Wednesday, November 13, 2013

സോളാര്‍ കേസില്‍ കോടതി തീരുമാനമെടുക്കും: ഉമ്മന്‍ചാണ്ടി

സോളാര്‍ തട്ടിപ്പ് കേസില്‍ കോടതി തീരുമാനമെടുക്കുമെന്നും ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ മൊഴി അട്ടിമറിച്ചതായുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചു. ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ മാണിയോട് താന്‍ ആവശ്യപ്പെട്ടതായി ചില ചാനലുകളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. 2011 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത ഉയര്‍ത്തിയത്.ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി അടിയന്തരമായി വരുന്ന ചെലവുകള്‍ നേരിടാന്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം ജില്ലാ കളക്ടര്‍മാര്‍ക്കായി 60 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്തെ അറവുശാലകളുടെ സൗകര്യങ്ങളുടെ അപര്യാപ്തതയും മൃഗങ്ങളെ കൊല്ലുന്ന അപരിഷ്കൃത രീതിയിലും മാറ്റംവരുത്താന്‍ തീരുമാനിച്ചു. ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ജനവരി 3ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമാവും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ജനുവരി 17ന് അവതിരിപ്പിക്കും. സമ്പൂര്‍ണ ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് സായിയെ ഏല്‍പ്പിക്കും.

deshabhimani

No comments:

Post a Comment