Wednesday, November 13, 2013

മൊഴി അട്ടിമിറച്ചതിന് പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചന: പിണറായി

സോളാര്‍ അഴിമതി കേസിലെ പ്രതിയായ സരിത എസ്. നായര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് മജിസ്ട്രേട്ടിന് പരാതിനല്‍കിയിരുന്നുവെന്ന ഹൈക്കോടതി വിജിലന്‍സിന്റെ കണ്ടെത്തല്‍ ഗൗരവമുള്ളതും കേസിന്റെ സ്വഭാവം കൂടുതല്‍ മാറ്റിമറിക്കുന്നതുമാണെന്നും സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക കുറ്റാന്വേഷണത്തിനുള്ള എറണാകുളത്തെ മജിസ്ട്രേറ്റ് എന്‍ വി രാജു സരിതയുടെ മൊഴി അട്ടിമറിച്ചതിന് പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയുണ്ട്. ഇത് പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടപടി എടുക്കണം. മജിസ്ട്രേറ്റിനെ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതിനോടൊപ്പം സാമാന്യ നീതി പരിരക്ഷിക്കുന്നതിന് ഇക്കാര്യവും ചെയ്യണം.

ആരെങ്കിലും ബലാല്‍സംഗം ചെയ്തു എന്ന പരാതിയുണ്ടോ എന്ന സരിതയോട് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ ഉണ്ട് എന്നായിരുന്നു മറുപടിയെന്ന് വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ മജിസ്ട്രേറ്റ് രാജു വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുള്ളത്. താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന് ഒരു സ്ത്രീ കോടതിയില്‍ പരാതിപ്പെട്ടാല്‍ അത് രേഖപ്പെടുത്തി നടപടി സ്വീകരിക്കാന്‍ പോലീസിനെ അധികാരപ്പെടുത്താനുള്ള പ്രാഥമിക ചുമതല മജിസ്ട്രേറ്റിനുണ്ട്. സരിത നായര്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടാളികളായി മുഖ്യമന്ത്രിയുടെ ഓഫീസും ഓഫീസ് സ്റ്റാഫും മുഖ്യമന്ത്രിയുടെ ഉറ്റവരും ഉന്നതന്മാരുമെല്ലാം ഉണ്ട്. ഇവരെല്ലാം ബന്ധപ്പെടുത്തിയുള്ള പരാതിയാണ് സരിത മജിസ്ട്രേറ്റിന് നല്‍കിയിരുന്നത് എന്നായിരുന്നു പിന്നീട് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ ഒരു കൂട്ടം നുണയാണെന്ന തെറ്റായ പരാമര്‍ശമാണ് മജിസ്ട്രേറ്റ് രാജു തുറന്നകോടതിയില്‍ നടത്തിയത്.

ഇങ്ങനെ ഒരു പരാമര്‍ശം നടത്താനുള്ള സാഹചര്യവും പതിനഞ്ച് ദിവസത്തിനകം വിശദീകരിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനര്‍ത്ഥം താന്‍ ബലാല്‍സംഗത്തിന് ഇരയായി എന്ന പരാതിയിലെ പ്രതികള്‍ ഉന്നതന്മാരാണെന്നതാണ്. ഇവര്‍ ആരെന്ന് വ്യക്തമാക്കുന്നതിന് മജിസ്ട്രേറ്റ് രഹസ്യ മൊഴി കേട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന സ്ത്രീയായ ശിരസ്താറുടെ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും തെളിവ് ശേഖരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം. ജയില്‍ വെച്ച് സരിതയുടെ മൊഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യപ്രകാരം ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി മാറ്റിമറിച്ചു എന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ് ഹൈക്കോടതി റിപ്പോര്‍ട്ടെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment