശ നയങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ കാര്യങ്ങളിലും സാമ്യം പുലര്‍ത്തുന്ന ഇന്ത്യയിലെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും- വഴിവിട്ട കോര്‍പ്പറേറ്റ് ബന്ധങ്ങളുടെ പേരില്‍ വിവാദമുനയില്‍ നില്‍ക്കുമ്പോള്‍ സ്ഥാപിക്കപ്പെടുന്നത് പൊതുപ്രവര്‍ത്തനത്തിന്റെ ഈ അടിസ്ഥാനതത്വമാണ്.

    ReplyDelete