Saturday, November 9, 2013

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് സെന്ററിന് വീണ്ടും തറക്കല്ലിടല്‍: ജനവഞ്ചനയെന്ന് സിപിഐ എം

ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടന മാമാങ്കം

മാനന്തവാടി: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ വീര്‍പ്പുമുട്ടുന്ന മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടന മാമാങ്കം. മെറ്റേര്‍ണിറ്റി വാര്‍ഡ്, ട്രോമാകെയര്‍, കാഷ്വാലിറ്റി ബ്ലോക്ക് തുടങ്ങിയവയാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആകെ താളം തെറ്റിയ സമയത്താണ് ഉദ്ഘാടനത്തിന് വേണ്ടി ലക്ഷങ്ങള്‍ പൊടിക്കുന്നത്.

ആദിവാസി വിഭാഗങ്ങളടക്കം നിരവധി രോഗികള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ശാപമായി മാറുകയാണ്. മണിക്കൂറുകളോളം ക്യൂ നിന്ന് വാങ്ങിയെടുക്കുന്ന ഒ പി ടിക്കറ്റുമായി കാത്തു കെട്ടിക്കിടന്നാലും പലപ്പോഴും ഡോക്ടറെ കാണാന്‍ കഴിയാതെ രോഗികള്‍ മടങ്ങുകയാണ് പതിവ്. കുട്ടികളുടെ വിഭാഗം, നെഞ്ചു രോഗ വിഭാഗം, ഇഎന്‍ടി ഒപികളും പലപ്പോഴും അടഞ്ഞു കിടക്കാറാണ് പതിവ്. ബുധനാഴ്ചകളില്‍ പ്രസവ ശസ്ത്രക്രിയ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ സാധാരണയായി ഗൈനക്കേളാളജി വിഭാഗം പ്രവര്‍ത്തിക്കാറില്ല. നാല്‍പ്പതോളം ഡോക്ടര്‍മാര്‍ വേണ്ട ജില്ലാ ആശുപത്രിയില്‍ 18 ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുക്കിടക്കുകയാണ്. ഈ ഡോക്ടര്‍മാരില്‍ തന്നെ പലരും അവധിയിലുമാണ്. ഇവരുടെ ഒഴിവ് നികത്തുന്നതിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ ജില്ലാ ആശുപത്രിയിലെത്തിക്കുമെന്ന് ഭനല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഉള്ള ഡോക്ടര്‍മാര്‍ അധിക ജോലി എടുക്കേണ്ട അവസ്ഥയുമാണ്. ആശുപത്രിയിലെ ഒരോകിടക്കയിലും രണ്ടും, മൂന്നും പേര്‍ ഞെങ്ങിഞ്ഞെരുങ്ങിയാണ് കിടക്കുന്നത്. 250 ഓളം ബെഡുകളിലായി 500ലധികം പേരാണ് ഇവിടെ ഇങ്ങനെ കിടക്കുന്നത്. രോഗികള്‍ ആവശ്യമായ ബാത്ത് റൂം സംവിധാനങ്ങള്‍ ഇവിടെയില്ല. രണ്ട് മാസം മുമ്പ് ഐസൊലേഷന്‍ വാര്‍ഡിന് സമീപത്തെ കക്കൂസില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഓവു ചാലിലൂടെ പുറത്ത് ഒഴുകിയിരുന്നു.

വാര്‍ഡിലേക്ക് നല്‍കുന്ന മരുന്ന് സൂക്ഷിക്കുന്ന പഴയ പേ വാര്‍ഡ് ആകട്ടെ ഒരു മഴപെയ്താല്‍ നനഞ്ഞു കുതിരുകയാണ്. ആശുപത്രില്‍ എത്തുന്ന രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ഇവിടെ ലഭ്യമല്ല. 80%ലധികം അവശ്യ മരുന്നുകളും ഇവിടെയില്ല. ആശുപത്രിക്കാവശ്യമായ നേഴ്സുമാരുടെ എണ്ണത്തിലും വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ആവശ്യത്തിന് വീല്‍ചെയറുകളോ, സ്റ്റെക്ചറുകളോ ഇവിടെയില്ല. ജില്ലാ ആശുപത്രിക്കാവശ്യമായ ആംബുലന്‍സ് സംവിധാനങ്ങളും ഇല്ലാത്ത അവസ്ഥയാണ്. അഞ്ചോളം ആംബുലന്‍സുകള്‍ പേരിന് ഇവിടെ ഉണ്ടെങ്കിലും പലപ്പോഴും ഇവയുടെ സേവനം സാധാരണ രോഗികള്‍ക്ക് ലഭിക്കാറില്ല. ചുരമിറങ്ങാന്‍ പര്യാപ്തമായ ആംബുലന്‍സുകള്‍ രണ്ടെണ്ണം മാത്രമാണുള്ളത്. സ്വകാര്യ ആംബുലന്‍സുകളാണ് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഏക ആശ്രയം. ജില്ലാ ആശുപത്രി റോഡില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. കുട്ടികളുടെ വാര്‍ഡിന് സമീപം കാടു മൂടിക്കിടക്കുകയാണ്. മദ്യപിച്ചു പോലും ഡോക്ടര്‍മാര്‍ ചികിത്സക്കായി എത്താറുണ്ട്. രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് മദ്യപിച്ച ഡോക്ടര്‍ ഹെഡ് നേഴ്സിനെ കയ്യേറ്റം ചെയ്തിരുന്നു. ജില്ലാ ആശുപത്രിയുടെ സുഗമായ പ്രവര്‍ത്തനം നടത്താന്‍ ചുക്കാന്‍ പിടിക്കേണ്ട സൂപ്രണ്ടാകട്ടെ പലപ്പോഴും അവധിയിലുമാണ്. ജില്ലയിലെ രോഗികള്‍ക്ക് ആശ്രയമാകേണ്ട ജില്ലാ ആശുപത്രി ജില്ലയിലെ രോഗികള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി യുവജന സംഘടനകള്‍ നിരന്തരം സമരത്തിലാണ്. മണ്ഡലത്തില്‍ സ്വന്തമായി ഒരു മന്ത്രിയുണ്ടായിട്ടും ആശുപത്രിയുടെ വികസനത്തിന് യാതൊന്നും ചെയ്യുന്നില്ല. ഉദ്ഘാടനം നടത്തി പരിഞ്ഞ് പോകുന്നവര്‍ പിന്നീട് ആശുപത്രിയിലേക്ക് തിരിഞ്ഞ് നോക്കുന്നുമില്ല.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് സെന്ററിന് വീണ്ടും തറക്കല്ലിടല്‍: ജനവഞ്ചനയെന്ന് സിപിഐ എം

ബത്തേരി: ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് വീണ്ടും തറക്കല്ലിടാനുള്ള നീക്കം ജനവഞ്ചനയാണെന്ന് സിപിഐ എം ബത്തേരി ഏരിയ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ എല്‍ ഡിഎഫ് സര്‍ക്കാറാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ബത്തേരി പഞ്ചായത്തിലെ ചെതലയത്ത് ക്യാമ്പസ് അനുവദിച്ചത്. അന്നത്തെ എം എല്‍ എ പി കൃഷ്ണപ്രസാദിന്റെ ശ്രമഫലമായി ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പത്തേക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ഇതിനായി അനുവദിക്കുകയും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. 2011ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബി ക്യാമ്പസിന്റെ തറക്കല്ലിടല്‍ സര്‍വകലാശാല വൈസ്ചാന്‍സലറുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ നടത്തി. നൂറുകണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു തറക്കല്ലിടല്‍. ഗോത്രവര്‍ഗ്ഗങ്ങള്‍ക്കായുള്ള പഠനകേന്ദ്രമായി മാറുന്ന ഉപ ക്യാമ്പസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടര കോടി രൂപ കൂടി അനുവദിക്കുമെന്ന പ്രഖ്യാപനവും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തി. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാല ഉപ കേന്ദ്രത്തെ തഴയുകയും ഫണ്ട് നല്‍കാതിരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വകലാശാല ക്യാമ്പസിന് വീണ്ടും തറക്കല്ലിട്ട് ജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമാണ് പട്ടിക വര്‍ഗ്ഗ ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി നടത്തുന്നത്. സ്ഥാപനത്തിനാവശ്യമായ ഫണ്ട് അനുവദിപ്പിക്കാതെ വീണ്ടും നടത്തുന്ന ഉദ്ഘാടനം പ്രഹസനമാണ്. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധമുയരണമെന്ന് ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.

ചെമ്പ്ര പീക്ക് എസ്റേറ്റ് വില്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണം

മേപ്പാടി: ഫാത്തിമ ഫാം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെമ്പ്ര എസ്റ്റേറ്റ,് ആദിവാസികളുടെ പുനരധിവാസത്തിന് പതിച്ചു നല്‍കുന്നതിനെതിരെ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ പ്രതിഷേധിച്ചു.

മേപ്പാടി പഞ്ചായത്തിലെ 7,15,16,17 വാര്‍ഡുകളിലായി 411 തൊഴിലാളികളെയും അവരുടെ 2500 ഓളം ആശ്രിതരെയുമാണ് ചെമ്പ്ര മാനേജ്മെന്റ് ഒത്താശയോടെ സര്‍ക്കാര്‍ വഴിയാധാരമാക്കുന്നത്. 815 ഏക്കര്‍ വരുന്ന ഫാത്തിമ ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെമ്പ്ര തേയില തോട്ടത്തില്‍ 411 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എസ്റ്റേറ്റ് മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്നതിന് റവന്യൂ അധികാരികളും എസ്റ്റേറ്റ് മാനേജ് മെന്റും നീക്കം നടത്തുന്നുണ്ട്. നിരവധി തോട്ടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് തരം മാറ്റുകയും പ്ലാന്റേഷന്‍ അല്ലതാവുകയും ചെയ്തിട്ടും റവന്യു രജിസ്്്്്ട്രേഷന്‍ അധികാരികള്‍ ഉടമകളെ തരംമാറ്റാനും വില്‍പന നടത്താനും സഹായിക്കുന്ന സ്ഥിതിയാണുള്ളത്. ചെമ്പ്ര മേഖല പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായത് കാരണം ഇവിടെ തോട്ടം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഗുരുതര പാരിസ്ഥിത പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. സര്‍ക്കാരും മാനേജ്മെന്റും മറ്റാവശ്യങ്ങള്‍ക്ക് തോട്ടം ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം. യോഗത്തില്‍ പ്രസിഡന്റ് സി ഭാസ്കരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി ഗഗാറിന്‍, പി ആലി, സി എച്ച് മമ്മി, എന്‍ സി പ്രസാദ്, യു കരുണന്‍, വി വി ബേബി, കെ ടി ബാലകൃഷ്ണന്‍, എം ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment